ലോട്ടറി ചരിത്രവും വിവാദവും | Madhyamam Weekly
Weekly


ലോട്ടറി ചരിത്രവും വിവാദവും

ലോട്ടറി: വാദവും വസ്തുതയും: ഡോ.ടി.എം. തോമസ് ഐസക്‌

ലോട്ടറി ഒരു ഭാഗ്യപരീക്ഷണമാണ്. പക്ഷേ, അത് ചൂതാട്ടമായി അധഃപതിക്കാം. ഇക്കാര്യം സുപ്രീംകോടതിയും അടിവരയിട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട്, തൊഴിലെടുക്കാനോ വ്യാപാരം നടത്തുന്നതിനോ ഉള്ള മൗലികാവകാശങ്ങളില്‍ ലോട്ടറി ഉള്‍പ്പെടുന്നില്ല എന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം ബി.ആര്‍ എന്റര്‍പ്രൈസസ് കേസില്‍ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ലോട്ടറിയുടെ നിയന്ത്രണത്തിനുള്ള നിയമപരമായ അധികാരമാണ് സുപ്രീംകോടതിയുടെ ഈ വിധിയോടെ വ്യക്തമായത്. ഇത്തരം നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള അധികാരം ഭരണഘടനപ്രകാരം കേന്ദ്രസര്‍ക്കാറില്‍ നിക്ഷിപ്തമാണെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചു. ചൂതാട്ടസ്വഭാവമുള്ള ലോട്ടറിയെ സര്‍ക്കാര്‍ നിയന്ത്രണത്തോടെ നടത്തുന്നതിന് ഒരു ന്യായീകരണമേയുള്ളൂ. സര്‍ക്കാറിന്റെ ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അധികവിഭവം സമാഹരിക്കാനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍. ഇതാകട്ടെ, സര്‍ക്കാറിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ ബഹുജനങ്ങളെ പങ്കാളിയാക്കുക എന്ന അര്‍ഥത്തിലാണ് കാണേണ്ടത്. ഈയൊരു വീക്ഷണത്തിലാണ് കേരള സംസ്ഥാന ഭാഗ്യക്കുറി ആരംഭിച്ചത്. ലോട്ടറിയുടെ വരവ് പൂര്‍ണമായും ഖജനാവില്‍ ഒടുക്കുന്നു. കമീഷനും സമ്മാനവുമടക്കം ലോട്ടറിയുമായി ബന്ധപ്പെട്ട ചെലവുകള്‍ പൂര്‍ണമായും ബജറ്റില്‍ പ്രത്യേകം വകയിരുത്തുന്നു. കേരളസംസ്ഥാന ലോട്ടറി വിറ്റ് പതിനായിരങ്ങള്‍ ഉപജീവനം നടത്തുകയും ചെയ്യുന്നു.

നല്ല കാര്യങ്ങള്‍ക്കുള്ള ഉപാധിയായാണ് കേരള ഭാഗ്യക്കുറിയുടെ ഉദയം. അനേകം ആളുകളില്‍നിന്ന് നന്നേ ചെറിയ തുകവെച്ച് ശേഖരിച്ച് വികസനപ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തം  ഉറപ്പുവരുത്തുകയും ചെയ്യുന്ന വിഭവസമാഹരണ രീതി. പങ്കാളിത്തത്തിനുള്ള പ്രോത്സാഹനമാണ് സമ്മാനങ്ങള്‍.

ലോട്ടറി നിയന്ത്രണനിയമത്തിലെ വ്യവസ്ഥകളെല്ലാം കേരളം പാലിക്കുന്നുണ്ട്. നിയമത്തിന്റെ എല്ലാ ലക്ഷ്യങ്ങളും മാതൃകാപരമായി കേരളം പ്രാവര്‍ത്തികമാക്കുന്നു. കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൂതാട്ടത്തിന്റെ സ്വഭാവം കുറക്കുന്നു. പണം ഖജനാവിലൊടുക്കി പൊതുനന്മക്ക് ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. ലോട്ടറിയുടെ സമ്മാനവും കമീഷനും ചെലവുകളുമെല്ലാം ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രത്യേകമായി അനുവദിക്കുന്നു. കേരളം ഭാഗ്യക്കുറികള്‍ നേരിട്ട് നടത്തുകയാണ്. അത് സംഘടിപ്പിക്കാന്‍ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇങ്ങനെ ലോട്ടറിയുടെ നടത്തിപ്പ് സുതാര്യമാണെന്ന് ഉറപ്പുവരുത്തുന്നു.

സാധാരണ മലയാളിയുടെ തലയില്‍ അശനിപാതംപോലെ ഓണ്‍ലൈന്‍ ലോട്ടറികളും നിയമവിരുദ്ധ ലോട്ടറികളും വന്നുവീഴുന്നത് രണ്ടായിരത്തിരണ്ടോടെയാണ്. അതോടെ വീറും വാശിയും മാത്രമുള്ള, കുടുംബത്തെയും നാടിനെയും മറക്കുന്ന വെറും ചൂതാട്ടക്കാരായി പലരും.

