രണ്ടാമൂഴത്തിലെ ചില അസ്വസ്ഥചിത്രങ്ങള്‍ | Madhyamam Weekly
Weekly


രണ്ടാമൂഴത്തിലെ ചില അസ്വസ്ഥചിത്രങ്ങള്‍

ദേശീയപാത/രവിശങ്കര്‍ പി.ടി

റാഡിയ ഗേറ്റില്‍നിന്നുതന്നെ തുടങ്ങാം. ഡിസംബര്‍ 13ന് ഏറ്റവും പുതിയ നീരാ റാഡിയ ടേപ്പ്‌വിവരങ്ങള്‍ പുറത്തുവന്നു. സംഭാഷണം- മുന്‍ സി.ഐ.ഐ (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്) തലവന്‍ തരുണ്‍ദാസുമായി, വിഷയം - ബി.ഒ.ടി അടിസ്ഥാനത്തില്‍ ദേശീയപാത വികസനവും ഇതില്‍ ഉപരിതല ഗതാഗത മന്ത്രി കമല്‍നാഥിന്റെ ഇടപെടലുകളും. റാഡിയയോട് നാം കടപ്പെട്ടിരിക്കുന്നു. ഇന്ദ്രപ്രസ്ഥത്തിലെ കൂട്ടുകൃഷിയെപ്പറ്റിയും ആം ആദ്മിയുടെ കഞ്ഞിക്കലത്തില്‍ നഞ്ച് കലക്കുന്നതിനെ കുറിച്ചും ചെറുതല്ലാത്ത അവബോധം റാഡിയ ഗേറ്റ് നമുക്കുതന്നു. യു.പി.എ ഒന്നിലെ ബാലുവിനുശേഷം യു.പി.എ രണ്ടില്‍ ഈ പദവിയലങ്കരിച്ച് വഷളാക്കാന്‍ സര്‍വഥാ യോഗ്യന്‍ കമല്‍നാഥ് തന്നെയെന്ന് മിസ്റ്റര്‍ ദാസ്, മിസ് റാഡിയയോട് പറഞ്ഞ് ഊറ്റംകൊള്ളുന്നുണ്ട്. കിലോമീറ്ററുകളെ തേടി ഈ ചുങ്കപ്പാത വികസിക്കുമ്പോള്‍ കമല്‍നാഥിന്റെ കീശയില്‍ വീഴുന്നത് 15 ശതമാനം കൈമടക്ക്. മേല്‍മുണ്ടിട്ട് കൈമറച്ച് കച്ചവടമുറപ്പിച്ച മന്ത്രിപുംഗവന്‍ മുണ്ടുമുറുക്കിയുടുത്തവന്റെ വെപ്രാളം സൗകര്യപൂര്‍വം അങ്ങ് മറന്നു. മനുഷ്യോന്മുഖമായ വികസനംതന്നെ.

'ഠാ' വട്ടത്തിന്റെ വികസന സ്വപ്നങ്ങള്‍
മഴുവെറിഞ്ഞുണ്ടായ കേരളം ഉപരിതല വിസ്തീര്‍ണത്തില്‍ അതിശുഷ്‌കമാണ്. പടിഞ്ഞാറെ കടപ്പുറത്തുനിന്ന് നീട്ടിയൊന്ന് കാല്‍വെച്ചാല്‍ വാളയാര്‍ ചെക്‌പോസ്റ്റ് കടക്കാവുന്നതേയുള്ളൂ. ഈ 'ഠാ' വട്ടത്തില്‍ 200ലധികം ജനകീയ സമരങ്ങള്‍, അതും മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ നടക്കുന്നുണ്ടെങ്കില്‍ ഈ നാട്ടില്‍ എന്തോ പുകയുന്നുണ്ടെന്നര്‍ഥം. ജനസാന്ദ്രതയില്‍ ബംഗാളിനോട് മത്സരിക്കുന്നകേരളത്തില്‍, ജനത മുമ്പെങ്ങുമില്ലാത്തവിധം വികസന വിരോധികളാകുന്നുണ്ടെങ്കില്‍ അതിനുപിന്നില്‍ തക്കകാരണം ഉണ്ടായേ തീരൂ.

