ശബ്ദം വീണ്ടെടുത്ത പൂവ് | Madhyamam Weekly
Weekly


ശബ്ദം വീണ്ടെടുത്ത പൂവ്

ദീദി ദാമോദരന്‍

‘‘Women exist, of course; but ‘women’ is also the name for a homogenous population invented by a technology of power of a normative type by virtue of a natural pseudo identity’’
Judith Revel*

വാക്കുകള്‍ ഉച്ചരിക്കാനാവാതെ നിന്നുപോയ ഒരു നിമിഷത്തിന്‍െറ വേദനയില്‍നിന്നുമാണ് ഈ എഴുത്ത്. പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറയാനാവാതെ പോകുന്നതിലും നിര്‍ഭാഗ്യകരമായി മറ്റെന്താണുള്ളത്?
തന്‍േറടത്തിന്‍െറ മുദ്രകള്‍ പതിപ്പിച്ചുകൊണ്ട് കാവ്യ തന്‍െറ പുതിയ ഇരിപ്പിടം പ്രകാശനം ചെയ്യുകയായിരുന്നു കൊച്ചിയിലെ പ്രൗഢഗംഭീരമായ ആ സദസ്സില്‍. ശബ്ദത്തിന്‍െറ വീണ്ടെടുപ്പ് ഒരാഘോഷമാക്കിമാറ്റിക്കൊണ്ട് ഒരു സ്ത്രീ പിടിച്ചുപറ്റിയ ഈ ഇരിപ്പിടം ഓരോ സ്ത്രീക്കും അഭിമാനിക്കാവുന്ന മുഹൂര്‍ത്തമായിരുന്നു. ആ ചടങ്ങിന്‍െറ ചരിത്രപ്രാധാന്യം മുന്നില്‍ കാണാമായിരുന്നു. പക്ഷേ, സംസാരിക്കാന്‍ വിളിച്ചപ്പോള്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല. വേദിയില്‍വെച്ച് കണ്ഠമിടറിപ്പോയി. എനിക്ക് എന്നോടുതന്നെ പൊറുക്കാവുന്നതിലും അധികമായിരുന്നു അത്.
കാവ്യ ഒരു പൂവാണ്, ആ പൂവിനെ വേദനിപ്പിക്കരുത് - കവിതയുടെ ആള്‍രൂപമായ ഒ.എന്‍.വി. കുറുപ്പ് പറഞ്ഞു. ഒരുകാലത്ത് സ്വന്തം സിനിമകളില്‍, സ്വന്തം ശബ്ദത്തില്‍, മൊഴിയറിയിക്കാനുള്ള അവകാശത്തില്‍നിന്നുപോലും ഒഴിവാക്കപ്പെട്ട ശബ്ദത്തിന്‍െറ ഉടമയാണ് കാവ്യ. അതേ ശബ്ദത്തില്‍ കാവ്യ സ്വയം എഴുതി ഈണമിട്ട് പാടിയ പാട്ടുകളെ പുറത്തിറക്കാന്‍ ജ്ഞാനപീഠമേറിയ കവിതന്നെയെത്തി. അദ്ദേഹം കാവ്യയെ വിശേഷിപ്പിച്ച ‘പുഷ്പ’ രൂപകത്തെ പിന്നീട് പ്രസംഗവേദിയെ അലങ്കരിച്ച സഹപ്രവര്‍ത്തകരായ മമ്മൂട്ടിയും കെ.പി.എ.സി. ലളിതയും കമലും സിദ്ദീഖും ലാല്‍ജോസും ദിലീപും ഭാഗ്യലക്ഷ്മിയും സുജാതയും വിനീതും വിനീത്കുമാറും ജ്യോത്സനയുമൊക്കെ പിന്തുടര്‍ന്നു-പൂവിനെ കണ്ടാസ്വദിച്ചാല്‍ മതി, അതിനെ കീറിമുറിച്ച് പഠിച്ച് അതിന്‍െറ ഭംഗികളയരുത്! എല്ലാവരും ആവര്‍ത്തിച്ചു.
പക്ഷേ, കാവ്യ ചെയ്തതെന്താണെന്നു മാത്രം ആരും പറഞ്ഞില്ല. കണ്ടതായി ഭാവിച്ചില്ല. പറഞ്ഞാവര്‍ത്തിച്ചതൊക്കെ കാവ്യ എത്രമാത്രം ഒരു പൂവുപോലുള്ള മനസ്സിന്‍െറ ഉടമയാണ് എന്ന സ്നേഹവാത്സല്യം മാത്രം. ആരും പറയേണ്ടത് പറയുന്നില്ലല്ലോ എന്ന് ആശങ്കിച്ചുകൊണ്ടേയിരുന്നപ്പോള്‍ അപ്രതീക്ഷിതമായി സദസ്സില്‍നിന്ന് വേദിയിലേക്ക് ക്ഷണിക്കപ്പെട്ടപ്പോള്‍ പശ്ചാത്തലത്തില്‍ മൈക്കിലൂടെ മുഴങ്ങിക്കേട്ട ‘അച്ഛന്‍ ദാമോദരന്‍ മാഷിന്‍െറ സ്മരണകളില്‍’ ഞാന്‍ തപ്പിത്തടഞ്ഞുവീണു - പിന്നെ ‘‘മനസ്സുകൊണ്ട് കാവ്യ വിളിച്ചപ്പോള്‍ വരാതിരിക്കാനായില്ല’’ എന്നുമാത്രം പറഞ്ഞൊപ്പിച്ച് വേദിയില്‍നിന്ന്  രക്ഷപ്പെടുകയായിരുന്നു. പിന്നീട് അതൊരു തീരാത്ത ഖേദമായി. ശബ്ദങ്ങള്‍ വീണ്ടെടുക്കപ്പെടുമ്പോഴേ തിരുത്തുകളുണ്ടാകൂ.