അന്യസംസ്ഥാന ലോട്ടറികളുടെ കടന്നുവരവ്
1990കളിലും അന്യസംസ്ഥാന പേപ്പര്‍ലോട്ടറി കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, അവയുടെ പ്രചാരണം പരിമിതമായിരുന്നു. അതൊരു സാമൂഹികവിപത്തായി മാറിയിരുന്നില്ല. എന്നാല്‍, മാര്‍ട്ടിനെപ്പോലുള്ളവരുടെ കടന്നുകയറ്റവും ഓണ്‍ലൈന്‍ ലോട്ടറികളുടെ കടന്നുവരവും സ്ഥിതിവിശേഷം തലകീഴായി മറിച്ചു. അന്യസംസ്ഥാന ലോട്ടറിക്കെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ശക്തമായ വിമര്‍ശം ഉയര്‍ത്തി. വിമര്‍ശങ്ങളുടെയും ജനകീയ പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തില്‍ കേരളത്തിലെ ലോട്ടറി വകുപ്പ് 2003ലെ ചട്ടങ്ങളുടെ ഉപവകുപ്പ് 24 നല്‍കുന്ന നിയന്ത്രണാധികാരമുപയോഗിച്ച് നടപടിയെടുക്കാന്‍ തുടങ്ങി. ഈ ചട്ടത്തില്‍ ലോട്ടറി നടത്തുന്നതിന് ടാക്‌സ് സെക്രട്ടറിയുടെ അനുവാദം വാങ്ങണമെന്നുണ്ടായിരുന്നു. ഈ അനുവാദം വാങ്ങിയില്ല എന്ന പേരിലാണ് നടപടി തുടങ്ങിയത്. തുടര്‍ന്ന്, 150 കോടിയുടെ അന്യസംസ്ഥാന ടിക്കറ്റ് പിടിച്ചു. 544 കേസുകളോളം രജിസ്റ്റര്‍ ചെയ്തു.

അന്യസംസ്ഥാന ലോട്ടറിക്കാര്‍ ഹൈകോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നടപടിയില്‍ ഹൈകോടതി സിംഗിള്‍ബെഞ്ച് തെറ്റുകണ്ടില്ല. പക്ഷേ, ലോട്ടറിക്കാര്‍ക്ക് നികുതിവകുപ്പില്‍നിന്ന് അംഗീകാരം വാങ്ങാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. അപേക്ഷകര്‍ ലോട്ടറിവകുപ്പ് പരിശോധന നടത്തി. ക്രമവിരുദ്ധമാണ് ഇവരുടെ ചെയ്തികള്‍ എന്ന് വിലയിരുത്തി അനുമതി നിഷേധിച്ചു.

ലോട്ടറിക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഡിവിഷന്‍ ബെഞ്ച് ആദ്യം സ്‌റ്റേ അനുവദിച്ചെങ്കിലും പിന്നീട് സര്‍ക്കാറിന്റെ നിലപാട് ശരിവെച്ചു. പക്ഷേ, അതോടൊപ്പം നാലാം വകുപ്പ് ലംഘനങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിനെ അറിയിക്കാനും നിര്‍ദേശിച്ചു. 2004ല്‍ അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം സംബന്ധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് അയച്ചുകൊടുത്തു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ല. മറുപടിപോലും അയച്ചില്ല.

ഗ്ഗകദ്ദന്‍സര്‍ന്തക്കറക്ലഗ്ലന്റ ള്ളനപ്ലക്കന്നക്കറ നയണ്‍
അന്യസംസ്ഥാന ലോട്ടറിക്കാര്‍ സുപ്രീംകോടതിയില്‍ പോയി. നാലാം വകുപ്പ് ലംഘനത്തിനെതിരെ നടപടിയെടുക്കാനുള്ള ചട്ടം 24ലെ 3, 10 എന്നീ ഉപവകുപ്പുകള്‍ ശരിവെച്ച ഹൈകോടതിവിധി സുപ്രീംകോടതി സ്‌റ്റേചെയ്തു. വിധിയനുസരിച്ച് കേന്ദ്രനിയമത്തിലെ 7 (3) അനുസരിച്ച് പൊലീസില്‍ പരാതി നല്‍കി ലോട്ടറിവകുപ്പ് നടപടി സ്വീകരിച്ചു. വീണ്ടും അന്യസംസ്ഥാന ലോട്ടറിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്രനിയമം അനുസരിച്ചുള്ള നടപടിയും സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശവുമായി രംഗപ്രവേശം ചെയ്തത്.

സുപ്രീംകോടതി സ്‌റ്റേ ചെയ്തുവെങ്കിലും നിയമപരമായി നടപടിയെടുക്കുന്നതിന് അദ്ദേഹം പഴുതു കണ്ടുപിടിച്ചു. നിയമോപദേശം കിട്ടാത്ത താമസം പൊലീസിനെക്കൊണ്ട് ഏതാനും കേസുകള്‍ രജിസ്റ്റര്‍ ചെയ്യിച്ചു. കോടതിവിധി സംബന്ധിച്ച അവ്യക്തത ദൂരീകരിക്കുന്നതിന് സര്‍ക്കാര്‍തന്നെ കോടതിയെ സമീപിച്ച് വിശദീകരണം തേടിയതിനുശേഷമായിരുന്നു വീണ്ടും കേസുകള്‍ എടുത്തത്. അതോടെ കോടതിയലക്ഷ്യമായി. ചീഫ് സെക്രട്ടറി, ടാക്‌സ് സെക്രട്ടറി, ഡി.ജി.പി എന്നിവരെ സുപ്രീംകോടതി വിളിപ്പിച്ചു. കോടതി സ്‌റ്റേക്കുശേഷം എടുത്ത കേസുകള്‍ മാപ്പാക്കണമെന്നോ ഭാവിയില്‍ ഇനി കേസുകള്‍ എടുക്കില്ലെന്നോ ആയിരുന്നില്ല സര്‍ക്കാര്‍ പ്രതിനിധികള്‍ നല്‍കിയ ഉറപ്പ്. ഇതുവരെ എടുത്ത കേസുകളിലൊന്നും തുടര്‍നടപടി സ്വീകരിക്കില്ലെന്നുംകൂടി ഉറപ്പുനല്‍കി. ഇത് കോടതി ആവശ്യപ്പെട്ടിരുന്നില്ല. ഏഴു കേസെടുത്ത് 500ലധികം കേസുകള്‍ ഇല്ലാതാക്കിയ കഥയാണ് ഇത്.  ഇതിന്റെ ഗുണഭോക്താക്കള്‍ അന്യസംസ്ഥാനലോട്ടറിക്കാരാണെന്നതില്‍ സംശയം വേണ്ടല്ലോ.

