
എറണാകുളം ഡെപ്യൂട്ടി കലക്ടര്‍ (ലാന്‍ഡ് അക്വിസിഷന്‍) രമാദേവിയടക്കം റവന്യൂ വകുപ്പിലെ 60 ഉദ്യോഗസ്ഥര്‍ക്ക് 2008 സ്വാതന്ത്ര്യദിനത്തില്‍ ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചു. വല്ലാര്‍പാടം പദ്ധതിയുടെ ഭാഗമായി റോഡ് നിര്‍മിക്കാന്‍ മൂലമ്പിള്ളിയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ നേതൃത്വം നല്‍കിയവരായിരുന്നു അവര്‍.
വീടിടിച്ചുനിരത്താന്‍ നിര്‍ദേശം നല്‍കിയവരും ഇടിച്ചുനിരത്തിയ സ്ഥലം ചങ്ങല വലിച്ച് അളന്നുതിട്ടപ്പെടുത്തിയ ചെയിന്‍മാന്‍വരെയുള്ള ഉദ്യോഗസ്ഥരും വല്ലാര്‍പാടത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ കൈയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. നല്ല കാര്യം. രാഷ്ട്രവികസനത്തിന് തങ്ങളാല്‍ കഴിയുന്ന സംഭാവന നല്‍കിയതിന് അവര്‍ക്ക് ലഭിച്ചത് അര്‍ഹമായ പുരസ്‌കാരംതന്നെയാണ്. പക്ഷേ, വീടിടിച്ചുനിരത്തി, ജനിച്ചുവളര്‍ന്ന മണ്ണില്‍നിന്ന് ഭരണകൂടം നിഷ്‌കരുണം പുറന്തള്ളിയ 22 കുടുംബങ്ങളോ? അവരെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഓര്‍മിക്കുന്നുണ്ടോ? ക്രൂരമായ കുടിയൊഴിപ്പിക്കലിനെതിരെ സംസ്ഥാനമൊന്നാകെ പ്രതിഷേധ കൊടുങ്കാറ്റുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഒരു കാര്യം പറഞ്ഞിരുന്നു, അതിന്റെ സാരാംശം ഇപ്രകാരമാണ്:
''വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ എന്നത് രാജ്യത്തിന്റെതന്നെ സ്വപ്‌നപദ്ധതിയായതുകൊണ്ട് (സിംഗൂരിലെ ടാറ്റയുടെ കാര്‍ ഫാക്ടറിയും നന്ദിഗ്രാമിലെ സലീം ഗ്രൂപ്പിന്റെ കെമിക്കല്‍ ഫാക്ടറിയുംപോലെ) പല കോണുകളില്‍നിന്ന് കനത്ത സമ്മര്‍ദം വരും. അപ്പോള്‍, മൂത്രശങ്കവരുന്ന സ്‌കൂള്‍കുട്ടി കാണിക്കുന്നതുപോലുള്ള ചില വെപ്രാളങ്ങള്‍ ഉദ്യോഗസ്ഥരും കാണിച്ചുപോകും. ആ വെപ്രാളത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ തെറ്റാണ് മൂലമ്പിള്ളി. അങ്ങനെ ചെയ്ത ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളെയെല്ലാംതന്നെ ശാസിച്ചിട്ടുണ്ട്.''
ശാസിക്കപ്പെട്ട ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കള്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും പ്രമോഷനും ലഭിച്ചു. ഇരയാക്കപ്പെട്ട പാവങ്ങള്‍ക്കോ? 2008 ഫെബ്രുവരി ആറിന് നടന്ന കുടിയൊഴിപ്പിക്കലിനെ തുടര്‍ന്ന് നിരാലംബരായ 22 കുടുംബങ്ങള്‍ അന്നുരാത്രി അന്തിയുറങ്ങിയത് മൂലമ്പിള്ളി പള്ളിയുടെ പാരീഷ് ഹാളിലാണ്. തൊട്ടടുത്ത ദിവസംതന്നെ ഇടിച്ചുനിരത്തപ്പെട്ട വീടുകളുടെ അവശിഷ്ടങ്ങള്‍ക്കരികില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ഷെഡ് നിര്‍മിച്ചു നല്‍കി. കുടിയൊഴിപ്പിക്കല്‍ നടന്നിട്ട് മൂന്നുവര്‍ഷം തികയുമ്പോഴും അഞ്ച് കുടുംബങ്ങളും അതേ ഷെഡില്‍തന്നെയാണ് കഴിയുന്നത്. ബാക്കിയുള്ള കുടുംബങ്ങള്‍ ബന്ധുക്കളുടെ ദയയിലും വാടകവീട്ടിലുമൊക്കെയായി ജീവിതം തള്ളിനീക്കുന്നു.