ഒളിച്ചുകടത്തിയ തിരുത്ത്
പൂവിന്‍െറ വേഷത്തില്‍ ഒളിച്ചുകടത്തിയ ഒരു തിരുത്താണ്  കാവ്യ പാട്ടിലൂടെ നിറവേറ്റിയത്. അതൊരു മാതൃകയാണ്; ഏത് സ്ത്രീക്കും പിന്തുടരാവുന്ന മാതൃക. അത് അന്നവിടെ കൂടിയ സ്ത്രീകള്‍ക്ക് മനസ്സിലായിട്ടുണ്ട്. സ്വന്തം കഞ്ഞിയില്‍ മണ്ണുവാരിയിട്ടുകൊണ്ടാണെങ്കിലും കാവ്യ സ്വന്തം ശബ്ദത്തില്‍തന്നെ സിനിമയില്‍ സംസാരിക്കണമെന്ന് ഭാഗ്യലക്ഷ്മിയും കാവ്യക്ക് പ്രത്യേകമായൊരു ശബ്ദമുണ്ടെന്നും അതില്‍തന്നെ പാടണമെന്ന് സുജാതയും പറഞ്ഞത് അതുകൊണ്ടാണ്.

വിപ്ളവങ്ങള്‍  രണ്ടുരീതിയില്‍ നടത്താം. ഒന്ന്, തങ്ങള്‍ നടത്തുന്നത് വിപ്ളവമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പോരാട്ടം. അവിടെ സ്ത്രീ ഒരു പോരാളിയാണ്. സ്ത്രീ ഞാനൊരു ഫെമിനിസ്റ്റാണെന്ന നിലപാടെടുക്കുന്നു. പൊതുസമൂഹത്തിലും കുടുംബത്തിലുമൊക്കെ  ഒറ്റപ്പെട്ടുപോകുമ്പോഴും അവള്‍ പോരാട്ടം നിര്‍ത്തില്ല. ഞാന്‍  മരിക്കുമ്പോള്‍ എന്‍െറ ശവകുടീരത്തിനു മുകളില്‍ കൊത്തിവെക്കേണ്ടത് ആദ്യമായും അവസാനമായും ഞാന്‍ ഒരു ഫെമിനിസ്റ്റായിരുന്നു എന്ന് വില്‍പ്പത്രത്തില്‍ എഴുതി ഒപ്പിട്ടുവെക്കുന്നതരം പോരാട്ടം. മതദ്രോഹവിചാരണകള്‍ക്കും പാര്‍ട്ടിവിലക്കുകള്‍ക്കും പിശാചുവേട്ടകള്‍ക്കും വഴങ്ങാത്തതരം പോരാട്ടം. അങ്ങനെ ചാവേറുകളാവാന്‍ ആള് കുറവായിരിക്കും.
രണ്ടാമത്തേത് - ‘‘എനിക്കൊന്നുമറിയില്ല; അയ്യോ, ഞാനൊരു ഫെമിനിസ്റ്റേ അല്ലേ; ഞാനൊരു പാവം പെണ്ണാണേ; വെറും മണ്ടിപ്പെണ്ണ്...’’എന്നിങ്ങനെയുള്ള നിലവിളികളെ മുന്‍നിര്‍ത്തിയുള്ള ഗറിലാരീതികളാണ്. അടിച്ചമര്‍ത്തപ്പെട്ട ലിംഗപദവിയെ പെണ്ണ് തിരിച്ചിട്ട് ഉപയോഗിക്കുന്ന വിദ്യയാണിത് - കാവ്യ ഇതില്‍ രണ്ടാമത്തെ മാതൃകയാണ് സ്വീകരിച്ചിട്ടുള്ളത്.