കേരള ലോട്ടറി നിരോധിക്കപ്പെട്ടപ്പോള്‍
25.1. 2005ലാണ് കോടതിയില്‍ ഈ ഉറപ്പുനല്‍കിയത്. പ്രതിപക്ഷനേതാവ് നിശിതവിമര്‍ശം നടത്തിയതോടെ പിറ്റേന്ന് കേരളഭാഗ്യക്കുറിയടക്കം എല്ലാ ലോട്ടറിയും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി  (ഈ ഉത്തരവ് പിന്നീട് മന്ത്രിസഭ സാധൂകരിക്കുകയാണ് ചെയ്തത്). ഇതോടെ ജനശ്രദ്ധയില്‍നിന്ന് സുപ്രീംകോടതിയില്‍ നല്‍കിയ ഉറപ്പ് അപ്രത്യക്ഷമായി. പകരം, നാട്ടിലെമ്പാടും ചര്‍ച്ച കേരള ഭാഗ്യക്കുറി നിര്‍ത്തലാക്കിയതും നിരാലംബരായിതീര്‍ന്ന ഒരുലക്ഷത്തോളം ലോട്ടറി വില്‍പനക്കാരുമായി.

പൊടുന്നനെ ഒറ്റദിവസംകൊണ്ടാണ് ഒരുലക്ഷത്തോളം പേരുടെ വരുമാനം ഇല്ലാതായത്. ഇതില്‍ ഭൂരിപക്ഷംപേരും ഏറ്റവും പാവപ്പെട്ടവരും മറ്റുവരുമാനം നേടാന്‍ കഴിവില്ലാത്തവരുമാണ്. ചേര്‍ത്തലയില്‍ ഒരു ലോട്ടറി വില്‍പനക്കാരന്‍ ആത്മഹത്യ ചെയ്തതോടെ പ്രതിപക്ഷം സമരം ഏറ്റെടുത്തു. സാമൂഹികവിപത്തായി മാറിയ ഓണ്‍ലൈന്‍ ലോട്ടറി ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് കേരള ഭാഗ്യക്കുറികൂടി നിരോധിച്ചതെന്നാണ് യു.ഡി.എഫ് വാദിക്കുന്നത്. ഇത് ശുദ്ധനുണയാണ്. കാരണം, അതിനകം ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചുകൊണ്ട് 13.1.2005ല്‍ ഉത്തരവിറങ്ങിയിരുന്നു. ഈ ഉത്തരവിന് ഇതുവരെ ഒരു കോടതിയും സ്‌റ്റേ നല്‍കിയിട്ടുമില്ല.

ലോട്ടറി വില്‍പനക്കാരുടെ ജീവിതം അനുദിനം ദയനീയമായി. പ്രക്ഷോഭം സജീവമായി. ഇത് കേരളത്തിലെ വലിയൊരു സാമൂഹികപ്രശ്‌നമായി മാറി. ഇത് പരിഹരിക്കുന്നതിന് പ്രതിപക്ഷം ഭരണപക്ഷത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ രണ്ട് തീരുമാനമെടുത്തു. ഓണ്‍ലൈന്‍ ലോട്ടറിയെ ചൂതാട്ടം എന്ന് നിര്‍വചിച്ച് കേരള ചൂതാട്ട നിയമത്തില്‍പ്പെടുത്തി നിരോധിക്കണം. നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ ഓണ്‍ലൈന്‍ ലോട്ടറിയുടെമേല്‍ നിരോധം വന്നുകഴിഞ്ഞിരുന്നു. കേരള ഭാഗ്യക്കുറി നടത്തുന്നതിനുവേണ്ടി പേപ്പര്‍ ലോട്ടറിയെ സംബന്ധിച്ച് പുതിയൊരു നിയമം കൊണ്ടുവരാനും തീരുമാനിച്ചു.

കേരള ടാക്‌സ് ഓണ്‍ പേപ്പര്‍ ലോട്ടറീസ് ആക്ട് 2005 എന്നാണ് ഈ പുതിയ നിയമത്തിന്റെ പേര്.

ഏകകണ്ഠമായാണ് നിയമസഭ ഈ നിയമം പാസാക്കിയത്. നിയമനിര്‍മാണം നടത്തി കേരള ഭാഗ്യക്കുറി എങ്ങനെയെങ്കിലും പുനഃസ്ഥാപിക്കുക എന്നൊരു ചിന്ത മാത്രമേ ഏവരെയും ഭരിച്ചുള്ളൂ. കേരള ഭാഗ്യക്കുറി പുനരാരംഭിച്ചു. അതോടൊപ്പം അന്യസംസ്ഥാന പേപ്പര്‍ ലോട്ടറികളും രംഗപ്രവേശം ചെയ്തു.

പേപ്പര്‍ ലോട്ടറികളുടെ നറുക്കിന് നികുതി ഈടാക്കുക, നികുതി അടയ്ക്കാതിരിക്കുകയോ നികുതി അടയ്ക്കുന്നതിനുള്ള ചിട്ടകള്‍ ലംഘിക്കുകയോ ചെയ്താല്‍ പിഴ ഈടാക്കുക ഇവയാണ് പ്രധാനമായും പേപ്പര്‍ ലോട്ടറി നികുതിനിയമത്തിലെ വ്യവസ്ഥകള്‍. ഈ നിയമത്തില്‍ പേപ്പര്‍ ലോട്ടറിയെ നിര്‍വചിക്കുന്നുണ്ട്. കേന്ദ്ര ലോട്ടറിനിയമത്തിന്റെ നാലാം വകുപ്പിന് അനുസൃതമായി നടത്തുന്ന ലോട്ടറികള്‍ എന്നതാണ് നിര്‍വചനം. എന്നാല്‍, മറ്റു സംസ്ഥാനങ്ങള്‍ നേരിട്ട് ലോട്ടറി നടത്തുന്നതിനുപകരം സബ് കോണ്‍ട്രാക്ട് നല്‍കുന്നതുമൂലം നിയമങ്ങളെല്ലാം ലംഘിക്കപ്പെടുന്നു. ഓണ്‍ലൈന്‍ ലോട്ടറി സെക്ഷന്‍ നാലിലെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നടത്താന്‍ കഴിയാത്തതുകൊണ്ട് അവ ലോട്ടറിയായി ഇന്ന് കേരളത്തിലെ നിയമം അംഗീകരിക്കുന്നില്ല. കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി നടത്തുന്നത് സംബന്ധിച്ച 2002ലെ ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം ഇന്ന് അധികമാരും ഓര്‍ക്കുന്നുണ്ടാവില്ല. ഓണ്‍ലൈന്‍ സംബന്ധിച്ചും മറ്റും യു.ഡി.എഫ് സ്വീകരിച്ചിരുന്ന സമീപനമാണ് ഇതു വ്യക്തമാക്കുന്നത്.

2006ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കേരളത്തിലെ ഒരു പ്രധാന രാഷ്ട്രീയ പ്രശ്‌നമായിരുന്നു അന്യസംസ്ഥാന ലോട്ടറികളുടെ കൊള്ള. നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ 2001-06 കാലത്ത് ലോട്ടറിമാഫിയ നടത്തിയ കൊള്ളക്കെതിരെ പ്രതിപക്ഷം നടത്തിയ പോരാട്ടങ്ങളുടെയുംകൂടി പശ്ചാത്തലത്തിലാണ് പുതിയ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഈ സമയത്ത് സാന്റിയാഗോ മാര്‍ട്ടിനും മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിനും കേരളത്തില്‍ ലോട്ടറി പ്രമോട്ടറായി രജിസ്‌ട്രേഷനുണ്ട്. ഈ രജിസ്‌ട്രേഷന്‍ നല്‍കിയത് ഉമ്മന്‍ചാണ്ടിസര്‍ക്കാറാണ്. ഇവരുടെ ലോട്ടറി കൊള്ളക്ക് അറുതിവരുത്തുന്നതിന് നിയമപിന്‍ബലമുള്ള ഒരു അന്വേഷണത്തിന്റെ ആവശ്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണിസര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന്, വി.എസ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അഞ്ചുകൊല്ലവും എപ്പോഴെല്ലാം അവസരം കിട്ടിയിട്ടുണ്ടോ അപ്പോഴെല്ലാം ഈ ലോട്ടറികൊള്ളക്കാരെ തുരത്തുന്നതിനുള്ള സമീപനമാണ് സ്വീകരിച്ചത്.

അനധികൃത ലോട്ടറി കച്ചവടത്തിനെതിരെ എന്തു നടപടിയെടുക്കണമെങ്കിലും ആധികാരികമായ ഒരു ഏജന്‍സി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ആവശ്യമായിരുന്നു. യു.ഡി.എഫ്‌സര്‍ക്കാര്‍ വിവാദത്തിന്റെ നാലുകൊല്ലങ്ങള്‍ കടന്നുപോയിട്ടും ചെയ്യാതിരുന്നത് എല്‍.ഡി.എഫ്‌സര്‍ക്കാര്‍ അധികാരത്തിലേറി നാലു മാസത്തിനകം ചെയ്തു. എല്‍.ഡി.എഫ്‌സര്‍ക്കാര്‍ ഉത്തരവിട്ട വിജിലന്‍സ് അന്വേഷണം ഒറ്റമാസംകൊണ്ട് പൂര്‍ത്തിയാക്കി 2006 ഒക്‌ടോബര്‍ 16നു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

കേന്ദ്ര-സംസ്ഥാന നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഒട്ടേറെ നഗ്‌നമായ ലംഘനങ്ങള്‍ സിക്കിം, ഭൂട്ടാന്‍ ഭാഗ്യക്കുറികളുമായി ബന്ധപ്പെട്ടു നടക്കുന്നതായി വ്യക്തമായ തെളിവുകളോടെ ഈ അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി.

അന്വേഷണറിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ താഴെ പറയുന്നവയായിരുന്നു.

1. കേന്ദ്രലോട്ടറി നിയന്ത്രണ നിയമത്തിന്റെ വ്യവസ്ഥകള്‍ ലംഘിച്ചതിന് സിക്കിം, ഭൂട്ടാന്‍ ലോട്ടറികളെ നിരോധിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

2. ലോട്ടറി നടത്തിപ്പുകാരില്‍നിന്ന് നികുതി വാങ്ങരുതെന്ന നിര്‍ദേശം നികുതി ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം.

നിയമം ലംഘിക്കുന്നുവെന്ന് കണ്ടെത്തിയ അന്യസംസ്ഥാന ലോട്ടറികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ 27.10.2006ന് നോട്ടീസ് നല്‍കി. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഈ നോട്ടീസില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് നല്‍കിയ നോട്ടീസില്‍ അന്വേഷണ റിപ്പോര്‍ട്ടിലെ എട്ടു കാര്യങ്ങളാണ് കുറ്റാരോപണങ്ങളായി നിരത്തിയിട്ടുള്ളത്.

