അബൂബക്കറിന്‍െറ സത്യസന്ധതക്ക്  അധികൃതരുടെ ആദരം

മനാമ: വഴിയില്‍ കളഞ്ഞുകിട്ടിയ തുക പൊലീസില്‍ ഏല്‍പ്പിച്ച മലയാളിക്ക് അധികൃതരുടെ വക ആദരം. 
25 വര്‍ഷത്തോളമായി ബഹ്റൈന്‍ പ്രവാസിയായ തൃശൂര്‍ ചെറുതുരുത്തി വള്ളത്തോള്‍ നഗര്‍ സ്വദേശി എം.എം.അബൂബക്കറിനാണ് സതേണ്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഖലീഫ ബിന്‍ അഹ്മദ് ആല്‍ ഖലീഫ പ്രശംസാ പത്രവും ക്യാഷ് അവാര്‍ഡും നല്‍കിയത്. ഈ മാസം 12ന് ഈസ്റ്റ് റിഫയിലെ റോഡില്‍ നിന്നാണ് ഒരുകെട്ട് നോട്ടുകള്‍ അബൂബക്കറിന് ലഭിച്ചത്. 
തുടര്‍ന്ന് ഒന്നുംനോക്കാതെ, തുക അബൂബക്കര്‍ ഈസ്റ്റ് റിഫ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് മടങ്ങുകയായിരുന്നു. 
സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോഴാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് അബൂബക്കറിനെ വിളിച്ച് ആദരമൊരുക്കുന്ന വിവരം പറഞ്ഞത്. പണം നഷ്ടപ്പെട്ടയാളുടെ വേദന മാറ്റാന്‍ തന്‍െറ പ്രവൃത്തി ഉപകരിക്കുമെന്ന് മാത്രമേ കരുതിയിരുന്നുള്ളൂ എന്നും ആദരവ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അബൂബക്കര്‍ പറഞ്ഞു. ഇന്ത്യക്കാരുടെ സത്യസന്ധതക്കുള്ള തെളിവാണ് ഈ സംഭവമെന്ന് പൊലീസ് മേധാവി അഭിപ്രായപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനില്‍ ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ പി.ആര്‍.ഒ.ആയി ജോലി നോക്കുകയാണ് അബൂബക്കര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.