കറന്‍സി അസാധുവാകല്‍: കുവൈത്തിലെ ഇന്ത്യക്കാര്‍ ആ ദിനം വീണ്ടുമോര്‍ത്തു

കുവൈത്ത് സിറ്റി: കൈയിലുള്ള നോട്ടുകെട്ടിന് കടലാസിന്‍െറ വിലപോലുമില്ലാതായ ദിവസങ്ങള്‍ കുവൈത്തിലെ ഇന്ത്യക്കാര്‍ വീണ്ടുമോര്‍ത്തു. ഇന്ത്യയില്‍ 500, 1000 രൂപയുടെ കറന്‍സി ഒറ്റരാത്രി കൊണ്ട് അസാധുവാക്കിയ നടപടിയാണ് ഇറാഖ് അധിനിവേശകാലത്തെ വീണ്ടും ഓര്‍മയിലത്തെിച്ചത്. മൂല്യമേറിയ കുവൈത്ത് ദീനാറിന്‍െറ കെട്ടുകള്‍ കൈവശം വെച്ച് അന്നത്തിന് യാചിക്കേണ്ടിവന്ന ദിനങ്ങള്‍ ഒരു നടുക്കത്തോടെയാണ് ആദ്യകാല പ്രവാസികള്‍ ഓര്‍മിക്കുന്നത്. അധിനിവേശ സമയത്ത് ഇറാഖി സൈന്യം സെന്‍ട്രല്‍ ബാങ്ക് അടക്കം കൊള്ളയടിച്ച് കുവൈത്തി കറന്‍സി വന്‍തോതില്‍ കടത്തിയതിനാല്‍ സര്‍ക്കാര്‍ കുവൈത്ത് ദീനാര്‍ മരവിപ്പിച്ചതായി പ്രഖ്യാപിച്ചു. അധിനിവേശാനന്തരം നാലാം പതിപ്പ് പുനഃസ്ഥാപിച്ചെങ്കിലും 1994ല്‍ അഞ്ചാം പതിപ്പ് പുറത്തിറക്കി. പിന്നീട് രണ്ടു പതിറ്റാണ്ടിനുശേഷമാണ് ആറാം പതിപ്പ് എത്തിയത്. 
2014 ജൂണ്‍ 29നാണ് ആറാം പതിപ്പ് നോട്ടുകള്‍ വിപണിയിലിറങ്ങിയത്. അഞ്ചാം പതിപ്പിലേതുപോലെ 20, 10, അഞ്ച് ദീനാറുകളും ഒന്ന്, അര, കാല്‍ ദീനാറുകളുമാണ് പുതുതായി ഇറക്കിയത്. നീല, ഓറഞ്ച്, ലൈറ്റ് ബ്രൗണ്‍, മെറൂണ്‍, വയലറ്റ്, പച്ച തുടങ്ങിയ നിറങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തിന്‍െറ അഭിമാനസ്തംഭങ്ങളായ കുവൈത്ത് ടവര്‍, ലിബറേഷന്‍ ടവര്‍, പാര്‍ലമെന്‍റ് മന്ദിരം, മസ്ജിദുല്‍ കബീര്‍, സീഫ് പാലസ്, ഫൈലക ദ്വീപ്, സെന്‍ട്രല്‍ ബാങ്ക് കെട്ടിടം, പഴയകാല കുവൈത്ത് ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന കപ്പല്‍ തുടങ്ങിയവയാണ് നോട്ടുകളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. കാഴ്ചയില്ലാത്തവര്‍ക്ക് സ്പര്‍ശനത്തിലൂടെ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക അലങ്കാരവും എല്ലാ നോട്ടിലുമുണ്ട്. 2015 ഒക്ടോബര്‍ ഒന്നോടെ അഞ്ചാം പതിപ്പ് നോട്ടുകള്‍ ഒൗദ്യോഗികമായി വിപണിയില്‍നിന്ന് പിന്‍വലിക്കപ്പെട്ടു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.