2006 ഒക്‌ടോബര്‍ 16നാണ് വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ട് വരുന്നത്. നവംബര്‍ പത്തിന് അന്നത്തെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശിവരാജ് പാട്ടീലിന് കേരള മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് അയച്ചുകൊടുത്തുകൊണ്ട് വിശദമായ കത്തെഴുതി. മുഖ്യമന്ത്രി നല്‍കിയ കത്തിലെ വാചകങ്ങള്‍ ഇതാണ്:

''സര്‍ക്കാര്‍ നടത്തിയ വിജിലന്‍സ് അന്വേഷണം സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ നിയമലംഘനം വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇതുസഹിതം ചേര്‍ക്കുന്നു. ഈ ലോട്ടറികള്‍ നിരോധിക്കുന്നതിനുള്ള വ്യക്തവും മതിയായതുമായ തെളിവുകള്‍ ഈ റിപ്പോര്‍ട്ടിലുണ്ട്. സാധാരണ ജനങ്ങളെ കൊള്ളയടിക്കുക എന്ന മാത്രം ഉദ്ദേശ്യത്തിലാണ് ഈ ലോട്ടറികള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.''

വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ അന്യസംസ്ഥാന ലോട്ടറികള്‍ കേന്ദ്ര ലോട്ടറി നിയമത്തിലെ നാലാംവകുപ്പ് ലംഘിക്കുന്നുവെന്ന് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്ക് നാം നല്‍കിയ നോട്ടീസ് ഹൈകോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു. സിംഗിള്‍ ബെഞ്ചില്‍നിന്ന് ശ്രദ്ധേയമായ ഒരു വിധിയുണ്ടായി. സിക്കിം സര്‍ക്കാറിന്റെ കാര്യത്തില്‍ നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാറാണെന്ന് കണ്ടെത്തിയ കോടതി നാം നല്‍കിയ നോട്ടീസ് റദ്ദാക്കി. ഭൂട്ടാന്‍ മറ്റൊരു രാജ്യമായതിനാല്‍ കേരളത്തില്‍ നടപടി തുടരാമെന്നും വിധിച്ചു. ഹൈകോടതി the matter cannot be left at that  എന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാറിന് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരു സംസ്ഥാനത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ ചുമതലക്കാരന്‍ അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ച് തുടര്‍ച്ചയായി പരാതി നല്‍കുമ്പോള്‍ അത് ചെവിക്കൊള്ളാതിരിക്കുന്നത് ശരിയല്ല എന്ന് കോടതിപറഞ്ഞു. വിധി കൈപ്പറ്റി നാലു മാസത്തിനകം സിക്കിം ലോട്ടറിയുടെ നിയമലംഘനത്തിനെതിരെ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഈ വിധിക്കെതിരെ സിക്കിം സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് കേന്ദ്ര അഭിഭാഷകന്‍ വി.ടി. ഗോപാലന്‍ സ്വമേധയാ രംഗപ്രവേശം ചെയ്യുന്നത്.

വിജിലന്‍സ് റിപ്പോര്‍ട്ട് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും അതിന് ഒരു വിലയും നല്‍കേണ്ടതില്ലെന്നും വി.ടി. ഗോപാലന്‍ വാദിച്ചു. അദ്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. കേന്ദ്രസര്‍ക്കാറില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ലോട്ടറികളുടെ നിയമലംഘനം പരിശോധിക്കണമെന്ന് കോടതി പറഞ്ഞാല്‍, ആ നിരീക്ഷണം റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ വാദിക്കുന്നതെന്തിനാണ്? ലോട്ടറി നിയന്ത്രണനിയമം ലോട്ടറികളെ നിയന്ത്രിക്കാന്‍ കൊണ്ടുവന്നതല്ലേ.

രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരം സംസ്ഥാനത്തിനില്ല എന്നുമാത്രമല്ല, കോടതി വിധിച്ചത്. പ്രമോട്ടറുടെ ആധികാരികതയെക്കുറിച്ച് തര്‍ക്കമുന്നയിച്ച് നികുതി വാങ്ങാതിരുന്നപ്പോള്‍ മുന്‍കൂര്‍ നികുതി സ്വീകരിക്കാതിരിക്കുന്നത് പരോക്ഷമായ നിരോധമാണെന്നും അതിന് സംസ്ഥാനത്തിന് അധികാരമില്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്. നാലാം വകുപ്പു ലംഘനം ഉണ്ടെന്ന അടിസ്ഥാനത്തില്‍ ലോട്ടറിയെ നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാറിനു മാത്രമാണെന്നും കോടതി വിധിച്ചു. സുപ്രീംകോടതിയുടെയും ഹൈകോടതിയുടെയും എല്ലാ വിധികളിലും ഈ നിലപാടുതന്നെയാണ് അസന്ദിഗ്ധമായി സ്വീകരിച്ചിട്ടുള്ളത്.

കേന്ദ്രസര്‍ക്കാറിന്റെ അനങ്ങാപ്പാറ നയം
അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം സംബന്ധിച്ച് 2004 മുതല്‍ കേരളം കേന്ദ്രത്തിന് നിരന്തരം പരാതികള്‍ നല്‍കിയിരുന്നു. വിജിലന്‍സ് അന്വേഷണത്തെതുടര്‍ന്ന് കേരളം കൈക്കൊണ്ട നടപടികള്‍ കോടതിയില്‍ എത്തിയപ്പോള്‍ കോടതിയും വിവിധ വിധികളിലൂടെ നടപടിയെടുക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ചുമതലയും അധികാരവും സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കി. 2009 ആഗസ്റ്റ് 11ന് അന്നത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ധനമന്ത്രിയും ഒപ്പിട്ട ഒരു സര്‍വകക്ഷി നിവേദനം കേന്ദ്രസര്‍ക്കാറിനു സമര്‍പ്പിച്ചു. ഇവയൊക്കെ കേരളത്തില്‍ വിശദമായി ചര്‍ച്ചചെയ്ത വസ്തുതകളാണ്.

