കനലെഴുത്ത് | Madhyamam Weekly
Weekly


കനലെഴുത്ത്

ഷീബ ഇ.കെ

ബസിലിരുന്ന് പുസ്തകം ഒരിക്കല്‍ക്കൂടി നോക്കി. പതിനഞ്ചു ചെറുകഥകള്‍. ഓരോന്നും സ്വത്വബോധമുള്ള സ്ത്രീമനസ്സിന്‍െറ പ്രതിഫലനങ്ങള്‍. മാലിനി നാരായണ്‍ എന്ന യുവകഥാകാരിയുടെ ആദ്യ കഥാസമാഹാരം-‘കഥാന്തരം’. അതിനും മുമ്പേ വാരികകളില്‍  അവരുടെ കഥകള്‍ വായിച്ചിട്ടുണ്ട്. വല്ലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്ന ആ കഥകള്‍ പഠനകാലത്ത് ലൈബ്രറികളിലിരുന്ന് ശബ്ദംതാഴ്ത്തി ചര്‍ച്ചചെയ്തിരുന്ന ഒരു സൗഹൃദക്കൂട്ടമുണ്ടായിരുന്നു. ഒരിക്കല്‍പ്പോലും ഫോട്ടോ പ്രസിദ്ധീകരിച്ചു കണ്ടിട്ടില്ല. ഒരു കഥാമത്സരത്തില്‍ സമ്മാനം കിട്ടിയപ്പോഴും അവര്‍ വന്നില്ല. ചവറുപോലെ പലതും എഴുതിക്കൂട്ടി, കിട്ടുന്ന വേദികളില്‍ മുഴുവന്‍ കഥയില്ലായ്മകള്‍ വിളിച്ചുപറഞ്ഞ്, അഴിച്ചിട്ട മുടിയും കറുപ്പിച്ചെഴുതി പാതിവിടര്‍ന്ന  കണ്ണുകളുമായി സ്വപ്നലോകത്തെന്നപോലെയിരിക്കുന്ന എഴുത്തുകാരികള്‍ക്കിടയില്‍ ഒരിക്കല്‍പ്പോലും കാണാനാവാതെ വന്ന മുഖംതേടി ഈ യാത്ര തെരഞ്ഞെടുത്തത് ഒരു വാശിപോലെയായിരുന്നു. അതിപ്രശസ്തയല്ല മാലിനി നാരായണ്‍. അപ്രശസ്തയുമല്ല. അവരെഴുതിയ എല്ലാ കഥകളും മികച്ചതായിരുന്നിട്ടുകൂടി സാഹിത്യം കൈയടക്കി വാഴുന്നവര്‍ അവരെ കണ്ടില്ലെന്നു നടിച്ചു. കഥകള്‍ക്കൊപ്പമല്ലാതെ മറ്റൊരിടത്തും ആ പേര് പരാമര്‍ശിച്ചു കണ്ടിട്ടില്ല. ഒരുപക്ഷേ, സ്തുതിപാഠകരില്ലാത്തതുകൊണ്ടാവാം.

