ചെങ്കൽ പണയിൽ പൊന്നുവിളയിച്ച്​ കുഞ്ഞികൃഷ്​ണൻ

08:48 AM
15/07/2020
MP-KunjiKrishnan
പാറപ്പുറത്തെ കൃഷിയിടത്തിൽ കുഞ്ഞികൃഷ്ണേട്ടൻ

പയ്യന്നൂർ: കല്ലുകൊത്തിയൊഴിഞ്ഞ ചെങ്കൽ പണകളിൽ കനകം വിളയിച്ച് നന്മയുടെ വെളിച്ചം വിതറുകയാണ് എം.പി. കുഞ്ഞികൃഷ്ണൻ എന്ന ആലക്കാട്ടെ കർഷകൻ. 

പയ്യന്നൂരിനടുത്ത കാങ്കോൽ ആലക്കാട്ടെ എം.പി. കുഞ്ഞികൃഷ്ണൻ എന്ന 74കാരന് കൃഷിയെന്നാൽ ജീവിതമാണ്. ഈ പ്രായത്തിലും കൃഷിയിൽ ആനന്ദം കണ്ടെത്തുകയാണ് ഇദ്ദേഹം​. കാനായി കാനത്തി​​െൻറ വൃഷ്​ടിപ്രദേശത്തെ ചെങ്കൽ പണകൾ കാനത്തിന് ഏൽപിച്ച പരിക്ക് ചെറുതല്ല. ചെങ്കൽ മാഫിയ ലാഭത്തിനുവേണ്ടി ചെയ്ത തിന്മയെ നന്മകൊണ്ട് തിരുത്തുകയാണ് കുഞ്ഞികൃഷ്​േണട്ടൻ. 

കൊത്തിയൊഴിഞ്ഞ സ്​ഥലം വില കൊടുത്തുവാങ്ങിയപ്പോൾ പലരും പരിഹസിച്ചു. എന്നാൽ, പണ നിരപ്പാക്കി അവിടെ കൃഷിയുടെ ഉദ്യാനമാക്കി മാറ്റിയപ്പോൾ പരിഹസിച്ചവർ നെറ്റി ചുളിച്ചു. 

രണ്ടേക്കർ സ്​ഥലത്ത് ഇപ്പോൾ അപൂർവ നെല്ലിനങ്ങളായ നവരയും വയനാടൻ പുഞ്ചയും തളിർത്ത് കാഴ്ചയുടെ വിരുന്നൊരുക്കുന്നു. നാട്ടുമാവുകൾ, പിലാവുകൾ, നാടൻ വാഴകൾ തുടങ്ങി നിലക്കടല വരെ വിളയുന്നു ഈ ചെങ്കൽ പാറപ്പുറത്ത്. 18 വർഷമായി പ്രകൃതിജീവിതമാണ് നയിക്കുന്നത്. അത് കൃഷിയിലും പ്രാവർത്തികമാക്കുന്നു. 

ഒരിക്കലും രാസവളമോ കീടനാശിനിയോ പ്രയോഗിക്കാറില്ല. ദീർഘകാലത്തെ കാർഷികാനുഭവങ്ങൾ പങ്കുവെച്ച് പുതുതലമുറക്ക് കൃഷിയെക്കുറിച്ചും നല്ല ഭക്ഷണത്തെക്കുറിച്ചും അറിവുപകരാനും പ്രചോദനം നൽകാനും ഇദ്ദേഹം തയാറാവുന്നു. ആലക്കാട്‌ എം.ഇ.കെ സ്മാരക വായനശാലയും പയ്യന്നൂർ നല്ലഭൂമിയും സംഘടിപ്പിക്കുന്ന കൃഷി- ഭക്ഷ്യ- ആരോഗ്യ ബോധവത്​കരണ പരിപാടികളിൽ സജീവമാണ് കുഞ്ഞികൃഷ്ണേട്ടൻ.

വിവിധയിനം നാട്ടുമാവ്, പ്ലാവ്, മറ്റ് ഫലവൃക്ഷങ്ങൾ, കാച്ചിൽ, അടതാപ്പ്, ചേമ്പ്, ചേന, മരച്ചീനി, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്, മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയാണ്​ കിഴങ്ങ് വൈവിധ്യം. 16 ഇനം വാഴകളും തനത് നെല്ലിനങ്ങളായ നവര, വയനാടൻ പുഞ്ച, വെള്ളരി, പയർ, വെണ്ട, വഴുതിന, കുമ്പളം, മത്തൻ, കോവ, പച്ചമുളക് എന്നിവ ഇവിടെ വിളയുന്നുണ്ട്​. 

Loading...
COMMENTS