ഇറാൻ- ഇസ്രായേൽ സംഘർഷം; മേഖലയിൽ വീണ്ടും അനിശ്ചിതത്വം

കുവൈത്ത് സിറ്റി: ഇടവേളക്കുശേഷം ഇറാനും ഇസ്രായേലും തമ്മിൽ സംഘർഷം കനത്തതോടെ മേഖലയിൽ വീണ്ടും അനിശ്ചിതത്വം. സംഘർഷം വ്യാപിക്കുമോ എന്ന ഭീതിയിലാണ് കുവൈത്ത് അടക്കമുള്ള മേഖലയിലെ ജനങ്ങൾ. ഫെബ്രുവരി 28ന് യു.എസ്, ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചതിനു പിറകെ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇത് മാസങ്ങളോളം മേഖലയെ ആകമാനം പ്രതിരോധത്തിലാക്കി. ജി.സി.സി രാജ്യങ്ങൾ വ്യോമപാതകൾ അടക്കുകയും വിമാന സർവിസുകൾ നിലക്കുകയും ചെയ്തു. ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചതോടെ കടൽ വഴിയുള്ള ഇന്ധന കൈമാറ്റവും ചരക്കു നീക്കവും നിലച്ചു.

ജി.സി.സി രാജ്യങ്ങളിലെ തന്ത്രപ്രധാന സഥലങ്ങൾ ആക്രമിക്കപ്പെട്ടു. കുവൈത്ത് വിമാനത്താവളവും പോർട്ടും അടക്കം ആക്രമിക്കപ്പെട്ടു. ഏപ്രിലിൽ യു.എസ്-ഇറാൻ വെടിനിർത്തൽ നിലവിൽ വന്നതോടെയാണ് കനത്ത ആക്രമണങ്ങൾക്ക് കുറവുണ്ടായത്. എന്നാൽ കുവൈത്ത് വീണ്ടും നിരന്തരം ആക്രമിക്കപ്പെട്ടു. മേയ് 28ന് ശേഷം നാലു തവണയാണ് ആക്രമണം നേരിട്ടത്. ജൂൺ മൂന്നിന് വിമാനത്താവളം ടെർമിനൽ-1 ന് നേരെ കനത്ത ആക്രമണം ഉണ്ടായി. ഇതോടെ ജൂൺ ഒന്നിന് പുനരാരംഭിച്ച വിദേശവിമാനങ്ങളുടെ സർവിസുകൾ വീണ്ടും നിർത്തിവെക്കേണ്ടിവന്നു.

ലബനാനിലെ ആക്രമണങ്ങൾക്ക് മറുപടിയായി ഞായറാഴ്ച ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരേ അതിരൂക്ഷമായ ബാലിസ്റ്റിക് മിസൈൽ ആക്രമണമാണ് ഇറാനിൽ, ഇസ്രായേൽ നടത്തിയത്. തൊട്ടു പിന്നാലെ ഇറാൻ, ഇസ്രായേലിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി. സംഘർഷം ഒഴിവാക്കാൻ വിവിധ രാജ്യങ്ങൾ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് തിങ്കളാഴ്ച ഇറാൻ-ഇസ്രായേൽ ആക്രമണങ്ങൾ രൂക്ഷമായത്. ഇത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമോ എന്നാണ് ആശങ്ക.

അതേസമയം, ഇസ്രായേലിനെതിരെയുള്ള സൈനിക നടപടികൾ അവസാനിപ്പിച്ചതായി ഇറാൻ സായുധ സേനാ കമാൻഡ് അറിയിച്ചത് ആശ്വാസം പകരുന്നതാണ്. ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇസ്രായേലിനോടും ഇറാനോടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ലബനാന് മേലുള്ള ആക്രമണം ഇസ്രായേൽ തുടരുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്ന കടുത്ത മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്.

Tags:    
News Summary - Iran-Israel Conflict; Uncertainty Looms Over the Region Again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.