ഒടുവില്‍ ഉസാമയെ അമേരിക്ക കൊന്നു. ഉസാമ ബിന്‍ലാദിന്റെ അന്ത്യനിമിഷങ്ങളുമായി ബന്ധപ്പെട്ട് പല തിരുത്തലുകളും അമേരിക്കതന്നെ നടത്തിയെങ്കിലും മൃതദേഹം കടലില്‍ തള്ളിയെന്ന വാര്‍ത്ത ഇതുവരെ തിരുത്താത്ത സ്ഥിതിക്ക് നമുക്കങ്ങനെതന്നെ വിശ്വസിക്കാം.
ഉസാമ ബിന്‍ലാദിന്റെ ചെയ്തികള്‍ ഒരര്‍ഥത്തിലും ആര്‍ക്കും ഒരിക്കലും ന്യായീകരിക്കാനാവില്ല. സെപ്റ്റംബര്‍ 11ന്റെ പേരുപറഞ്ഞ് പേയിളകിയാടിയ അമേരിക്കയെയാണ് പിന്നീട് ലോകം കണ്ടത്. അഫ്ഗാനിസ്താനില്‍ ബിന്‍ലാദിന്റെ പേരുപറഞ്ഞ് അമേരിക്ക കൊന്നൊടുക്കിയത് ഒരുലക്ഷം പേരെ. ഇറാഖില്‍ പത്തുലക്ഷത്തിലധികം നിരപരാധികളെ. ഇറാഖില്‍ ഉപരോധകാലത്ത് വരളുന്ന തൊണ്ടയില്‍ ഒരു തുള്ളിവെള്ളംപോലും ലഭിക്കാതെ പിടഞ്ഞുമരിച്ച കുഞ്ഞുങ്ങള്‍.
സെപ്റ്റംബര്‍ 11നുശേഷം ലോകം മുഴുവന്‍ തങ്ങളുടേതാണ് എന്ന ഭാവത്തിലാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഇടപെടല്‍. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ഭീകരരെന്ന് സംശയിക്കുന്നവരെ അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്ത് ചില രാജ്യങ്ങളിലെ പൈശാചികമായ പീഡനകേന്ദ്രങ്ങളില്‍ കൊണ്ടുപോയി എറിയുകയാണ് ചെയ്തിരുന്നത്. ഇവരെക്കുറിച്ച് പിന്നീട് ഒരു വിവരവും ഉണ്ടാകാറില്ല. മനുഷ്യാവകാശത്തെ കുറിച്ച് അമേരിക്ക ഇടക്കിടെ പുരപ്പുറത്ത് കയറിനിന്ന് പ്രസംഗിക്കുന്നതുമാത്രം നാം കേള്‍ക്കുന്നു.
അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദിനെ കൊലപ്പെടുത്തിയതോടെ അമേരിക്കക്കും പാകിസ്താനുമിടയില്‍ തുറന്ന പോര്‍മുഖം കൂടുതല്‍ കലുഷിതമാകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഭീകരപ്രവര്‍ത്തനം ഇല്ലാതാക്കാനെന്നും പറഞ്ഞ് അമേരിക്ക നല്‍കിയ ശതകോടിക്കണക്കിനു ഡോളര്‍ ഇന്ത്യക്കെതിരെ ഉപയോഗിക്കാവുന്ന ആയുധങ്ങള്‍ വാങ്ങാനാണത്രെ പാകിസ്താന്‍ ചെലവിട്ടത്.
സെപ്റ്റംബര്‍ 11 ആക്രമണം നടത്തിയത് ഭീകരരല്ലെന്നും വൈറ്റ് ഹൗസിലെ യുദ്ധക്കൊതിയന്മാരായ ഒരു സംഘത്തിന്റെ വക്രബുദ്ധിയാണ് അതിനു പിന്നിലെന്നും പ്രമുഖരായ 75 യു.എസ് അക്കാദമിക് വിദഗ്ധര്‍തന്നെ മുമ്പ് അവകാശപ്പെട്ടിരുന്നു. അന്നത്തെ പ്രസിഡന്റായിരുന്ന ബുഷിന്റെ വിദേശ-പ്രതിരോധ നയ ഉപദേഷ്ടാക്കളായ നിയോ-കണ്‍സര്‍വേറ്റിവ് ഗ്രൂപ്പിന് നേര്‍ക്കാണ് ഇവര്‍ സംശയത്തിന്റെ വിരല്‍ ചൂണ്ടിയത്.
'അനന്ത നീതിക്കുവേണ്ടിയുള്ള യുദ്ധം' തുടരുമ്പോഴും ലോകം അമേരിക്കയെ വെറുക്കുകയാണ്.
നൊബേല്‍ പ്രൈസ് ജേതാവ് ഹരോള്‍ഡ് പിന്ററിന്റെ ഒരു യുദ്ധവിരുദ്ധ കവിതയുടെ തലക്കെട്ട് 'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ' എന്നാണ്.
നമുക്കും പ്രാര്‍ഥിക്കാം.