1,64,000 കി.മി. നീളത്തില്‍ കേരളത്തിന് റോഡ് ശൃംഖലകളുണ്ട്. അതില്‍, 1525 കി.മി. ദേശീയ പാതകളാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട എന്‍.എച്ച് -17, 47 എന്നിവ വികസനം കാത്തുകിടക്കുന്നു. ഇതിനോട് അനുബന്ധിച്ച് അനവധി നിരവധി സമരക്കാരും. കാസര്‍കോടുവെച്ച് കേരളത്തില്‍ പ്രവേശിക്കുന്ന എന്‍.എച്ച്- 17 ആറ് ജില്ലകള്‍ താണ്ടി ഇടപ്പള്ളിയില്‍ എന്‍.എച്ച് -47ലുമായി ലയിക്കുന്നു. രാജ്യത്തുതന്നെ ഏറ്റവും മോശം ദേശീയപാത എന്ന അലങ്കാരം കാലങ്ങളായി 17ന് സ്വന്തം. പരിപാലന ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കാത്തതിനാല്‍ വാഹനങ്ങള്‍ ഏറ്റുമുട്ടുന്നത് സ്ഥിരം സംഭവമാണ്. തൃശൂര്‍ -എറണാകുളം  ജില്ലാ അതിര്‍ത്തിപ്രദേശമായ വടക്കേക്കരയില്‍ റോഡിന്റെ വീതി വെറും അഞ്ച് മീറ്റര്‍. നിര്‍ദേശിക്കപ്പെട്ടതിലും  മീറ്ററുകള്‍ കുറവ്. പാത്തും പതുങ്ങിയും മുന്നോട്ടുപോയ അധികാരകേന്ദ്രങ്ങള്‍ പരാതി- പരിഭവങ്ങളില്‍ പൊറുതിമുട്ടി, വീതികൂട്ടി റോഡിനെ 'കുട്ടപ്പ'നാക്കാന്‍ തീരുമാനിച്ചു. സംഭവം 1970കളുടെ തുടക്കത്തില്‍.

ഇരകളുടെ തലയില്‍ വരച്ച ദേശീയപാത(കം)
''വീടിന് മുന്നിലെ ദേശീയപാത വികസിപ്പിക്കാന്‍ ഒരുകാലത്ത് സമരം ചെയ്തവരാണ് ഞങ്ങള്‍. നാട് വികസിച്ച് കാണണം എന്നത് മാത്രമായിരുന്നു അന്ന് ചിന്ത. അതുകൊണ്ടാണ്, കാരണവന്മാര്‍ കൈമാറിത്തന്ന മണ്ണ് മുന്‍പിന്‍ നോക്കാതെ വിട്ടുകൊടുത്തത്. അതിനുള്ളിലെ ചതി തിരിച്ചറിയാന്‍ അല്‍പം വൈകിപ്പോയി. ഇനി എന്തൊക്കെ സംഭവിച്ചാലും ഒരിഞ്ച് ഭൂമിപോലും ആര്‍ക്കും വിട്ടുകൊടുക്കില്ല'' - സംയുക്ത സമരസമിതി കണ്‍വീനര്‍ ഹാഷിം ചേന്ദാമ്പിള്ളി പറയുന്നു.  

ഇടപ്പള്ളി മുതല്‍ എറണാകുളം ജില്ലയുടെ വടക്ക് മൂത്തകുന്നം വരെ 25 കിലോമീറ്റര്‍ ദൂരം. മാറ്റിയും മറിച്ചും കൂട്ടിച്ചേര്‍ത്തുമുള്ള ദേശീയപാത- 17 വികസനം തകര്‍ത്തെറിഞ്ഞത് 800ലധികം കുടുംബങ്ങളെ. വളര്‍ന്ന മണ്ണിന്റെ ഒരു തരിപോലും കൈയിലില്ലാതെ പകച്ചുനിന്നത് ആയിരങ്ങള്‍. മുന്‍പിന്‍ നോക്കാതെ, ഭൂമിയെയും മനുഷ്യനെയും പരിഗണിക്കാതെ വികസനം മുന്നേറിയപ്പോള്‍ സാമൂഹിക കെട്ടുറപ്പുകള്‍ എങ്ങനെ കടപുഴകി എന്നത് ഈ കൊച്ചുപ്രദേശത്തെ മുന്‍നിര്‍ത്തി നമുക്ക് വായിച്ചെടുക്കാം.