ഏതൊരു പെണ്ണിനും ഏതൊരു എഴുത്തുകാരിക്കും ഏത് നടിക്കും താന്‍ അകപ്പെട്ടുകിടക്കുന്നതും എടുത്തുപയോഗിച്ച് പെരുമാറേണ്ടതുമായ ‘നായികാവസ്ഥ’ എന്തെന്ന് മറ്റാരും പഠിപ്പിക്കാതെതന്നെ നന്നായി തിരിച്ചറിയാനാവും. എന്നാല്‍, മിക്കവാറും അതവള്‍ തുറന്നുപറയാറില്ല എന്നുമാത്രം. അങ്ങനെ തുറന്നുപറയാതിരിക്കുന്നതിന് ഓരോ സ്ത്രീക്കും ഒരായിരം കാരണങ്ങളുണ്ട്. തുറന്നുപറച്ചില്‍ തന്നെത്തന്നെ ഒറ്റുകൊടുക്കുന്നതുപോലെയാണ്.
ഒരിക്കല്‍ നടി സീമച്ചേച്ചിയെക്കുറിച്ച് ഒരു പുസ്തകമെഴുതുന്നതിനായി അവരുമായി ഏര്‍പ്പെട്ട ദീര്‍ഘസംഭാഷണങ്ങള്‍ക്കിടയില്‍ അവര്‍ പറഞ്ഞകാര്യം ഇതൊന്നും താന്‍ പുസ്തകത്തിനായല്ല പറയുന്നത് എന്നാണ് - ഒരു പെണ്ണിന് പെണ്ണിനോട് മാത്രം പറയാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ട് എന്ന് സീമച്ചേച്ചി ഓര്‍മിപ്പിച്ചു. അതാണ് സ്വകാര്യം. മാധവിക്കുട്ടി എന്തുകൊണ്ട് തന്‍െറ ‘എന്‍െറ കഥ’യെ വെറുമൊരു കഥമാത്രമാണെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു എന്നത് എനിക്കപ്പോഴാണ് മനസ്സിലായത്. ഈ ലോകത്ത് ഒരു പെണ്ണിന്‍െറ ആത്മകഥയുടെ അസാധ്യതയെ അത് കുറിക്കുന്നു. അതെത്രമാത്രം ഭയങ്കരന്മാരായ ഒളിഞ്ഞുനോട്ടക്കാരാലും സദാചാരപൊലീസിനാലും വലയംചെയ്യപ്പെട്ടാണ് രൂപംകൊള്ളുന്നത് എന്ന് ഓരോ വാക്കിലും പെണ്ണറിയുന്നുണ്ട്.
‘‘പെണ്‍കുട്ടികളുടെ
പ്രണയകവിതകള്‍
ചിലപ്പോള്‍ മാത്രമേ തീയില്‍നിന്ന്
രക്ഷപ്പെടാറുള്ളൂ; അച്ഛന്‍െറ തീ,
ഏട്ടന്‍െറ തീ, അമ്മയുടെപോലും;
അവരുടെ അമ്മയില്‍നിന്ന്
പകര്‍ന്നത്...’’
എന്നാണ് കവി സച്ചിദാനന്ദന്‍ തന്‍െറ ഏറ്റവും പുതിയ ‘കരിഞ്ഞ കവിത’യില്‍ പാടുന്നത്. അതിജീവനത്തിന്‍െറ നാള്‍വഴികളില്‍ ആത്മകഥയിലെ വെളിപാടുകള്‍ സ്വന്തം നിലയെ കൂടുതല്‍ അപായപ്പെടുത്തിയേക്കുമെന്ന തിരിച്ചറിവാണ് മാധവിക്കുട്ടിയെയും സീമച്ചേച്ചിയേയുമൊക്കെ സാധ്യമായ മഹത്തായ ആത്മകഥകളില്‍നിന്ന് മുഖംതിരിക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ടാവുക. ‘‘അയ്യോ ഞാനൊരു ഫെമിനിസ്റ്റേ അല്ലേ’’ എന്ന് ചിരിക്കുന്ന ഓരോ പെണ്ണിന്‍െറ ചിരിയുടെ പിറകിലും ഒരു കരച്ചില്‍കൂടിയുണ്ട്.
എന്നാല്‍, കൊച്ചുകാവ്യ ‘കാവ്യദള’ങ്ങളില്‍ പ്രണയമഴ പെയ്യിക്കുന്നു. അച്ഛനും അമ്മയും മാത്രമല്ല ഒ.എന്‍.വിയും മമ്മൂട്ടിയും അടക്കമുള്ള ചലച്ചിത്രലോകം മുഴുക്കെ നോക്കിനില്‍ക്കെ തീവ്രമായ പ്രണയാഭിലാഷങ്ങളുടെ മഴയില്‍ സ്വന്തം പാട്ടുകളെ, ഈണങ്ങളെ അഴിച്ചുവിട്ടിരിക്കുകയാണ് കാവ്യ.

