ഭൂമി ഏറ്റെടുക്കലിനെതിരെ ദല്‍ഹിക്ക് സമീപം വിശാല നോയിഡ പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ആഗ്രയിലേക്കും മഥുരയിലേക്കും വ്യാപിച്ചിരിക്കയാണ്. യമുന എക്‌സ്‌പ്രസ് പദ്ധതിക്കുവേണ്ടി കുടിയൊഴിയേണ്ടിവരുന്ന കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നാലുപേര്‍ മരിച്ചു. പ്രക്ഷോഭകരുടെ നേതാവായ മന്‍വീര്‍സിങ് തെവാഡിയയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രക്ഷോഭം നടക്കുന്ന ഗ്രാമത്തില്‍ പൊലീസിനെ കബളിപ്പിച്ച് നാടകീയമായി പ്രവേശിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റുചെയ്തതോടെ ഈ പ്രക്ഷോഭത്തിന് വന്‍ വാര്‍ത്താപ്രാധാന്യവും ലഭിച്ചു. ''ഇവിടെയുള്ള കര്‍ഷകരുടെ ദുരിതംകണ്ടപ്പോള്‍ ഒരു ഇന്ത്യക്കാരനായതില്‍ ലജ്ജ തോന്നുന്നു'' എന്ന് രാഹുല്‍ പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
രാഹുലിന്റെ അമ്മ നിയന്ത്രിക്കുന്ന മന്‍മോഹന്‍സിങ് ഭരിക്കുന്ന ഇന്ത്യയിലെ 'വികസനം' പാവങ്ങളെ ഒരരുകിലാക്കിക്കൊണ്ടാണെന്ന് ആര്‍ക്കാണറിയാത്തത്? വികസനപദ്ധതികള്‍ക്കെന്നുപറഞ്ഞ് കര്‍ഷകരില്‍നിന്ന് നിസ്സാരതുകക്ക് ഭൂമി ഏറ്റെടുക്കുക, പിന്നെ പലമടങ്ങ് കൂടുതല്‍ തുകക്ക് സ്വകാര്യ ബില്‍ഡര്‍മാര്‍ക്ക് മറിച്ചുവില്‍ക്കുക. മായാവതിയുടെ നോയിഡയില്‍ മാത്രമല്ല, ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും വികസനത്തിന്റെ മറവില്‍ നടക്കുന്നത് ഇതൊക്കെതന്നെയാണ്.
അഹമ്മദ് ഫറാസിന്റെ ഒരു കവിതയുണ്ട് -'കാറ്റുകളുടെ പ്രവചനം' എന്നപേരില്‍.
''എല്ലാ അമ്മമാരുടെയും ചുണ്ടുകള്‍ ശിലകളാണ്.
അവരുടെ കണ്ണുകളില്‍ മുറിവുകളുടെ അടയാളങ്ങളുണ്ട്.
അവരുടെ ഹൃദയങ്ങളില്‍ ഉത്കണ്ഠ.
രാവ് ഉരുവിടുന്നു:
'ഇരുളില്‍ സായുധരായ ഭടന്മാര്‍
കൊണ്ടുപോയ നിങ്ങളുടെ മക്കളുടെ
തിരിച്ചുവരവിനെപ്പറ്റി ഒരു വാര്‍ത്തയുമില്ല.' ''
കണ്ണുകളില്‍ മുറിവുകളുടെ അടയാളങ്ങളുള്ള ഈ പാവങ്ങളെനോക്കിമാത്രം ഭരണാധികാരികള്‍ വികസനത്തെക്കുറിച്ച് ചിന്തിക്കട്ടെ.
വികസനത്തിന്റെ പേരില്‍ നടമാടുന്ന പേക്കൂത്തുകള്‍ കാണുമ്പോള്‍ ഹൃദയമുള്ള ആരും ചോദിച്ചുപോകും. ആരുടെ വികസനം?