
ഉത്തരകാശിയില്‍നിന്ന് ഗംഗോത്രിയിലേക്കുള്ള വഴി പ്രായേണ പ്രയാസരഹിതമായിരുന്നെന്നുവേണം പറയാന്‍. ഏറ്റവുമധികം ശിലാക്ഷതി സംഭവിക്കാവുന്ന പഥമാണത്. കഴിഞ്ഞ രണ്ടോമൂന്നോ തവണ അതിന്‍െറ ഭീകരത അനുഭവിച്ചതുമാണ്. ഗംഗാനാനിയിലെ ഉഷ്ണജലപ്രവാഹം കഴിഞ്ഞ് വീണ്ടും ചെല്ലുമ്പോഴാണ് ഗംഗോത്രി. ക്ഷേത്രത്തിന് ഏതാണ്ട് മൂന്നാലു കിലോമീറ്ററിനപ്പുറം വീണ്ടും ഗതാഗത തടസ്സം ഉളവായിരിക്കുന്നു. ബസില്‍നിന്നിറങ്ങി നടക്കുകയേ നിവൃത്തിയുള്ളൂ. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍കൊണ്ട് ഗംഗോത്രി എന്തുപോലെ പരിഷ്കരിച്ചുകഴിഞ്ഞെന്നു കാണുമ്പോള്‍ സന്തോഷത്തോടൊപ്പം നേരിയ ആതുരത്വവും തോന്നിയേക്കാം. അതിനപ്പുറം ഗോമുഖിലേക്ക് അത്തരം ആര്‍ഭാടങ്ങള്‍ വ്യാപിച്ചില്ലെന്നത് ആശ്വാസകരമാണ്. ഗംഗയുടെ ഉദ്ഭവസ്ഥാനമെങ്കിലും അതേ വന്യതയില്‍ (Wilderness) പരിരക്ഷിക്കപ്പെടട്ടെ. എത്രയോ മാലിന്യങ്ങള്‍ കുമിയുമ്പോഴും ഗംഗ ആന്തരികമായ പരിശുദ്ധി നിലനിര്‍ത്തുന്നത് പൗരാണികമായ നിറവുകൊണ്ടുമാത്രമല്ല, സ്വയമേവ ഒരു ശുദ്ധീകരണപ്രക്രിയ അതിനെ ഈ ഉദ്ഭവസ്ഥാനത്തുനിന്നേ പിന്തുണക്കുന്നുണ്ട്. SAVE GANGA പോലെയുള്ള പദ്ധതികള്‍ അതിനാലാണ് പ്രാവര്‍ത്തികമാവുന്നത്. ബ്രഹ്മകമല്‍ പൂത്തുനില്‍പുള്ള തപോവന്‍, അതിന്‍െറ അപ്രാപ്യതയില്‍ മരുവട്ടെ, ഗോമുഖ് എന്നതുപോലെ. ഗംഗോത്രിയുടെ മുഖമണ്ഡപത്തില്‍ ബ്രഹ്മകമലുകളൊന്നും ചാര്‍ത്തിക്കണ്ടില്ല. അവ വിരിയേണ്ട ഋതു ആവുന്നേയുള്ളൂ. ആരതി തൊഴുത് പുറത്തിറങ്ങിയപ്പോള്‍ മാറിപ്പോയ ഗംഗോത്രി ശരിക്ക് ശ്രദ്ധിക്കാനിടയായി. ഇങ്ങോട്ട് വരുമ്പോള്‍ തിരക്കിനെക്കുറിച്ച് ഭയാശങ്കകളായിരുന്നല്ലോ. ഇപ്പോഴത് അലട്ടുന്ന ഒന്നല്ല. ഈ കഫ്റ്റീരിയകളുടെ സ്ഥാനത്ത് രണ്ടു ദശാബ്ദങ്ങള്‍ മുമ്പ് താല്‍ക്കാലികമായ മേച്ചില്‍പ്പുരകളായിരുന്നു. പിന്നെ, സ്വാമിമാരുടെ ഭാംഗിന്‍െറ മണം തിങ്ങിയ ഗുഹകളും. തീര്‍ച്ചയായും പ്രാചീനമായൊരു മന്ദിറിന്‍െറ രൂപഭാവങ്ങള്‍. ചിഡ്ബാസേയില്‍നിന്ന് ഭീതിദമായ മഴക്കാറ്റില്‍ ഞാനും സഹയാത്രികരും ആര്‍ത്തണഞ്ഞത്, അത്തരമൊരു ഗുഹയിലേക്കായിരുന്നല്ലോ (1989). ഒരു കവിള്‍ പുകയെടുത്താണ് ശൈത്യം പ്രതിരോധിക്കുക എന്ന് ജടാധാരിയായ സ്വാമി ഞങ്ങളെ പറഞ്ഞു മനസ്സിലാക്കി. എങ്ങനെയാണ് ആ ചേരുവ പ്രവര്‍ത്തിച്ചതെന്നറിയില്ല, ഞങ്ങളുടെ ശൈത്യവും നിരുന്മേഷവും പെട്ടെന്ന് അകന്നുപോയത് നേരാണ്. പിന്നീടാണ് ഞങ്ങള്‍ക്ക് അഭയംതന്ന ഒരു ചായ്പില്‍ തക്കാളി സൂപ്പ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് അവിടത്തെ രസോയിയില്‍ ഉള്ളവരോട് വിവരിച്ചതും അവര്‍ ഏറക്കുറെ സൂപ്പിന് സദൃശമായൊരു പാനീയം ഓരോ കടോരിയില്‍ തന്നതും.