ബോട്ടിറങ്ങി മൂലമ്പിള്ളിയിലെത്തിയാല്‍ അരമണിക്കൂര്‍ വടക്കോട്ട് നടക്കണം. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്കുള്ള നിര്‍മാണം പൂര്‍ത്തിയാവുന്ന റോഡിന്റെ ഓരത്ത് പഴയ കെട്ടിട അവശിഷ്ടങ്ങള്‍ക്കരികിലുള്ള നിലംപൊത്താറായ പ്ലാസ്റ്റിക് ഷെഡിലിരുന്ന് ആഗ്‌നസ് അമ്മച്ചി നമ്മോട് ആ കഥപറയും. ഒരു മനുഷ്യായുസ്സുകൊണ്ട് നിര്‍മിച്ചെടുത്ത വീട് ഇടിച്ചുനിരത്തി തങ്ങള്‍ തെരുവാധാരമാക്കപ്പെട്ടതിന്റെയും തുടര്‍ന്നിങ്ങോട്ടുള്ള നാളുകളില്‍ അതിജീവനത്തിനായി തങ്ങള്‍ നടത്തിയ സമരത്തിന്റെയും ചരിത്രം.
പുനരധിവാസം എന്ന മോഹന വാഗ്ദാനംകൊണ്ട് സര്‍ക്കാര്‍ അര്‍ഥമാക്കുന്നതെന്താണെന്ന് ആഗ്‌നസ് അമ്മച്ചിക്ക് ഇപ്പോള്‍ നന്നായറിയാം. ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്ന പതിനായിരങ്ങളോട് ആഗ്‌നസ് അമ്മച്ചിക്ക് പറയാനുള്ളതും ഇതുതന്നെയാണ്. പുനരധിവാസം നല്‍കും എന്ന സര്‍ക്കാര്‍ തട്ടിപ്പില്‍ കുടുങ്ങരുത്.
കുടിയൊഴിപ്പിക്കലിനെ തുടര്‍ന്ന് മേനകയിലെ പന്തലില്‍ സമരക്കഞ്ഞി കുടിച്ചും വെയിലുകൊണ്ടും സമരം നടത്തിയ ശേഷമാണ് പേരിനെങ്കിലും ഒരു പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറായത്. വല്ലാര്‍പാടം പദ്ധതിയുടെ ഭാഗമായ റോഡ്, റെയില്‍ എന്നിവക്കായി കുടിയൊഴിപ്പിക്കപ്പെട്ട 326 കുടുംബങ്ങള്‍ക്ക് ഏഴ് ഗ്രാമങ്ങളിലായി ആറു സെന്റ് വീതവും (ചിലര്‍ക്ക് അഞ്ചു സെന്റ്) ഭൂമി നല്‍കും എന്നതായിരുന്നു പാക്കേജിലെ പ്രധാന വാഗ്ദാനം. കുടുംബത്തിലെ ഒരംഗത്തിന് പദ്ധതിയില്‍ ജോലി നല്‍കുമെന്നും പാക്കേജില്‍ വ്യവസ്ഥ ചെയ്തിരുന്നു.
പുനരധിവാസത്തിന്റെ ഭാഗമായി നല്‍കുന്ന ആറു സെന്റ് ഭൂമിയിലേക്കെത്താനുള്ള റോഡ് നിര്‍മിച്ചു നല്‍കും. വൈദ്യുതി, വെള്ളം എന്നിവയും എത്തിക്കും. കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയതിന്റെ നഷ്ടപരിഹാരമായി നല്‍കുന്ന തുകയില്‍നിന്ന് ആദായനികുതി ഈടാക്കില്ല എന്നിങ്ങനെ മറ്റു വ്യവസ്ഥകളും.
