ശദാദിയ യൂനിവേഴ്സിറ്റി നിര്‍മാണ സൈറ്റില്‍ വന്‍ തീപിടിത്തം

കുവൈത്ത് സിറ്റി: ഫര്‍വാനിയ ഗവര്‍ണറേറ്റിലെ അര്‍ദിയക്ക് സമീപം ശദാദിയയില്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സബാഹ് സാലിം യൂനിവേഴ്സിറ്റി നിര്‍മാണ സൈറ്റിലുണ്ടായ വന്‍ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് യൂനിവേഴ്സിറ്റി സൈറ്റിലെ ശരീഅ ആന്‍ഡ് ഇസ്ലാമിക് ലോ വിഭാഗത്തിനുവേണ്ടി പണിയുന്ന കെട്ടിടത്തിന് തീപിടിച്ചത്. സംഭവത്തില്‍ ആളപായമില്ല. കെട്ടിടത്തിന്‍െറ നിര്‍മാണവുമായി ബന്ധപ്പെട്ട സാധന സാമഗ്രികള്‍ കത്തിനശിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍നിന്ന് ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ സംഭവസ്ഥലത്തത്തെി തീ കെടുത്താനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കി. പ്രമുഖ ഇന്ത്യന്‍ കമ്പനിയായ ഷാപൂജി പാലോജിയുടെ നേതൃത്വത്തില്‍ നിര്‍മാണം നടക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. നിര്‍മാണം ആരംഭിച്ചത് മുതല്‍ സമാനമായ നിരവധി തീപിടിത്തങ്ങളാണ് ഇതിനകം ശദാദിയയില്‍ ഉണ്ടായത്. മാസങ്ങള്‍ക്കുമുമ്പുണ്ടായ ഒരു അപകടത്തില്‍ തൊഴിലാളി മരിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. തണുപ്പ് മാറി ചൂടുകാലമായതോടെ തീപിടിത്തംപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വന്‍ സജ്ജീകരണങ്ങള്‍ പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.