അവയവദാനം പ്രോത്സാഹിപ്പിക്കാന്‍  കര്‍മപദ്ധതിയുമായി ആരോഗ്യമന്ത്രാലയം

മസ്കത്ത്: അവയവദാനത്തിന് സന്നദ്ധത അറിയിച്ചവര്‍ക്ക് അംഗത്വകാര്‍ഡുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ 21നാരംഭിച്ച സര്‍ക്കാറിന്‍െറ അവയവദാന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് കാര്‍ഡ് വിതരണം നടന്നത്. മുന്‍ ശൂറാ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഇഷാഖ് അല്‍ സിയാബി ആദ്യ കാര്‍ഡ് ഏറ്റുവാങ്ങി. മരണപ്പെടുന്നപക്ഷം ഹൃദയവും വൃക്കയും ശ്വാസകോശവും കണ്ണുകളും കരളും പാന്‍ക്രിയാസും ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രത്തിലാണ് അല്‍ സിയാബി ഒപ്പിട്ടത്. വംശവും നിറവും മതവും നോക്കാതെ രാജ്യത്തിനകത്തും പുറത്തുമുള്ള ആര്‍ക്കും തന്‍െറ അവയവങ്ങള്‍ ദാനം ചെയ്യാമെന്ന് അല്‍ സിയാബി പറഞ്ഞു. മാറ്റിവെക്കാന്‍ അവയവങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ടിലും വേദനയിലും കഴിയുന്ന നിരവധി രോഗികള്‍ക്ക് അവയവദാനം വ്യാപകമാകുന്നതോടെ ആശ്വാസമാകും. സാമ്പത്തികമായി കഴിവുള്ളവര്‍ രാജ്യത്തിനുപുറത്തുനിന്ന് അവയവങ്ങള്‍ വാങ്ങുന്നുണ്ട്.  അവയവദാനത്തിന്‍െറ ആവശ്യകതയെകുറിച്ച് ബോധവത്കരിക്കുന്നതിനായി രാജ്യത്തിന്‍െറ വിവിധയിടങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സന്നദ്ധരായവര്‍ക്ക് റോയല്‍ ഹോസ്പിറ്റലില്‍ നേരിട്ടത്തെിയോ ടെലിഫോണില്‍ വിളിച്ചോ സന്നദ്ധത അറിയിക്കാം. മരണപ്പെടുന്ന ഒരാളുടെ എല്ലാ അവയവങ്ങളും ദാനംനല്‍കുന്ന പക്ഷം എട്ടു ജീവനുകള്‍ രക്ഷിക്കാം. മാറ്റിവെക്കാന്‍ ആവശ്യത്തിന് വൃക്കകള്‍ ലഭിക്കാത്തതിനാല്‍ നിരവധി രോഗികള്‍ ദുരിതത്തില്‍ കഴിയുന്നുണ്ട്. ഇത് മറികടക്കാന്‍ മസ്തിഷ്ക മരണം സംഭവിച്ചവരുടെ വൃക്കകള്‍ മതപരമായതടക്കമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 2014ല്‍ ഒമാന്‍ ഗ്രാന്‍റ് മുഫ്തി മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ദാനം ചെയ്യാമെന്ന് ഫത്വ നല്‍കിയിരുന്നു. ഇതിനുശേഷമാണ് ഒമാനില്‍ അവയവദാനത്തെ കുറിച്ച ചര്‍ച്ച സജീവമായത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.