‘‘ഒരു പൊന്‍വീണയായി
ഞാന്‍ മാറുന്നു
കാറ്റിന്‍ കലിതാളത്തില്‍
ഞാന്‍ പാടുന്നു...’’
കലിതാളത്തില്‍ കാവ്യ പാടുന്നത് പ്രണയമാണ്. ഹിന്ദു-മുസ്ലിം പ്രണയമെന്നു കേട്ടാല്‍ വാളെടുക്കുന്ന നാട്ടില്‍ ‘തട്ടത്തിന്‍ മറയത്ത്’എടുത്ത് യുവതീയുവാക്കളെക്കൊണ്ടും അവരുടെ അച്ഛനമ്മമാരെക്കൊണ്ടും കൈയടിപ്പിച്ച വിനീത് ശ്രീനിവാസന്‍െറ പ്രണയകലാപത്തിലും വലിയ കലാപമാണ് ‘കാവ്യദള’ങ്ങളിലൂടെ കാവ്യ കെട്ടഴിച്ചുവിട്ടിട്ടുള്ളത്. അതിരൂക്ഷമായ വികാരങ്ങളുടെ ക്രോഡീകരണം കാവ്യ അതില്‍ ഉള്ളടക്കംചെയ്തിട്ടുണ്ട്. ആണെഴുതിയ പെണ്‍പാട്ടല്ലത്, പെണ്ണിന്‍െറ ആത്മഗാനമാണ്. അത് മലയാളികള്‍ അങ്ങനെയൊന്നും പാട്ടായി കേട്ടിട്ടില്ല.
കാര്യങ്ങള്‍ ചെയ്യാനും ചെയ്യിക്കാനുമുള്ള കഴിവ് ആര്‍ജിച്ച കാവ്യയെയാണ് ഇവിടെ നാം കാണുന്നത്. ചെയ്യാനും പറയാനുമുള്ളതിനെക്കുറിച്ച് പൂര്‍ണബോധ്യമുള്ള ഒരു സ്ത്രീ തന്‍െറ നിശ്ചയദാര്‍ഢ്യത്തെ തന്‍െറതന്നെ മൃദുലമായ ‘പുഷ്പ’ പ്രതിച്ഛായ ഉപയോഗിച്ച് ഒളിച്ചുകടത്തുകയാണ്. ഇതും വിപ്ളവംതന്നെയാണ്. അധികാരം പിടിച്ചെടുക്കലും സ്ഥാപിക്കലുമാണ്.
‘പൂവ്’ എന്ന രൂപകം പ്രസരിപ്പിക്കുന്ന അര്‍ഥങ്ങള്‍ പലതാണ്. അതിന്‍െറ മൃദുത്വവും സുഗന്ധവും നിങ്ങള്‍ക്ക് നുകരാം. ഉള്ളില്‍ കരുതിവെച്ച തേനും ആസ്വദിക്കാം. വാത്സ്യായനന്‍െറ ‘കാമസൂത്ര’ത്തിലെന്നപോലെ മടുത്തെങ്കില്‍ തറയിലുപേക്ഷിക്കാം. ചവിട്ടിയരയ്ക്കാം. പൂവിന് തിരിച്ച് നിങ്ങളെ ഒന്നും ചെയ്യാനാവില്ല. അതിന് ആയുസ്സും കുറവാണ്. പെണ്‍കാമസൂത്രത്തിലൂടെ ഇതിന്‍െറ മറുമൊഴി തീര്‍ത്തുകൊണ്ട് ഇന്ദിര മലയാളികളുടെ ചിന്തയെ തീ പിടിപ്പിച്ചുതുടങ്ങിയിട്ടേയുള്ളൂ. കാവ്യയും ഇതുതന്നെയാണ് തിരിച്ചുപയോഗിക്കുന്നത്.
ആണുങ്ങളെഴുതിയ വരികള്‍ക്ക് ആണുങ്ങള്‍ ഈണമിട്ടതിന് ആരോ പാടുന്ന ശബ്ദത്തിനൊത്ത് ചുണ്ടനക്കുക മാത്രം ചെയ്തുപോന്ന കാവ്യ സ്വന്തം ചിന്തകളെ, അനുഭവതലങ്ങളെ വാക്കുകള്‍കൊണ്ട് വരികളാക്കി, ആത്മതാളംകൊണ്ട് ഈണമിട്ട് സ്വന്തം ശബ്ദത്തില്‍ പാടാന്‍ തുടങ്ങിയിടത്ത് കാവ്യ വിപ്ളവം അവസാനിപ്പിച്ചില്ല; മലയാള സിനിമയിലെ തലതൊട്ടപ്പന്മാരെക്കൊണ്ട് കൊടി ഉയര്‍ത്തിച്ച്, സിനിമാക്കാരെക്കൊണ്ടും മാധ്യമപ്രവര്‍ത്തകരെക്കൊണ്ടും കൈയടിപ്പിച്ചപ്പോഴാണ് കാവ്യ എന്ന ഗറില തന്‍െറ ഒളിപ്പോരാട്ടം പൂര്‍ത്തീകരിക്കുന്നത്.
കാവ്യ വെറും പൂവല്ല. മുള്ളുള്ള, മനസ്സുള്ള പൂവാണ്. തൊട്ടാല്‍ വാടാത്ത ആ മുള്ളാണ് ആ പൂവിന്‍െറ രഹസ്യം. കാവ്യയില്‍ മീര പാടുന്നു.
‘‘അഴിക്കട്ടെ കസവിനാല്‍
കനംതൂങ്ങുമുടുപ്പുകള്‍
അവക്കുള്ളില്‍ ശ്വാസംമുട്ടി-
പ്പിടയുന്നു ഞാന്‍’’

എന്ന് പ്രിയകവി സച്ചിദാനന്ദന്‍ ഭക്തമീരയുടെ നിശ്ശബ്ദതകള്‍ക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. ശബ്ദത്തിന്‍െറ വീണ്ടെടുപ്പ് മീരയുടെ പാട്ടായി മാറുകയാണ് സച്ചിദാനന്ദനില്‍.
മീരായനം ഓരോ പെണ്ണിന്‍െറയും ജീവചരിത്രമാണ് (ആത്മകഥയല്ല). അത് നായികയുടേതായാലും അല്ലെങ്കിലും. മഹാഭൂരിപക്ഷം സ്ത്രീകളും ഒന്നും കേള്‍പ്പിക്കാനാവാതെ നിശ്ശബ്ദതയില്‍ അവസാനിക്കുന്ന ജീവിതമാണ് ജീവിച്ചുപോരുന്നത്. അവസാനമെത്തുമ്പോഴും  മാധവിക്കുട്ടിയുടെ ‘കോലാടി’നെപ്പോലെ മരണക്കിടക്കയിലും അടുക്കളയില്‍ പരിപ്പു കരിയുന്നുണ്ടോ എന്ന തീരാത്ത ആശങ്കയില്‍ സ്ത്രീകള്‍ അവരുടെ സ്വപ്നങ്ങളെ ചിതയില്‍വെക്കും. സ്വയം ദഹിപ്പിക്കുന്ന വേദനയുടെ ഈ കടല്‍ നീന്തിക്കടക്കുന്നവര്‍ ചുരുക്കം. വെറുമൊരു കോലാടായി എരിഞ്ഞടങ്ങാതെ തന്‍േറടത്തിന്‍െറ കരപറ്റി വഴിവിളക്കായി നില്‍ക്കുകയാണ് കാവ്യയുടെ പാട്ട്. അത് ചരിത്രമാകുന്നത് എണ്‍പതു വയസ്സ് പിന്നിട്ട മലയാള സിനിമയുടെ തറവാട്ടില്‍ നിശ്ശബ്ദമാക്കപ്പെട്ട പെണ്‍ജീവിതങ്ങളുടെ വിലയറിയുമ്പോഴാണ്. പാട്ടെഴുതി, ഈണമിട്ട്, പാടി അതിന്‍െറ ഒരു പ്രകാശനരൂപം നല്‍കാന്‍ എത്ര സ്ത്രീകള്‍ക്ക് കഴിഞ്ഞു എന്ന ശൂന്യതയില്‍ അലയുമ്പോഴാണ് കാവ്യ ചെയ്തതെന്തെന്നതിന്‍െറ പ്രാധാന്യം തിരിച്ചറിയാനാവുക.  