പ്രഖ്യാപിക്കാനേ വിഷമം; പാലിക്കാനതിലേറെ വിഷമം
മൂലമ്പിള്ളിയിലെ 22 കുടുംബങ്ങളടക്കം 326 കുടുംബങ്ങള്‍ക്കാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. പാക്കേജനുസരിച്ചുള്ള ഭൂമി ലഭിക്കാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പു വേണ്ടിവന്നു, സമരങ്ങളുടെ പരമ്പരയും. ഒടുവില്‍ കിട്ടിയത് മൂലമ്പിള്ളി ദ്വീപിന്റെ പടിഞ്ഞാറുവശത്ത് കായല്‍ നികത്തിയെടുത്ത ഭൂമിയാണ്. നടന്നാല്‍ കാല്‍ ചളിയില്‍ താഴ്ന്നുപോകുന്ന ഭൂമി ചൂണ്ടിക്കാട്ടിയ റവന്യൂ ഉദ്യോഗസ്ഥര്‍ അത് നിങ്ങളുടെ ഭൂമിയാണെന്ന് പറഞ്ഞപ്പോള്‍ മൂലമ്പിള്ളിക്കാര്‍ ഒന്നു പകച്ചു. ചതുപ്പുനിലം വാസയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സമരം. സമരത്തിനൊടുവില്‍ കായലില്‍നിന്ന് സംരക്ഷണഭിത്തികെട്ടാന്‍ അധികൃതര്‍ തയാറായി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. പിന്നെയും കാത്തിരിപ്പ്. പുനരധിവാസ ഭൂമിയിലേക്ക് റോഡു നിര്‍മിച്ചുനല്‍കുമെന്ന് പാക്കേജില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഒരിക്കലും പാലിക്കപ്പെടാത്ത വ്യവസ്ഥകളില്‍ പെടുന്നതാണോ അതും? ബസില്‍ കയറി എറണാകുളത്തേക്ക് പോകണമെങ്കില്‍ ഒരു മണിക്കൂര്‍ നടന്ന് ചേരാനല്ലൂരിലെത്തണം. ബോട്ടില്‍ പോകാന്‍ മൂലമ്പിള്ളി ജെട്ടിയിലെത്തണമെങ്കിലോ മുക്കാല്‍ മണിക്കൂര്‍. റോഡ് വന്നിട്ടുവേണ്ടേ വെള്ളവും വൈദ്യുതിയും. മൂലമ്പിള്ളിക്കാരെ പുനരധിവാസത്തിന്റെ രക്തസാക്ഷികള്‍ എന്നു വിളിക്കുന്നതായിരിക്കും ഉചിതം.
സമരത്തിന്റെ കഥ; അധിനിവേശത്തിന്റെയും
സംസ്ഥാനത്തിന്റെ വികസനപാതയില്‍ ഒരു നാഴികക്കല്ലാകുമെന്ന പ്രചാരണത്തോടെയാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്ക് തുടക്കംകുറിച്ചത്. ദുബൈ പോര്‍ട്ട് എന്ന കമ്പനിയുടേതായിരുന്നു പദ്ധതി. സര്‍ക്കാറുമായുള്ള കരാറനുസരിച്ച് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ കീഴിലുണ്ടായിരുന്ന രാജീവ്ഗാന്ധി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ദുബൈ പോര്‍ട്ടിന് പാട്ടത്തിനു ലഭിച്ചു. രാജീവ്ഗാന്ധി ടെര്‍മിനലിന്റെ ലാഭം മാത്രംമതി ദുബൈ പോര്‍ട്ടിന് വല്ലാര്‍പാടം ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനെന്ന് സാമ്പത്തിക വിദഗ്ധര്‍ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. അത് വേറെ കഥ; ആഗോളീകരണ കാലഘട്ടത്തില്‍ അങ്ങനെയൊക്കെയാണ് എന്നു കരുതി സമാധാനിക്കാം. പക്ഷേ, കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്കുള്ള റോഡിനും റെയിലിനുമായി നൂറുകണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പദ്ധതിയാണ് അണിയറയില്‍ തയാറാക്കപ്പെട്ടത്. സ്ഥലമേറ്റെടുക്കലും കുടിയൊഴിപ്പിക്കല്‍ നടപടികളും പുരോഗമിച്ചപ്പോള്‍ ഒരുകാര്യം വ്യക്തമായി. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് നഷ്ടപ്പെടുന്ന ഭൂമിക്ക് പകരമായി പൊന്നുംവില മാത്രമേ ലഭിക്കൂ. 1894ല്‍ ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരമായിരിക്കും ഭൂമിയേറ്റെടുക്കലെന്ന് റവന്യൂ അധികൃതര്‍ അറിയിക്കുകയും ചെയ്തു. ഈ സമയത്ത് മൂലമ്പിള്ളിയില്‍ ഒരു സെന്റ് ഭൂമിക്ക് മൂന്ന്-നാല് ലക്ഷം രൂപയായിരുന്നു വില. പൊന്നുംവിലയനുസരിച്ച് നഷ്ടപ്പെടുന്ന ഒരു സെന്റിന് ലഭിക്കുന്ന ഉയര്‍ന്നവില അമ്പതിനായിരവും. നാലു സെന്റ് ഭൂമി സ്വന്തമായുള്ള ഒരു കുടുംബത്തിന് ഇതനുസരിച്ച് രണ്ടു ലക്ഷം രൂപ ലഭിക്കും. ഈ തുകക്ക് മൂലമ്പിള്ളിയില്‍ കഷ്ടിച്ച് അരസെന്റ് സ്ഥലം കിട്ടും. ഈ സത്യം തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് മൂലമ്പിള്ളിയില്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ സംഘടിച്ച് മൂലമ്പിള്ളി സമരസമിതി രൂപവത്കരിച്ചത്. റിട്ട. അധ്യാപകനും 74 സെന്റ് സ്ഥലം നഷ്ടപ്പെടുന്നയാളുമായ പി.ജെ. സെലസ്റ്റിന്‍ മാസ്റ്ററായിരുന്നു സമരസമിതി കണ്‍വീനര്‍. ചേരാനല്ലൂര്‍, വടുതല, മഞ്ഞുമ്മല്‍, മുളവുകാട്, കടമക്കുടി തുടങ്ങിയ സ്ഥലങ്ങളിലും സമാന സമരക്കമ്മിറ്റികള്‍ രൂപവത്കരിക്കപ്പെട്ടു. ഈ സമരസമിതികളുടെയും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടിയൊഴിപ്പിക്കലിനെതിരെ സമരം നടത്തിവന്നിരുന്ന സംഘടനകളായ സ്മാര്‍ട്ട്‌സിറ്റി കര്‍മസമിതി, ശബരി പാത-കര്‍ഷക രക്ഷാസമിതി, പേരണ്ടൂര്‍ കനാല്‍ സമരസമിതി, കൊച്ചിന്‍ റിഫൈനറി എവിക്ടീവ്‌സ് അസോസിയേഷന്‍, എന്‍.എച്ച്-49 ബൈപാസ് സമരസമിതി, എന്‍.എച്ച്-17 കര്‍മസമിതി, ഫ്രാങ്കഌന്‍ ഗാര്‍ഡന്‍സ്, കൂനമ്മാവ് സമരസമിതികള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കുടിയൊഴിപ്പിക്കല്‍ വിരുദ്ധ കോ ഓഡിനേഷന്‍ കമ്മിറ്റിക്ക് രൂപംനല്‍കി.