1972ലാണ് ദേശീയപാത വികസനത്തിനായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതായി ആദ്യം കേട്ടത്. നിലവിലെ പാതക്ക് വശങ്ങളിലേക്ക് മൊത്തം 30 മീറ്റര്‍ വീതിയിലെ പാതയാണ് അന്ന് വിഭാവനം ചെയ്തത്. അവിടെനിന്ന് തുടങ്ങുന്നു നാടിന്റെ അനിശ്ചിതാവസ്ഥ. ഇന്നുവരും നാളെവരും എന്ന് പ്രതീക്ഷിച്ച് നാട്ടുകാര്‍ കാത്തിരിപ്പ് തുടങ്ങി. മണ്ണ് മൂലധനമായുള്ളവര്‍ മുഴുവന്‍ കുചേലരായി. ഭൂമിയില്‍ തൊട്ടാല്‍ പൊള്ളുമെന്നുകരുതി വികസനം കാത്ത് ആ നാടങ്ങനെ മരവിച്ച് കിടന്നു. കൊച്ചിനഗരം ഇടപ്പള്ളിയുംതാണ്ടി ആലുവവരെയും വൈറ്റില ബൈപാസിലൂടെ തെക്കോട്ടും വികസിച്ചപ്പോള്‍ നഗരഹൃദയത്തോട് ചേര്‍ന്നുകിടന്ന ഈ പ്രദേശം ഗ്രാമമായിതന്നെ തുടര്‍ന്നു. കാത്തിരിപ്പിന്റെ മുഷിപ്പില്‍ ജനങ്ങളുടെ ശബ്ദമുയരാന്‍ തുടങ്ങിയ '90കളുടെ അവസാനത്തോടെയാണ് ആദ്യഘട്ട ഭൂമി ഏറ്റെടുക്കലിനായി ദേശീയപാത അധികൃതര്‍ നാട്ടില്‍ പ്രത്യക്ഷപ്പെട്ടത്.

''അന്നുവന്ന ഉദ്യോഗസ്ഥര്‍ക്ക് ചായയും പലഹാരങ്ങളും കൊടുത്താണ് ഞങ്ങള്‍ സ്വീകരിച്ചത്. ആകെയുള്ളത് ഈ ഭൂമിയാണെങ്കിലും സന്തോഷത്തോടെയാണ് ഞങ്ങള്‍ അന്നത് വിട്ടുകൊടുത്തത്. ഇന്നിപ്പോള്‍ റോഡ് കൂടാതെ ഇടപ്പള്ളി മേല്‍പ്പാലം ഈ കോളനിയിലൂടെയാണ് കടന്നുപോകുന്നത്. എട്ട് വീട്ടുകാര്‍ക്ക് പുറംലോകത്തിലേക്കുള്ള വഴിയടയ്ക്കും അത്'', ഇടപ്പള്ളി നോര്‍ത്തിലെ ആനോട്ടിക്കര കോളനിയിലെ ഉഷ പറയുന്നു.

ഭൂമികൊണ്ടുപോകാന്‍ വന്നവരായിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ അവരുടെ അതിഥികളായിരുന്നു. മറ്റൊരിടത്തും ഇത്രയും സുഗമമായ രീതിയില്‍ ഭൂമി ഏറ്റെടുത്തിട്ടില്ല എന്ന് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. ശേഷം ഒരു വഞ്ചനയുടെ കഥയാണ്: എന്‍.എച്ച് -17 വീതികൂട്ടലിനായി ഇടപ്പള്ളി മുതല്‍ മൂത്തകുന്നംവരെ ഭൂമി വിട്ടുകൊടുത്ത് പെരുവഴിയിലേക്ക് ഇറങ്ങിയ മനുഷ്യരെനോക്കി ഇളിച്ചുകാട്ടി ഏറ്റെടുത്ത സ്ഥലം അവിടെതന്നെ കിടന്നു. നാലുവരിപോയി ഒരിടവഴിപോലും വെട്ടാന്‍ ആരും വന്നില്ല. കാടുപിടിച്ചതും സാമൂഹികവിരുദ്ധരുടെ പ്രിയസ്ഥലമായതും മിച്ചം.

