റെസിഡന്‍റ് കാര്‍ഡ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് ആലോചനയില്‍

മസ്കത്ത്: ഒമാനില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്കുള്ള  റസിഡന്‍റ് കാര്‍ഡ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് ആലോചനയില്‍. നിലവില്‍ റസിഡന്‍റ് കാര്‍ഡ് പുതുക്കുമ്പോള്‍ 201 റിയാലാണ് നല്‍കുന്നത്. രണ്ടു വര്‍ഷക്കാലത്തേക്കുള്ള നിരക്കാണിത്. ഓരോ രണ്ടു വര്‍ഷവും തൊഴില്‍ കരാര്‍ പുതുക്കുമ്പോഴാണ് മാനവ വിഭവ ശേഷി മന്ത്രാലയം നിരക്ക് ഈടാക്കുന്നത്. അതത് കമ്പനികളാണ് റെസിഡന്‍റ് കാര്‍ഡ് പുതുക്കുമ്പോള്‍ ജീവനക്കാര്‍ക്ക് വേണ്ടി റെസിഡന്‍റ് കാര്‍ഡ് ഫീ  സര്‍ക്കാറില്‍ അടക്കുന്നത്. റെസിഡന്‍റ് കാര്‍ഡ് നിരക്കുകള്‍ ഉയര്‍ത്താനുള്ള നിര്‍ദേശം മന്ത്രാലയത്തില്‍നിന്ന് ഉയര്‍ന്നുവന്നതായും നിര്‍ദേശം മന്ത്രിസഭക്കുമുന്നില്‍ സമര്‍പ്പിച്ചതായും മാനവവിഭവശേഷി മന്ത്രിയുടെ ഉപദേഷ്ടാവ് സഈദ് ബിന്‍ നാസര്‍ അല്‍ സഈദി പറഞ്ഞു.
കഴിഞ്ഞ പത്തു വര്‍ഷമായി ഇതേ ഫീസാണ് നിലനില്‍ക്കുന്നതെന്നും ഇതുവരെ റെസിഡന്‍റ് കാര്‍ഡ് നിരക്കുകള്‍ ഉയര്‍ത്തിയിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. വിദേശ തൊഴിലാളികളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരുകയാണെന്നും അതിനാല്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ഏറ്റവും പറ്റിയ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. റെസിഡന്‍റ് കാര്‍ഡിന് ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഒമാനില്‍ ഈക്കുന്നത്. അതിനാല്‍, നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് അനിവാര്യമാണ്. നിലവില്‍ എല്ലാ മന്ത്രാലയങ്ങളും അവയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ വിവിധ സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിന്‍െറ ഭാഗമായാണ് മാനവ വിഭവശേഷി മന്ത്രാലയവും നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. അതേസമയം, റെസിഡന്‍റ് നിരക്കുകള്‍ ഇനിയും വര്‍ധിപ്പിക്കുന്നത് ചെറുകിട കമ്പനികളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ ജീവനക്കാര്‍ക്ക് റെസിഡന്‍റ് കാര്‍ഡ് നിര്‍മിക്കാന്‍ വന്‍ സംഖ്യയാണ് കമ്പനികള്‍ ചെലവിടുന്നത്.
വിവിധ കാരണങ്ങളാല്‍ നിരവധി കമ്പനികള്‍ ഇപ്പോള്‍ വന്‍ സാമ്പത്തിക പ്രയാസത്തിലാണ്. ഈ സാഹചര്യത്തിലാണ് വര്‍ധിപ്പിക്കാനുള്ള നീക്കം. റെസിഡന്‍റ് കാര്‍ഡ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് കമ്പനികള്‍ക്ക് അധിക ബാധ്യതയുണ്ടാക്കും. ഇത് പരിഹരിക്കാന്‍ റെസിഡന്‍റ് കാര്‍ഡ് ഫീ ജീവനക്കാരുടെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങളും നടക്കും. ചില ചെറിയ കമ്പനികളിലെങ്കിലും ഫീ ജീവനക്കാര്‍തന്നെ നല്‍കണമെന്ന നിര്‍ദേശവും മുന്നോട്ടുവെക്കേണ്ടിവരും. ചില കമ്പനികള്‍ കാര്‍ഡ് ഫീ ജീവനക്കാരില്‍നിന്ന് ഗഡുക്കളായി സ്വീകരിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. നിരക്കില്‍ വന്‍ വര്‍ധനയുണ്ടാവില്ളെന്ന പ്രതീക്ഷയിലാണ് കമ്പനികളും ജീവനക്കാരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.