ലൈംലൈറ്റില്‍നിന്നു മറഞ്ഞുനില്‍ക്കാനാഗ്രഹിക്കുന്നവളാണോ മാലിനി? എങ്കില്‍ അവരെന്തിന് കഥകളെഴുതി പ്രസിദ്ധീകരിക്കുന്നു? ആത്മാവിഷ്കാരമെങ്കില്‍ ഡയറിക്കുറിപ്പുകള്‍ പോരേ. അല്ലെങ്കില്‍ ആരെയും കാണിക്കാതെ എഴുതി കത്തിച്ചുകളയാമല്ലോ...അങ്ങനെയൊരു അന്വേഷണമാണ് ഒടുവില്‍ കിഴക്കുംപുറം എന്ന ഈ  ഉള്‍നാടന്‍ ഗ്രാമത്തില്‍ കൊണ്ടുചെന്നെത്തിച്ചത്.
ന്യൂസ് എഡിറ്ററോടും പ്രോഗ്രാം എക്സിക്യൂട്ടിവിനോടും ഒരുപാടു സംസാരിച്ചതിനുശേഷമാണ് അനുമതികിട്ടിയത്.
‘‘പോപ്പുലാരിറ്റിയുള്ള ആളുകളെ തിരഞ്ഞുപോകുന്നതു മനസ്സിലാക്കാം. പക്ഷേ, ഇതെന്തിന്...’’
അനിരുദ്ധ് തുറന്നു ചോദിക്കുകതന്നെ ചെയ്തു.
‘‘അവര്‍ പോപ്പുലറല്ല എന്നതു ശരി. പക്ഷേ, അവരുടെ കഥകളെക്കാള്‍ മോശമായിട്ടെഴുതിയവര്‍, ഒന്നുംതന്നെ എഴുതാത്തവര്‍ ഒക്കെ പോപ്പുലറായില്ലേ? അതിനിടയില്‍ ഇങ്ങനെയും ചിലരുണ്ടെന്ന് നമ്മുടെ സഹൃദയലോകം മനസ്സിലാക്കട്ടെ. മാലിനി നാരായണ്‍ തീര്‍ച്ചയായും  ഒരു മോശം എഴുത്തുകാരിയല്ല. ഷി ഈസ് ബ്രില്യന്‍റ്.’’
‘‘ആവേശംകൊള്ളാം. ഏതായാലും ശ്രമിച്ചുനോക്ക്. ഈയിടെയായി തീരെ കാണാറില്ല അവരുടെ കഥകള്‍. മടുത്തുകാണും.’’
തനിച്ചേ പോകുന്നുള്ളൂ എന്ന് ആദ്യംതന്നെ ഉറപ്പിച്ചിരുന്നു. മീഡിയക്കാരെ കാണാന്‍ താല്‍പര്യമില്ലെങ്കില്‍ ശല്യപ്പെടുത്തേണ്ടല്ലോ. അതല്ല അവര്‍ ഒരു ഓപണിങ്ങിനുവേണ്ടി കാത്തിരിക്കുകയാണെങ്കില്‍ മനസ്സില്‍ കരുതിയ പ്രോഗ്രാം ഭംഗിയായി ചെയ്യും.

‘മറഞ്ഞിരിക്കുന്ന നിധികള്‍.’
മറഞ്ഞിരിക്കുന്ന പ്രതിഭകളെ വെളിച്ചത്തിലേക്കു കൊണ്ടുവരുന്ന പ്രോഗ്രാം തുടങ്ങുമ്പോള്‍ ആദ്യം വന്ന പേര് മാലിനിയുടേതായിരുന്നു. ഇതുവരെ കണ്ടിട്ടില്ലെങ്കിലും ഒരു മുഖം മനസ്സില്‍ കണ്ടുവെച്ചിട്ടുണ്ട്.
അല്‍പം തടിച്ച് വെളുത്ത്, വിടര്‍ന്ന കണ്ണുകളില്‍ നിറയെ പ്രകാശമുള്ള ഒരു മുപ്പത്തഞ്ചുകാരി. മിക്കവാറും ഒരധ്യാപികയാവാനാണ് സാധ്യത.
‘‘കിഴക്കുംപുറം...’’
കണ്ടക്ടര്‍ ബെല്ലടിച്ചു. പ്രകൃതിഭംഗിയുള്ള സ്ഥലമൊക്കെയാണ്. മാലിനിയുടെ കഥകളിലൊന്നില്‍ എഴുതിയപോലെ അഖണ്ഡനാമയജ്ഞം കേള്‍ക്കുന്ന അമ്പലമാണോ ദൂരെ കാണുന്നത്. കുഞ്ഞായിരിക്കെ മാലിനി അമ്മയുടെ കൈപിടിച്ച് നടന്നുപോയത് ഈ വഴിയിലായിരിക്കുമോ?
അതാവാന്‍ വഴിയില്ല. വിവാഹിതയായിരിക്കും അവര്‍. ഭര്‍ത്താവിന്‍െറ നാടാവും ഇത്.