ഗോമുഖ് എന്ന ഹിമാനിക്ക് ഇടിവ് സംഭവിക്കുന്നത് ആഗോള താപനം മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗ്ളേഷിയര്‍ പിന്‍വാങ്ങുകയാണെന്ന് നാലുവര്‍ഷം മുമ്പ് അവിടെ ചെന്നപ്പോള്‍ മനസ്സിലായതുമാണ്. ഹിമാനി ഇടിയുമ്പോള്‍ ജലത്തിന്‍െറ സംഭരണശേഷി പതുക്കപ്പതുക്കെ കുറയാന്‍ തുടങ്ങും. സാഗരജലം തഴുകിക്കൊണ്ടിരിക്കുന്ന ഈ ഗ്രഹത്തിന്‍െറ ജലസത്തയില്‍- എഴുപതു ശതമാനത്തോളം നമ്മുടെയൊക്കെ ശരീരമെന്നതുപോല്‍- മൂന്നുശതമാനമേ ദാഹശമനത്തിന് ഉതകുകയുള്ളൂ എന്നോര്‍ക്കുക. അതില്‍തന്നെ അറുപതോ എഴുപതോ ശതമാനം ഹിമമാണ്, ഹിമാനികളാണ്. കാലാകാലമായുള്ള ഈ സംഭരണികള്‍ ഉരുകിത്തുടങ്ങിയാല്‍ പിന്നീട് ഈ ഭൂവാസികള്‍ക്ക് പര്യാപ്തമായ ജലം ലഭിച്ചേക്കില്ല. ഗോമുഖിന്‍െറ ഉദ്ഭവത്തിലുള്ള കുറവ്, നിശ്ശങ്കം ഒരു സംസ്കൃതിയുടെ ജലപഥവും മഹാധമനിയുമായി ഭവിച്ച നദീസത്തയെ ബാധിക്കതന്നെ ചെയ്യും. ആഗോളതാപനം നിമിത്തം അന്‍റാര്‍ട്ടിക്കയിലെ ഹിമശയ്യകള്‍ ഉരുകിത്തുടങ്ങിയെന്ന് വായിച്ചത് ഈ യാത്രക്ക് തൊട്ടുമുമ്പാണ്. ഇതിന്‍െറ പ്രത്യക്ഷഫലം എംപറര്‍ പെന്‍ഗ്വിന്‍, പെന്‍ഗ്വിന്‍ സമ്രാട്ടുകളെന്നറിയപ്പെടുന്ന പറക്കാന്‍വയ്യാത്ത പക്ഷിവര്‍ഗത്തിന്‍െറ ആവാസനഷ്ടമാണ്. അവ പാര്‍പ്പിടം തേടുന്നത്, അന്‍റാര്‍ട്ടിക്കയിലെ ഹിമശയ്യകളിലാണ്, യുഗങ്ങളായി. ഒരുവിധത്തിലുള്ള മനുഷ്യരുടെ ഇടപെടലിനെയും ഭയക്കാതെ. പക്ഷേ, പ്രകൃതിയുടെ താളംതെറ്റിക്കാനുള്ള മനുഷ്യന്‍െറ പരീക്ഷണവ്യഗ്രതകള്‍ അവിടംവരെ ചെന്നെത്തിക്കഴിഞ്ഞിരിക്കുന്നു. വംശനാശമെന്നത് അവക്ക് ഒരു ഭീഷണിയെന്നതിലേറെ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് സംഭവിക്കാവുന്ന ഒരു ദുരന്തമാണ്.
ഉത്തരകാശിയില്‍ തിരിച്ചെത്തി- പാതിരാത്രിയിലാണ് തിരിച്ചെത്തിയത് എന്നുമാത്രം സൂചിപ്പിക്കട്ടെ- അടുത്തനാള്‍ കേദാറിലേക്ക്. ഗുപ്തകാശിക്കുപകരം ഇടത്താവളമായി സ്വീകരിച്ചത് സോനാപൂര്‍ ആണ്. ഇവിടെനിന്നും ത്രിയുഗി നാരായണ്‍ ഏറക്കുറെ അടുത്താണ്. പിന്നെ, തീര്‍ഥാടകരുടെ തള്ള് ഏറെയുള്ള ഗുപ്തകാശി ഒഴിവാക്കാമെന്ന് കരുതിയതിനാലും. ത്രിയുഗി നാരായണ്‍, പേര് സൂചിപ്പിക്കുന്നതുപോലെ മൂന്നുയുഗത്തിനും ഈശ്വരനായ ഒരു പ്രതിഷ്ഠയാണ്. ശിവന്‍െറയും പാര്‍വതിയുടെയും കല്യാണം, വിഷ്ണുവിന്‍െറ ആശിസ്സുകളോടെ സംഭവിക്കുന്ന മഹിതമായ സന്ദര്‍ഭം. ഹൈന്ദവരുടെ പുരാണങ്ങളില്‍ ശിവശക്തി സംയോഗത്തോളം അര്‍ഥപൂര്‍ണമായ ഒരു ബാന്ധവം വേറില്ല. ശിവമെന്നത് ശാന്തിയും വ്യഞ്ജിപ്പിക്കുന്നുണ്ട്. പാര്‍വതിയെപ്പോലെ ശക്തിദ്യോതകമായ മറ്റൊരു ദേവി ഇവിടില്ല. എന്തെല്ലാം കലഹങ്ങളുണ്ടെങ്കിലും ഹിമവാന്‍െറ പുത്രിയും ശ്മശാനത്തിന്‍െറ ദേവനും അടിപതറാത്ത ഇണകളാണ്. അവരെ പ്രതീകവത്കരിക്കുന്നതിനാല്‍ ത്രിയുഗി നാരായണന്‍െറ പ്രശസ്തി- മന്ദിരത്തില്‍ തീര്‍ഥാടകര്‍ വളരെ കുറവാണ്. അവിടത്തെ വഴിപാടിന് ചമതയുടെ ഗന്ധമാണ്. വിറകിന്‍കെട്ടുകള്‍ അവ നമ്മുടെ ജന്മാന്തരത്തിന്‍െറ കര്‍മാവശേഷമാണ്. മുന്നിലുള്ള ഹോമകുണ്ഠത്തില്‍, അത് എരിച്ചുകളയുന്നതോടെ, യാത്രികന്‍ ശുദ്ധനായിത്തീരുന്നു. ഇനിയങ്ങോട്ടുള്ള കര്‍മങ്ങളോ അവയുടെ ബാക്കിയോ മാത്രമേ അവനെ പിന്തുടരുകയുള്ളൂ. ഭാരതത്തില്‍ മറ്റൊരു ക്ഷേത്രത്തിലും ഇവ്വിധമൊരു വഴിപാട് ഉള്ളതായി അറിവില്ല. പരിണയത്തിന്‍െറ അഗ്നി എരിയിക്കാന്‍ ഇണകള്‍ അപൂര്‍വമായേ ഇവിടെ വരാറുള്ളൂ. അതേക്കാള്‍ പ്രധാനം ഈ ചമതയുടെ സമര്‍പ്പണമാണ്. ഏഴായിരത്തഞ്ഞൂറ് അടി ഉയരമുള്ള ത്രിയുഗി നാരായണില്‍നിന്നാല്‍ ചുറ്റുമുള്ള കാഴ്ച, ഒരു നിശ്ചലതയാണ് മനസ്സില്‍ ഏല്‍പിക്കുക. കര്‍മങ്ങള്‍, കര്‍മപാശങ്ങള്‍ ബാക്കിയാവുന്നിടത്തോളം ആ അഗ്നി എരിഞ്ഞുകൊണ്ടിരിക്കും, നിശ്ചയമായി. എന്തോ ഒന്ന് അവിടെ ഉപേക്ഷിക്കുന്നതിന് സമമാണ്, തിരികെവരുമ്പോള്‍ അനുഭവസ്ഥമാവുക.
കേദാര്‍നാഥിലേക്കുള്ള വാഹനങ്ങളുടെ നിര. പിറ്റേന്ന് രാവിലെ അറ്റംകാണാതെ നീണ്ടുപോവുകയായിരുന്നു. ഗുപ്തകാശിയിലും സോനാപ്രയാഗിലുമൊക്കെ ആ തിരക്ക് ഇരമ്പിക്കൊണ്ടിരുന്നു. എങ്ങനെയോ ബസ് ഗൗരികുണ്ഡ് എത്തുമ്പോള്‍ പതിനൊന്നുമണിയാണ്. കേദാറിലേക്കുള്ള പൈദല്‍മാര്‍ഗില്‍ ചെന്നാല്‍ മതിയെന്നേ കരുതിയുള്ളൂ. പിന്നീട് അങ്ങോട്ട് നിര്‍ബാധം നമ്മുടെ തനതായ വേഗത്തില്‍, ഉത്തരവാദിത്തത്തിലും നടന്നുനീങ്ങാം, പതിനാലോ പതിനഞ്ചോ കിലോമീറ്റര്‍. കാലാവസ്ഥ ഏറ്റം അനുയോജ്യമായതിനാല്‍ മഴയെയോ ഹിമക്കാറ്റിനെയോ ചൊല്ലി ആശങ്കാകുലരാവേണ്ടതില്ല. കുതിരകളുടെയും ദോലികളുടെയും ഗന്ധം നിറയുന്ന വഴിത്താരയിലൂടെ അങ്ങോട്ടു കടക്കാന്‍ കുറെ സമയമെടുത്തു. ഇനിയങ്ങോട്ട് പാദചാരിയായി പോകാവുന്നതേയുള്ളൂ, കയറ്റങ്ങള്‍ പതുക്കെ കയറിക്കൊണ്ട്. മൂന്നാംതവണ ഈ പ്രയാണത്തിന് ഒരുങ്ങുമ്പോള്‍ മനസ്സ് പ്രണമ്രമാവുകയാണ്. ഒരുപക്ഷേ, ആദ്യത്തെ തവണയെന്നപോലെ കഴിഞ്ഞ നാലുവര്‍ഷമായി ട്രക്കിങ് ഒന്നും നടത്തിയില്ലെന്നത് മനസ്സിനെ ഒട്ടും അധീരമാക്കുകയല്ല, മന്ദാകിനിയുടെ കുളിര്‍മയും നുകര്‍ന്ന് നടക്കുമ്പോള്‍ ഒരു ഉണര്‍വ് പുനര്‍ലഭിച്ചതുപോലെ. നമ്മെ കടന്നുപോവുന്ന കുതിരക്കാരുടെയും മഞ്ചല്‍ക്കാരുടെയും ബഹളമൊഴിച്ചാല്‍ ഇപ്പോഴും ആ വനപഥങ്ങളില്‍ കാലപ്പഴക്കമാര്‍ന്ന ശ്രുതിമഞ്ജരികളുണ്ട്. ഇക്താരപോലൊരു വാദ്യവുമായി ഒരു അന്ധന്‍ അവിടെ ഏതോ കീര്‍ത്തനം വായിച്ചിരിപ്പുണ്ട്. നാലുവര്‍ഷം മുമ്പ് അപാരതയുമായി തന്‍െറ സംഗീതോപകരണത്തിലൂടെ സംവദിച്ച അന്ധന്‍തന്നെയായിരുന്നോ അത്? ആണെന്ന് തോന്നിയില്ല. ഒരുപക്ഷേ, ആ മനുഷ്യന്‍െറ പിന്തുടര്‍ച്ചക്കാരനാവാം; വനത്തിന്‍െറ ഒഴുക്കിന്‍െറ സൂക്ഷ്മശ്രുതികളുമായി അത് എങ്ങനെയോ ഒത്തുവരുന്നു. ആ മാധുരിക്ക് ആഴമേറെയുണ്ട്. ആ സ്വരിതത്തിന് ഒരു ഹിമനൈര്‍മല്യമാണ്.