പുനരധിവാസത്തിനുശേഷം കുടിയൊഴിപ്പിക്കല്‍ എന്ന ആവശ്യം അംഗീകരിക്കാന്‍ അധികൃതര്‍ തയാറായതേയില്ല. പുനരധിവാസം എന്നത് തങ്ങളുടെ അജണ്ടയിലേയില്ല എന്ന് റവന്യൂ വകുപ്പും സംസ്ഥാന സര്‍ക്കാറും വ്യക്തമാക്കുകയും ചെയ്തു. സമരപരിപാടികള്‍ തുടര്‍ന്നുവരവെ, കുടിയൊഴിപ്പിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. 2008 ഫെബ്രുവരി ആറിന് വന്‍ പൊലീസ് സന്നാഹവുമായെത്തിയ റവന്യൂ അധികൃതര്‍ പുനരധിവാസമില്ലാതെ കുടിയൊഴിയില്ല എന്ന നിലപാടിലുറച്ചുനിന്ന പത്തു കുടുംബങ്ങളുടെ വീടുകള്‍ ഇടിച്ചുനിരത്തി. തങ്ങളുടെ ആ
ജീവനാന്ത സമ്പാദ്യംകൊണ്ട് പടുത്തു
യര്‍ത്തിയ വീടുകളുടെ നേര്‍ക്കുയര്‍ന്ന ജെ.സി.ബികൈകളെ തടയാന്‍ ശ്രമിച്ച മൂലമ്പിള്ളിയിലെ പാവങ്ങള്‍ക്ക് പൊലീസിന്റെ ലാത്തിയടിയേറ്റു. സെ
ലസ്റ്റിന്‍ മാഷ്, ഫ്രാന്‍സിസ് കളത്തുങ്കല്‍, മൂലമ്പിള്ളി പള്ളി വികാരി ഫാ. മാര്‍ട്ടിന്‍ എന്നിവര്‍ക്കും മര്‍ദനമേറ്റു.
കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ച് അന്നു വൈകുന്നേരം ഹൈകോടതി ജങ്ഷനില്‍ പ്രതിഷേധയോഗം നടന്നു. കെ. അജിതയും സി.ആര്‍. നീലകണ്ഠനുമടക്കം നിരവധി പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു. അടുത്ത ദിവസം കലക്ടറുടെ ക്യാമ്പ് ഓഫിസിലേക്ക് മാര്‍ച്ച് നടന്നു. വി.എം. സുധീരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് മേനക ജങ്ഷനില്‍ പന്തല്‍കെട്ടി സമരം തുടരാനായിരുന്നു തീരുമാനം.
മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കലിനെതിരെ കേരളമെമ്പാടും ജനരോഷം അണപൊട്ടി. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
തുടര്‍ന്ന്, ജസ്റ്റിസ് കൃഷ്ണയ്യര്‍ രക്ഷാധികാരിയായും പ്രഫ. എം.കെ. സാനു, സാറാ ജോസഫ്, അബ്ദുന്നാസിര്‍ മഅ്ദനി, പ്രഫ. കെ.ജി. ശങ്കരപ്പിള്ള, കെ. അജിത തുടങ്ങിയവര്‍ ഉപദേശകരായും നിരവധി ആക്ടിവിസ്റ്റുകളുടെയും സംഘടനകളുടെയും പിന്തുണയോടെ സമരസമിതിയുണ്ടായി. കുടിയൊഴിപ്പിക്കലിനെ അനുകൂലിച്ച ഒരേയൊരു സംഘടനയേ ഉണ്ടായിരുന്നുള്ളൂ- സി.പി.എം. തുടക്കം മുതല്‍ കുടിയൊഴിപ്പിക്കപ്പെട്ടവരോട് വൈരാഗ്യംനിറഞ്ഞ സമീപനം പുലര്‍ത്തിയ സി.പി.എം തുടര്‍ന്നുള്ള ഘട്ടങ്ങളിലും ഇതേ സമീപനം തുടര്‍ന്നു.
