കുവൈത്ത് സിറ്റി: റെക്കോഡ് കമ്മിയുമായി 2016-17 സാമ്പത്തികവര്‍ഷത്തെ കരടുബജറ്റ് തയാറായി. സീഫ് പാലസില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ബജറ്റിന് അംഗീകാരം നല്‍കി.
7400 കോടി ദീനാര്‍ മാത്രം വരുമാനം പ്രതീക്ഷിക്കുന്ന കരടുബജറ്റില്‍ കണക്കാക്കിയിരിക്കുന്ന ചെലവ് 18,900 കോടി ദീനാര്‍ ആണ്. അതായത് 11,500 ദീനാര്‍ കമ്മി. അന്താരാഷ്ട്ര വിപണിയിലെ വിലത്തകര്‍ച്ച മൂലം രാജ്യത്തിന്‍െറ പ്രധാന വരുമാനമാര്‍ഗമായ എണ്ണയില്‍നിന്നുള്ള വരവ് കുറയുമെന്നതാണ് കമ്മിക്ക് കാരണം. മുന്‍വര്‍ഷങ്ങളില്‍ ബാരലിന് 60-70 ഡോളര്‍ കണക്കാക്കിയിരുന്ന സ്ഥാനത്ത് ഇത്തവണ 25 ഡോളര്‍ മാത്രമാണ് എണ്ണക്ക് വില കണക്കാക്കിയിരിക്കുന്നത്. ഇതാണ് റെക്കോഡ് കമ്മിക്ക് കാരണം. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 46 ശതമാനവും അതിനുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 74 ശതമാനവും കുറവ് വരുമാനമാണ് എണ്ണയില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന് കരടുബജറ്റില്‍ പറയുന്നു. നടപ്പുസാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 16 വര്‍ഷത്തിനുശേഷം ആദ്യമായി രാജ്യത്തിന്‍െറ ബജറ്റ് കമ്മിയില്‍ അവസാനിക്കുന്നയിടത്തേക്കാണ് പോകുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ കണക്കൊന്നും പുറത്തുവിട്ടിട്ടില്ളെങ്കിലും കമ്മിക്ക് തന്നെയാണ് സാധ്യതയെന്നാണ് സൂചന.
ഇതിലും കൂടുതല്‍ കമ്മിയാവും അടുത്തസാമ്പത്തിക വര്‍ഷത്തില്‍. മുന്‍ വര്‍ഷങ്ങളില്‍ കമ്മിയായി അവതരിപ്പിക്കുന്ന ബജറ്റ് സാമ്പത്തിക വര്‍ഷാവസാനമാവുമ്പോഴേക്കും മിച്ച ബജറ്റായി മാറുകയായിരുന്നു പതിവ്. രാജ്യത്തിന്‍െറ മുഖ്യ വരുമാന സ്രോതസ്സായ എണ്ണക്ക് ആഗോള വിപണിയില്‍ ലഭിക്കുന്ന വന്‍ വിലയായിരുന്നു കാരണം. രാജ്യാന്തര വിപണിയില്‍ എണ്ണക്ക് ബാരലിന് 100 ഡോളറിലധികം വിലയുള്ള സമയത്തും 60-70 ഡോളര്‍ മാത്രമാണ് ബജറ്റില്‍ കണക്കാക്കിയിരുന്നത്.
ദിനേന ശരാശരി 30 ലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യത്ത് അതിന്‍െറ ഭൂരിഭാഗവും കയറ്റി അയക്കുന്നതിനാല്‍തന്നെ വന്‍ വരുമാനമുണ്ടാവുന്നു. ഇതുകൊണ്ടുതന്നെ ബജറ്റില്‍ കണക്കാക്കിയ കമ്മിയുടെ നിരവധി ഇരട്ടി മിച്ചത്തിലാണ് സാമ്പത്തിക വര്‍ഷം അവസാനിക്കാറുണ്ടായിരുന്നത്. എന്നാല്‍, എണ്ണവില കുത്തനെ ഇടിഞ്ഞതോടെ ഇതിന് മാറ്റമുണ്ടായിത്തുടങ്ങുകയാണ്. വന്‍ മിച്ചമുണ്ടാവുന്നതിനാല്‍ വരുമാനത്തിന്‍െറ ഒരു ഭാഗം ഭാവി തലമുറക്കായുള്ള കരുതല്‍ നിധിയിലേക്ക് നിക്ഷേപിക്കാറുണ്ട് കുവൈത്ത്. കുവൈത്ത് ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ മേല്‍നോട്ടത്തിലുള്ള കരുതല്‍ നിധിയിലേക്ക് നേരത്തേ വരുമാനത്തിന്‍െറ 10 ശതമാനമായിരുന്നു നിക്ഷേപിക്കാറ്. ഇടക്കാലത്ത് മിച്ചം കൂടിയതോടെ ഇത് 25 ശതമാനമായി ഉയര്‍ത്തിയിരുന്നു. അടുത്തിടെ വരുമാനം കുറഞ്ഞതോടെ ഇത് വീണ്ടും 10 ശതമാനമായി കുറച്ചു. ബജറ്റ് വന്‍ കമ്മിയിലാവുന്നതോടെ ഇക്കാര്യത്തില്‍ ഇനിയും മാറ്റമുണ്ടാവുമോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.