അവര്‍ അല്‍പാല്‍പം തിരിച്ചറിയുന്നു | Madhyamam Weekly
Weekly


അവര്‍ അല്‍പാല്‍പം തിരിച്ചറിയുന്നു

യാസീന്‍ അശ്റഫ്

എത്രവേഗമാണ് നോര്‍വേ ഭീകരാക്രമണം മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍നിന്ന് അപ്രത്യക്ഷമായത്! മൂന്നു ദിവസത്തിനപ്പുറം അത് മുഖ്യ പേജുകളില്‍ നിലനിന്നില്ല. എങ്കിലും ആക്രമണം ലോകമാധ്യമങ്ങളില്‍ ഒരുമാറ്റം ഉണ്ടാക്കി: ‘ഇസ്ലാമോഫോബിയ’ എന്ന വര്‍ഗീയത മാധ്യമങ്ങളില്‍ വ്യാപകമാണെന്ന് അവ തിരിച്ചറിഞ്ഞു. വിവിധ നിരീക്ഷകര്‍ ഇത്തരം ഇസ്ലാം വിരുദ്ധതയെപ്പറ്റി എഴുതിത്തുടങ്ങി.
ജൂലൈ 22ന് ഓസ്ലോയില്‍ സ്ഫോടനം നടന്ന് നിമിഷങ്ങള്‍ക്കകം മാധ്യമങ്ങള്‍ കുറ്റവാളിയെ കണ്ടെത്തി: അല്‍ഖാഇദ, അതല്ളെങ്കില്‍ അല്‍ഖാഇദക്ക് സമാനമായ മുസ്ലിം സംഘങ്ങള്‍, അന്‍സാറുല്‍ ജിഹാദില്‍ ആലമി എന്ന പുത്തന്‍ കൂട്ടം അങ്ങനെയങ്ങനെ. ന്യൂയോര്‍ക് ടൈംസ് ഓണ്‍ലൈന്‍ പതിപ്പ് കട്ടായമായി പറഞ്ഞു, ഇത് മുസ്ലിംകള്‍തന്നെ എന്ന്. മാര്‍ഡോക്കിന്‍െറ സണ്‍ സ്ഥിരം വിഭവങ്ങള്‍ ഇറക്കിത്തുടങ്ങി. ബി.ബി.സിയും മറ്റും അത് ഏറ്റുപിടിച്ചു. അത് കൂടുതല്‍ ശക്തിയോടെ വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജെനിഫര്‍ റൂബിന്‍ ആവര്‍ത്തിച്ചു. സി.എന്‍.എന്നിലെ ടോം ലിസ്റ്ററിനും അക്രമം ചെയ്തതാരെന്നറിയില്ല. പക്ഷേ, ‘‘മുസ്ലിംകള്‍’’ തന്നെ എന്ന് ഉറപ്പ്.
വിദേശ വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം സ്വാഭാവികമായും മലയാള പത്രങ്ങളിലും  (ജൂലൈ 23) വന്നു: ‘‘അല്‍ഖാഇദയില്‍നിന്ന് ഭീഷണി ഉണ്ടായിരുന്നു’’ (മലയാള മനോരമ); ‘‘ഇസ്ലാമിക തീവ്രവാദമാണ്... പ്രധാന ഭീഷണിയെന്ന് നോര്‍വേ നേരത്തേ പ്രഖ്യാപിച്ചിരുന്നു’’ (മാതൃഭൂമി); ‘‘അല്‍ക്വയ്ദയേയും കുര്‍ദിഷ് ഭീകര സംഘടനയായ അന്‍സാര്‍- അല്‍ ഇസ്ലാമിനേയുമാണ് സംശയിക്കുന്നത്’’ (ദീപിക).