ക്രൂരമായ കുടിയൊഴിപ്പിക്കലിനെതിരെ ജനവികാരം ശക്തമായിരുന്നിട്ടും കുടിയൊഴിപ്പിക്കപ്പെട്ടവരുമായി ചര്‍ച്ചനടത്താന്‍പോലും സര്‍ക്കാര്‍ തയാറായില്ല. പകരം, കത്തോലിക്കാ സഭ നിയോഗിച്ച ദൗത്യസംഘവുമായി ചര്‍ച്ചനടത്തി ഏകപക്ഷീയമായ പാക്കേജ് അടിച്ചേല്‍പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍, ഇതംഗീകരിക്കാന്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍നീക്കം പാളി. തുടര്‍ന്ന്, സമരക്കാര്‍ നക്‌സലൈറ്റുകളും ഭീകരവാദികളുമാണെന്ന് വരുത്തിത്തീര്‍ക്കാനായി ശ്രമം. പ്രസ്താവന വിപരീതഫലം ഉളവാക്കിയതിനെത്തുടര്‍ന്ന് സമരക്കാര്‍ ഭീകരവാദികളാണെന്ന പ്രസ്താവന വി.എസ് പിന്‍വലിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവരെ ക്ഷണിക്കാതെ സര്‍വകക്ഷിയോഗം നടത്തി പ്രശ്‌നം പരിഹരിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും കോഓഡിനേഷന്‍ കമ്മിറ്റി യോഗം നടന്ന കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധസംഗമം നടത്തി. ഒടുവില്‍ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന് സമരപ്പന്തലിലെത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കേണ്ടിവന്നു. സര്‍ക്കാറിന് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെ നില്‍ക്കക്കള്ളിയില്ലാതായി. അഞ്ചു സെന്റിലധികം ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറു സെന്റും അഞ്ചു സെന്റില്‍ താഴെ നഷ്ടപ്പെട്ടവര്‍ക്ക് അഞ്ചു സെന്റും സ്ഥലം പുനരധിവാസ ഭൂമിയായി നല്‍കാമെന്നായിരുന്നു പാക്കേജിലെ പ്രധാന വ്യവസ്ഥ.
വികസന പദ്ധതികള്‍ക്ക് കുടിയൊഴിപ്പിക്കപ്പെടുന്നവരെ വെറുതെ പറഞ്ഞുവിടാമെന്ന ഭരണകൂട ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയായിരുന്നു മൂലമ്പിള്ളി സമരമെന്ന് കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ ചൂണ്ടിക്കാട്ടുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പുനരധിവാസം നല്‍കില്ല എന്ന നിലപാടെങ്കിലും ചുരുങ്ങിയപക്ഷം സര്‍ക്കാറിന് ഉപേക്ഷിക്കേണ്ടിവന്നു. പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുമ്പോഴും ഒരു വര്‍ഷത്തിനുശേഷം ചതുപ്പെങ്കിലും ഒരു തുണ്ട് ഭൂമി സ്വന്തമായി ലഭിച്ചപ്പോഴും മൂലമ്പിള്ളിക്കാര്‍ പ്രതീക്ഷയുടെ ഒരു നാളം മനസ്സില്‍ സൂക്ഷിച്ചു.
സ്വന്തമായി കിട്ടുന്ന സ്ഥലത്ത് ഒരു കൂരയെങ്കിലും കെട്ടാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, വാസയോഗ്യമല്ലാത്ത ഭൂമി നോക്കി നെടുവീര്‍പ്പിടാനേ തങ്ങള്‍ക്ക് കഴിയുന്നുള്ളൂ എന്ന് മറ്റൊരു ഷെഡില്‍ കഴിയുന്ന ജോണ്‍സണ്‍ പറയുന്നു. കുടിയൊഴിപ്പിക്കല്‍ നടന്ന അന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ ജോണ്‍സന്റെ മക്കളായ ഗീതുവിന്റെയും നീതുവിന്റെയും പുസ്തകങ്ങളും എടുത്തുകൊണ്ടുപോയിരുന്നു. രാവിലെ സ്‌കൂളിലേക്ക് പോയ ഗീതുവും നീതുവും വൈകുന്നേരം തിരികെയെത്തിയപ്പോള്‍ കണ്ടത് വിചിത്രമായ രംഗമാണ്. വീടിരുന്നിടത്ത് ഒരു മണ്‍കൂന മാത്രം. ആഗോളീകരണകാലത്ത് ഇങ്ങനെയൊക്കെയാണ്. ഒന്നു കണ്ണുചിമ്മുന്ന വേഗത്തില്‍ കാല്‍ച്ചുവട്ടിലെ മണെ്ണാലിച്ചുപോകാം. ഉപജീവനോപാധികളായ കൃഷിയിടങ്ങളും അന്തിയുറങ്ങുന്ന വീടും തങ്ങളുടേതല്ലാതായി മാറാം. എതിര്‍പ്പിന്റെ ഒരു കണികപോലുമുണ്ടാകരുത്. കാരണം, ഇതെല്ലാം വികസനത്തിനുവേണ്ടിയാണ്.