രണ്ടുകിലോമീറ്റര്‍ പിന്നിട്ടുകാണും, ഇടക്കൊക്കെ വെള്ളച്ചാട്ടങ്ങളുള്ളതിനാല്‍ ദാഹം അങ്ങനെ മഥിക്കുകയില്ല. ഇടക്ക് രണ്ട് ഈന്തപ്പഴം തിന്നാല്‍ വിശപ്പിനും ഒരു സമാധാനമാവും. ഇനിയും അഞ്ചാറുമണിക്കൂര്‍ നേരത്തെ നടത്തമുണ്ട്. കേദാറിന്‍െറ പശ്ചാത്തലം അതേ വനശോഭയില്‍തന്നെ നിലകൊള്ളുന്നു. ദൂരെ മേയുന്ന കാട്ടുകുതിരകള്‍ ഉള്‍പ്പെടെ.
വഴിയോരത്ത് കുറെ ‘ദുകാനുകള്‍’ കൂടിയതൊഴിച്ചാല്‍ ഈ മാര്‍ഗം അതിന്‍െറ പഴമ വിട്ടുകൊടുത്തിട്ടില്ല. ഇവിടം ജീപ്റോഡാക്കി മാറ്റാന്‍ ആരൊക്കെയോ ശ്രമിച്ചത്രെ. പക്ഷേ, ഇടക്കിടെയുള്ള കല്‍പ്പടവുകള്‍ അതിനെ അപ്രായോഗികമാക്കി. കുതിരകള്‍ ഈ പഴമയുടെ ഒരംശമാണ്. പക്ഷേ, മോട്ടോര്‍ വാഹനങ്ങള്‍ അങ്ങനെയല്ല, ഒരിക്കലും. പാരിസ്ഥിതിക ദൂഷണത്തിന് വാഹനങ്ങളും അവയുടെ ഇന്ധനവും കുറച്ചൊന്നുമല്ല കാരണമാകുക. മഞ്ചലുകളോ കുതിരകളോ അത്തരം താളക്കേട് ഏല്‍പിക്കുകയില്ല. ഇത്തരം ഇടങ്ങളില്‍ നടന്നേ പോകാവൂ എന്നത് ഒരു അലിഖിത നിയമമാവണം. പക്ഷേ, അതിന് കെല്‍പുണ്ടാവണമെന്നുമാത്രം. കുതിരകള്‍ക്കപ്പുറം മറ്റൊരു പോംവഴി ഇല്ലാതിരിക്കട്ടെ എന്നോര്‍ത്ത വേളയിലാണ് മുകളില്‍നിന്ന് ഒരു ഇരമ്പം. ഗുപ്തകാശിയില്‍നിന്ന് പത്തോ പതിനഞ്ചോ നിമിഷംകൊണ്ട് കേദാറിലെത്തുന്ന ഹെലികോപ്റ്റര്‍ കാട്ടിനോ ഈ പദപഥത്തിനോ അത് ദൂഷണം ഏല്‍പിക്കുന്നില്ലെങ്കിലും തീര്‍ഥയാത്രയുടെ സ്വഭാവത്തിന് എന്തോ ഒരു ഗ്ളാനി ഉളവാകുന്നപോലെ. നാഗരികതയുടെ, വേഗത്തിന്‍െറ രീതികള്‍ കേദാര്‍നാഥിന്‍െറ മാഹാത്മ്യത്തിന് നിരക്കുന്നതല്ല. മാനസസരോവരെന്നതുപോലെ ഇവിടവും ഹെലിപാഡുകള്‍ക്ക് ഇണങ്ങുന്നതല്ലല്ലോ. പക്ഷേ, പുരാതനത്വത്തിന്‍െറ മൂലകമെന്നതൊക്കെ ഇനിമേല്‍ ആരാണ് ഉള്‍ക്കൊള്ളുക? മുകളില്‍നിന്നുള്ള ഇരമ്പത്തിന്‍െറ വല്ലായ്മയിലാണ് ഒരു മഹാരാഷ്ട്രക്കാരനെയും കുടുംബത്തെയും കാണാനിടയായത്. നാല്‍പതുവയസ്സിന് താഴെ വരുന്ന ആ മനുഷ്യന്‍െറ പാരവശ്യം ചില യാത്രികരെയെങ്കിലും ഒരു നിമിഷം പിടിച്ചുനിര്‍ത്താന്‍ പോന്നതായിരുന്നു. കോയിഹൈ, ആപ് കെ സാഥ്, മറാട്ടി സമച്നേ വാലേ, ഭായി സാബ് - മറാട്ടി അറിയില്ലെങ്കിലും ഹിന്ദിയില്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അയാള്‍ ദൈന്യത്തോടെ തന്‍െറ ധനവും മറ്റും നഷ്ടപ്പെട്ട കഥ പറഞ്ഞു. കുടുംബത്തോടെ കേദാറിലേക്ക് പുറപ്പെട്ട തങ്ങള്‍ ഒരുദിവസംകൊണ്ട് ഭിക്ഷക്കാരായി മാറിയതും ‘‘ഭീക് മാംഗ്നാ തോ ബഹുത് മുശ്കില്‍ ഹൈ, മഗര്‍ ഇസ്കേ അലാവാ ഹം കുച്ച് നഹിം കര്‍ സക്തേ’’ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല, അയാള്‍ക്ക് നൂറുരൂപ നല്‍കാന്‍. സഹചാരിയും അതില്‍ ഭാഗഭാക്കായി. വെള്ളച്ചാട്ടത്തിനടുത്ത് എന്തോ ഭക്ഷണം പാകംചെയ്യാന്‍ മുതിരുന്ന അയാളുടെ ‘ഘര്‍വാലീ കുഞ്ഞുങ്ങള്‍-സഹായം അര്‍ഹിക്കുന്നവരെന്നുതന്നെയാണ് തോന്നിയത്. എല്ലാ യാത്രികരും അവര്‍ക്ക് ചെവികൊടുക്കുന്നവരല്ലായിരുന്നു. ഒന്നോ രണ്ടോ കിലോമീറ്റര്‍ നടന്നുകഴിഞ്ഞപ്പോഴാണ് ഞാന്‍ സമര്‍ഥമായി കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായത്. ഇവിടെയും മറ്റൊരു ഗൃഹനായകന്‍, സ്ഥലം മഹാരാഷ്ട്രക്ക് പകരം ഗുജറാത്തെന്നുമാത്രം. അതേ തട്ടിപ്പിന്‍െറ ഇരയായി സ്വയം പരിചയപ്പെടുത്തിയത്. കേദാറില്‍ ഇത്തരത്തിലുള്ള ജീവയാപനം ആദ്യമായാണ് നേരിടുന്നത്.