ഇതെല്ലാം കഴിഞ്ഞിട്ടും ലോട്ടറി മാഫിയക്കെതിരെ ചെറുവിരലനക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല.

സി.ബി.ഐ അന്വേഷണത്തിന്റെ കഥ
2006ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിലെ ലോട്ടറി ഇടപാടുകളെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹരജി കേരള ഹൈകോടതിയില്‍ നിലവിലുണ്ടായിരുന്നു. രണ്ടു കൊല്ലത്തിലേറെയായി സര്‍ക്കാറിന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍പോലും ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ തയാറായില്ല. എല്‍.ഡി.എഫ് അധികാരത്തില്‍വന്ന് ഇത് ശ്രദ്ധയില്‍പ്പെട്ട ആദ്യഅവസരത്തില്‍തന്നെ ലോട്ടറി ഇടപാടുകളെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാറിന് ഒരു എതിര്‍പ്പുമില്ല എന്ന് വിശദീകരിച്ചുകൊണ്ട് ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി.

ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സി.ബി.ഐ അന്വേഷണവും ഇടതുപക്ഷ ജനാധിപത്യമുന്നണിസര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ്. കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ തുടരെ ആവശ്യപ്പെട്ടിട്ടും അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തിനെതിരെ ചെറുവിരലനക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവാതിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇവയുടെ കള്ളക്കളികള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ സമഗ്രമായ ഒരു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കേരളസര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത്. തികച്ചും സാങ്കേതികമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ അന്വേഷണം അട്ടിമറിക്കാനാണ് കേന്ദ്രം അപ്പോഴും തുനിഞ്ഞത്. ഏതൊക്കെ കേസുകള്‍ അന്വേഷിക്കണമെന്നത് കേരളം നോട്ടിഫൈ ചെയ്യണമെന്നതായിരുന്നു ഈ സാങ്കേതികമായ തടസ്സവാദം. എന്നാല്‍, ഇടതുമുന്നണിസര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഏതാനും ക്രിമിനല്‍കേസുകളുടെ അന്വേഷണമല്ല. ഈ ലോട്ടറി കൊള്ളയിലൂടെ ഉണ്ടാകുന്ന പണം എങ്ങോട്ടു പോകുന്നു, ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാറിനു മുന്നില്‍ തടസ്സം സൃഷ്ടിക്കുന്നതാര് തുടങ്ങി സമഗ്രമായ ഒരന്വേഷണമാണ് കേരളം ആവശ്യപ്പെട്ടത്. ഇതിന് സാങ്കേതികമായി ഒരു നോട്ടിഫിക്കേഷന്‍ ആവശ്യമില്ല എന്ന വസ്തുത കേന്ദ്രസര്‍ക്കാറിനുവേണ്ടി കേരള ഹൈകോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന് ഒടുവില്‍ സമ്മതിക്കേണ്ടിയും വന്നു. കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടപ്രകാരം അന്വേഷണം നടത്താന്‍ തയാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു.

ഭരണമാറ്റത്തിനുശേഷം യു.ഡി.എഫ് ചെയ്തത് എന്താണ്? എല്‍.ഡി.എഫ് സര്‍ക്കാര്‍ ചാര്‍ജു ചെയ്ത 32 കേസുകള്‍ നോട്ടിഫൈ ചെയ്ത് കേന്ദ്രത്തെ അറിയിച്ചു. സി.ബി.ഐ അന്വേഷണം ഈ കേസുകളെക്കുറിച്ചു മാത്രമാക്കി. സമഗ്രമായ അന്വേഷണം വഴിമുട്ടി. വി.എസ്. അച്യുതാനന്ദന്‍ വീണ്ടും ഇടപെട്ടപ്പോള്‍ സമഗ്രമായ അന്വേഷണത്തിന് വീണ്ടും ആവശ്യപ്പെടാന്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതാണ് സി.ബി.ഐ അന്വേഷണത്തിന്റെ കഥ. 2005 മുതല്‍ സമഗ്രമായ അന്വേഷണത്തിന് തടസ്സം നിന്ന കഥയാണ് കേന്ദ്രസര്‍ക്കാറിനും യു.ഡി.എഫിനും പറയാനുള്ളത്.

സമഗ്രമായ അന്വേഷണത്തെ കേന്ദ്രം നേരത്തേ കോടതിയില്‍പോലും ശക്തമായി എതിര്‍ത്തിട്ടുണ്ട്. കേരളം നടത്തിയ വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ടിനെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ നല്‍കിയ നോട്ടീസ് കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു. കേരളത്തിന്റെ പരിമിതമായ അധികാരം വകവെച്ചുതന്ന ഹൈകോടതി സിംഗിള്‍ബെഞ്ച് അന്യസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പിനെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാറിനു നിര്‍ദേശം നല്‍കി. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ വന്നപ്പോള്‍ കേന്ദ്രസര്‍ക്കാറിനുവേണ്ടി ഹാജരായ വി.ടി. ഗോപാലന്‍ വാദിച്ചത്, അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം സമയബന്ധിതമായി അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാറിന് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത് അനുചിതവും അനവസരത്തിലുമുള്ളതാണെന്നാണ്. അത് റദ്ദാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

