‘ബിയ’ എന്ന തമിഴ് സിനിമയിൽ ജനക് മനയത്ത്
പ്രതിനായക വേഷം ചെയ്ത് തമിഴ്നാട്ടിൽ കൈയടി നേടുകയാണ് മലയാളി നടനായ ജനക് മനയത്ത്. തമിഴിലെ അരങ്ങേറ്റ സിനിമയായ 'ബിയ'യിലെ ഡേവിഡ് എന്ന പ്രതിനായക വേഷം ജനകിന് മികച്ച തുടക്കമാണ് നൽകിയിരിക്കുന്നത്. ലോക്ഡൗണിനിടെ തിയേറ്ററുകൾ തുറന്നതോടെ രാജ് ഗോകുൽദാസ് സംവിധാനം ചെയ്ത ഹൊറർ സിനിമയായ 'ബിയ' കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിൽ റിലീസ് ആയത്.
സൈക്കോ കഥാപാത്രമായ ഡേവിഡിനെയാണ് ജനക് സിനിമയിൽ അവതരിപ്പിക്കുന്നത്. പ്രേതങ്ങളെ തേടി നടക്കുകയും മനുഷ്യനെ അതിദാരുണമായി കൊലപ്പെടുത്തുകയും ചെയ്യുന്നതാണ് ഡേവിഡിൻെറ സ്വഭാവം. പ്രതിനായകവേഷം മികച്ച രീതിയില്‍ കൈകാര്യം ചെയ്തതോടെ മലയാളത്തിലും തമിഴില്‍ നിന്നുമായി ഒട്ടേറെ അവസരങ്ങൾ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ജനക്. അമേരിക്ക, ലണ്ടന്‍ അടക്കം വിദേശ രാജ്യങ്ങളിൽ ഒരു പതിറ്റാണ്ടിലേറെയായി തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ ജനക് മനയത്ത് ഗായകനും നർത്തകനും തിരക്കഥാകൃത്തും കൂടിയാണ്.
വളരെ ആകസ്മികമായിട്ടാണ് താൻ 'ബിയ'യിൽ അഭിനയിച്ചതെന്ന് ജനക് പറയുന്നു. തിയേറ്റർ പരിചയമുള്ളതുകൊണ്ട് ഡേവിഡിനെ അനായാസമായി അവതരിപ്പിക്കാനും കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോമല്‍ സിനി ക്രിയേഷൻസിൻെറ ബാനറിൽ സി.ആർ. രാജേഷ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. രാജ് ഗോകുല്‍ദാസ്, ജൂബിൽ രാജന്‍ പി ദേവ്, സാവന്തിക, അനില്‍ മുരളി എന്നിവരും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.