എന്നാല്‍,  സര്‍ക്കാറിന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍പ്രകാരം ഏറ്റെടുത്ത 30 മീറ്റര്‍ നാലുവരിപ്പാതക്ക് തികയാതെ വരുമത്രെ. അതിനാല്‍, 45 മീറ്റര്‍ പാതക്കായി 15 മീറ്റര്‍കൂടി ഇരുവശത്തുനിന്നും പിടിച്ചെടുക്കാനാണ് ഔദ്യോഗിക തീരുമാനം. ഒരിക്കല്‍ എല്ലാം വിട്ടുകൊടുത്ത് ശേഷിച്ച തുണ്ടുഭൂമിയിലേക്ക് കുടിയേറിയവര്‍ വീണ്ടും നിഷ്‌കാസിതരാവുമെന്ന് സാരം. പല്ലും നഖവും ഉപയോഗിച്ച് നാട്ടുകാര്‍ ഈ വികസനത്തെ എതിര്‍ത്തതില്‍ അദ്ഭുതമില്ല. മണ്ണില്‍ ജീവിക്കാനുള്ള അവകാശം.

വെട്ടിപ്പിടിച്ചതിനുശേഷം
അധികൃതര്‍ വരച്ച ദേശീയപാത നാട്ടുകാരുടെ നെഞ്ചിലൂടെയായിരുന്നു. 30 മീറ്റര്‍ പരിധിയില്‍ സ്ഥലം വെട്ടിപ്പിടിച്ചതോടെ പലര്‍ക്കും പുരയിടവും വീടും പൂര്‍ണമായും നഷ്ടപ്പെട്ടു. ചിലര്‍ക്ക് പറമ്പിലെ കോണിലെ കുളിമുറിമാത്രം ശേഷിച്ചു. 25 കി.മി. ചുറ്റളവില്‍ ഭൂമിക്ക് അധികൃതര്‍ പതിച്ചുനല്‍കിയ വില പരമാവധി സെന്റിന് 38,000 രൂപയായിരുന്നു. വീടിനും പുരയിടത്തിലെ വൃക്ഷങ്ങള്‍ക്കും തുച്ഛമായ സഖ്യയാണ് ലഭിച്ചത്. വീട് പഴയതാണെന്നുപറഞ്ഞ് ഒന്നും കൊടുക്കാതെയും ഇരുന്നിട്ടുണ്ട്. പഴയതാണെങ്കിലും വീട് അവന്റെ ആവാസവ്യവസ്ഥയായിരുന്നു. പച്ചനോട്ടില്‍ വിലയിട്ട് പ്രദര്‍ശിപ്പിക്കാനുള്ള ഒന്നല്ല അത്. വീടും സ്ഥലവും പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ ഉള്‍നാടുകളിലെവിടെയോപോയി. പലരും ഭൂവിസ്തൃതിയുടെ ധാരാളിത്തത്തില്‍നിന്ന് ചാണ്‍മണ്ണിന്റെ പഞ്ഞകാലത്തിലേക്ക് വലിച്ചെറിയപ്പെട്ടു. ഉള്ളസ്ഥലത്ത് ഒറ്റമുറി പൊക്കിയും ചെറ്റക്കുടില്‍ നാട്ടിയും ഇവര്‍ സ്വയം പുനരധിവസിച്ചു. ഒരു നാടിന്റെ സ്വയം പുനരധിവാസ പാക്കേജായി മാറി അത്. ബാങ്കില്‍ ആധാരം പണയപ്പെടുത്തിയവന്റെ നഷ്ടപരിഹാര തുക ബാങ്ക് അധികൃതര്‍ നേരിട്ട് കൈപ്പറ്റി. അങ്ങനെ ആ കച്ചവടവും പൂട്ടി. നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്ന കീഴ്‌ക്കോടതി വിധിയില്‍ നാട്ടുകാര്‍ക്കെതിരെ ഹൈകോടതിയില്‍ കേസിനുപോയ ചരിത്രവും നമ്മുടെ സര്‍ക്കാറിനുണ്ട്. ഒച്ചപ്പാടുകളൊന്നുമില്ലാതെ ഈ ദുരിതപര്‍വം തുടരുന്നതിനിടെയാണ് 45മീറ്റര്‍ ബി.ഒ.ടി പാത എന്നുകേട്ട് ഇന്നാട്ടുകാര്‍ ഞെട്ടിയുണര്‍ന്നത്. ഉപ്പുതൊട്ട് ചീനച്ചട്ടിവരെ വിറ്റുതുലക്കുന്ന കേന്ദ്രത്തിന്റെ പുത്തന്‍ വികസന അജണ്ട ഇവര്‍ക്ക് പുത്തന്‍ അറിവായിരുന്നു. ഇടപ്പള്ളി ആനോട്ടിക്കര കോളനിയിലെ ഭരതന് ആദ്യ ഭൂമിയേറ്റെടുക്കലില്‍ നഷ്ടപ്പെട്ടത് 13 സെന്റ് ഭൂമിയാണ്. ശേഷിച്ചത് ഒരു സെന്റില്‍ താഴെ മാത്രം. ഷീറ്റ് വലിച്ചടിച്ച ഒറ്റമുറിയിലാണ് ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന ആ കുടുംബം. രണ്ടാം വികസനം നടപ്പായാല്‍ ഇതുകൂടി ഇല്ലാതാകും. ആനോട്ടിക്കര കോളനിവാസികള്‍ കൂലിത്തൊഴിലാളികളാണ്. എത്ര ഭൂമി നഷ്ടപ്പെട്ടെന്നോ എത്ര പണം ലഭിച്ചെന്നോ ഭൂരിഭാഗം പേര്‍ക്കും ധാരണയില്ല. ഇവരുടെ അജ്ഞതമൂലം പലരും ഇവരെ ചൂഷണം ചെയ്യുന്നെന്ന് വ്യക്തം. പലര്‍ക്കും നഷ്ടപരിഹാരത്തുക ലഭിക്കാന്‍ ഇനിയും ബാക്കി. ചേരാനെല്ലൂരിലെ ബെന്നിക്ക് നഷ്ടപ്പെട്ടത് മൂന്ന് മുറിയുള്ള വീടും പുരയിടവുമാണ്. ശേഷിച്ച ഒരു സെന്റ് ഭൂമിയില്‍ കടത്തിനുമുകളില്‍ കെട്ടിപ്പൊക്കിയ വീടിന്റെ വീതി വെറും നാല് മീറ്റര്‍.

