വൈദ്യുതിനിരക്ക് വര്‍ധന: അപ്പാര്‍ട്ട്മെന്‍റുകളിലെ താമസക്കാരായ  സ്വദേശികള്‍ക്ക് ഇളവിന് ശിപാര്‍ശ

കുവൈത്ത് സിറ്റി: വൈദ്യുതിനിരക്ക് വര്‍ധനയില്‍നിന്ന് അപ്പാര്‍ട്ട്മെന്‍റുകളില്‍ താമസിക്കുന്ന സ്വദേശികള്‍ക്ക് ഇളവ് നല്‍കാന്‍ ധനകാര്യസമിതി ശിപാര്‍ശ ചെയ്തു. ഇവരെ വീടുകളില്‍ കഴിയുന്ന സ്വദേശികളുടെ ഗണത്തില്‍പ്പെടുത്തി തുല്യമായ പരിഗണന നല്‍കണമെന്നാണ് സമിതി നിര്‍ദേശിച്ചതെന്ന് വക്താവ് എം.പി. മുഹമ്മദ് നാസര്‍ അല്‍ജാബിരി വ്യക്തമാക്കി. ഈ ഭേദഗതിയോടെയാവും പാര്‍ലമെന്‍റില്‍ രണ്ടാമത്തെയും അവസാനത്തേയുമായ വായനക്കായി ഇതുസംബന്ധിച്ച ബില്‍ സമര്‍പ്പിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സര്‍ക്കാര്‍ മുന്നോട്ടുവെച്ച വൈദ്യുതിനിരക്ക് വര്‍ധന നിര്‍ദേശത്തില്‍ സ്വദേശികള്‍ക്ക് അനുകൂലമായ രീതിയില്‍ ഭേദഗതി വരുത്തിയാണ് ബില്‍ ആദ്യവായനയില്‍ കഴിഞ്ഞയാഴ്ച പാസാക്കിയിരുന്നത്. ഉപഭോക്താക്കളെ സ്വകാര്യ (സ്വദേശി) വീടുകള്‍, ഇന്‍വെസ്റ്റ്മെന്‍റ് വീടുകള്‍ (വിദേശികള്‍ക്ക് വാടകക്ക് നല്‍കുന്ന വീടുകളും അപ്പാര്‍ട്ട്മെന്‍റുകളും ഇതിലാണ് വരിക), വാണിജ്യസ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളാക്കി തിരിച്ചാണ് വൈദ്യുതിനിരക്ക് വര്‍ധനാ ശിപാര്‍ശ സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നത്. സ്വദേശി വീടുകള്‍ക്ക് 3,000 കിലോവാട്ട് വരെ കിലോവാട്ടിന് മൂന്നു ഫില്‍സ്, 3,000 മുതല്‍ 6,000 കിലോവാട്ട് വരെ എട്ടു ഫില്‍സ്, 6,000 മുതല്‍ 9,000 കിലോവാട്ട് വരെ 10 ഫില്‍സ്, 9,000 കിലോവാട്ടിനുമുകളില്‍ 15 ഫില്‍സ് എന്നിങ്ങനെയും വാടക വീടുകള്‍ക്കും അപ്പാര്‍ട്ട്മെന്‍റുകള്‍ക്കും 1,000 കിലോവാട്ട് വരെ അഞ്ചു ഫില്‍സ്, 1,000 മുതല്‍ 2,000 കിലോവാട്ട് വരെ എട്ടു ഫില്‍സ്, 2,000 മുതല്‍ 3,000 കിലോവാട്ട് വരെ 10 ഫില്‍സ്, 3,000 കിലോവാട്ടിനുമുകളില്‍ 15 ഫില്‍സ് എന്നിങ്ങനെയും വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. വാണിജ്യസ്ഥാപനങ്ങള്‍ക്കും 15 മുതല്‍ 25 ഫില്‍സ് വരെ വര്‍ധനയുണ്ടാവും. 
ഇതില്‍ സ്വദേശി വീടുകള്‍ക്കുള്ള വൈദ്യുതിനിരക്ക് രണ്ടു ഫില്‍സ് തന്നെയായി നിലനിര്‍ത്താനുള്ള ഭേദഗതിയോടെയാണ് പാര്‍ലമെന്‍റ് ബില്‍ അംഗീകരിച്ചത്. ഉപഭോഗം എത്ര ഉയര്‍ന്നാലും ഈ വിഭാഗത്തിന് നിരക്കില്‍ മാറ്റമുണ്ടാവില്ല. ഈ വിഭാഗത്തിലേക്കാണ് ഇപ്പോള്‍ ഇന്‍വെസ്റ്റ്മെന്‍റ് വീടുകളില്‍ കഴിയുന്ന സ്വദേശികളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം കാര്‍ഷിക, വ്യവസായ സ്ഥാപനങ്ങളെയും നിരക്ക് വര്‍ധനയില്‍നിന്ന് ഒഴിവാക്കാന്‍ സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മുഹമ്മദ് അല്‍ജാബിരി അറിയിച്ചു. 
അതേസമയം, ഈ ഭേദഗതി ജനങ്ങളെ സഹായിക്കാനല്ളെന്നും വന്‍കിട സ്വത്തുടമകള്‍ക്കുവേണ്ടിയാണെന്നും കുറ്റപ്പെടുത്തിയ സമിതി അംഗം എം.പി അഹ്മദ് സുലൈമാന്‍ അല്‍ഖുതൈബി താന്‍ ഇതിനെ എതിര്‍ത്ത് വോട്ട് ചെയ്തതായി വ്യക്തമാക്കി. ഭേദഗതിയോടെയുള്ള ബില്‍ ഈമാസം 26, 27 തീയതികളില്‍ പാര്‍ലമെന്‍റിന്‍െറ പരിഗണനക്ക് വരും. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.