രാംബാരക്കുശേഷമുള്ള കയറ്റം പിന്നിട്ടപ്പോള്‍ പെട്ടെന്ന് എന്‍െറ വലതുതുടയിലെ പേശികള്‍ ഉരുണ്ടുകയറാന്‍ തുടങ്ങി. പിറകില്‍ ഹേവര്‍സാക്കുമായി എന്തിനോ കുനിഞ്ഞപ്പോള്‍ ഷൂവിന്‍െറ ലേസ് മുറുക്കാന്‍, സംഭവിച്ചതാണ്. പേശി ഉരുണ്ടുകയറിയാല്‍ പിന്നീട് ഒരടിപോലും മുന്നോട്ട് വെക്കാവതല്ല. എവിടെ, എങ്ങനെ ഞാന്‍ ചാഞ്ഞിരുന്നു എന്നു നിശ്ചയമില്ല. അവിദഗ്ധമായ തിരുമ്മല്‍ എന്തുഫലമാണുളവാക്കുകയെന്നറിയാതെ അതിന് മുതിര്‍ന്നു. ശക്തമായ പേശികളല്ലാത്തതിനാലാവാം ഉരുണ്ടുകയറുന്നത് നിന്നു. പിന്നെയുള്ളത് സഹിക്കാവുന്ന വേദനയാണ്. അതുംവെച്ച് രക്തചംക്രമണം ഉറപ്പാക്കിക്കൊണ്ട് അല്‍പനേരം ട്രക്കിങ് ആരംഭിച്ചു. കയറ്റത്തിലോ ഇറക്കത്തിലോ നേരിടാവുന്ന ഇത്തരം പേശീസംബന്ധമായ വൈഷമ്യങ്ങള്‍ക്ക് ഉഴിച്ചിലിനെക്കാള്‍ ഗുണംചെയ്യുക നിരപ്പായ സ്ഥലത്തൂടെയുള്ള നടത്തമാണ്. അങ്ങനെ നിരപ്പുള്ള അല്‍പദൂരമെങ്കിലും ലഭ്യമായാല്‍! എന്‍െറ തുടയിലെ പേശികള്‍ തല്‍സ്ഥാനത്ത് ഭദ്രമായി എന്നു പറഞ്ഞാല്‍ മതിയല്ലോ. പിന്നീടുള്ള കയറ്റിറക്കങ്ങളിലൊന്നുംതന്നെ അത് സങ്കോചിക്കയോ വിജൃംഭിക്കുകയോ ചെയ്തില്ല. വീണ്ടും മുപ്പതോ നാല്‍പതോ കിലോമീറ്റര്‍ ട്രക്ക് ചെയ്യേണ്ടതുണ്ടായിരുന്നല്ലോ.