നിശ്ശബ്ദതയുടെ സംസ്കാരം
പെണ്ണിന്‍െറ  നിശ്ശബ്ദതയിലാണ് നമ്മുടെ സംസ്കാരം അതിന്‍െറ കോട്ടകൊത്തളങ്ങള്‍ പടുത്തുയര്‍ത്തിയിട്ടുള്ളത്. അതുകൊണ്ടാണ് തീരുമാനമെടുക്കപ്പെടുന്ന ഇടങ്ങളിലൊന്നും ഇന്നും ഒരു പെണ്ണ് വേണമെന്ന് പൊതുസമൂഹത്തിന് തോന്നാത്തത്. ജനസംഖ്യയില്‍ പാതിവരുന്ന സ്ത്രീസമൂഹത്തിന് ഈ പറയുന്ന ‘പൊതു’സമൂഹത്തിലുള്ള പ്രാതിനിധ്യംമാത്രം നോക്കിയാല്‍ മതി,  പൊതുസമൂഹം എന്നു വിളിക്കപ്പെടുന്ന സംവിധാനങ്ങളെല്ലാംതന്നെ എത്രമാത്രം സ്ത്രീവിരുദ്ധമാണെന്ന് തിരിച്ചറിയാന്‍. അത് വഴി മനുഷ്യത്വവിരുദ്ധവും.
സിനിമയില്‍ പെണ്ണിന് സ്വന്തമായി ശബ്ദം വേണ്ടതുണ്ടോ? വേണമെന്നില്ലെന്ന് ഏത് നായികയുടെ ചരിത്രവും തെളിവ് നല്‍കും. നായകന്‍െറ ജൈത്രയാത്രയുടെ ഒരു ചേരുവ മാത്രമാണ് നായിക. 1928ല്‍ തുടങ്ങിയ നമ്മുടെ ‘വിഗതകുമാര’ന്മാരുടെ കുതിച്ചുപാച്ചിലില്‍ ഇവിടെ രൂപപ്പെട്ടത് മാതൃശൂന്യമായ ചരിത്രമാണ്. അത് ആദ്യസിനിമയില്‍നിന്നുതുടങ്ങുന്നു. അത് ആദ്യനായികയില്‍നിന്നു തുടങ്ങുന്നു. പി.കെ. റോസിയെ മലയാള സിനിമയുടെ മാതാവായി നാം ഇനിയും രേഖപ്പെടുത്തിയിട്ടില്ല. അവരുടെ മുഖംപോലും നമുക്കറിയില്ല. അവരെ ജന്മനാട്ടില്‍നിന്നും ചരിത്രത്തില്‍നിന്നുതന്നെയും തുരത്തിയോടിച്ചുകൊണ്ടുള്ള ഒരു ചരിത്രമാണ് ഇവിടെ രചിക്കപ്പെട്ടത്. പെറ്റുപോറ്റിയവര്‍ക്ക് ഇടമില്ലാത്ത, വെട്ടിപ്പിടിച്ചവര്‍ക്കുമാത്രം ഇടമുള്ള ചരിത്രമായതുകൊണ്ടാണ് നമുക്ക് എഴുന്നള്ളിക്കാന്‍ ഒരു രാഷ്ട്രമാതാവില്ലാതെ പോയത്. ‘ഭാരത് മാതാ’ ഒരു സങ്കല്‍പവും രാഷ്ട്രപിതാവ് ഗാന്ധിജി ഒരു യാഥാര്‍ഥ്യവുമാണ്.
(അധികാരത്തിനുവേണ്ടി വെട്ടിവീഴ്ത്തുന്ന രാജാക്കന്മാരുടെ ചരിത്രം സാമൂഹികപാഠമായി പഠിപ്പിക്കുന്ന നമുക്ക് രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറ്റമാകുന്നത് എങ്ങനെയാണ്? പെറ്റുപോറ്റിയവരെ ചരിത്രത്തിന്‍െറ  അന്ത$പുരങ്ങളില്‍ അടച്ചിട്ട് വെട്ടിവീഴ്ത്തിയവരെ ചരിത്രപുരുഷന്മാരായി നെഞ്ചിലേറ്റുന്ന നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും സാംസ്കാരികനായകന്മാര്‍ക്കും അക്രമരാഷ്ട്രീയം അപലപനീയമാവുന്നതിന്‍െറ യുക്തി എന്താണ്? സമകാലിക കേരളത്തിന് സഖാവ് രമയെ കാണപ്പെടാനും കേള്‍ക്കാനും (visible and audiable) സഖാവ് ചന്ദ്രശേഖരനെ നമുക്ക് ബലികൊടുക്കേണ്ടിവന്നു.)
സിനിമകളില്‍ വന്നിട്ട് രണ്ടു പതിറ്റാണ്ടായിട്ടും കാവ്യക്ക് സ്വന്തം ശബ്ദം കേള്‍പ്പിക്കാനായത് വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രമാണ്. സ്വന്തം മനസ്സില്‍നിന്നുയരുന്ന ശബ്ദമോ? അതിന് 2012 വരെ കാത്തിരിക്കേണ്ടി വന്നു-‘കാവ്യദള’ങ്ങള്‍ പുറത്തുവരുന്നത് വരെ.