 ''ശേഷിക്കുന്നത് ഈ കാണുന്ന കുടുസ്സു മുറിയാണ്. ഭാര്യയുടെ 25 പവന്‍ വിറ്റാണ് ഇത്രയെങ്കിലും ഉണ്ടാക്കിയത്. ഇനി ഇതുംകൂടി കവരാനാണ് ഉദ്ദേശ്യമെങ്കില്‍ എന്നെ കൊന്നിട്ടേ അതിന് സാധിക്കൂ. ആദ്യം ഭൂമി ഏറ്റെടുക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ രാത്രിയായാല്‍ പല വീടുകളിലും വന്ന് പണം ആവശ്യപ്പെടുമായിരുന്നു. നഷ്ടപരിഹാരം പെട്ടെന്ന് ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ഇനിയും ഒരു ഗഡു കിട്ടാന്‍ ബാക്കികിടക്കുന്നു'', ബെന്നി ചേരാനെല്ലൂര്‍ പറയുന്നു.

ഒരു മടയില്‍നിന്ന് രണ്ടുവട്ടം കടിക്കാന്‍ ഒരു പാമ്പിനെയും അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചാണ് ഇവര്‍ സമരഭൂമിയിലേക്ക് ആദ്യമായി ഇറങ്ങിയത്. നഷ്ടപ്പെട്ട മണ്ണില്‍ ടാര്‍ പുരളുന്നതുകാണാന്‍ കാത്തുകിടന്നത് വെറുതെയായെന്ന തിരിച്ചറിവ് ഇവരുടെ വീറ് വര്‍ധിപ്പിച്ചു. ഏറ്റെടുത്ത് കാടുപിടിച്ച സര്‍ക്കാര്‍ ഭൂമി കൈയേറി കൃഷിയിറക്കിയും തെരഞ്ഞെടുപ്പുകാലത്ത് വോട്ടുതേടി വരുന്ന രാഷ്ട്രീയക്കാര്‍ക്ക് വോട്ടില്ലെന്നുപറഞ്ഞ് ബോര്‍ഡ് തൂക്കിയും ഇവര്‍ തങ്ങളുടെ പ്രതിഷേധം ഉയര്‍ത്തിക്കാട്ടി.