ഗരുഡന്‍ഛട്ടിയിലെത്തുമ്പോള്‍ ദൂരെ ഹിമശീര്‍ഷങ്ങളില്‍ വെളിച്ചം വാര്‍ന്നുപോയിരിക്കുന്നു. പുലര്‍ച്ച നാലുമണികഴിയുമ്പോഴേക്കും അരുണരശ്മികള്‍ പരക്കുന്ന കാലമാണിത്. നടക്കാന്‍ തുടങ്ങിയിട്ട് ഏഴു മണിക്കൂറായിരിക്കുന്നു. കേദാറില്‍ എത്തുമ്പോഴേക്കും സന്ധ്യയിലെ ആരതി സമാപിച്ചിരിക്കും. ഈ മാര്‍ഗത്തില്‍ ആയിരിക്കുക എന്നതാണ് പ്രധാനമെന്ന് കരുതുന്ന ഒരു മനസ്സിന് അതിലൊന്നും അലോസരമില്ല. രാംബാരയില്‍നിന്ന് കയറുമ്പോള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നെ അഭിമുഖംചെയ്യാന്‍ വന്ന സുഹൃത്ത് ചോദിച്ചതോര്‍ക്കാനിടയായി. എന്‍െറ സഞ്ചാരങ്ങളെ കുറെയൊക്കെ കൃത്യമായി പിന്തുടരുന്നതിനാലാവണം അങ്ങനെ ഒരു ചോദ്യം ഉന്നയിച്ചത്. ഈ മലകയറ്റങ്ങള്‍ താങ്കളെ സംബന്ധിച്ച് ലൈംഗികമായ ശമനമാവാറുണ്ടോ? ആവാറുണ്ടെന്ന രീതിയിലാണ് പിന്നീടുള്ള ചോദ്യങ്ങളെന്നും ഓര്‍ക്കുന്നു. ശരീരവും മനസ്സും വിഭജനാതീതമായിരിക്കെ മനസ്സിന്‍െറ ഉണര്‍ച്ചകള്‍ ശരീരത്തിന്‍േറതുമാവുമെന്നതാണ് സത്യം. ആധ്യാത്മികമായ ഉണര്‍ച്ചയില്‍നിന്ന് ശാരീരികമായ ഉണര്‍ച്ച വേര്‍തിരിക്കേണ്ടതില്ല. ആധ്യാത്മികമായ ഉണര്‍വില്‍ ലൈംഗികവാഞ്ഛ എപ്പോഴും താഴ്ന്നസ്ഥായിയിലാണ്. Subdued അത് ഏതോവിധം ഭാവാന്തരപ്പെടുന്നു. കൃത്യമായി അതിന്‍െറ രസതന്ത്രം പിടികിട്ടേണ്ടതില്ലെങ്കിലും രക്തം രഹസ്യഭാഗങ്ങളിലേക്ക് ശക്തമായി പ്രവഹിക്കുന്നില്ലെന്ന് സാമാന്യേന പറയാമെങ്കിലും. ഈ പ്രയാണങ്ങള്‍ തുടങ്ങിയിട്ട് ഇരുപത്തിയഞ്ചുവര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ആ വിജനപഥങ്ങള്‍ പാദങ്ങളെ, ശിരസ്സിനെ, സ്പന്ദിപ്പിക്കുന്നെന്നുമാത്രം സൂചിപ്പിക്കട്ടെ. വിമലീകരണത്തിന്‍െറ നേര്‍ത്ത ചില കണങ്ങളെങ്കിലും വിചാരങ്ങളില്‍ ഇറ്റുവീഴാനിടയായിട്ടുണ്ട്- ഈ സാന്നിധ്യങ്ങളില്‍. അത് ശമനമാണെങ്കില്‍ അങ്ങനെ. ഈ യാത്രകളിലൊന്നും സ്ത്രീവടിവുകള്‍ എനിക്ക് ഉത്തേജകമാവാറില്ല -തളര്‍ച്ചയില്ലാത്തപ്പോഴും- നമ്മുടെ ശ്രദ്ധ ട്രക്കിങ്ങില്‍ കേന്ദ്രീകരിക്കുന്നതിനാലാവാം. ഓരോ കയറ്റത്തിന്‍െറയും മിച്ചമെന്തെന്നാല്‍ അടുത്തനാള്‍ ആ വഴി നമുക്കിറങ്ങാമെന്നതാണ്. പേശികളില്‍ ആ ക്ളേശം ഒരു ലേപനമായിട്ടാണ് വീഴുക. പ്രയാണത്തിന്‍െറ ചികിത്സാത്മകമായ എണ്ണപ്പാത്തിയാണത്. പാദങ്ങളെയെന്നതുപോലെ നിങ്ങളുടെ ശ്വാസകോശങ്ങളെയും അത് തഴുകുന്നു. അരോഗമാക്കുന്നു, ഒരര്‍ഥത്തില്‍. ജനത്തിന്‍െറ ബാഹുല്യം ഈ ഗഹനമായ വനസീമകളുടെ പവിത്രത ഹനിക്കുന്നില്ല.
ആ സഞ്ജീവനി നമ്മിലേക്ക് വഴിയുകയാണ്, മറ്റേതെല്ലാമോ ശ്രുതികള്‍ക്കൊപ്പം. ഹെലികോപ്റ്ററിന്‍െറ ഗര്‍ജനം ഇപ്പോള്‍ നിലച്ചിരിക്കുന്നു. ഇരുളില്‍ വനാന്തരങ്ങളും കേദാറിന്‍െറ പരിസരവും കൂടുതല്‍ നിശ്ശബ്ദമാവുകയാണ്. ഏഴരമണിയോടടുക്കുന്നു കേദാറിന്‍െറ മുഖമണ്ഡപമെത്തുമ്പോള്‍ -മഹാരാഷ്ട്രമണ്ഡല്‍ വികാസില്‍ ചൗഹാന്‍ പരിചിതനായതിനാല്‍ താമസം ഏര്‍പ്പാടാക്കിയ സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടിയില്ല. ഈ യാത്രയില്‍വെച്ച് ഏറ്റം ഗാഢമായ ഉറക്കത്തിലേക്ക് ആഴ്ന്നുപോയ രാത്രിയാണത്. പാതിരാത്രികഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ മൈനസ് രണ്ടുഡിഗ്രി തണുപ്പിലും തൊണ്ട വരണ്ടുപോയതോര്‍മയുണ്ട്. അഞ്ചോ ആറോ പേരുള്ള മുറിയില്‍ ആരുടെയും കിറ്റുകളില്‍ വെള്ളമില്ല. വെള്ളം ലഭ്യമല്ലെന്നറിയുമ്പോള്‍ ദാഹം ഇരട്ടിക്കുന്നു. എന്‍െറ ഹിപ്പോക്കറ്റില്‍ പോളോവിന്‍െറ മൂന്നോ നാലോ മിഠായികള്‍ കാണുമെന്ന് പെട്ടെന്ന് ഓര്‍മിച്ചു. ഉമിനീരില്‍ തെല്ല് നനവേകാന്‍ അവ സഹായകമായി, എന്നോടൊപ്പം ഉണര്‍ന്നുപോയ സഹയാത്രികനും.
