മസ്കത്ത്: പ്രമുഖ കനേഡിയന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്‍െറ കുട്ടികള്‍ക്കുള്ള ‘അഡ്വില്‍’ മരുന്നിന്‍െറ രണ്ട് ബാച്ച് വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ‘ചില്‍ഡ്രന്‍സ് അഡ്വില്‍ 100 എം.ജി/5 എം.എല്‍’ മരുന്ന് പിന്‍വലിക്കാനാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ അഫയേഴ്സ് ആന്‍ഡ് ഡ്രഗ് കണ്‍ട്രോളിന്‍െറ ഉത്തരവ്.
ശിശുക്കള്‍ക്കും കുട്ടികള്‍ക്കുമായി വിപണിയിലിറക്കിയ ദ്രവരൂപത്തിലുള്ള വിവിധ മരുന്നുകളാണ് ‘ചില്‍ഡ്രന്‍സ് അഡ്വില്‍’ ഗണത്തില്‍പ്പെടുന്നത്. ഈ മരുന്നുകളുടെ പ്രത്യേക ബാച്ച് കട്ടിയായി മാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് നിര്‍മാതാക്കളായ ഫൈസര്‍ കമ്പനി അറിയിച്ചിരുന്നു. തുടര്‍ന്നാണ്, മന്ത്രാലയത്തിന്‍െറ നടപടി. വീട്ടില്‍ മരുന്ന് സൂക്ഷിച്ചിട്ടുള്ളവര്‍ ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ നിര്‍ദേശിച്ചു. അഡ്വില്‍ സസ്പെന്‍ഷന്‍ ബാച്ച് നമ്പര്‍ ജെ-89260, എല്‍-21258 എന്നീ ഗണത്തില്‍പെടുന്ന ഒൗഷധങ്ങള്‍ക്കാണ് തകരാര്‍ സംഭവിച്ചിട്ടുള്ളത്. മറ്റു ബാച്ചുകള്‍ക്ക് പ്രശ്നങ്ങളില്ല. പിന്‍വലിച്ചവയുടെ അധിക ഡോസ് ഉറക്കം, ഛര്‍ദി, മയക്കം, തലകറക്കം എന്നിവക്ക് കാരണമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കാനഡയിലും ഫൈസറിന്‍െറ ‘അഡ്വില്‍’ ഉല്‍പന്നങ്ങള്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്. കമ്പനി നിര്‍മിക്കുന്ന അഡ്വില്‍ മരുന്നുകളുടെ ഗുണമേന്മാ റിപ്പോര്‍ട്ട് അനുകൂലമല്ലാത്തതിനാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പിന്‍വലിക്കുകയാണെന്ന് ഫൈസര്‍ കാനഡയില്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അഡ്വില്‍ പീഡിയാട്രിക് ഡോസ്, ചില്‍ഡ്രന്‍സ് അഡ്വില്‍ കോള്‍ഡ്, ചില്‍ഡ്രന്‍സ് അഡ്വില്‍ ഫീവര്‍ ഫ്രം കോള്‍ഡ്/ഫ്ളു, ചില്‍ഡ്രന്‍സ് അഡ്വില്‍ ആന്‍ഡ് അഡ്വില്‍ പീഡിയാട്രിക് ഡ്രോപ്സ് ഫീവര്‍ ഫ്രം കോള്‍ഡ്/ഫീവര്‍ തുടങ്ങിയ ഒൗഷധങ്ങള്‍ പിന്‍വലിച്ചവയില്‍പ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.