മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ക്കുള്ള നിരക്ക് കൂട്ടി

കുവൈത്ത് സിറ്റി: രാജ്യത്തെ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളായ കമ്പനികള്‍ക്കുള്ള സര്‍വിസ് ചാര്‍ജ് വര്‍ധിപ്പിച്ചതായി ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിലെ ടെലികോം ആന്‍ഡ് ടെക്നിക്കല്‍ പബ്ളിക് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ താരിഫ് അനുസരിച്ച് മൂന്നക്ക നമ്പറുകള്‍ക്ക് മൊബൈല്‍ കമ്പനികള്‍ പ്രതിവര്‍ഷം 750 ദീനാര്‍ സര്‍വിസ് ചാര്‍ജ് അടക്കണം. നേരത്തേ ഇത് 700 ദീനാറായിരുന്നു. മൂന്നക്ക നമ്പറുകളുള്ള ലൈന്‍ സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനുമായി ആദ്യത്തില്‍ 150 ദീനാര്‍ നല്‍കണമെന്നും ഉത്തരവിലുണ്ട്. എന്നാല്‍, വ്യക്തിഗത ലൈനുകള്‍ക്ക് പ്രതിവര്‍ഷം 500 ഫില്‍സ് എന്ന തോതിലാണ് മൊബൈല്‍ കമ്പനികളില്‍നിന്ന് സര്‍വിസ് ചാര്‍ജായി ഈടാക്കുക.   ഒന്നിലധികം വരുന്ന എക്സ്റ്റന്‍ഷനുകളുള്ള  വാണിജ്യ കണക്ഷന് ഒരുവര്‍ഷത്തേക്ക് 1200 ദീനാറാണ് കൊടുക്കേണ്ടിവരുക. ചുരുങ്ങിയത് 12 ലൈനുകളെങ്കിലുമുണ്ടെങ്കിലേ വാണിജ്യസ്ഥാപനങ്ങള്‍ക്കും മറ്റും എക്സ്റ്റന്‍ഷന്‍ ലൈനുകള്‍ അനുവദിക്കൂ. അതേസമയം, ലാന്‍ഡ് ഫോണുകളിലെ എക്സ്റ്റന്‍ഷന്‍ നമ്പറുകള്‍ക്ക് നിരക്കുവര്‍ധന ബാധകമാവില്ല. ലാന്‍ഡ് ഫോണുകളില്‍ ഗോള്‍ഡന്‍ നമ്പറുകള്‍ ലഭ്യമാവണമെങ്കില്‍ 3000 ദീനാറും സില്‍വര്‍ നമ്പറുകള്‍ക്കും ബ്രൗണ്‍സ് നമ്പറുകള്‍ക്കും 1000 ദീനാറുമാണ് ഈടാക്കുകയെന്നും മന്ത്രാലയ ഉത്തരവില്‍ പറയുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.