വീണ്ടും റെയ്ഡ്: ബനീദ് അല്‍ഗാറില്‍  3781 നിയമലംഘകര്‍ പിടിയില്‍

കുവൈത്ത് സിറ്റി: അനധികൃത താമസക്കാര്‍ക്കും മറ്റു നിയമലംഘകര്‍ക്കുമെതിരായ രാജ്യവാപക പരിശോധന തുടരുന്നു. രണ്ടാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ വലിയ റെയ്ഡില്‍ അനധികൃത താമസക്കാരും കുറ്റവാളികളുമുള്‍പ്പെടെ 3781 വിദേശികള്‍ പിടിയിലായി. ഇതോടെ മൂന്നു റെയ്ഡുകളിലുമായി പിടിയിലായവരുടെ എണ്ണം 8000 കവിഞ്ഞു. കുവൈത്ത് സിറ്റിക്കടുത്ത് ബനീദ് അല്‍ഗാറില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വ്യാപക സുരക്ഷാ പരിശോധന അരങ്ങേറിയത്. ഒരു മുന്നറിയിപ്പും കൂടാതെ, വന്‍ സന്നാഹങ്ങളുമായത്തെിയ പൊലീസ് സംഘം പ്രദേശത്തേക്ക് കടക്കുകയും പോവുകയും ചെയ്യുന്ന എല്ലാ മാര്‍ഗങ്ങളും അടച്ചാണ് പരിശോധന നടത്തിയത്.
 വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിദേശികളുടെ താമസസ്ഥലങ്ങളിലും കടകളിലും കയറിയിറങ്ങിയ പൊലീസ് പിടികൂടിയവരെ പ്രത്യേകം വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോവുകയാണ് ചെയ്തത്. ഒരുവിധ തിരിച്ചറിയല്‍രേഖകളുമില്ലാത്ത 1585 പേര്‍, ഒളിച്ചോട്ടത്തിന് സ്പോണ്‍സര്‍മാര്‍ കേസ് കൊടുത്ത 114 പേര്‍, ഇഖാമ കാലാവധി തീര്‍ന്ന 61 പേര്‍, സിവില്‍ കേസിലുള്‍പ്പെട്ട 17 പ്രതികള്‍, മയക്കുമരുന്ന് വില്‍പനയിലേര്‍പ്പെട്ട 10 പേര്‍, സ്പോണ്‍സര്‍മാര്‍ ജോലി ചെയ്തുവന്ന എട്ടുപേര്‍, മൂന്ന് ക്രിമിനല്‍ കേസ് പ്രതികള്‍, അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട രണ്ടുപേര്‍, ഒരു മോഷണക്കേസ് പ്രതി, മറ്റ് അഞ്ചുപേര്‍ എന്നിങ്ങനെയാണ് ബുധനാഴ്ചത്തെ റെയ്ഡില്‍ പിടിയിലായത്. 
നിരവധി രാജസ്ഥാന്‍ സ്വദേശികള്‍ താമസിക്കുന്ന കേന്ദ്രമായതിനാല്‍ പിടിയിലായവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ജലീബിലും അര്‍ദിയ വ്യവസായിക മേഖലയിലും നടന്ന റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കിയ ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ഫഹദ്, പൊതുസുരക്ഷാ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍അലി, ഓപറേഷന്‍സ് വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍സായിഗ് തുടങ്ങിയവര്‍തന്നെയാണ് ബനീദ് ഗാറിലെ റെയ്ഡിനും നേതൃത്വം നല്‍കിയത്. 
ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹിന്‍െറ നിര്‍ദേശപ്രകാരം വിദേശികളേറെ തിങ്ങിത്താമസിക്കുന്ന ജലീബില്‍നിന്നാണ് ഇപ്പോഴത്തെ വ്യാപക പരിശോധന തുടങ്ങിയത്. രണ്ടാഴ്ചമുമ്പ് ജലീബില്‍നടന്ന പരിശോധനയില്‍ അനധികൃത താമസക്കാരും കുറ്റവാളികളുമുള്‍പ്പെടെ 3338 പേരാണ് പിടിയിലായത്. പിന്നീട് കഴിഞ്ഞയാഴ്ച അര്‍ദിയയില്‍ രണ്ടുഘട്ടങ്ങളിലായി നടന്ന പരിശോധനകളില്‍ 982 പേരെ പിടികൂടുകയും ചെയ്തു.
 വരുംദിവസങ്ങളില്‍ രാജ്യത്തിന്‍െറ മറ്റു ഭാഗങ്ങളില്‍ വ്യാപക പരിശോധന നടക്കുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കിയത്. അതേസമയം, മതിയായ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെക്കാന്‍ ജാഗ്രത കാണിക്കണമെന്നും സൂക്ഷ്മ പരിശോധനയില്‍ ഇഖാമലംഘകനാണെന്ന് കണ്ടത്തെുന്ന വിദേശികളെ ഉടന്‍ നാടുകടത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അനധികൃത താമസക്കാരായ വിദേശികള്‍ക്ക് അഭയം നല്‍കുന്ന സ്വദേശികളും നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.