സമ്മിശ്ര കൃഷിയില്‍ സാബുവിന്റെ വിജയഗാഥ

'തോട്ടത്തിൽ സാബു
 സ്വന്തമായുള്ള ഒരേക്കര്‍ കൃഷിസ്ഥലം തരിശിടാനൊന്നും സാബു തയാറല്ല. സമ്മിശ്രകൃഷിയിലൂടെ വിജയഗാഥ രചിക്കുകയാണ് ടാക്‌സി ഡ്രൈവര്‍ കൂടിയായ ഈ കര്‍ഷകന്‍. രണ്ടു വര്‍ഷം മുമ്പ് കാട്ടുപന്നികള്‍ കൃഷിയിടത്തില്‍ ഇറങ്ങി വാഴയും മരച്ചീനിയും നശിപ്പിച്ചെങ്കിലും കിഴങ്ങുവര്‍ഗങ്ങള്‍ ഒഴിവാക്കി കൃഷി തുടരുകയാണ് സാബു. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ പാലമുക്ക് തേപ്പുപാറ പാതയരികില്‍ മുക്കുഴിക്കല്‍ ഏലയിലെ ഒരേക്കറിലാണ് സാബുവിന്റെ കൃഷി. ഏത്തന്‍, റോബസ്റ്റ വാഴ 400 മൂടും കമുകിന്‍ തൈകള്‍, പാവല്‍, വെണ്ട, മുളക്, തണ്ണിമത്തന്‍ എന്നിവയും ഇടവിളയായി പുല്‍ കൃഷിയുമുണ്ട്. ജൈവവളം, ജൈവകീടനാശിനി എന്നിവയാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയവയാണ് പന്നികള്‍ പ്രധാനമായും നശിപ്പിക്കുന്നത്. വാഴ മാത്രം കൃഷി ചെയ്താല്‍ വര്‍ഷം തോറുമുള്ള വരുമാനമേ ലഭിക്കുകയുള്ളു. അതിനാലാണ് ഇടവിളകൃഷി ചെയ്യുന്നതെന്ന് സാബു പറഞ്ഞു. സ്വന്തം ആവശ്യത്തിനും വിപണനത്തിനും പച്ചക്കറി ലഭിക്കുന്നുണ്ട്. പശു, പോത്ത്, കോഴി വളര്‍ത്തലിലും സാബു ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭാര്യ ഷൈനിയും മക്കളായ എമി, മെറിന്‍ എന്നിവരും കൃഷിക്കാര്യത്തില്‍ പങ്കാളികളാണ്.  
 
Loading...
COMMENTS