മനാമ: ‘റിഫോമേഴ്സ് ബഹ്റൈന്‍’ ആഭിമുഖ്യത്തില്‍ ‘യുദ്ധവും സമാധാനവും’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. അല്‍ സെഹ്ല റെസ്റോറന്‍റ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്‍റ് സുദിന്‍ അബ്രഹാം അധ്യക്ഷനായിരുന്നു. എസ്.വി.ബഷീര്‍ നിയന്ത്രിച്ച ചര്‍ച്ചയില്‍ സജി മങ്ങാട് മുഖ്യ അവതാരകനായി.
ചിന്തകനും സാഹിത്യകാരനുമായ ലിയോ ടോള്‍സ്റ്റോയിയുടെ നോവലിന്‍െറ പേരാണ് ചര്‍ച്ചക്കായി തെരഞ്ഞെടുത്തത്.
ഓരോ സമൂഹത്തിന്‍െറയും രൂപവും വ്യാപ്തിയും നിര്‍ണയിക്കപ്പെടുന്നതിനായി വിവിധ കാലങ്ങളിലുണ്ടാകുന്ന പ്രതിഭാസങ്ങളാണ് യുദ്ധങ്ങളെന്ന് ബ്രിട്ടീഷ് ചരിത്ര പണ്ഡിതനായ ജോണ്‍ കീഗന്‍ ‘എ ഹിസ്റ്ററി ഓഫ് വാര്‍ഫെയര്‍’ എന്ന പുസ്തകത്തില്‍ അഭിപ്രായപ്പെടുന്നുണ്ടെന്ന് സജി മങ്ങാട് പറഞ്ഞു. രണ്ടോ അതിലധികമോ സമൂഹങ്ങള്‍ ആയുധം ഉപയോഗിച്ചോ ചില പദ്ധതികളിലൂടെയോ ഏറ്റുമുട്ടുന്നതിനെ യുദ്ധമായി പരിഗണിക്കാം. യുദ്ധം, തീവ്രവാദം, അട്ടിമറി എന്നിവയാണ് ഇതിന്‍െറ ഘടനകള്‍.
പാലിയോലിത്തിക് കാലഘട്ടത്തില്‍ തന്നെ ലോകത്ത് ഗോത്രങ്ങള്‍ തമ്മിലോ സമൂഹങ്ങള്‍ തമ്മിലോ യുദ്ധമുണ്ടായതായി പഠനങ്ങള്‍ പറയുന്നു.ഡാര്‍വീനിയന്‍ സൈദ്ധാന്തികരുടെ അഭിപ്രായത്തില്‍ നിലനില്‍പിന് വേണ്ടിയുള്ള പോരാട്ടങ്ങളാണ് യുദ്ധങ്ങള്‍. അതില്‍ കൂടുതല്‍ കരുത്തുള്ളവര്‍ വിജയിക്കുന്നു.എല്ലാ മനുഷ്യരുടെയും ഉള്ളില്‍ ഒരു കലാപപ്രിയന്‍ ഒളിഞ്ഞിരുപ്പുണ്ട്.എന്നാല്‍ സമരം, കലാപം തുടങ്ങിയ പ്രതിഷേധ രൂപങ്ങള്‍ യുദ്ധങ്ങളുടെ പതിപ്പുകള്‍ അല്ല.
യുദ്ധങ്ങള്‍ ലോകത്ത് വിനാശങ്ങളല്ലാതെ മറ്റൊന്നും സംഭാവന ചെയ്തിട്ടില്ളെന്ന യാഥാര്‍ഥ്യം തിരിച്ചറിയണമെന്ന് അവതാരകന്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാം ലോക യുദ്ധത്തില്‍ മാത്രം എട്ടര കോടിയോളം മനുഷ്യ ജീവനുകളാണ് ഇല്ലാതായത്.ഹിരോഷിമയിലെയും നാഗസാക്കിയിലെയും ബോംബ് വര്‍ഷത്തിലൂടെ മാത്രം രണ്ടു ലക്ഷത്തിലധികം ആളുകള്‍ പിടഞ്ഞു മരിച്ചു.യുദ്ധങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളേയും കുട്ടികളേയും ആണ്.
ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന യുദ്ധ സമാനമായ സാഹചര്യങ്ങളാണ് ഈ ചര്‍ച്ചക്ക് കാലിക പ്രാധാന്യം നല്‍കുന്നത്.
പത്താന്‍കോട്ടിലെയും ഉറിയിലെയും സൈനിക കേന്ദ്രങ്ങളിലേക്ക് ചില തീവ്ര വാദികള്‍ നടത്തിയ ആക്രമങ്ങളെ തുടര്‍ന്ന് ഇന്ത്യ സര്‍ജിക്കല്‍ അറ്റാക്കിലൂടെ അതിര്‍ത്തി കടന്ന് ഭീകര ക്യാമ്പുകള്‍ തകര്‍ത്തതാണ് ഈ കിംവദന്തികള്‍ക് കാരണം.
ആയുധ കച്ചവടക്കാരാണ് യുദ്ധത്തിന്‍െറ ഒന്നാമത്തെ ഉപഭോക്താക്കള്‍.ലോക ആയുധ വിപണിയുടെ 50 ശതമാനത്തിലധികം അമേരിക്ക കേന്ദ്രീകരിച്ചാണുള്ളത്.രണ്ടാമത്തെ ഉപഭോക്താക്കള്‍ ഭരണകൂടമാണ്.
അസ്ഥിരമായ എല്ലാ അധികാരികളും യുദ്ധമെന്ന തന്ത്രത്തിലൂടെ ദേശീയതയുടെ കപട ഭാഷ ഉപയോഗിച്ച് സ്ഥാനമാനങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കും.മാധ്യമങ്ങളാണ് അടുത്ത ഉപഭോക്താക്കള്‍.യുദ്ധ വാര്‍ത്തകള്‍, ചിത്രങ്ങള്‍ എന്നിവ ചൂടപ്പം പോലെ വിറ്റഴിക്കാന്‍ അവര്‍ ശ്രമിക്കും.
വൈകാരികമായി ദേശീയതയെ കാണാതെ വിവേകം ഉപയോഗിച്ച് നേതൃത്വവും ജനതയും മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ഇ.എ.സലിം, വിപിന്‍ കുമാര്‍, സുരേഷ്, ഷംസുദ്ദീന്‍, സുധീശ് രാഘവന്‍, അനില്‍ വെങ്ങോട്, യുനിസ്, പങ്കജ് നഭന്‍, ജോര്‍ജ് വര്‍ഗീസ് തുടങ്ങിവര്‍ സംസാരിച്ചു. സെക്രട്ടറി വിന്‍സന്‍റ് കൊടുങ്ങല്ലൂര്‍ സ്വാഗതം ആശംസിച്ചു. ട്രഷറര്‍ ബെന്നി വര്‍ക്കി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.