വൈമനസ്യത്തോടെയാണ് കേരളഭൂമി പത്രാധിപര്‍ ഈ വിലാസം തന്നത്.
‘‘ആര്‍ക്കും കൊടുക്കരുതെന്നുപറഞ്ഞതാണ്. എന്തെങ്കിലും പ്രശ്നമുണ്ടായിരിക്കാം. പിന്നെ നിന്നെപ്പോലൊരാള്‍ വന്നു ചോദിക്കുമ്പോള്‍ തരില്ലെന്നു പറയാനാവില്ലല്ലോ.’’
മൊബൈലില്‍ സേവ് ചെയ്ത അഡ്രസിലേക്ക് ഒന്നുകൂടി നോക്കി.
‘മാലിനി നാരായണ്‍,
ശ്രീനിലയം,
എ.എം.എല്‍.പി സ്കൂളിനു സമീപം,
കിഴക്കുംപുറം’
ഫോണ്‍ നമ്പര്‍ ഇല്ല.
എ.എം.എല്‍.പി സ്കൂളില്‍ അധ്യാപികയാവും. വീട്ടില്‍നിന്ന് നടന്നുപോകാനുള്ള ദൂരത്താവും സ്കൂള്‍. അവധിക്കാലത്ത് ഉതിര്‍മുല്ലകള്‍ വീഴുന്ന മരച്ചുവട്ടിലിരുന്നാവും  അവര്‍ കഥകളെഴുതുന്നത്.
എവിടേക്കാണ് ചിന്തകള്‍ കാടുകയറിപ്പോകുന്നത്!
‘‘മാലിനി നാരായണിന്‍െറ വീടേതാ?’’

നാടന്‍ പലഹാരങ്ങളും പഴക്കുലകളുമുള്ള ചായക്കടയില്‍ കൂടിനില്‍ക്കുന്ന ആളുകളോടു  ചോദിച്ചു.
ഇതാ, പത്രവാര്‍ത്തകള്‍ ഉറക്കെ ചര്‍ച്ചചെയ്യപ്പെടുന്ന ആണുങ്ങളുടെ സ്വകാര്യ ഇടങ്ങളിലൊന്ന് (കടപ്പാട്-മാലിനി നാരായണ്‍-ഒരു അവിവാഹിതയുടെ ജീവിതം.)
‘‘ഏത് മാലിനി?’’
ഒരു വൃദ്ധന്‍ ജിജ്ഞാസയോടെയെഴുന്നേറ്റു.
‘‘അത്...ഈ വാരികകളില്‍ കഥയൊക്കെയെഴുതുന്ന...’’
‘‘ഏഷ്യാനെറ്റില്‍  റിയാലിറ്റി ഷോ കളിക്കാന്‍പോയ കാവ്യയുടെ വീട് തിരഞ്ഞുവന്നതാവും. അല്ലാതെ കഥയും വാരികയുമൊക്കെ ഇവിടെയാരാ നോക്കുന്നത്?’’
ഒരാള്‍ വിളിച്ചുപറഞ്ഞു.
‘‘ഇന്നാട്ടില്‍ കഥയെഴുതുന്ന പെണ്ണുങ്ങളുണ്ടെന്ന് എനിക്കു തോന്നണില്യ.’’
പഴംപൊരി കടിച്ചിറക്കുമ്പോള്‍ അയാള്‍ കൂട്ടിച്ചേര്‍ത്തു.
രക്ഷയില്ല.
‘‘ഈ  എ.എം.എല്‍.പി സ്കൂളെവിടെയാണെന്നറിയാമോ?’’
സ്കൂള്‍ അറിയാതിരിക്കില്ലല്ലോ.
‘‘അതൊന്നും ചോദിച്ചാല്‍ എനിക്കറീല്യ. ശങ്കരനാരായണ്‍  മാഷിന്‍െറ സ്കൂളാണിവിടെയുള്ളത്...ദാ ആ വളവുതിരിഞ്ഞാല്‍ കാണാം.’’
രക്ഷപ്പെട്ടു. ശങ്കരനാരായണ്‍ മാഷോടു ചോദിച്ചാല്‍ അറിയുമായിരിക്കും.

