അമീറിനെ അപമാനിക്കുകയും പൗരത്വരേഖ കത്തിക്കുകയും ചെയ്ത സ്വദേശി അറസ്റ്റില്‍

കുവൈത്ത് സിറ്റി: അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിനെ അപമാനിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും സ്വന്തം പൗരത്വരേഖ കത്തിക്കുന്നതിന്‍െറ ചിത്രവും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത സ്വദേശി അറസ്റ്റില്‍. അബ്ദുല്‍ കരീം ഫവാര്‍ സിയാഹ് അല്‍ശിമ്മരി എന്ന സ്വദേശിയാണ് കസ്റ്റഡിയിലായത്. രഹസ്യവിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ അല്‍ ഖസര്‍ ഏരിയയിലെ വീട്ടില്‍ റെയ്ഡ് നടത്തി രാജ്യസുരക്ഷാ വിഭാഗം ഇയാളെ പിടികൂടുകയായിരുന്നു. അമീറിനെതിരെ സന്ദേശപ്രചാരണം നടത്തിയതിനുശേഷം സുരക്ഷാവിഭാഗത്തിന് പിടികൊടുക്കാതെ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് കുവൈത്തിയാണെന്ന് വ്യക്തമാക്കുന്ന സ്വന്തം പൗരത്വരേഖ പരസ്യമായി കത്തിച്ചുകൊണ്ട് വീണ്ടും ഇയാള്‍ രംഗത്തുവരുന്നത്. പൗരത്വരേഖ കത്തിക്കുന്ന പടം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുക കൂടി ചെയ്തതോടെ സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ രാജ്യസുരക്ഷാ വിഭാഗം ഇയാളെ പിടികൂടാന്‍ ഊര്‍ജിതശ്രമം നടത്തുകയും അത് വിജയിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം പ്രോസിക്യൂഷനുമുന്നില്‍ ഹാജരാക്കിയ പ്രതി അമീറിനെതിരെയുള്ള പരാമര്‍ശമുള്‍പ്പെടെ തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സമ്മതിച്ചിട്ടുണ്ട്. 
അതേസമയം, ഇയാളെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകങ്ങളെന്തൊക്കെയാണെന്ന് കണ്ടത്തൊന്‍ തെളിവെടുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമംതുടരുകയാണ്. ഇയാള്‍ക്ക് വല്ല ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.