എല്‍.ഡി.എഫുകാലത്തെ പുതിയ വിവാദം
ഇടതുമുന്നണിസര്‍ക്കാറിന്റെ അവസാനകാലത്ത് ഉയര്‍ന്നുവന്ന വിവാദത്തിന്റെ കാതല്‍ എന്തായിരുന്നു? ഭൂട്ടാന്‍ ലോട്ടറിയുടെ കേരളത്തിലെ പ്രമോട്ടര്‍ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അല്ല, അവര്‍ അനധികൃത ലോട്ടറികള്‍ നടത്തുകയാണ് എന്നും അവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല എന്നതുമായിരുന്നു ആക്ഷേപം. ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടര്‍സ്ഥാനം മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിനു കൈവന്ന സന്ദര്‍ഭത്തില്‍തന്നെ കേരളം അവരെ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍നിന്ന് നികുതി സ്വീകരിക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമായത്. എന്തായാലും, ഇത്തരമൊരു ആക്ഷേപം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ആരാണ് ഭൂട്ടാന്‍ സര്‍ക്കാറിന്റെ കേരളത്തിലെ പ്രമോട്ടര്‍ എന്ന് ആരാഞ്ഞുകൊണ്ട് കേരളം കേന്ദ്രത്തിന് അടിയന്തരമായി കത്തെഴുതി. 2004 മുതല്‍ ലോട്ടറി മാഫിയയുടെ നിയമലംഘനത്തെക്കുറിച്ച് എഴുതിയ കത്തുകള്‍ക്കൊന്നും മറുപടി തരാന്‍ കൂട്ടാക്കാതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം എത്രവേഗതയിലാണ് മേഘയാണ് ഭൂട്ടാന്റെ പ്രമോട്ടര്‍ എന്ന് കേരളത്തെ അറിയിച്ചത്. ഇതോടെ ഈ വിവാദത്തിന്റെ കഥ കഴിഞ്ഞു. അതേസമയം ഭൂട്ടാന്‍ സര്‍ക്കാര്‍ മോണിക്ക എന്റര്‍പ്രൈസസുമായി ഒപ്പുവെച്ച ഒരു കരാറിന്റെ പകര്‍പ്പ് സംസ്ഥാന സര്‍ക്കാറിനു ലഭിച്ചു. ഇതില്‍ മേഘയെക്കുറിച്ചു പരാമര്‍ശമില്ല. ഇക്കാര്യം കൂടുതല്‍ വിശദമായ അന്വേഷണത്തിന് സമയം ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി. നേരത്തേ മേഘയില്‍നിന്ന് നികുതി സ്വീകരിക്കണമെന്ന് സിംഗിള്‍ബെഞ്ച് വിധിച്ചിരുന്നു. ഈ സമയത്ത് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നികുതി വാങ്ങണമെന്ന് സിംഗിള്‍ബെഞ്ച് വിധിക്ക് സ്‌റ്റേ നല്‍കുകയും ചെയ്തു. കോടതിയില്‍നിന്ന് അനുകൂലമായ വിധി ഉണ്ടായ സന്ദര്‍ഭം ഉപയോഗപ്പെടുത്തി അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കൂടുതല്‍ പിടിമുറുക്കി.

ഈ സമയത്ത് ഭൂട്ടാനിലും രാഷ്ട്രീയവിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. മണികുമാര്‍ സുബ്ബയും മാര്‍ട്ടിനും കൂട്ടാളികളുമെല്ലാം ചേര്‍ന്ന് ആ രാഷ്ട്രത്തെയും കൊള്ളയടിക്കുകയാണ് എന്നതരത്തില്‍ ശക്തമായ ആക്ഷേപങ്ങളും മാധ്യമവാര്‍ത്തകളും രംഗത്തുവന്നു. ഈ പശ്ചാത്തലത്തിലാണ് അന്യസംസ്ഥാന ലോട്ടറി പ്രമോട്ടര്‍മാര്‍ നികുതി ഒടുക്കുമ്പോള്‍ അവര്‍ കേന്ദ്ര ലോട്ടറി നിയമത്തിന്റെ നാലാം വകുപ്പിന് അനുസൃതമായാണ് ലോട്ടറി നടത്തുന്നത് എന്ന് തെളിയിക്കുന്ന രേഖകളും സത്യവാങ്മൂലവും സമര്‍പ്പിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്ന ഭേദഗതി കേരള ലോട്ടറി നികുതി നിയമത്തിലും ചട്ടത്തിലും വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ ഭേദഗതി പ്രതിപക്ഷമോ മാധ്യമങ്ങളോ ആവശ്യപ്പെട്ടിട്ടുകൊണ്ടുവന്നതല്ല. ഈ ഭേദഗതി ഓര്‍ഡിനന്‍സാണ് ഇപ്പോള്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കിയത്. ഒരു ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരാം. ഈ ഭേദഗതി എന്തുകൊണ്ട് നേരത്തേ കൊണ്ടുവന്നില്ല? വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ടിനെ തുടര്‍ന്ന് അന്യസംസ്ഥാന ലോട്ടറികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ഇതേ കാരണങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. അന്നുപക്ഷേ, സംസ്ഥാന സര്‍ക്കാറിന്റെ ഇതിനുള്ള അധികാരം വകവെച്ചുതരാന്‍ കോടതികള്‍ തയാറായില്ല. നിരന്തരമായ വ്യവഹാരങ്ങളിലെല്ലാം കോടതി ഈ സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍, പിന്നീട് കോടതിയില്‍നിന്ന് അനുകൂലമായ ഒരു നിലപാട് വന്ന സമയത്ത് പിടിമുറുക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍, 2004 മുതല്‍ ഉയര്‍ന്നുവന്ന ആക്ഷേപങ്ങളില്‍ കോടതിവിധികളില്‍, കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സമീപനമെന്താണ്? ലോട്ടറി മാഫിയക്ക് കൂട്ടുനില്‍ക്കുകയാണ് അവര്‍ ചെയ്തത്. ചിദംബരം മുതല്‍ അഭിഷേക് സിങ്‌വിവരെയുള്ളവര്‍ ഇതിനു തെളിവാണ്. ഏറ്റവും ഒടുവില്‍, ലോട്ടറികൊള്ളക്കാര്‍ക്കു വേണ്ടി മധ്യസ്ഥതക്കു തയാറായി കത്തയച്ചതും സമഗ്രമായി സി.ബി.ഐ അന്വേഷണത്തിനു തടസ്സം നില്‍ക്കുകയും ചെയ്ത നിലപാടുകള്‍ ഈ കൂട്ടുകെട്ട് ശരിവെക്കുന്നതാണ്.