പുലരുമ്പോള്‍ കേദാര്‍നാഥ്, അതിന്‍െറ ഹിമലാവണ്യത്തില്‍ പ്രത്യക്ഷമാവുന്നു. പ്രധാനക്ഷേത്രത്തിന് പിറകിലെ മലകളില്‍ ആസകലം മഞ്ഞ് തൂവിയിരിക്കുന്നു. രാത്രികാലങ്ങളില്‍ ലിംഗരൂപത്തില്‍ ഒരു വെളിച്ചം അവിടെ കാണുമെന്നതൊക്കെ കല്‍പനാധിഷ്ഠിതമാണ്. കേദാറിലെ പ്രതിഷ്ഠ സത്യത്തില്‍ ഋഷഭത്തിന്‍െറ പൂഞ്ഞയാണ്. അഥവാ ആ ഭാഗമാണ്. പഞ്ചകേദാരങ്ങളില്‍ പ്രമുഖമായ കേദാറില്‍ ശകലിതമായത്. ലിംഗാത്മകമായ സ്വരൂപം ഇവിടെവിടെയും പ്രസക്തമല്ലെന്നിരിക്കെ അത്തരം വിഭ്രമങ്ങളില്‍ അദ്ഭുതാധീനരാവേണ്ടതുണ്ടോ? ഇത്തരം അധ്യാരോപങ്ങളില്ലാതെതന്നെ പ്രകൃതിയെ അതിന്‍െറ ഹിമസാകല്യത്തില്‍ ശ്വസിച്ചെടുക്കുമ്പോഴാണ് വിശാലമായ ആധ്യാത്മികത വെളിപ്പെടുക. പണ്ഡിറ്റ് ജസ്രാജിന്‍െറ ശിവാഷ്ടകം അതിന്‍െറ ശ്രുതിസാന്ദ്രതയില്‍ മനസ്സില്‍ മുഴങ്ങുമെന്നത് യഥാര്‍ഥമാണ്. ശിവോഹം, ശിവോഹം- ആ രജതശോഭയാര്‍ന്ന മലകളില്‍ എവിടെയോ ആണ് ശങ്കരാചാര്യര്‍ തിരോഭവിച്ചത്. കാലടിയില്‍നിന്ന് കേദാര്‍നാഥ് വരെ അദ്ദേഹം നടന്നെത്തിയത് ബ്രാഹ്മണ്യം ഉറപ്പിക്കാനാവില്ല, നിശ്ചയം. പദയാത്രകള്‍ അത്തരം സങ്കുചിതത്വങ്ങളെയേവയും നീക്കംചെയ്യുന്നു. ആരാണ് വഴിമാറേണ്ടത്, ഈ ശരീരമോ അതിനെ ഉന്മിഷിത്താക്കുന്ന ആത്മാവോ എന്ന് ഉന്നയിച്ച ശിവസ്വരൂപിയായ കാട്ടാളനിലൂടെ, അങ്ങനെയെന്തെങ്കിലും ഒരു ഉദ്ദേശ്യം ശങ്കരാചാര്യര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ അത് ഉന്മൂലനം ചെയ്യപ്പെട്ടിരിക്കണം. അത്തരം പാഠങ്ങള്‍ മറന്നുപോകുന്ന ആളല്ല ശങ്കരാചാര്യര്‍. ഉദ്ഗ്രഥനത്തിനാണ് അദ്ദേഹം തുനിഞ്ഞതെന്ന വ്യാഖ്യാനവും സ്വീകരിക്കേണ്ടതില്ല. കാലടിയില്‍നിന്നു പുറപ്പെട്ടാല്‍ ഹിമാലയ സാന്നിധ്യം കേദാറിലൂടെ സാക്ഷാത്കരിക്കണമെന്ന ഒരു നിര്‍ണയം അദ്ദേഹത്തിനുണ്ടായിരിക്കാം. ഭാരതത്തിന്‍െറ വിസ്തൃതി മനസ്സിലേക്ക് ആവാഹിക്കുന്ന ഒരു യജ്ഞമായി തന്‍െറ പ്രയാണങ്ങളെ അദ്ദേഹം കണ്ടിരിക്കാം. നിര്‍മോഹിയായ അവ്വിധം ഒരു പരിവ്രാജകനെ സംബന്ധിച്ചിടത്തോളം എന്ത് അധികാരകാംക്ഷയാണ്?
