നാലു പതിറ്റാണ്ടോളം നീണ്ട പ്രവാസത്തിനൊടുവില്‍ വര്‍ഗീസ് മടങ്ങുന്നു

മസ്കത്ത്: ജീവിതത്തിന്‍െറ നല്ല പങ്ക് പ്രവാസിയായി ജീവിച്ച് ഒരുപിടി നല്ല ഓര്‍മകളോടെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് തൃശൂര്‍ മാള പുത്തന്‍ചിറക്കല്‍ സ്വദേശി പൊറിഞ്ചുവിന്‍െറയും അച്ചാരുവിന്‍െറയും മകന്‍ എ.എ.പി. വര്‍ഗീസ് എന്ന കീഴേടത്ത് അഞ്ചേരി പൊറിഞ്ചു വര്‍ഗീസ്. 39 വര്‍ഷത്തെ പ്രവാസത്തിന് വിരാമമിട്ട് നാളെ രാവിലെ 11 മണിക്കുള്ള വിമാനത്തിലാണ് ഇദ്ദേഹം മടങ്ങുന്നത്. 
1977ല്‍ ഒമാനിലത്തെിയ പൊറിഞ്ചുവിന് ആദ്യം സലാലയിലായിരുന്നു ജോലി. മസ്കത്തിലിറങ്ങി ബസ് വഴി മൂന്നുദിവസം നീണ്ട യാത്രക്കൊടുവിലാണ് സലാലയിലത്തെിയത്. ഒരു മാസം തൊഴില്‍ തേടി അലഞ്ഞശേഷം ഒരു ലേബര്‍ സപൈ്ള കമ്പനി വഴി സുല്‍ത്താന്‍ ഖാബൂസിന്‍െറ അംഗരക്ഷകന്‍െറ അസിസ്റ്റന്‍റായി ജോലി കിട്ടി. ഈ ജോലിക്കിടയില്‍ മിക്ക ദിവസങ്ങളിലും പ്രഭാതസവാരിക്കിറങ്ങുന്ന സുല്‍ത്താന്‍ ഖാബൂസിനെ നേരിട്ട് കാണാനും ഇരു കൈകളുയര്‍ത്തിയുള്ള അദ്ദേഹത്തിന്‍െറ അഭിവാദ്യം ഏറ്റുവാങ്ങാനായതും ജീവിതത്തിലെ സുവര്‍ണ അനുഭവങ്ങളായി അദ്ദേഹം ഓര്‍ത്തുവെക്കുന്നു. വിസ കിട്ടാത്തതിനാല്‍ മൂന്നുവര്‍ഷം കൊണ്ട് ആ ജോലി ഒഴിവാക്കി മസ്കത്തിലേക്ക് വന്നു. 
സലാലയില്‍ മൂന്നു വര്‍ഷത്തെ ജോലിക്കിടയിലെടുത്ത ലൈറ്റ്, ഹെവി ഡ്രൈവിങ് ലൈസന്‍സിന്‍െറയും ഷോലോക്ക് ഓപറേറ്റര്‍ ലൈസന്‍സിന്‍െറയും ബലത്തിലായിരുന്നു തൊഴില്‍ അന്വേഷണം. സുഹൃത്ത് അസീസിന്‍െറ സഹായത്തില്‍ അറബി ഭാഷയും പഠിച്ചെടുത്തിരുന്നു. 
മസ്കത്തിലെ ജിയോളജിക്കല്‍ സര്‍വേ ഇന്‍റര്‍നാഷനല്‍ എന്ന അമേരിക്കന്‍ കമ്പനിയില്‍ പ്ളാന്‍റ് ഓപറേറ്റര്‍ ആയിട്ടായിരുന്നു ജോലി. മൂന്ന് വര്‍ഷത്തെ കരാറിന് ശേഷം അടുത്ത കരാറുമായി തുര്‍ക്കിയിലേക്ക് പോയ കമ്പനി വര്‍ഗീസിനെ അങ്ങോട് ക്ഷണിച്ചിരുന്നു. ഓഫര്‍ സ്വീകരിച്ച അദ്ദേഹം പോകാന്‍ തയാറെടുത്തെങ്കിലും തുര്‍ക്കിയില്‍ യുദ്ധം നടക്കുന്നതിനാല്‍ സുഹൃത്തുക്കള്‍ പോകാന്‍ അനുവദിച്ചില്ല. ഈ കമ്പനിയിലെ ജോലിക്കിടെ ഒമാന്‍െറ അതിര്‍ത്തി പ്രദേശങ്ങളും മറ്റും ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു. വീണ്ടും ജോലി അന്വേഷിക്കേണ്ട ഘട്ടത്തിലായപ്പോള്‍ സ്വന്തമായി ഒരു സ്വീവേജ് ടാങ്കര്‍ വാങ്ങി ഓര്‍ഡര്‍ എടുത്ത് സര്‍വിസ് തുടങ്ങി. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇദ്ദേഹം രണ്ട് പാകിസ്താനികളടക്കം 12 പേര്‍ക്ക് വിസ നല്‍കി കൊണ്ടുവന്ന് ലൈസന്‍സ് എടുപ്പിച്ച് കൂടെ നിര്‍ത്തി. 