ഏറെ വൈകാതെ സത്യം പുറത്തുവന്നു-നൂറിനടുത്ത് മനുഷ്യരെ കൊന്ന ഭീകരാക്രമണം നടത്തിയയാള്‍ (ബ്രെവിക്) മുസ്ലിമല്ളെന്ന് മാത്രമല്ല, മുസ്ലിം വിരുദ്ധനായ ക്രിസ്ത്യന്‍ തീവ്രവാദിയാണ്. ബി.ബി.സി തിരുത്തി. ന്യൂയോര്‍ക് ടൈംസ് തിരുത്തിയെങ്കിലും മുസ്ലിംകളെ വെറുതെ വിട്ടില്ല: ‘‘ഇസ്ലാമിക ഭീകരതയല്ല ഇതിന് പിന്നിലെന്ന് തെളിഞ്ഞെങ്കിലും മറ്റേതോ ഗ്രൂപ്പുകള്‍ അല്‍ഖാഇദയെ അനുകരിക്കുകയായിരുന്നെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി...’’ (ജൂലൈ 23). വാഷിങ്ടണ്‍ പോസ്റ്റാകട്ടെ തെറ്റ് തിരുത്താനേ മിനക്കെട്ടില്ല.
മലയാള പത്രങ്ങള്‍ പിറ്റേന്നുതന്നെ പുതിയ വിവരം ചേര്‍ത്തു: മുസ്ലിം തീവ്രവാദിയല്ല ആള്‍. പിന്നെ ആര്? ഫേസ് ബുക്കില്‍ ക്രിസ്ത്യന്‍ യാഥാസ്ഥിതികവാദിയെന്ന് സ്വയം പരിചയപ്പെടുത്തിയ ബ്രെവിക്കിനെ ദീപിക അവതരിപ്പിച്ചത് ‘‘തോക്കുധാരി’’, ‘‘വലതുപക്ഷ തീവ്രവാദി’’, ‘‘തീവ്രവലതുപക്ഷക്കാരന്‍’’ എന്നിങ്ങനെ. ഫേസ്ബുക്കില്‍ അയാള്‍ സ്വയം പരിചയപ്പെടുത്തിയ കാര്യം വിവരിക്കുന്നിടത്തുപോലും ‘‘ക്രിസ്ത്യന്‍’’ എന്ന വിശേഷണം ഒഴിവാക്കി.
പൊതുവെ മാധ്യമങ്ങളില്‍ അങ്ങനെയൊരു രീതി കണ്ടു. ‘‘ഇസ്ലാമിക ഭീകരന്‍’’, ‘‘മുസ്ലിം തീവ്രവാദി’’ എന്നെല്ലാം എഴുതിവരാറുള്ള പത്രങ്ങള്‍, ആള്‍ ക്രിസ്ത്യാനിയാണെന്ന് കണ്ടതോടെ മതത്തിന്‍െറ പേര് പറയാതായി. അത് പറഞ്ഞവതന്നെ, ഒറ്റത്തവണ അക്കാര്യം പരാമര്‍ശിച്ചശേഷം ഒഴിവാക്കി. ‘‘വലതുപക്ഷ തീവ്രവാദി’’, ‘‘നവനാസി ആക്രമണം’’ എന്നിങ്ങനെയായി വിലാസം. തീവ്രവാദത്തെയും ഭീകരവാദത്തെയും ഇസ്ലാമിനോട് ചേര്‍ത്തേ പറയാനാവൂ എന്ന ഈ രീതി മലയാള പത്രങ്ങള്‍ തീരുമാനിച്ചതാവില്ല-വാര്‍ത്താ ഉറവിടങ്ങളില്‍തന്നെ അങ്ങനെയൊരു മുന്‍ നിശ്ചയം ഉണ്ട്. ആ പരിണാമം ഒരു മംഗളം വാചകത്തില്‍ സ്പഷ്ടമാകുന്നു: ‘‘...യാഥാസ്ഥിതിക ക്രിസ്ത്യന്‍ സമുദായാംഗം പിടിയിലായതോടെ സംഭവം വലതുപക്ഷ തീവ്രവാദത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.’’