കിഴക്കുംപുറം  എ.എം.എല്‍.പി സ്കൂള്‍ ഗേറ്റിനുള്ളില്‍ കുട്ടികളുടെ കലമ്പല്‍. ചെറിയ സ്കൂളാണ്.
ശങ്കരനാരായണ്‍ മാഷിന്‍െറ മുറി കാണിച്ചുതന്ന്  പുറത്തേക്കോടിയ കുട്ടി മരച്ചുവട്ടില്‍നിന്ന് ഒന്നു തിരിഞ്ഞുനോക്കി.
‘‘മാലിനി--ങാ- മംഗലത്തെ നാരായണനുണ്ണിയുടെ ഭാര്യയാണ്.’’
മാഷിന് ആളെ പിടികിട്ടി.
‘‘അവരിവിടെ ടീച്ചറാണോ?’’
‘‘അല്ല. അവര്‍ക്കു ജോലിയില്ല. ഇതവരുടെ തറവാടു വക സ്കൂളാണ്.’’
മാഷ് ഒന്നു ചിരിച്ചു.
‘‘അല്ലെങ്കില്‍ അവര്‍ക്കൊക്കെ എന്തിനാ ജോലി? മൂന്നാലു തലമുറക്കു കഴിയാനുള്ളത് തറവാട്ടിലുണ്ട്. കൊയ്ത്തും മെതിയും ഇപ്പോഴുമുണ്ട്. പിന്നെ പച്ചക്കറി, തെങ്ങുംതോപ്പ്, റബ്ബര്‍...
കുട്ടി മാലിനിയുടെ ആരാ? കൂടെപ്പഠിച്ചതാണോ?’’
ആണെന്നും അല്ലെന്നും അര്‍ഥം വരുന്ന ഒരു തലയാട്ടലില്‍ യാത്രപറഞ്ഞിറങ്ങി.
കടുംനീല പെയിന്‍റടിച്ച ഗേറ്റില്‍ ചെമ്പരത്തിച്ചെടികളുടെ സമൃദ്ധി.
ശ്രീനിലയം.
ഇതുതന്നെ.
ഇലഞ്ഞി പൂത്ത മണം. പണ്ട് അമ്മവീട്ടില്‍ പോകാന്‍ ഉത്സാഹം കാണിച്ചിരുന്നത് ഇലഞ്ഞിപ്പൂപെറുക്കാനായിരുന്നു. മാലകോര്‍ത്ത് മുടിയില്‍ ചൂടില്ല. കണ്ണാടിയുടെ മുന്നില്‍ തൂക്കിയിടും. മുറിമുഴുവന്‍ സുഗന്ധമായിരിക്കും.
മുറ്റത്ത് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ഓടിക്കളിക്കുന്നു.
‘‘മാലിനി നാരായണ്‍...?’’
വരാന്തയുടെ തിണ്ണ തുടയ്ക്കുന്ന യുവതി ഞെട്ടി മുഖമുയര്‍ത്തി. വിവര്‍ണമായ മുഖത്തോടെ അവള്‍ എഴുന്നേറ്റതും ബക്കറ്റിലെ വെള്ളം നിലത്തു തൂവി.
‘‘അതേ-ആരാ?’’
അധികം വണ്ണമില്ലാതെ വെളുത്ത്, പരിചരണമില്ലാത്ത ചര്‍മവും കട്ടിപ്പുരികങ്ങളുമുള്ള യുവതി വെപ്രാളത്തോടെ ചോദിച്ചു.
ഈശ്വരാ...ഇതാണോ മാലിനി നാരായണ്‍?