1956ലെ ആക്ട് പ്രകാരമാണ് പുനരധിവാസ പ്രക്രിയകളെല്ലാം. തീര്‍ത്തും അപര്യാപ്തമായ ഈ നിയമത്തെ ചിലര്‍ തന്നിഷ്ടപ്രകാരം വിനിയോഗിച്ചപ്പോള്‍ നഷ്ടം എന്നത്തെയും സാധാരണക്കാരന്‍േറത് മാത്രമായി. നഷ്ടപരിഹാരമായി നല്‍കുന്ന തുകക്ക് അവാര്‍ഡ് എന്നാണ് ഔദ്യോഗിക വിളിപ്പേര്. ഈ അവാര്‍ഡും താങ്ങി സമീപത്തെ മണ്ണുംനോക്കി ചെന്നാല്‍ നിരാശമാത്രമായിരിക്കും ഫലം. സ്വന്തമായി വീടുവെക്കുക എന്നത് വിദൂരസ്വപ്‌നം മാത്രം.

''1974ലാണ് സാക്‌സ് കൊച്ചിന്‍ എന്ന സംഗീതസംഘം തുടങ്ങിയത്്. ഞാന്‍ 60 ശതമാനം വികലാംഗനുമാണ്. വീടിനോട് ചേര്‍ന്നുതന്നെ സംഗീതക്ലാസുകള്‍ നടത്തുക എന്ന ഉദ്ദേശ്യത്തിലാണ് ഈ വീട് പണിതത്. '72ലെ ആദ്യ പ്രഖ്യാപനത്തില്‍തന്നെ റോഡിനോട് ചേര്‍ന്ന് തറവാട് നഷ്ടപ്പെടുമെന്ന് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ, പിറകിലോട്ട് മാറ്റിയാണ് പുതിയത് നിര്‍മിച്ചത്. തറകെട്ടിയപ്പോള്‍ എന്‍ജിനീയര്‍മാരെ കൊണ്ടുവന്ന് പരിശോധിപ്പിച്ചു. ധൈര്യമായി പണി തുടരാനായിരുന്നു മറുപടി. പക്ഷേ, പ്ലാന്‍ വരച്ച് കാര്യങ്ങളോടടുത്തപ്പോള്‍ ഈ പ്രദേശത്തെ റോഡിന് പത്തു ഡിഗ്രി വളവ്. അതോടെ പണിതുതീര്‍ത്ത വീടിന്റെ പകുതിമുക്കാലോളം അങ്ങുപോയി. അടുത്തതിന് മുഴുവനായും പോകും. ലോണുണ്ടായതുകൊണ്ട് കിട്ടിയ അവാര്‍ഡ് ബാങ്ക് മാനേജര്‍ വീട്ടില്‍ വന്ന് കുത്തിയിരുന്ന് കൈയോടെ കൊണ്ടുപോയി. എന്നിട്ടും റോഡ് നിര്‍മിക്കാന്‍ ആരും വന്നില്ല. നഷ്ടപ്പെട്ട സ്ഥലം കണ്‍മുന്നില്‍ കാടുപിടിച്ച് കിടന്നു, അത്രതന്നെ'',  കൊച്ചാലിലെ രാജന്‍ ആന്റണി പറയുന്നു.

ജനാധിപത്യവും പ്രതീക്ഷകളും തച്ചുടയ്ക്കപ്പെട്ടപ്പോള്‍
2007ല്‍ ആദ്യഘട്ട ഭൂമി കൈയടക്കല്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കിയതിന് മൂന്ന് കൊല്ലത്തിനിടെ രണ്ടാം കുടിയിറക്ക് പ്രഖ്യാപനം വന്നത് പ്രതിഷേധം ആളിക്കത്തിച്ചു. 2009ല്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ എറണാകുളം കലക്ടര്‍ മുഹമ്മദ് ഹനീഷ് നിര്‍ബന്ധിതനായി. പദ്ധതി പ്രദേശത്തെ നാല് എം.എല്‍.എമാരടക്കം എല്ലാ ജനപ്രതിനിധികളും സമരസമിതി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. രണ്ടാംവട്ട കുടിയൊഴിപ്പിക്കലിന് ഒരു കാരണവശാലും അനുവദിക്കരുതെന്നും നിലവില്‍ ഏറ്റെടുത്ത സ്ഥലത്ത് നാലുവരിപ്പാത നിര്‍മിക്കണമെന്നുമായിരുന്നു ആ യോഗ തീരുമാനം. കൂടാതെ, എല്ലാ പഞ്ചായത്തുകളും പറവൂര്‍ മുനിസിപ്പാലിറ്റിയും ബി.ഒ.ടി വത്കൃത ദേശീയ പാതക്കെതിരെ പ്രമേയം പാസാക്കി. ഇത് ജനാധിപത്യ മാര്‍ഗം. എന്നാല്‍, ഔദ്യോഗികതലത്തിലെ ചിലര്‍ ഇപ്പോഴും ഇതിന് വഴങ്ങിയിട്ടില്ല. 45 മീറ്ററില്ലാതെ ഒരു തുള്ളി ടാര്‍പോലും ചെലവാക്കില്ല എന്ന വാശിയിലാണിവര്‍. റിയല്‍ എസ്‌റ്റേറ്റ്, ബില്‍ഡേഴ്‌സ് കുത്തകകള്‍ അധികാരത്തിന്റെ കൊട്ടത്തളങ്ങളില്‍ ലോബിയിങ് നടത്തി കളിക്കുകയാണ് എന്ന് കുമാരി റാഡിയ വ്യക്തമാക്കിയിട്ടുള്ളതല്ലേ? വടക്കുള്ള ഉന്നതതല പന്നിമലത്തലില്‍ ചിറക് കരിഞ്ഞുവീഴുന്നത് തെക്കുള്ള ഈ നാട്ടിന്‍പുറത്തുകാര്‍. ഇത് കച്ചവടത്തിന്റെ മാര്‍ഗം.