കേദാറിലെ പ്രതിഷ്ഠ മൗനത്തിന്‍െറ അമൂര്‍ത്തതയാണ്. ഋഷഭത്തിന്‍െറ പൂഞ്ഞയായി സങ്കല്‍പനം ചെയ്ത ശിലയില്‍ ഒട്ടേറെ അര്‍പ്പണങ്ങളുണ്ട്. ഇക്കുറി അതിരാവിലെ ക്ഷേത്രത്തില്‍ചെന്നിട്ടും ആ ശിലയൊന്നു ദര്‍ശിക്കാന്‍പോലും കഴിഞ്ഞില്ല. തീര്‍ഥാടകരുടെ ആ തിക്കില്‍ കാത്തുനില്‍ക്കാന്‍ തോന്നിയതുമില്ല. പണംകൊടുത്ത് ദര്‍ശനം എന്നതില്‍തന്നെ ഒരു അനൗചിത്യമുണ്ട്. അവിടത്തെ മൗനം മനസ്സില്‍ ഏറ്റുവാങ്ങാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ ശ്രീകോവിലില്‍നിന്ന് പുറത്തുകടന്നു. ഒരു യാത്രികനെ സ്വസ്ഥചിത്തനാക്കുന്നത് കേദാറിന്‍െറ സാന്നിധ്യംതന്നെയാണ്. അനന്തതയിലേക്ക് പരന്നുപോവുന്ന പ്രാര്‍ഥനകള്‍, അവിടെയാണ്. അമ്പലത്തിലേക്ക് നയിക്കുന്ന വഴിക്ക് ഇരുവശവും വില്‍പനശാലകളാണ് കഫ്റ്റീരിയകളും. കഞ്ചാവ് വലിച്ചിരിക്കുന്ന സ്വാമിമാരെ കാണാനില്ല. ഹെലികോപ്റ്റര്‍ ഇറങ്ങുന്നത് ഈ വഴിയുടെ വലതുവശത്തുള്ള ഹെലിപാഡിലാണ്. എട്ടുമണിക്കുശേഷമേ അതിന്‍െറ ഇരമ്പല്‍ കേള്‍ക്കുകയുള്ളൂ. ഒരു നെസ്കഫേ കുടിക്കാന്‍ തുടങ്ങിയപ്പോഴാണ് തലേന്ന് രാത്രി ഒരു പോളോകൊണ്ട് തടുത്തുനിര്‍ത്തിയ ദാഹം നാവിലൂറിയത്. ആവിപാറുന്ന കോഫി കഴിച്ചിരിക്കുമ്പോള്‍ ശരീരത്തിന്‍െറ ചടവ് അകലുന്നു. പ്രാതല്‍ കഴിഞ്ഞാല്‍ ഗൗരികുണ്ഡ് വരെ ആയാസമില്ലാതെ ചെല്ലാം. പതിനാലു കിലോമീറ്ററിന് അഞ്ചുമണിക്കൂര്‍, അല്ലെങ്കില്‍ കുറച്ചുകൂടി. ജസ്രാജിന്‍െറ ഭക്തിസാന്ദ്രമായ ശിവാഷ്ടകം ഉണര്‍ത്തിയ ഒരു അനുഭൂതി, ഈ ബഹളത്തില്‍ എങ്ങനെയോ നഷ്ടപ്രായമായെങ്കിലും ആ സ്ഥലത്തെ തരംഗങ്ങള്‍ എന്നെ ചൂഴ്ന്നുവരുകയായിരുന്നു. അവയിലേക്ക് സ്വയം സമര്‍പ്പിച്ചുകൊണ്ട് അങ്ങനെ കുറച്ചുനേരം നിന്നു. എങ്ങനെ, എപ്പോള്‍, എവിടെ നിങ്ങള്‍ ദൈവോന്മുഖനാവും എന്നത് പ്രവചനീയമല്ലല്ലോ. നിങ്ങളുടെ ചേതനയില്‍ തദനുസൃതമായ കണങ്ങളുണ്ടെങ്കില്‍ എവിടെയും അത് സാധ്യമാണ്. ഹിമശൃംഗങ്ങളില്‍ കലര്‍പ്പുകള്‍ കുറവായതിനാല്‍ അത്തരം തരംഗങ്ങള്‍ ഏറെ സ്ഫുടമായിരിക്കുമെന്നുമാത്രം. മന്ദാകിനിയിലെ വേഗംകുറഞ്ഞ നീരൊഴുക്കില്‍ ഒന്നുമുങ്ങി നിവര്‍ന്നാലോ എന്ന് ആലോചിച്ചു. സ്വച്ഛമായ ആകാശത്തിനുകീഴെ അതൊരു കുളിര്‍മയേറിയ സ്നാനമായിരിക്കും. പക്ഷേ, എന്തിനോ പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യം കേദാറില്‍ എത്തിയ രാവിലെ കുളിക്കാനൊരുങ്ങിയതും സുഹൃത്തുക്കളിലൊരാളുടെ -എന്നെക്കാള്‍ എട്ടുവയസ്സെങ്കിലും ഇളപ്പമുള്ള - അഭിപ്രായം മാനിച്ച് പിന്‍വാങ്ങിയതും ഓര്‍ത്തുപോയി. ആ സുഹൃത്ത് ജലത്തില്‍ മുങ്ങിനിവര്‍ന്നശേഷമാണ് എന്നെ ഭവ്യതയോടെ വിലക്കിയത്. പ്രായം ബഹുമാനിച്ചുകൊണ്ട് പറയട്ടെ, മേനോന്‍ സാര്‍ ഇവിടെ സ്നാനത്തിന് തുനിയരുത്. തന്‍െറ തലക്കകത്ത് എന്തോ മിന്നിയെന്ന് മുങ്ങിനിവര്‍ന്നപ്പോള്‍ ആ സുഹൃത്ത് പറയുകയുണ്ടായി. രക്തം മന്ദീഭവിക്കാവുന്ന തണുപ്പാണ്, പന്തീരായിരത്തില്‍ അടി ഉയരത്തില്‍, മന്ദാകിനിക്ക്. അതിനെ അതിജീവിക്കാനുള്ള സാത്ത്വികപ്രഭാവം, ഗോമുഖിലെ ഹിമശകലങ്ങള്‍ ഒഴുകിനടക്കുന്ന ജലത്തില്‍ നിസ്സങ്കോചം ആഴുന്ന ചില ജടാധാരികളെപ്പോലെ, നിങ്ങള്‍ക്കുണ്ടെങ്കില്‍ ശരി. അല്ലെങ്കില്‍ അതിന്‍െറ പരിണതി അത്ര സുഖകരമാവില്ല. പ്രായം ഇവിടെ പരിഗണിക്കേണ്ട ഒരു ഘടകമാണ്. ചില കരുതലുകള്‍, ഹിമവല്‍പ്രാന്തങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ അഭികാമ്യമാണ്.
(തുടരും)