ബഹ്റൈന്‍ പ്രവാസികളുടെ  പ്രിയ നാടെന്ന് സര്‍വെ 

മനാമ: മേഖലയില്‍ പ്രവാസികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യമെന്ന സ്ഥാനം ബഹ്റൈന്. മൂന്നാമത് വാര്‍ഷിക ‘ഇന്‍റര്‍ നാഷന്‍സ് എക്സ്പാറ്റ് ഇന്‍സൈഡര്‍’ സര്‍വെയിലാണ് ബഹ്റൈന്‍ പ്രവാസികളുടെ 25 പ്രിയ രാജ്യങ്ങളില്‍ ഇടം പിടിച്ചത്. 14,000ത്തിലധികം പേര്‍ സര്‍വെയില്‍ പങ്കെടുത്തു. ജി.സി.സിയില്‍ ഒമാനും ഈ 25 രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടി. യു.എ.ഇക്ക് 40ാം സ്ഥാനമാണ് ലഭിച്ചത്. 

ഖത്തര്‍, കുവൈത്ത്, സൗദി എന്നീ രാജ്യങ്ങള്‍ വളരെ പിറകിലാണ്. പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സജീവമായി പരിഗണിക്കുന്ന സര്‍വെയാണിത്. ബഹ്റൈനും ഒമാനും 15ാം സ്ഥാനം ലഭിച്ചപ്പോള്‍ ഖത്തറിനും സൗദിക്കും കുവൈത്തിനും യഥാക്രമം 61, 66, 67 എന്നീ സ്ഥാനങ്ങളാണ് ലഭിച്ചത്. 
കുവൈത്തില്‍ സ്വദേശികള്‍ പ്രവാസികളുമായി സൗഹൃദം പുലര്‍ത്തുന്നവരാണ് എന്ന് കരുതുന്നവര്‍ 35 ശതമാനം മാത്രമാണ്. എന്നാല്‍, ഒമാനില്‍ 87 ശതമാനവും ഈ അഭിപ്രായമുള്ളവരാണ്. പ്രദേശവാസികളുമായി എളുപ്പം സൗഹൃദം സ്ഥാപിക്കാനാകുമെന്ന് ബഹ്റൈനിലും ഒമാനിലുമുള്ള 21 ശതമാനം പേരും കരുതുന്നുണ്ട്. ഇതില്‍ ലോകശരാശരി 12 ശതമാനമാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഇക്കാര്യത്തില്‍ ശരാശരിയിലും താഴെയാണ് പ്രവാസികളുടെ പ്രതികരണം. ഇതില്‍ ഭാഷയും ഒരു പ്രധാന ഘടകമാണെന്ന് കരുതുന്നു.

ബഹ്റൈനിലെ ഒട്ടുമിക്ക പ്രവാസികളും കരുതുന്നത് ഇവിടെ താമസിക്കുന്നതിന് അറബി ഭാഷാപഠനം നിര്‍ബന്ധമല്ല എന്നാണ്. മേഖലയിലെ 56 മുതല്‍ 74 ശതമാനം വരെ ആളുകള്‍ കരുതുന്നത് ഗള്‍ഫിലെ ദൈനംദിന കാര്യങ്ങള്‍ക്ക് അറബി സംസാരിക്കാന്‍ അറിയണമെന്നില്ല എന്നാണ്. ബഹ്റൈന്‍, യു.എ.ഇ, ഒമാന്‍ എന്നിവടങ്ങളില്‍ വ്യാപാര രംഗത്ത് അറബിയും ഇംഗ്ളീഷും ഒരേ പ്രാധാന്യത്തിലാണ് ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ സൗദി പ്രവാസികള്‍ മാത്രമാണ് വേറിട്ട അഭിപ്രായം രേഖപ്പെടുത്തിയത്. അറബി പഠിക്കാതെ കാര്യങ്ങള്‍ സുഗമമായി നടന്നുപോകുമെന്ന് അവര്‍ കരുതുന്നില്ല. 

കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം എന്നീ കാര്യങ്ങളില്‍ ബഹ്റൈന് മികച്ച സ്ഥാനമാണുള്ളത്. ഈ രണ്ട് മേഖലകളില്‍ ബഹ്റൈനും (48 ശതമാനം) യു.എ.ഇയും (51 ശതമാനം) ആഗോള ശരാശരിയേക്കാള്‍ (46 ശതമാനം) മുന്നിലാണ്. കുട്ടികളുടെ സംരക്ഷണത്തിനുള്ള സൗകര്യങ്ങളുട കാര്യത്തില്‍ മേഖലയില്‍ ഏറ്റവും പിറകില്‍ ഒമാന്‍ ആണ്. ഇവിടെയുള്ള 23 ശതമാനം പ്രവാസികള്‍ മാത്രമാണ് ഈ രംഗത്ത് മതിയായ സൗകര്യമുണ്ടെന്ന് കരുതുന്നത്. 
ഖത്തറിലുള്ള പ്രവാസികള്‍ (24 ശതമാനം)  അവിടെ ശിശുസേവന-സംരക്ഷണ കാര്യങ്ങള്‍ വലിയ ചെലവുള്ള ഏര്‍പ്പാടാണെന്ന് കരുതുന്നു. ഇക്കാര്യത്തില്‍ ലോക ശരാശരി 11 ശതമാനമാണ്. ബഹ്റൈനിലെ ചെറിയ ശതമാനം പ്രവാസികള്‍ മാത്രമാണ് കുട്ടികളുടെ കാര്യങ്ങള്‍ നോക്കാന്‍ വലിയ ചെലവുവരുന്നതായി കരുതുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന വിഷയത്തില്‍ ഗള്‍ഫ് മേഖലയിലെ 64 ശതമാനം പ്രവാസികളും സംതൃപ്തരാണ്. ബഹ്റൈനിലെ 69 ശതമാനം പ്രവാസികളായ രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നുണ്ട് എന്ന് കരുതുന്നവരാണ്. 

സൗദിയില്‍ ഒഴികെ, എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യന്‍ പ്രവാസികളാണ് ഏറ്റവും കൂടുതലുള്ളത്. മേഖലയില്‍ ബഹ്റൈന്‍, യു.എ.ഇ എന്നിവിടങ്ങളിലെ പ്രവാസികള്‍ മാത്രമാണ് തൊഴിലിലെ സാധ്യതതകളുടെ കാര്യത്തില്‍ ലോകശരാശരിയേക്കാള്‍ കൂടിയ നിരക്കില്‍ സംതൃപ്തി രേഖപ്പെടുത്തിയത് എന്നും സര്‍വെ പറയുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.