വിളവ്​ കുറവ്​; ജാതിക്ക്​ വിലയുണ്ടായിട്ടും കർഷകർക്ക് നഷ്‌ടകാലം

12:50 PM
21/07/2020

അടിമാലി: സുഗന്ധവിളയായ ജാതിയുടെ പ്രധാന വിളവെടുപ്പുകാലം ജൂലൈയിൽ പൂർത്തിയാകും. നല്ല വിലയുണ്ടായിട്ടും വിളവ്‌ കഴിഞ്ഞ വർഷങ്ങളിലെക്കാൾ ഗണ്യമായി കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയാണ്. 

നല്ല കായ്ഫലമുള്ള ഒരു ജാതിമരത്തിൽനിന്ന് വർഷത്തിൽ 1000 മുതൽ 2000 കായ്‌കൾ വരെ ലഭിക്കാറുണ്ട്. എന്നാൽ, പത്തിലൊന്ന് മാത്രമേ ഈ വർഷം ലഭിച്ചുള്ളൂവെന്ന് കർഷകർ പറയുന്നു. 

മഞ്ഞുകാലത്തിന്​ മുമ്പ്​ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ജാതിമരങ്ങൾ ധാരാളമായി പൂക്കുന്നത്. ഈവർഷം ഈ സമയത്ത് ദിവസങ്ങളോളം തുടർച്ചയായ മഴപെയ്തതാണ് വിളവിനെ പ്രതികൂലമായി ബാധിച്ചത്.

‘പൂവെല്ലാം കൊഴിഞ്ഞുപോയി. അധിക മഴമൂലം തടത്തിൽ വെള്ളം കെട്ടിനിന്നതും പ്രശ്നമായി. ജാതിപത്രി കിലോക്ക്​ നല്ലതിന് 1600ഉം സാധാരണക്ക്​ 1200 രൂപയും ഇപ്പോൾ വിലയുണ്ട്.

ജാതിക്കുരു ഉണങ്ങിയതിന്‌ 300 ഉണക്ക്​ കുറഞ്ഞതിന് 200 രൂപ വരെയുമാണ്​ വില. കഴിഞ്ഞവർഷം പത്രിക്ക് 1700ൽ കൂടുതലും പരിപ്പിന് നല്ലതിന് 475 വരെയും വിലയുണ്ടായി.

വേനലാരംഭത്തിൽ ജാതിമരങ്ങളിൽ ഫംഗസ്‌ ബാധ മൂലമുണ്ടാകുന്ന കുമിൾരോഗവും കായകൊഴിച്ചിലും ഈ വർഷം വ്യാപകമായതും വിളവിനെ ബാധിച്ചു. പ്രളയശേഷമാണ് ജാതിയുടെ വിളവ് മോശമായിത്തുടങ്ങിയത്​.

Loading...
COMMENTS