നിലക്കാത്ത നിലവിളി | Madhyamam Weekly
Weekly


നിലക്കാത്ത നിലവിളി

ഷെഹ് ന ഷാജഹാന്‍

എവിടെയോ അതിക്രൂരമായ ഒരു നിലവിളി
എന്‍ കാതുകളില്‍ വന്നിടിച്ചുകയറുന്നു
ജീവിതത്തിന്‍െറ സ്വപ്നത്തളിക താഴെ വീണതാണോ?
അതോ ഭൂമി അലറിയതാണോ?

പാവം ഭൂമി ഇന്നലെയും ഭയന്നിട്ടുണ്ടാവാം
എന്തിന് ഇന്നലെ മാത്രം ഭയക്കണം?
ഈ കഴിഞ്ഞ കുറെ കാലങ്ങള്‍കൊണ്ട്
നീ ഇത് കാണുന്നതല്ലേ?

ഇന്നലെയും കൊലപാതകങ്ങള്‍
അരങ്ങില്‍ തിളങ്ങിയിരിക്കും
ഇന്നലെയും ശക്തമായ
പ്രക്ഷോഭങ്ങള്‍ വിരുന്നെത്തിയിരിക്കാം.

നീ എത്ര നാളുകള്‍കൊണ്ട്
ഈ മര്‍ത്യനെ ചുമക്കുന്നു
എന്നിട്ടും നിന്‍െറ മനസ്സ്
കല്ലായി മാറാത്തതെന്തേ?

ഹേ! മഠയേ. നിനക്ക് ലജ്ജ-
യാകുന്നില്ലേ കരയാന്‍?
ഈ കണ്ണുനീര്‍ ആരു കാണാന്‍?
എനിക്ക് തീരെ സമയമില്ല.

കരയുന്നവരുടെ കണ്ണീരൊപ്പാം ഞാന്‍
എനിക്കെന്ത് നേട്ടമെന്നറിഞ്ഞാല്‍
ലാഭമില്ലാത്ത കച്ചവടത്തിന്
ഇന്ന് മര്‍ത്യന് താല്‍പര്യമില്ല.

ജീവിതത്തിന്‍െറ തിരക്കേറുന്നു
ഈ രാത്രിയെ നീ പകലാക്കൂ
ഈ കരച്ചിലിനെ നീ പൊതിഞ്ഞുകെട്ടൂ
അത് നമുക്ക് പിന്നീട് ദഹിപ്പിക്കാം.

ഇനിയും ഒരുപാട് നിമിഷങ്ങള്‍
നിനക്കു മുന്നില്‍ കരയാനായ് വന്നീടും
ഇതേ തേങ്ങുന്ന മുഖങ്ങള്‍...
വീണ്ടും നീ അലറരുത്, കരയരുത്.

അതിനുവേണ്ടി കളയാന്‍
ഞങ്ങള്‍ക്ക് സമയമില്ല
വേഗത ഏറിയ കമ്പ്യൂട്ടറുകളാണ്
വിപണിയില്‍ കുന്നുകൂടുന്നത്.

ഞങ്ങള്‍ക്കതിനൊപ്പം
പോകേണ്ടതായുണ്ട്
കരയുന്നവര്‍ക്കുവേണ്ടി
കളയാന്‍ സമയം തികയുന്നില്ല.

എന്‍െറ ഭൂമീ നീ വേഗം കറങ്ങു
നാളെ പുതിയ സിനിമ പുറത്തിറങ്ങും
കാണാന്‍ കൊതിയേറുന്നു
അതു പറഞ്ഞാല്‍
നിനക്കെങ്ങനെ മനസ്സിലാകാന്‍?
കരയുന്നവര്‍ കരഞ്ഞോട്ടെ
കൊല്ലുന്നവര്‍ കൊന്നോട്ടെ
അത് അവന്‍െറ വിധിയാണ്
വിധിയെ തടുക്കാന്‍ ആര്‍ക്കു കഴിയും?

അതിനാല്‍, എനിക്ക് ഒന്നും
ചെയ്യാനാകില്ല
എന്‍െറ മൊബൈല്‍ റിങ്ങുചെയ്യുന്നു
ഒരു മിനിറ്റ്...
ദേ ഞാന്‍ വരുന്നു...
ഹലോ...


കവിത

മുന്‍ ലക്കങ്ങള്‍