യു.പി.എക്ക് പിന്നാലെ ബി.ജെ.പിയും വിക്കിലീക്‌സ് കുരുക്കിലെന്ന് പത്രങ്ങളും ചാനലുകളും. ഹിന്ദുത്വ ദേശീയവാദം എന്നത് അവസരവാദപരമായി ഉപയോഗിക്കുന്ന വെറും രാഷ്ട്രീയായുധം മാത്രമാണ് പാര്‍ട്ടിക്കെന്ന് യു.എസ് നയതന്ത്രജ്ഞനുമുമ്പാകെ ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ പരാമര്‍ശമാണ് ബി.ജെ.പിയെ വെട്ടിലാക്കിയത്. വിശ്വാസ വോട്ടെടുപ്പില്‍ പണംകൊടുത്ത് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്ന വിക്കിലീക്‌സ് വെളിപ്പെടുത്തല്‍ ഉയര്‍ത്തിക്കാട്ടി യു.പി.എ സര്‍ക്കാറിനെ വേട്ടയാടുന്ന ബി.ജെ.പിക്ക് പുതിയ വെളിപ്പെടുത്തല്‍ കനത്ത ആഘാതമായിരിക്കുകയാണെന്ന് പത്രവാര്‍ത്ത.
അധികാരത്തില്‍വന്നാല്‍ ആണവകരാറിന്റെ കാര്യത്തില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്ന് ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി അമേരിക്കന്‍ നയതന്ത്രജ്ഞന് ഉറപ്പുനല്‍കിയെന്നും വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. 2008ലെ വിശ്വാസവോട്ടില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ എം.പിമാരെ കോഴകൊടുത്തു വിലയ്‌ക്കെടുത്തെന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതാ, ഇപ്പോള്‍ ബി.ജെ.പിയും അതേവഴിയെ.
2007ല്‍ അമേരിക്കന്‍ ഭടന്മാര്‍ ഇറാഖി പൗരന്മാരെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തെത്തിച്ചതോടെയാണ് ജൂലിയന്‍ അസാന്‍ജ് സ്ഥാപിച്ച വിക്കിലീക്‌സ് ലോകശ്രദ്ധയില്‍ വന്നത്.
ഇന്ത്യയെപ്പറ്റിയും ഒട്ടേറെ രഹസ്യരേഖകള്‍ വിക്കിലീക്‌സിന്റെ പക്കലുണ്ട്. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനകള്‍പോലും അമേരിക്കന്‍ താല്‍പര്യപ്രകാരമാണെന്ന് ഒരു ഞെട്ടലോടെ നാമറിയുന്നു. പരമാധികാരത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും നാം ഘോരഘോരം പ്രസംഗിക്കുന്നു; അഭിമാനംകൊള്ളുന്നു. ഇന്ത്യയുടെ ഭരണാധികാരികള്‍ ആരായാലും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ചേ പ്രവര്‍ത്തിക്കൂ എന്ന അറിവ് ഓരോ ഇന്ത്യക്കാരനെയും ലജ്ജിപ്പിക്കേണ്ടതാണ്.
നമ്മുടെ ഭരണാധികാരികള്‍ വെറും കളിപ്പാവകള്‍ മാത്രമോ? ചരടുകള്‍ മറ്റാരുടെയോ കൈകളിലാണ്.
കൈഫി ആസ്മിയുടെ ഒരു കവിതയോര്‍ക്കുന്നു:
''ഞാനല്ലാതെ എനിക്കൊരു വഴികാട്ടിയില്ല.
എന്റെ മേലെ ഭരിക്കാന്‍ ഒരു തമ്പുരാന്
പുറമെ മറ്റൊന്ന്.
എനിക്ക് മടുത്തു. ഞാന്‍ പറഞ്ഞു
എനിക്കൊരു തമ്പുരാനുമില്ല.''