കൊച്ചി: അഭിനയത്തിന്റെ പേരിൽ കേസെടുത്താൽ സിനിമയിൽ വില്ലൻവേഷം ചെയ്യുന്നവരെല്ലാം കൊലക്കേസിലും പീഡനക്കേസിലും വിചാരണ നേരിടേണ്ടി വരുമല്ലോയെന്ന് ഹൈകോടതി. ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ലസമയം’ ചിത്രത്തിൽ ലഹരി ഉപയോഗിക്കുന്ന സീനുകളുണ്ടെന്നതിന്റെ പേരിൽ കോഴിക്കോട് എക്സൈസ് റേഞ്ച് ഓഫിസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നിരീക്ഷണം.
സിനിമയിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന സീനിൽ അഭിനയിച്ചതുകൊണ്ട് അഭിനേതാക്കൾ ശരിക്കും ലഹരിമരുന്ന് ഉപയോഗിച്ചെന്ന നിഗമനത്തിലെത്താൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയായാൽ കൊലക്കുറ്റത്തിനും പീഡനക്കുറ്റത്തിനും തീ വെപ്പിനുമൊക്കെ വിചാരണ നേരിടേണ്ടിവരും. സിനിമയിലെ വില്ലന്മാരുടെ കാര്യം കഷ്ടത്തിലാകുമെന്നും സിംഗിൾബെഞ്ച് പരിഹാസ രൂപേണ പറഞ്ഞു.
കഥാപാത്രങ്ങൾ എം.ഡി.എം.എ ഉപയോഗിക്കുന്നത് സന്തോഷവും ഊർജവും നൽകുമെന്ന് പറയുന്ന സീനുകൾ ട്രെയ്ലറിൽ ഉണ്ടെന്ന പരാതിയിലാണ് എക്സൈസ് കേസെടുത്തത്. ഇതിനെതിരെ ഒമർ ലുലുവും മംഗലാപുരം സ്വദേശി കലന്തൂർ കുഞ്ഞി അഹമ്മദും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.