ആ വിരല്‍ ക്രിസ്ത്യന്‍ തീവ്രവാദത്തിലേക്ക് ഒരിക്കലും ചൂണ്ടില്ളെന്ന് മനോരമയിലെ ഒരു വാചകവും വ്യക്തമാക്കുന്നു: 1995ല്‍ യു.എസിലെ ഒക്ലഹോമയില്‍ 168 പേരുടെ മരണത്തിനിടയാക്കിയ തിമോത്തി മക്വേ ‘‘വലതുപക്ഷ തീവ്രവാദി’’യാണത്രെ.
നോര്‍വേ ആക്രമണങ്ങള്‍ക്ക് കാരണം ബ്രെവിക്കിന്‍െറ ക്രൈസ്തവ തീവ്രവാദമാണെന്നും അതിന് വംശീയ-രാഷ്ട്രീയ വേരുകളുണ്ടെന്നും വ്യക്തമായപ്പോള്‍ പെട്ടെന്ന് അയാള്‍ ‘‘ഒറ്റയാനാ’’യി. നോര്‍വേയെ നടുക്കിയത് ‘‘ഒരേയൊരാള്‍’’; ‘‘ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ്’’ അക്രമത്തിന് പ്രേരണയായത് (മംഗളം) എന്നെല്ലാമായി വിശദീകരണം.
യു.എസ്, യൂറോപ്യന്‍ പത്രങ്ങള്‍ ഇസ്ലാംവിരോധം ശരിക്കും പുറത്തുകാട്ടി. ഫോക്സ് ചാനലില്‍ യു.എന്‍ സ്ഥാനപതി ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞു: ‘‘നോര്‍വേക്കാരനാവില്ല ഇത് ചെയ്തത്. കണ്ടിട്ട് ഇസ്ലാമിക ഭീകരനാണെന്ന് തോന്നുന്നു.’’
സര്‍ക്കാര്‍ മന്ദിരത്തില്‍ സ്ഫോടനത്തിന് പിന്നാലെ ഉട്ടോയ ദ്വീപില്‍ ഭരണകക്ഷി (ലേബര്‍ പാര്‍ട്ടി)യുടെ യുവജന ക്യാമ്പില്‍ വെടിവെപ്പും നടന്നുവെന്ന് വാര്‍ത്തവന്നതോടെ മാധ്യമങ്ങളില്‍ ‘‘വിദഗ്ധര്‍’’ നിറഞ്ഞാടി. ഇന്തോനേഷ്യയിലെ ബാലി മോഡലല്ല, ഇന്ത്യയിലെ മുംബൈ മോഡലാണിത് എന്നായി പണ്ഡിതമതം. വെറും ബോംബാക്രമണമല്ല, കൂട്ടക്കൊലതന്നെ. രണ്ടായാലും അല്‍ഖാഇദയാണ് പിന്നില്‍.
വസ്തുത അന്വേഷിക്കുന്നതിനുപകരം മാധ്യമങ്ങള്‍ ഈ ആദ്യഘട്ടത്തില്‍ സ്വന്തം ഊഹങ്ങള്‍ക്ക് തെളിവ് തിരയുകയായിരുന്നു. എന്തിന് അല്‍ഖാഇദ നോര്‍വേയെ ലക്ഷ്യമിടണം? കാരണം റെഡി: ലിബിയയില്‍ നാറ്റോ സേന ഇടപെട്ടിരിക്കുന്നു; അക്കൂട്ടത്തില്‍ നോര്‍വേയുടെ സൈനികരുമുണ്ട്. ഇതിനെതിരെ ‘‘അല്‍ഖാഇദ ഭീഷണി’’ ഉണ്ടായിരുന്നു. മാത്രമല്ല, ഒരു മുസ്ലിം തീവ്രവാദിക്കെതിരെ നോര്‍വേ കേസെടുത്തിട്ടുണ്ട്. ഇതൊന്നും പോരെങ്കില്‍, പ്രവാചകനെ നിന്ദിക്കുന്ന ഡാനിഷ് കാര്‍ട്ടൂണുകള്‍ നോര്‍വേയിലെ ഒരു പത്രം പുനഃപ്രകാശിപ്പിക്കുകയും ചെയ്തില്ളേ?
