നിയമങ്ങള്‍ അട്ടിമറിക്കപ്പെടുന്നു | Madhyamam Weekly
Weekly


നിയമങ്ങള്‍ അട്ടിമറിക്കപ്പെടുന്നു

ഒരു എം.എല്‍.എ ആകാന്‍ ഒരാള്‍ക്ക് എത്ര ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരും? ഒരു എം.പി ആകാന്‍ എത്ര കോടികള്‍ പൊടിപൊടിക്കണം? ഇതിനൊക്കെ ചെലവഴിക്കുന്ന കാര്യത്തില്‍ ചില ചട്ടങ്ങളും വ്യവസ്ഥകളും ഉണ്ടെന്നാണ് സങ്കല്‍പം.

പക്ഷേ, കള്ളപ്പണത്തിന്റെ ഒഴുക്ക് ആര്‍ക്കും തടയാന്‍ കഴിയാത്തമട്ടില്‍ തെരഞ്ഞെടുപ്പുകാലത്ത് ഉണ്ടാകുന്നു എന്നുള്ളത് നിഷേധിക്കാനാവാത്ത സത്യമാണ്. തമിഴ്്‌നാട് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളില്‍നിന്നും കോടികളുടെ കള്ളപ്പണമാണ് ഇക്കുറി പിടികൂടിയത്.

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി രാഷ്ട്രീയപാര്‍ട്ടികളുടെ വരവ്-ചെലവ് കണക്കുകള്‍ എല്ലാ വര്‍ഷവും തിട്ടപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിക്കുമെന്ന വാര്‍ത്ത ആശക്ക് വകനല്‍കുന്നു. ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ കൈമാറിയ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ കമീഷന്‍ ഉടന്‍ അന്തിമ തീരുമാനമെടുക്കും.

നിയമവിരുദ്ധമായ സമ്പത്തില്‍നിന്ന് തെരഞ്ഞെടുപ്പ്പ്രക്രിയ മുക്തമാക്കുക എന്ന ലക്ഷ്യം മുന്നില്‍വെച്ച് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് തെരഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന് കൈമാറുകയുണ്ടായി.

പൊതുസമൂഹത്തിന്റെയും സുപ്രീംകോടതിയുടെയും ഭാഗത്തുനിന്നുള്ള സമ്മര്‍ദം ശക്തമായതോടെ കള്ളപ്പണം തടയാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ക്ക് ഒരുങ്ങുന്നതായാണ് വാര്‍ത്ത.

നിയമം ഇല്ലാഞ്ഞിട്ടല്ല. നടപ്പാക്കേണ്ടവര്‍ പലപ്പോഴും നിസ്സംഗരായിരിക്കുന്നു. എല്ലാ നിയമങ്ങളെയും അട്ടിമറിക്കുന്ന കൊമ്പന്‍ സ്രാവുകള്‍ എല്ലായിടത്തുമുണ്ട്.

പാവം വോട്ടര്‍. ഒരു ഇറാഖി കവി പാടിയതുപോലെ, ആയിരം ചതികളുടെയും ആയിരം കള്ളങ്ങളുടെയും മുകളില്‍ അവന്റെ ആത്മാവ് പിടഞ്ഞുകൊണ്ടിരിക്കുന്നു.


മുന്‍ ലക്കങ്ങള്‍