നാം നാളെയുടെ നാണക്കേട്‌ | Madhyamam Weekly
Weekly


നാം നാളെയുടെ നാണക്കേട്‌

നാളെയുടെ നാണക്കേടായി ഒരു നാട്; നമ്മുടെ പ്രിയപ്പെട്ട ഇന്ത്യ. അങ്ങ് സ്‌റ്റോക്‌ഹോമില്‍നിന്ന് വരുന്ന വാര്‍ത്തകളത്രയും അപമാനംകൊണ്ട് നമ്മുടെ തല കുനിപ്പിക്കുന്നത്. ജനീവയില്‍ ഇന്ത്യ ഒറ്റപ്പെടുകയും നാണംകെടുകയും ചെയ്തു. സ്വന്തം മണ്ണിലെ ഇരകളോട് മനുഷ്യത്വരഹിതമായ സമീപനം സ്വീകരിച്ച് എന്‍ഡോസള്‍ഫാനുവേണ്ടി പ്രചാരണത്തിനിറങ്ങിയ ഇന്ത്യ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ ഒറ്റപ്പെട്ടു. സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഉപസമിതിയില്‍ എന്‍ഡോസള്‍ഫാന്‍ ചര്‍ച്ച ചെയ്യുന്നതിനിടെ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനിയുമായി നാലുവട്ടം ചര്‍ച്ചനടത്തിയത് ലോക രാഷ്ട്രങ്ങള്‍ കണ്ടുപിടിച്ചത് ജനീവ സമ്മേളനത്തിന്റെ മൂന്നാംനാളില്‍ ഇന്ത്യയെ നാണംകെടുത്തി.

കാസര്‍കോട് ജില്ലയിലെ 5000 ഹെക്ടര്‍ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാനായി ഇതിനകം ചെലവിട്ടത് കോടികളാണ്. കശുമാവിന്‍ പൂക്കുലകള്‍ നശിക്കുന്നതിന് കാരണം തേയിലകൊതുകുകളാണെന്ന് ചൂണ്ടിക്കാട്ടി ഒരു ഉത്തരേന്ത്യന്‍ ശാസ്ത്രജ്ഞനാണ് എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ ശിപാര്‍ശ ചെയ്തത്.
കൊല്ലത്തില്‍ മൂന്നുതവണ വീതം ടണ്‍ കണക്കിന് എന്‍ഡോസള്‍ഫാന്‍ കഴിഞ്ഞ 20 കൊല്ലം ഹെലികോപ്ടര്‍വഴി തളിച്ചിട്ടും തേയിലക്കൊതുകുകളെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. പകരം മരിച്ചുവീഴുന്നത് മനുഷ്യരാണ്. എന്‍ഡോസള്‍ഫാന്‍ പെയ്ത വിഷഭൂമിയിലൂടെ കരളുപറിച്ചൊരു പച്ചിലയില്‍ പൊതിഞ്ഞുകൊണ്ടേ യാത്രചെയ്യാനാവൂ. ഇനി പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെപ്പോലും ഈ മാരകവിഷം വെറുതെ വിടുന്നില്ല.

നിത്യദുരിതങ്ങളുടെ വിഷമഴ പെയ്തുവീണ മണ്ണും ദുരിതങ്ങള്‍ തിന്നുതീര്‍ക്കുന്ന മനുഷ്യരും. ഇവരെക്കാണാന്‍ ഭരണകൂടത്തിന് കണ്ണില്ല.
കീടനാശിനി ലോബിയുടെ സമ്മര്‍ദം കാരണം നമ്മുടെ പ്രിയപ്പെട്ട ഇന്ത്യ ഇന്നും ഈ വിഷത്തിന് പ്രിയപ്പെട്ട വിപണിയാണ്.
വാപിളര്‍ന്നുനില്‍ക്കുന്ന ആ വിപണിക്കുവേണ്ടിയാണ് നമ്മുടെ ഭരണാധികാരികള്‍ പണിയെടുക്കുന്നത്.
നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ പ്രതിഷേധങ്ങളും പ്രസ്താവനകളുമെല്ലാം വെറും 'കള്ളനും പൊലീസും' കളിപോലെ  ഒരു കുട്ടിക്കളി മാത്രം.


മുന്‍ ലക്കങ്ങള്‍