അപ്പോള്‍ വരുന്നു പുതിയ വിവരം: ഉട്ടോയ ദ്വീപില്‍ വെടിവെപ്പു നടത്തിയയാള്‍ നോര്‍വീജിയന്‍ ഭാഷ സംസാരിക്കുന്ന വെള്ളക്കാരനാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഉടനെ എത്തി ‘‘വിദഗ്ധ’’ വിശദീകരണം: ‘‘നാട്ടുകാരായ തീവ്രവാദികളെ റിക്രൂട്ട് ചെയ്യാന്‍’’ അല്‍ഖാഇദക്ക് പദ്ധതിയുണ്ടായിരുന്നു.
അങ്ങനെ പിറ്റേന്നത്തെ സണ്‍ പത്രത്തില്‍ പ്രധാന വാര്‍ത്ത-‘‘ഇത് അല്‍ഖാഇദ കൂട്ടക്കൊല; നോര്‍വേയുടെ സ്വന്തം 9/11.’’ പക്ഷേ, തെളിവുകളെല്ലാം ‘‘വലതുപക്ഷ തീവ്രവാദി’’യിലേക്ക് ചൂണ്ടിയപ്പോള്‍ ഇത്തരം മാധ്യമങ്ങള്‍ പുതിയ ചര്‍ച്ച തുടങ്ങി: കുടിയേറ്റമാണ് പ്രകോപനമായത്. കുടിയേറ്റക്കാരില്‍ കുറെ മുസ്ലിംകളുണ്ടല്ളോ. മുസ്ലിം വിരോധിയായ നോര്‍വേക്കാരന്‍ കുറെ അമുസ്ലിം നോര്‍വേക്കാരെ കൊന്നതുപോലും ഒടുവിലങ്ങനെ മുസ്ലിംകളിലേക്കും അല്‍ഖാഇദയിലേക്കുംതന്നെ തിരിഞ്ഞു.
‘‘ജിഹാദിസ്റ്റു’’കളെ കുറ്റപ്പെടുത്തി എഡിറ്റോറിയലെഴുതിയ വാള്‍സ്ട്രീറ്റ് ജേണല്‍ പിറ്റേന്ന് തിരുത്തിയത് ഇങ്ങനെ: ഈ ആക്രമണങ്ങള്‍ക്ക് പ്രചോദനമായത് അല്‍ഖാഇദതന്നെ. അവരുടെ കൈയൊപ്പുണ്ട് ഇതില്‍.
ക്രിസ്ത്യന്‍ തീവ്രവാദി ബ്രെവിക്കാണ് ഭീകരാക്രമണത്തിന് ഉത്തരവാദിയെന്നുവന്നപ്പോള്‍ മിക്ക മാധ്യമങ്ങളും ഒരുപോലെ അയാളെ ‘‘ഒറ്റയാന്‍’’ എന്ന് വിശേഷിപ്പിച്ചു. വാസ്തവത്തില്‍ ഇസ്ലാം വിരുദ്ധ പ്രചാരകരായ ഡാനിയല്‍ പൈപ്പ്സ്, ഡേവിഡ് ഹോറോവിറ്റ്സ്, റോബര്‍ട്ട് സ്പെന്‍സര്‍, പാമിലാ ജെലര്‍, ഗിയര്‍ട്ട് വില്‍ഡേഴ്സ്, അവിഗോര്‍ ലീബര്‍മാന്‍ എന്ന ഇസ്രായേല്‍ വിദേശകാര്യമന്ത്രിയും അദ്ദേഹത്തിന്‍െറ പാര്‍ട്ടിയായ ‘യിസ്രയേല്‍ ബെയ്തനു’വും, എന്നിങ്ങനെയുള്ളവരുടെ കൂട്ടും പ്രചോദനവും ബ്രെവിക്കിനുണ്ട്. മാത്രമല്ല, നോര്‍വേ ആക്രമണങ്ങള്‍ ഒരാള്‍ക്ക് ഒറ്റക്ക് ചെയ്യാനാവില്ളെന്ന് വ്യക്തമായിരുന്നു.
നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ബ്രെവിക് തന്‍െറ ‘‘മാനിഫെസ്റ്റോ’’ ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തു. ‘‘സാംസ്കാരിക മാര്‍ക്സിസ്റ്റുകളെ’’യും ‘‘സയണിസ്റ്റ് വിരുദ്ധരെ’’യും ‘‘ബഹുസംസ്കാരവാദികളെ’’യും നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു അത്. വിമര്‍ശിക്കാന്‍ കാരണം, അവരെല്ലാം മുസ്ലിംകളെ എതിര്‍ക്കുന്നില്ല എന്നതും. ഗാര്‍ഡിയന്‍ അടക്കമുള്ള മുന്‍നിര പത്രങ്ങള്‍പോലും ആക്രമണത്തിന്‍െറ ഉത്തരവാദിത്തം മുസ്ലിംകളില്‍ ചുമത്തി. ഏതോ ജിഹാദി ഗ്രൂപ്പ് ഉത്തരവാദിത്തമേറ്റതായി വില്‍ മക്കാന്‍റ് എന്ന ‘‘വിദഗ്ധ നിരീക്ഷകന്‍’’ എഴുതി. സത്യം ഏറെ അകലെയാണെന്നറിഞ്ഞപ്പോള്‍ പത്രം ഇത് ഇന്‍റര്‍നെറ്റ് പതിപ്പില്‍നിന്ന് ഒഴിവാക്കി.
ആക്രമണം, മുസ്ലിം പങ്കാളിത്തം, കുറ്റമേറ്റുള്ള ഇ-മെയില്‍, ഒരേ തരത്തിലുള്ള ഭീകരതാ വിശകലനങ്ങള്‍- ഈ പതിവ് ഇക്കുറിയും ഉണ്ടായി. പക്ഷേ, ഇതൊക്കെയാണെങ്കിലും ഒരു വ്യത്യാസം ഇത്തവണ കണ്ടു-മിക്ക മാധ്യമങ്ങളും തെറ്റ് തിരിച്ചറിയാനും തിരുത്താനും തയാറായി.
മാധ്യമങ്ങളുടെ പതിവുരീതിക്കെതിരായി ഇക്കുറി കൂടുതല്‍ ശബ്ദമുയര്‍ന്നു. പത്രങ്ങള്‍തന്നെ പലതും ആത്മപരിശോധനക്ക് തയാറായി. ഹിറ്റ്ലറുടെ കാലത്ത് ജര്‍മന്‍ പത്രങ്ങള്‍ ജൂതന്മാരോടും ‘‘മക്കാര്‍ത്തിയിസ’’ത്തിന്‍െറ സ്വാധീനത്തില്‍ യു.എസ് പത്രങ്ങള്‍ കമ്യൂണിസ്റ്റുകാരോടും പുലര്‍ത്തിയ ശത്രുതാപരമായ നിലപാടാണ് ഇന്ന് മുസ്ലിംകളോട് മാധ്യമങ്ങള്‍ പുലര്‍ത്തുന്നതെന്ന തിരിച്ചറിവ് ബലപ്പെട്ടു.