മിനുസ്സപ്പെടുത്താത്ത ശബ്ദം
ഓരോരുത്തരുടെയും വ്യക്തിത്വം അവരവരുടെ ശബ്ദത്തില്‍ നമുക്കറിയാം. സ്വന്തം ശബ്ദത്തിന്മേലുള്ള നിയന്ത്രണം തകര്‍ത്തുകളയുകയാണ് സിനിമ ആദ്യമായി ഓരോ നായികമാരോടും ചെയ്യുന്നത്. സിനിമയില്‍ നായികക്ക് എന്നും വേണ്ടത് മിക്കവാറും കൊഞ്ചലിനോടടുത്ത, വിധേയത്വം പ്രസരിപ്പിക്കുന്ന മിനുസ്സപ്പെടുത്തിയ ശബ്ദങ്ങളാണ്. കാവ്യയും ഇതിന് അപവാദമായില്ല. സ്വന്തം ശബ്ദം കൊള്ളില്ല എന്ന ബോധമാണ് ചലച്ചിത്രലോകം ആദ്യമേതന്നെ അവള്‍ക്കുമേല്‍ പണിതത്. പൂര്‍ണമായതിനെ അംഗഭംഗം വരുത്തി നിശ്ശബ്ദമാക്കുക എന്ന നയംതന്നെയാണിത്.
 സിനിമയില്‍ പെണ്ണ് സംസാരിക്കുന്നതായി നാം കേള്‍ക്കുന്നത് ആണെഴുത്തിന്‍െറ ഇംഗിതങ്ങള്‍ മാത്രമാണ്. പെണ്ണെഴുത്തിന് അവിടെ ഇടമുണ്ടായിട്ടില്ല. ആണെഴുത്താണ് എഴുത്തായി അവതരിപ്പിക്കപ്പെടുന്നത്. അവിടെ ‘പെണ്ണെഴുത്ത്’ എന്ന പദംപോലും പരിഹാസ്യമാണ്.
‘‘To be able to exist, women have been forced to say:  ‘We are not like men. We need to be seperate, to be different, to invent ourselves on the basis of this difference that we posit and which makes us exist as women’  Judith Revel.’’
പെണ്ണെഴുത്തിന് സിനിമയില്‍ ഇന്നുവരെയും കടന്നുകയറാനാവാത്തതുകൊണ്ടു മാത്രമാണ് അതിജീവനത്തിന്‍െറ പെണ്‍വഴികളില്‍ പിടിച്ചുനിന്ന നമ്മുടെ വലിയ നായികമാര്‍ പഠിക്കപ്പെടാതെപോയത്. മുഖ്യധാര പഠിച്ചുകൊണ്ടിരിക്കുന്നത് പഠിക്കപ്പെട്ടവരെത്തന്നെയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ശ്രീനിവാസനും ആവര്‍ത്തിച്ചാവര്‍ത്തിച്ച് കണ്ടുപിടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
നായകന്മാര്‍ ഓടിയ ദൂരത്തെക്കാള്‍, അവരെക്കാളേറെ ഭാരം ചുമന്ന്, അവരെക്കാള്‍ കുറഞ്ഞ ആനുകൂല്യങ്ങള്‍ മാത്രം പറ്റി, വെള്ളിത്തിരക്കകത്തും പുറത്തും ഓടിക്കൊണ്ടേയിരുന്നാല്‍ മാത്രമേ ഏതൊരു നായികക്കും ഇന്ന് സിനിമയില്‍ കാണപ്പെടുന്നവരെങ്കിലുമായി ഇവിടെ നിലനില്‍ക്കാനാവൂ. അല്ലെങ്കില്‍ സ്വന്തം നിലനില്‍പുപോലും അപകടപ്പെടുത്തുംവിധം വിവാഹം എന്ന മരണത്തിലേക്കോ ആത്മഹത്യ എന്ന ജീവിതത്തിലേക്കോ പറിച്ചെറിയപ്പെടുക എന്നതാണ് പൊതുവായ ‘നായികാവസ്ഥ’. ഇവിടെയാണ് ‘കാവ്യദള’ങ്ങള്‍ സമകാലിക മലയാള സിനിമയിലെ ഏറ്റവും അര്‍ഥപൂര്‍ണവും സമര്‍ഥവുമായ ഒരു പെണ്‍നീക്കമായി മാറുന്നത്; വിവാഹംകൊണ്ടും വിവാഹമോചനംകൊണ്ടും, ഒന്നും ഒതുങ്ങിപ്പോകാത്ത, വീട്ടിലിരുന്നുപോകാത്ത കാവ്യാ മാധവന്‍ എന്ന നായികയുടെ അതിജീവനം പഠിക്കപ്പെടേണ്ട പ്രതിഭാസമായി മാറുന്നത്.