തുടര്‍ന്ന് മേല്‍നോട്ട ജോലികളായിരുന്നു ഇദ്ദേഹം ചെയ്തിരുന്നത്. നാലു സഹോദരന്മാരും അഞ്ച് സഹോദരിമാരുമായിരുന്നു വര്‍ഗീസിനുണ്ടായിരുന്നത്. നാട്ടുകാരും കുടുംബക്കാരുമടക്കം ഒരുപാട് പേരെ ഒമാനിലേക്ക് കൊണ്ടുവരാനും ഇദ്ദേഹത്തിന് കഴിഞ്ഞു. 
90- 91 കാലത്ത് ഗള്‍ഫാര്‍ കമ്പനിയുടെ കരാര്‍ കിട്ടി. അതുവഴി സ്വന്തം നാട്ടുകാരനായ ഗള്‍ഫാറുമായി വ്യക്തി ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞു. അതുകാരണം മകള്‍ക്ക് ഒ.എം.സിയില്‍ എം.ബി.ബി.എസ് സീറ്റ് ലഭിച്ചതും അദ്ദേഹം കൃതാര്‍ഥതയോടെ ഓര്‍ക്കുന്നു. ഒമാന്‍െറ വളര്‍ച്ച ഇദ്ദേഹത്തിന്‍െറ കണ്‍മുന്നിലൂടെയായിരുന്നു. ബോംബെയില്‍നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ വന്നിറങ്ങിയപ്പോള്‍ പരിമിത സൗകര്യങ്ങള്‍ മാത്രമാണ് മസ്കത്ത് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നത്. ഏതാണ്ട് ഒരു ഗ്രൗണ്ട് പോലെ, വിമാനം ഇറങ്ങുന്നതും യാത്രക്കാര്‍ ഇറങ്ങുന്നതുമെല്ലാം പുറത്തുനില്‍ക്കുന്നവര്‍ക്ക് കാണാന്‍ കഴിയുമായിരുന്നത്രേ. വരുന്നവര്‍ക്ക് ഒരുപിടി ഗുളികകളും ഒരു ഗ്ളാസ് വെള്ളവും ഇതായിരുന്നു സുരക്ഷാ-കസ്റ്റംസ് രീതികള്‍. അക്കാലത്ത് മസ്കത്തില്‍ മാത്രമായിരുന്നു വൈദ്യുതി ഉണ്ടായിരുന്നത്. 
മത്ര പാലസ് മുതല്‍ സീബ് പാലസ് വരെയായിരുന്നു ടാര്‍ റോഡ്. വാഹനങ്ങള്‍ കൊട്ടാരത്തില്‍ മാത്രമാണ് ഉണ്ടായിരുന്നത്. കഴുത, ഒട്ടകം എന്നിവയായിരുന്നു സാധാരണക്കാരുടെ യാത്രാമാര്‍ഗം.  അല്‍ നഹ്ദയും ഖൗലയുമായിരുന്നു രണ്ട് ആശുപത്രികള്‍. അപൂര്‍വം കെട്ടിടങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. പറയത്തക്ക ആരോഗ്യപ്രശ്നങ്ങളും നഷ്ടങ്ങളും പറയാനില്ലാത്ത വര്‍ഗീസിന്‍െറ വാക്കുകളില്‍ നന്മയും ഉയര്‍ച്ചയും മാത്രം തന്ന ഈ നാടിനെ പിരിയുന്നതിലുള്ള മനപ്രയാസം സ്ഫുരിച്ചുനില്‍ക്കുന്നു. ജീവിതം പടുത്തുയര്‍ത്തിയ ഈ മണ്ണിന്‍െറ നല്ല ഓര്‍മകളെ താലോലിച്ച്  മനസ്സില്ലാ മനസ്സോടെ അദ്ദേഹം ഈ മണ്ണിനോട് യാത്ര പറയാനൊരുങ്ങുകയാണ്. പിറന്ന നാട്ടിലേക്കൊരു തിരികെ യാത്ര. ശോഭയാണ് ഭാര്യ.  മക്കള്‍: ആരതി, ജോഷ്വ.  മരുമകന്‍ ജ്യോതിഷ്. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.