മറച്ചുവെച്ചത്
ചിലപ്പോള്‍ മാധ്യമങ്ങള്‍ കൊണ്ടാടാത്ത വാര്‍ത്തകളാവും പ്രധാനം. ഈയിടെ പത്രങ്ങളില്‍ മിക്കവാറും വരാതെപോയ രണ്ടെണ്ണം:
ജൂലൈ ഒടുവില്‍ മധുരയില്‍ ഒരു ത്രിദിന സംസ്ഥാനതല കോണ്‍ഫറന്‍സ് നടന്നു. വര്‍ത്തമാനകാലത്തെ വലിയ പ്രശ്നമായ ആഗോളതാപനത്തെ നേരിടാന്‍ ഇന്ത്യ ചെയ്യേണ്ട കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് ‘‘മധുര പ്രഖ്യാപന’’വും ഉണ്ടായി. പ്രത്യേക സാമ്പത്തിക മേഖല (സെസ്)കള്‍ എടുത്തുകളയുക, ആണവനിലയങ്ങള്‍ ഉപേക്ഷിക്കുക, ആണവ-ജൈവ-രാസായുധങ്ങള്‍ ഇല്ലാതാക്കുക, ജൈവകൃഷി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രഖ്യാപനത്തിലുണ്ട്. ഭൂമിയിലെ ജീവന്‍െറ നിലനില്‍പുമായി ബന്ധപ്പെട്ട കാതലായ ഇത്തരം വിഷയങ്ങള്‍ മാധ്യമങ്ങള്‍ പൊതുവെ തമസ്കരിക്കുകയാണ്. ജൂലൈ 22-24 ദിവസങ്ങളില്‍ നടന്ന സമ്മേളനത്തിന്‍െറ തുടക്കത്തില്‍ 10,000 പേരുടെ റാലിയുണ്ടായി. തമിഴ്നാട്ടിലെ കൊച്ചുകൊച്ചു രാഷ്ട്രീയ വിശേഷങ്ങള്‍ പറയാറുള്ള പത്രങ്ങള്‍ ഇത് ശ്രദ്ധിക്കേണ്ടതായിരുന്നു.
ജോര്‍ജ് ബുഷ് യു.എസ് പ്രസിഡന്‍റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത് 2004ല്‍. ആ തെരഞ്ഞെടുപ്പില്‍ ഒഹായോ സംസ്ഥാനത്തെ വോട്ടുകള്‍ നാടകീയമായി ബുഷിന്‍െറ പേരില്‍ കുറിക്കപ്പെട്ടത് വിവാദമായിരുന്നു. ഇതുവരെ രഹസ്യമാക്കിവെച്ചിരുന്ന ചില രേഖകള്‍ ജൂലൈ 25ന് ഒരു കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നു. വോട്ടെണ്ണലില്‍ ജനഹിതം അട്ടിമറിക്കപ്പെട്ടു എന്നാണവ കാണിക്കുന്നത്. വോട്ടെണ്ണാന്‍ ബുഷിന്‍െറ റിപ്പബ്ളിക്കന്‍ കക്ഷിയുടെ ഉടമസ്ഥതയിലുള്ള കമ്പ്യൂട്ടര്‍ കമ്പനിയെ ഏല്‍പിച്ചതും അവര്‍ കള്ളത്തരം ചെയ്തതുമാണ് പുറത്തുവന്നിരിക്കുന്നത്. വളരെ വലിയ വാര്‍ത്തയാകുമെന്ന് പ്രതീക്ഷിക്കേണ്ട ഇതും പത്രങ്ങളില്‍ വന്നില്ല.

ഗൂഗ്ള്‍ കോപ്പി
ജൂലൈ 24ന് റോഹിന്‍ടണ്‍ നരിമാന്‍ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായതായി വാര്‍ത്ത വന്നു. ഇതിനോടൊപ്പം ചേര്‍ത്ത പടം പല പത്രങ്ങളിലും തെറ്റായിരുന്നെന്ന് ഒരു വായനക്കാരന്‍. പഴയ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യന്‍െറ ഫോട്ടോയാണ് വന്നത്. ഗൂഗ്ളില്‍ തിരഞ്ഞ് കണ്ടെടുത്തപ്പോള്‍ ഫോട്ടോ ശരിയോ എന്ന് പരിശോധിക്കാത്തതാണ് കുഴപ്പമായത്.


മീഡിയ സ്കാന്‍

മുന്‍ ലക്കങ്ങള്‍