എന്താണ് ശാശ്വതപരിഹാരം?
ഹൈകോടതിയിലും സുപ്രീംകോടതിയിലുമായി ഡസനിലേറെ കേസുകള്‍ നിലനില്‍ക്കുകയാണ്. ലോട്ടറി കൊള്ളക്കാരെ നിയന്ത്രിക്കാനുള്ള അധികാരം ആര്‍ക്കാണ് എന്നതാണ് മൗലികമായ ചോദ്യം. ഒരുപക്ഷേ, അതുമല്ല, സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടോ എന്നതാണ് ചോദ്യം. ഒരുകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും കോടതികള്‍ക്കുമൊന്നും. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമപ്രകാരം ഇവയെ നിയന്ത്രിക്കുന്നതിനും നിരോധിക്കുന്നതിനുമെല്ലാം കേന്ദ്രസര്‍ക്കാറിന് അധികാരമുണ്ട്. ഈ പശ്ചാത്തലത്തില്‍ കേന്ദ്രം ശക്തമായി ഇടപെടുകയാണ് ശാശ്വതപരിഹാരം. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തില്‍ ഇതിന് അനുസൃതമായ ഭേദഗതി വരുത്തണം. ഒരു സംസ്ഥാനത്തിന്റെ  ഭൂപരിധിയില്‍ മറ്റൊരു സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ ലോട്ടറി അനുവദിക്കണമോ എന്നു തീരുമാനിക്കാനുള്ള അധികാരം അതതു സംസ്ഥാനസര്‍ക്കാറുകള്‍ക്ക് നല്‍കി നിയമത്തില്‍ ഭേദഗതി വരുത്തണം. ഇതിന് നിയമപരമായ ഒരു തടസ്സവുമില്ല. ലോട്ടറി നടത്തിപ്പ് തൊഴിലോ വ്യാപാരമോ അല്ല എന്ന് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചുതന്നെ വിധിച്ചിട്ടുണ്ട്. അത് ചൂതാട്ടമാണ്. അതിനെ ഈവിധം നിയന്ത്രിക്കാന്‍ ഒരു തടസ്സവുമില്ല.

ലോട്ടറി നടത്തിപ്പും നറുക്കെടുപ്പും അച്ചടിയുമെല്ലാം സര്‍ക്കാറുകള്‍ നേരിട്ട് മാത്രമേ നടത്താന്‍ പാടുള്ളൂ എന്നതരത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തണം. ഇടനിലക്കാരെ പൂര്‍ണമായും ഈ രംഗത്തുനിന്ന് തൂത്തെറിയണം. മാര്‍ട്ടിനെയും മണികുമാര്‍ സുബ്ബയെയുമെല്ലാം ഒഴിവാക്കുന്ന ഇത്തരമൊരു ഭേദഗതിക്ക് കേന്ദ്രം മടിക്കുന്നത് എന്തിന് എന്നാണ് മനസ്സിലാകാത്തത്. ഭാഗ്യക്കുറിയുടെ വരവും ചെലവുമെല്ലാം അതത് സര്‍ക്കാറിന്റെ ബജറ്റ് വകയിരുത്തലുകളിലൂടെയാവണം. ലോട്ടറി നടത്തിപ്പിന്റെ പൂര്‍ണചുമതല സുസജ്ജമായ സര്‍ക്കാര്‍ വകുപ്പിനായിരിക്കണം. എല്ലാം പ്രമോട്ടര്‍മാര്‍ നിയന്ത്രിക്കുന്ന ഇപ്പോഴത്തെ അവസ്ഥ ഒഴിവാക്കുന്നതിനുള്ള ഭേദഗതി നിയമത്തില്‍ വരുത്തണം. നിയമത്തിലെ ഇത്തരം സമഗ്രമായ മാറ്റങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറും ചിദംബരവും തയാറാകുമോ എന്നതാണ് പ്രശ്‌നം. ഇതു മാത്രമാണ് ഈ കൊള്ളക്ക് ശാശ്വത പരിഹാരം.

ഇങ്ങനെ സാമൂഹികക്ഷേമവികസനപ്രവര്‍ത്തനങ്ങള്‍ക്ക് ബഹുജനങ്ങളെക്കൂടി പങ്കാളികളാക്കുന്ന ഒരു സര്‍ക്കാര്‍ സംരംഭമായി ലോട്ടറി നടത്തുന്നതിനു മാത്രമേ ന്യായീകരണമുള്ളൂ. അല്ലാത്തതെല്ലാം കൊള്ളയും ചൂതാട്ടവുംമാത്രമാണ്.


കവര്‍സ്റ്റോറി

മുന്‍ ലക്കങ്ങള്‍