ശബ്ദിക്കുന്ന നായിക
ശബ്ദിക്കുന്ന ഒരു നായികാവസന്തത്തെക്കുറിച്ചുള്ള എന്‍െറയൊരു സ്വപ്നത്തിന്‍െറ പേരിലാണ് ഞാന്‍ കാവ്യയോട് ആദ്യം ചെയ്ത തെറ്റ്. എന്‍െറ പേരില്‍ വന്ന ‘നായിക’യെന്ന ചലച്ചിത്ര ദുരന്തത്തിനുശേഷം മറ്റൊരു സിനിമയിലേക്കും ഇല്ലെന്ന ഉറച്ച തീരുമാനത്തിലിരിക്കുമ്പോഴാണ് ‘നായികാ’പ്രാധാന്യമുള്ള മറ്റൊരു സിനിമ എന്ന പ്രലോഭനവുമായി ഒരു സംവിധായകന്‍ എന്നെ തേടിയെത്തുന്നത്. സ്വാഭാവികമായും അതൊരു കാവ്യാമാധവന്‍ സിനിമയായി സ്വപ്നം കണ്ടു. അതിന് കാവ്യ മറ്റൊരു സിനിമയിലേക്കും പോകാതെ മൂന്നുമാസം കാത്തിരുന്നു.
പൂര്‍ത്തിയാക്കിയ തിരക്കഥ നിര്‍മാതാവിനു കൈമാറിക്കഴിഞ്ഞതിനുശേഷം ഞാനറിയാതെ അതു വായിക്കാന്‍ കൊണ്ടുപോയ നിര്‍മാതാവിന്‍െറ അഞ്ചു സുഹൃത്തുക്കള്‍ (ആണുങ്ങള്‍) രേഖപ്പെടുത്തിയ നിര്‍ദേശം അതില്‍ പെണ്ണ് സംസാരിക്കുന്നു എന്ന കുറ്റമുണ്ട് എന്നാണ്. ചെയ്തത് ബൗദ്ധിക സ്വത്തവകാശത്തിന്മേലുള്ള കടന്നുകയറ്റമായിരുന്നു (Trespass) എന്നുപോലും തിരിച്ചറിയാതെ അവര്‍ പറഞ്ഞു - പെണ്ണിനു വേണ്ടത് സഹനമാണ് - ‘ആകാശദൂത്’ പോലെ.