എന്തുകൊണ്ട് ഇന്നാട്ടില്‍ ഇത്തരം വികസനം പ്രാപ്യമല്ല എന്ന ചോദ്യത്തിന് ഇത് ഒറീസയോ രാജസ്ഥാനോ അല്ല എന്നതാണ് ഉത്തരം. ഒരു വീടിന്റെ അടുക്കളപ്പുറത്തുനിന്ന് മറ്റൊരു വീടിന്റെ പൂമുഖം തുടങ്ങുന്നതാണ് കേരളത്തിലെ അവസ്ഥ. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മണിക്കൂറുകളോളം അലഞ്ഞാലും ചിലപ്പോള്‍ ഒരു മനുഷ്യജീവിയെ കണ്ടുകിട്ടിയെന്നുവരില്ല. അതുകൊണ്ടുതന്നെ, അവിടെ 100 മീറ്റര്‍ വീതിയില്‍ വേണമെങ്കില്‍ റോഡ് പണിയാം.

30 വര്‍ഷത്തിലേറെയായുള്ള ഈ അനിശ്ചിതാവസ്ഥ ഈ പ്രദേശത്തിന്റെ സാമൂഹികാവസ്ഥയെ തച്ചുടച്ചു. 28 വര്‍ഷത്തിന്റെ അധ്വാനത്തിനുശേഷം സത്യന്‍മാഷ് പണിത വീട് രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കലില്‍ നാമാവശേഷമാകും. പെണ്‍മക്കളുടെ വിവാഹം ഉറപ്പിക്കുന്നത് പറമ്പ് നോക്കിയാണെന്ന് ഒരു ചൊല്ലുണ്ട്. വില്‍ക്കാനും വാങ്ങാനും ആളില്ലാത്ത ഭൂമി ഒരുപാട് ഒരുപാട് പെണ്‍മക്കളെ വീട്ടില്‍ കുത്തിയിരുത്തിക്കളഞ്ഞു.

'' 22 സെന്റ് സ്ഥലവുംവീടും ഞങ്ങള്‍ക്ക് പോയി. കിട്ടിയ നാലര ലക്ഷത്തില്‍നിന്ന് 12 ശതമാനം നികുതിയായി പിടിച്ചു. ഉണ്ടായ സ്ഥലത്തുനിന്ന് പത്തു സെന്റ് വിറ്റ് മകളുടെ കല്യാണം നടത്താനായിരുന്നു തീരുമാനം. അപ്പോഴാണ് സ്ഥലം ഏറ്റെടുത്ത് തുടങ്ങിയത്്. ഈ നശിച്ച സ്ഥലമെടുപ്പുകാരണം കല്യാണം നീണ്ടുപോയി. അവസാനം 39ാം വയസ്സിലാണ് അവളുടെ കല്യാണം നടന്നത്. ഇതുംകഴിഞ്ഞ് ഒന്നര വര്‍ഷം കഴിഞ്ഞാണ് നഷ്ടം അനുവദിച്ചുകിട്ടിയത്'', പറവൂരിലെ ചെറിയപ്പിള്ളി സരള പറയുന്നു.