വികസനത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ചൂലെടുക്കുന്ന ഒരു വീട്ടമ്മയുണ്ട് തൊട്ടടുത്ത ഷെഡില്‍. ചാലനാട്ട് ആന്‍സിലിന്റെ ഭാര്യ ജാന്‍സി. പാവപ്പെട്ടവന്റെ നെഞ്ചുതകര്‍ക്കുന്നതാണ് ഇവരുടെയൊക്കെ വികസനം -ജാന്‍സി പറയും. ജാന്‍സിയുടെ മകളെ കേരളത്തിലെ ഓരോ കുഞ്ഞും അറിയും- അഞ്ജു. ആകെയുള്ള വീട്ടില്‍ കൂടംപതിക്കുമ്പോള്‍ നെഞ്ചുതകര്‍ന്ന് ആത്മഹത്യക്കൊരുങ്ങിയവളാണ് അഞ്ജു. പിന്നീട്, പുനരധിവാസത്തിനായുള്ള സമരരംഗത്ത് സധൈര്യം തലയുയര്‍ത്തിനിന്ന അഞ്ജുവിനെയും മലയാളികള്‍ കണ്ടു. അഞ്ജു ഇന്ന് ഒന്നര വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മയാണ്. പൊളിഞ്ഞുവീഴാറായ ഷെഡില്‍വെച്ച് ഏക മകളുടെ വിവാഹം നടത്തേണ്ടിവന്ന ദുര്യോഗത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ജാന്‍സിയുടെ കണ്ണുനിറയും.
വല്ലാര്‍പാടം പദ്ധതിക്ക് ഒരുപക്ഷേ, ഏറ്റവുമധികം ഭൂമി വിട്ടുകൊടുത്തത് പി.ജെ. സെലസ്റ്റിന്‍ മാസ്റ്ററായിരിക്കും. മാഷിന്റെ 74 സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ പിടിച്ചെടുത്തത്. മാഷിന്റെ വീടാണ് ആദ്യം ഇടിച്ചുനിരത്താനായി റവന്യൂ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുത്തതും. പക്ഷേ, മാഷിന് പുനരധിവാസ പാക്കേജ് പ്രകാരമുള്ള ഭൂമി ഇതുവരെ ലഭിച്ചിട്ടില്ല. അത് നല്‍കാത്തതെന്തെന്ന ചോദ്യത്തിന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന മറുപടിയാണ് ജില്ലാകലക്ടര്‍ക്ക് നല്‍കാനുള്ളത്. പാക്കേജനുസരിച്ച് ഭൂമി ലഭിക്കാത്ത മറ്റൊരാള്‍ സുഭദ്ര പരമേശ്വരനാണ്. കുടിയൊഴിപ്പിക്കലിനെത്തിയ ഉദ്യോഗസ്ഥര്‍ ബലപ്രയോഗത്തിലൂടെ സുഭദ്രയുടെ സമ്മതപത്രം വാങ്ങാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. കുഴഞ്ഞുവീണ സുഭദ്രയുടെ വിരലടയാളം പതിപ്പിച്ചാണ് എന്‍.ജി.ഒ യൂനിയന്റെ പ്രമുഖ നേതാവടക്കമുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ ദൗത്യം നിറവേറ്റിയത്. കുടികിടപ്പവകാശമായി കിട്ടിയ
അഞ്ചുസെന്റായിരുന്നതിനാല്‍ സുഭദ്രയും സാങ്കേതിക പ്രശ്‌നങ്ങളുടെ കുരുക്കിലാണ്. പുനരധിവാസ ഭൂമി കിട്ടണമെങ്കില്‍ ഈ കുരുക്കുകളെല്ലാം അഴിയേണ്ടതുണ്ട്.
36 മാസമായി വാടകവീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് 13 മാസത്തെ വാടക മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. നഷ്ടപരിഹാരമായി നല്‍കിയ പിച്ചക്കാശില്‍നിന്ന് 12 ശതമാനം തുക ആദായനികുതിക്കാര്‍ കൈയിട്ടുവാരുകയും ചെയ്തു. പാക്കേജിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിരുന്നു ഇത്.