ഒരാകാശദൂത് എഴുതാന്‍ കഴിവില്ലെന്ന നിലപാടില്‍ ആ പ്രോജക്ട് ഞാന്‍  വിട്ടുപോരുകയാണുണ്ടായത്. ആ സിനിമയുടെ രചനാവേളയിലാണ് ഒരു സ്ത്രീയെന്ന നിലയില്‍ കാവ്യ എന്തു ചിന്തിക്കുന്നു എന്നു ഞാന്‍ അടുത്തറിഞ്ഞത്. അത് ചാനലുകളിലും ചലച്ചിത്രവാരികകളിലും മുഖാമുഖങ്ങളില്‍ കാണുന്ന മുഖമില്ലാത്ത മുഖമല്ല. അപ്പോള്‍ ഞാന്‍ കേട്ട വാക്കുകള്‍ക്ക് അര്‍ഥവും ഭാവങ്ങള്‍ക്ക് വ്യക്തിത്വവുമുണ്ടായിരുന്നു.
വെള്ളിത്തിരയില്‍ കാണുന്ന ഏത് നായികാബിംബത്തെക്കാളും കരുത്തുറ്റവരാണ് യഥാര്‍ഥജീവിതത്തില്‍ ഓരോ നായികയും; കാവ്യയും. മലയാള സിനിമയിലെ ഈ നായികാ പരമ്പരയുടെ അതിജീവനത്തിന്‍െറ വഴികളിലേക്കുള്ള ഒരു പെണ്‍സഞ്ചാരമായിരുന്നു ‘നായിക’എന്ന സിനിമകൊണ്ട് ഞാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, അത് തിരുത്തപ്പെട്ടുപോയി. ആ സിനിമയുടെ പേരിനൊപ്പം എന്‍െറ പേരച്ചടിച്ചുവന്നതിന്‍െറ നാണക്കേടുപോലെ മറ്റൊന്നും ഞാനെന്‍െറ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല. ഇന്നും ഞാനത് കണ്ടിട്ടില്ല. ഒരു വര്‍ഷമേ ജീവിക്കൂ എന്നു പറഞ്ഞ് അര്‍ബുദം എന്‍െറ ആയുസ്സിന്‍െറ പുസ്തകത്തില്‍ ഒപ്പിട്ടപ്പോഴും ഞാന്‍ കരഞ്ഞിട്ടില്ല. എന്നാല്‍, ഞാനെന്‍െറ രാപ്പകലുകളെ സ്വപ്നങ്ങളാക്കിയ ‘നായിക’യെ കച്ചവട വിജയച്ചേരുവകളെക്കുറിച്ച് മുന്നറിവുകളുള്ള വെനീസിലെ വ്യാപാരികള്‍ കൊന്നപ്പോള്‍ ദുരന്തങ്ങള്‍ പ്രഹസനമായേ ആവര്‍ത്തിക്കൂ എന്ന യാഥാര്‍ഥ്യം ഞാനറിയുകയായിരുന്നു. അതെന്നെ കരയിച്ചു. അതായിരുന്നു എന്‍െറ ശരിയായ മരണം.
ഈ മരണത്തിന്‍െറ മുറ്റത്തുനിന്നും വീണ്ടുമെഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ് കാവ്യ എന്‍െറ ജീവിതത്തിലേക്കു വരുന്നത്. കാവ്യ എന്ന നായികയിലൂടെ സ്വന്തം ശബ്ദം വീണ്ടെടുക്കുന്ന ഒരു സ്ത്രീയെ സൃഷ്ടിക്കാനുള്ള ശ്രമത്തിലേക്ക് ഞാന്‍ വന്നത് ജീവിതത്തിലേക്കുള്ള ഒരു തിരിച്ചുവരവായിട്ടുതന്നെയായിരുന്നു - ഈ ലോകം വിട്ടുപോകുംമുമ്പ് ഇനിയും ചിലതുകൂടി പറയാനും ചെയ്യാനും ബാക്കിയുണ്ടെന്ന ബോധ്യത്തിന്‍െറ പിടിച്ചുകയറല്‍. അതും സെന്‍സര്‍മാര്‍ വെട്ടിയിട്ടു. എങ്കിലും ഒരു മുഷിച്ചിലുമില്ലാതെ കാവ്യ എന്ന മിത്രം, സഖാവ്, ഒരുടപ്പിറപ്പായി കൂടെനിന്നു. നഷ്ടമായ മാസങ്ങളെ - ‘‘അങ്ങനെ എത്രയെത്ര മാസങ്ങള്‍’’ എന്ന് ഒരു പോരാളിയെപ്പോലെ വരവുവെച്ചു. പിന്നെ അച്ഛന്‍, ദാമോദരന്‍ മാഷിന്‍െറ ഒരു സിനിമയില്‍പ്പോലും അഭിനയിച്ചിട്ടില്ലെങ്കിലും അച്ഛന്‍െറ സിനിമയിലൂടെ എണ്‍പതുകളിലെ വെള്ളിത്തിരയില്‍ തിളങ്ങിയ നായികമാരൊന്നുംതന്നെ കാട്ടാത്ത സ്നേഹസാന്ത്വനമായി കാവ്യ അച്ഛന്‍െറ വേര്‍പാടില്‍ വീട്ടിലെത്തി. നടക്കാതെ പോയ സ്വപ്നങ്ങള്‍ക്കു പകരംവെക്കാന്‍ സൗഹൃദത്തിന്‍െറ ശബ്ദം കേള്‍പ്പിച്ചു - ഈ ലോകം അങ്ങനെയാണ് ചേച്ചീ, അതെപ്പോഴും നമ്മെ സംസാരിക്കാന്‍ വിടില്ല. നമുക്ക് ഓടിത്തീര്‍ക്കാനുള്ളത് വലിയ ദൂരങ്ങളാണ്. കാത്തിരിക്കാം.

കാവ്യക്ക് ഏഴു വര്‍ഷത്തെ കാത്തിരിപ്പിന്‍െറ അവസാനമായിരുന്നു ‘കാവ്യദള’ങ്ങള്‍. അത് കാവ്യയുടെ മാത്രം സ്വപ്നസാക്ഷാത്കാരമല്ല. ശബ്ദം വീണ്ടെടുക്കപ്പെടാനുള്ള അഗാധമായ ആഗ്രഹത്തില്‍, അടിച്ചേല്‍പിക്കപ്പെട്ട നിശ്ശബ്ദതയുടെ കെണിയില്‍, ഇരുട്ടില്‍, സ്വപ്നങ്ങള്‍ അണയാതെ കാത്തുസൂക്ഷിച്ചുപോരുന്ന ഓരോ പെണ്ണിന്‍െറയും വിജയമാണത്. കാവ്യയില്‍ വീണ്ടും  ‘മീര പാടുന്നു’
‘‘നിറുകയില്‍ നിന്നും മായ്ച്ചു
കളഞ്ഞൊരെന്‍ സിന്ദൂരത്തിന്‍
തുടുപ്പൊരു പുലരിയായ്
പരക്കുവോളം
മിഴികളില്‍നിന്നും മായ്ച്ച
മഷിയില്‍നിന്നൊരു ശ്യാമ
വിമുക്തി
വിഗ്രഹമുയിരെടുക്കുവോളം.’’

മീര പാടിക്കൊണ്ടേയിരിക്കട്ടെ, കാവ്യയും. അവള്‍ ഒരുവളല്ല. ഒരു വംശമാണ്. ഒതുക്കപ്പെട്ടിട്ടും അടങ്ങാത്ത വംശം.

* സ്ത്രീശബ്ദത്തിന് പുതിയ അര്‍ഥംപകരുന്ന ഫ്രഞ്ച് തത്ത്വചിന്തകയായ ജുഡിത്ത് റവേല്‍ പുതിയ സാമ്രാജ്യത്വങ്ങളെ പ്രതിരോധിക്കുന്ന ജനാവലിയുടെ രാഷ്ട്രീയത്തെ മുന്നോട്ടുവെച്ച ഇറ്റാലിയന്‍ ചിന്തകനായ അന്‍േറാണ്യോ നെഗ്രിയുടെ സഹയാത്രികയും സഹശബ്ദവുമാണ്.
 


കവര്‍സ്റ്റോറി

മുന്‍ ലക്കങ്ങള്‍