ഈ അമ്മ, പണ്ട് കൈവിട്ടുപോയ സ്ഥലത്ത് കൃഷിയിറക്കിയിരിക്കുകയാണ്; സര്‍ക്കാര്‍ ഭൂമി കൈയേറിക്കൊണ്ടുതന്നെ, ഒരുതരി മണ്ണുപോലും ഇനി  വിട്ടുകൊടുക്കില്ലെന്ന വാശിയില്‍.

തുമ്പില്ലാത്ത ഈ ദേശീയപാതയിലൂടെ സഞ്ചരിച്ചാല്‍ തകര്‍ച്ചയെ കച്ചവടമാക്കിയ ചിലരെയും കാണാം. യാഥാര്‍ഥ്യം ചിലപ്പോള്‍ കൗതുകകരമായേക്കാം. പൊളിച്ചുമാറ്റിയ പഴയവീടിന്റെ അവശിഷ്ടങ്ങള്‍ കച്ചവടംചെയ്യുന്ന ഒരു കൂട്ടം ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നു. കച്ചവടം സമൃദ്ധമാണുതാനും. ഒരുപാട് കെട്ടിടങ്ങള്‍ ഇനിയും പൊളിക്കാനും മാറ്റിപ്പണിയാനും ഉണ്ടെന്ന് അവര്‍ക്കറിയാം. 25 കിലോമീറ്ററിനുള്ളില്‍, ചുരുങ്ങിയത് മുപ്പതോളം ഇത്തരത്തിലുള്ള പൊളിച്ചടക്ക് കടകളുണ്ട്.

റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ കരങ്ങള്‍ ഇതില്‍ എത്രകണ്ട് പരന്നിരിക്കുന്നുവെന്ന് റാഡിയ ഭാഷണങ്ങള്‍ വ്യക്തമാക്കുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്‌മെന്റ് ഓഫ് ഇന്ത്യ, കേരള റിയല്‍ എസ്‌റ്റേറ്റ് അസോസിയേഷന്‍, കേരള ബില്‍ഡേഴ്‌സ് ഫോറം, ബില്‍ഡേഴ്‌സ് ഫോറം ഓഫ് ഇന്ത്യ, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍, എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ ചുങ്കപ്പാതയെ പിന്തുണക്കുന്നെങ്കില്‍ അതിനുപിന്നില്‍ സ്വാര്‍ഥതാല്‍പര്യങ്ങള്‍ മാത്രം. ശക്തമായ പുനരധിവാസ പാക്കേജ് നല്‍കാന്‍ സര്‍ക്കാറും തയാറാകുന്നില്ല. ജനങ്ങള്‍ ആവശ്യപ്പെട്ടതുപോലെയുള്ള പുനരധിവാസം ഒരിക്കലും സാധ്യമല്ലഎന്ന് കമല്‍നാഥ് വ്യക്തമാക്കിക്കഴിഞ്ഞു.

എന്തൊക്കെയാണെങ്കിലും, സ്വയം പുനരധിവസിച്ച് ഒതുങ്ങിക്കൂടിയ ഇവര്‍ രണ്ടാം ഊഴത്തിന് തയാറല്ലെന്ന് എന്നേ പ്രഖ്യാപിച്ചുകഴിഞ്ഞു.

25 കിലോമീറ്ററില്‍ 800 കുടുംബങ്ങളെപോലും പുനരധിവസിപ്പിക്കാന്‍ സാധിക്കാത്ത അധികാരികള്‍ ദേശീയപാതയോരത്തെ ലക്ഷങ്ങളെ എങ്ങനെ സംരക്ഷിക്കും?

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇര പറഞ്ഞ ജീവിതം ഇങ്ങനെ:  ''വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലം ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ അച്ഛന്‍ ഒരുപാട് എതിര്‍ത്തുനിന്നു. അവരുമായുള്ള വാഗ്വാദത്തിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്്. വീട്ടില്‍ ഞാനും അമ്മയും സഹോദരിയും ബാക്കിയായി. അച്ഛന്‍ എന്തിനാണ് മരിച്ചതെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. എന്നാല്‍, കുടിയിറക്കിന്റെ രണ്ടാമൂഴം കാത്തുകിടക്കുന്ന ഇപ്പോള്‍ ഞാനത് മനസ്സിലാക്കുന്നു.''


കവര്‍സ്റ്റോറി

മുന്‍ ലക്കങ്ങള്‍