പുനരധിവാസം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നത് ഇതാദ്യമല്ല. നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നല്‍കിയ വാഗ്ദാനം കുടുംബത്തിലൊരാള്‍ക്ക് ജോലി നല്‍കാമെന്നായിരുന്നു. വിമാനത്താവളം പ്രവര്‍ത്തനക്ഷമമായപ്പോള്‍ ജോലിതേടി ചെന്നവരോട് വിമാനത്താവള അതോറിറ്റി ചെയര്‍മാന്‍ പറഞ്ഞത് പൈലറ്റ് ലൈസന്‍സുള്ളവര്‍ക്ക് ജോലി നല്‍കാം എന്നാണ്. അതുകേട്ട് ആ പാവങ്ങള്‍ക്ക് തിരിച്ചുപോകേണ്ടിവന്നു. മൂലമ്പിള്ളിക്കാര്‍ക്കും ജോലി വാഗ്ദാനമുണ്ടായിരുന്നു. വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ ബി.ഒ.ടി പദ്ധതിയായതിനാല്‍ ജോലി നല്‍കാനാവില്ല എന്നാണ് പോര്‍ട്ട് അധികൃതര്‍ മറുപടി നല്‍കിയത്
വല്ലാര്‍പാടം പദ്ധതിക്കായി ഒഴിപ്പിക്കപ്പെട്ട 326 കുടുംബങ്ങള്‍ക്ക് ഏഴ് പ്രദേശങ്ങളിലായാണ് സ്ഥലം അനുവദിച്ചത്. മുളവുകാട്, കാട്ടാത്ത് കടവ്, കടമക്കുടി പടിഞ്ഞാറെ തീരം, വടുതല, ചേരാനല്ലൂര്‍ തൈക്കാവ്, വാഴക്കാല, അതിരൂര്‍ എന്നിവിടങ്ങളില്‍. പക്ഷേ, ലഭിച്ച സ്ഥലങ്ങള്‍ വാസയോഗ്യമല്ലാത്തതിനാല്‍ പലരും ഭൂമി സ്വീകരിച്ചിട്ടില്ല. ചിലയിടങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമി കേസുകള്‍ നിലവിലുള്ളവയുമായിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ശിഷ്ടകാലം കേസുനടത്തി ജീവിക്കട്ടെ എന്നായിരിക്കും സര്‍ക്കാറിന്റെ നിലപാട്.
കുടിയൊഴിപ്പിക്കലുകള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ. കേരളത്തിലെ ഓരോ വ്യക്തിയും ഭയപ്പാടോടെ മാത്രമേ ഇനിയുറങ്ങാവൂ എന്നതാണ് അവസ്ഥ. എവിടെ, ഏതെല്ലാം തരത്തിലുള്ള വികസനപദ്ധതികളാണ് വരുകയെന്ന് ആര്‍ക്കുമറിയില്ല. വികസനപദ്ധതിയാണെങ്കില്‍ അത് ബി.ഒ.ടി ആയിരിക്കും. ബി.ഒ.ടി മുതലാളിമാര്‍ക്ക് സ്ഥലമേറ്റെടുത്ത് നല്‍കേണ്ട ബാധ്യത സര്‍ക്കാറിനായതിനാല്‍ ഒഴിപ്പിക്കലുകള്‍ അനിവാര്യം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാതയോരങ്ങളില്‍ വമ്പന്‍ കുടിയൊഴിപ്പിക്കലിനുള്ള ബി.ഒ.ടി പദ്ധതികള്‍ പുരോഗമിക്കുകയാണ്. പുനരധിവാസത്തെക്കുറിച്ചുള്ള കപട വാഗ്ദാനങ്ങളും വ്യാജ കണക്കുകളും മുഴങ്ങുന്നുണ്ട്.
എന്തായാലും മൂലമ്പിള്ളി കേരളത്തിനൊരു മാതൃകയാണ്. സര്‍ക്കാറിന്റെ പുനരധിവാസ തട്ടിപ്പിന്റെ മാതൃക.