പരമ്പരാഗതമായ ചങ്ങലകളെ പൊട്ടിച്ചെറിയാന്‍  ഉദ്ബോധിപ്പിക്കുന്ന ശക്തമായ വാക്കുകളുതിരുന്ന പേന പിടിക്കുന്നത് ദുര്‍ബലമായ ഈ വിരലുകളാണോ?
അഴുക്കുവെള്ളത്തില്‍ കുതിര്‍ന്ന തേപ്പും കൈയില്‍ പിടിച്ച് എളിയില്‍ എടുത്തു കുത്തിയ നൈറ്റിയും ധരിച്ച് അവള്‍ അവിടെത്തന്നെ തറഞ്ഞുനില്‍ക്കുകയാണ്. ആരെയോ ഭയപ്പെട്ടെന്നപോലെ മുഖത്ത് പരിഭ്രമമുണ്ട്.
‘‘ഞാന്‍...ചാനലില്‍നിന്നാണ്. മറഞ്ഞിരിക്കുന്ന നിധികള്‍ എന്ന പ്രോഗ്രാമിനുവേണ്ടി നിങ്ങളെക്കാണാന്‍ വന്നതാണ്.’’
രണ്ടുംകല്‍പിച്ച് വന്ന കാര്യം പറയുമ്പോള്‍ ആ മുഖത്തു വിരിയുന്ന ഭാവങ്ങള്‍ കൗതുകപൂര്‍വം നോക്കാതിരിക്കാനായില്ല.
‘‘മാലിനീ...ആരാത്?’’ ഒരു വള്ളുവനാടന്‍സിനിമയിലെ കഥാപാത്രത്തെപ്പോലെ കസവുകരയുള്ള മുണ്ടും വേഷ്ടിയും ധരിച്ച് ഒരു വൃദ്ധ ധാര്‍ഷ്ട്യത്തോടെ ഇറങ്ങി വന്നു.   വീതിയുള്ള സ്വര്‍ണമാലയും കമ്മലുകളും തിളങ്ങുന്നു.
‘‘തേപ്പും പിടിച്ച് വര്‍ത്തമാനം പറഞ്ഞു നിക്കാ? അച്ഛന്‍െറ പിറന്നാളാ. സമയത്ത് എല്ലാം തികഞ്ഞില്ലെങ്കില്‍ മൂപ്പര്‍ക്കു കലികേറും.’’
അവര്‍ ഒരു നികൃഷ്ട വസ്തുവിനെക്കണ്ടതുപോലെ എന്നെ നോക്കി.
ഇരുനിറത്തില്‍ മെലിഞ്ഞ്, ജീന്‍സും കുര്‍ത്തയും ധരിച്ച, കണ്ണടവെച്ച ഈ പേക്കോലമേതാ എന്നാണ് ആ മുഖത്തെ ഭാവം.
‘‘എന്‍െറ കൂട്ടുകാരിയാ. അമ്മേ ഞങ്ങള്‍ കുറെക്കാലംകൂടി കാണുന്നതാ.’’
അപ്രതീക്ഷിതമായിരുന്നു മാലിനിയുടെ നീക്കം. അവള്‍ ഒതുക്കിറങ്ങിവന്ന് എന്‍െറ കൈപിടിച്ചു. അതൃപ്തിയോടെ ആ സ്ത്രീ അകത്തേക്കുപോയ ആ നിമിഷം എനിക്കവളോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി.

മാലിനിയുടെ കിടപ്പുമുറിയില്‍ ഒരു എഴുത്തുമേശ പ്രതീക്ഷിച്ചെങ്കിലും കാണാനായില്ല. പുസ്തകറാക്കില്‍ കുട്ടികളുടെ സ്കൂള്‍ ബാഗുകളും വെള്ളക്കുപ്പികളുമൊക്കെയാണ് നിരത്തിവെച്ചിരിക്കുന്നത്. തീരെ ചെറിയ ജനാലകള്‍. വെളിച്ചം കുറവാണ് മുറിക്കുള്ളില്‍. ജനാലയിലൂടെ പ്രകൃതിയും പച്ചപ്പുമൊന്നുമല്ല, തൊഴുത്തിന്‍െറ പിന്‍ഭാഗമാണ് കാണുന്നത്. നനഞ്ഞ ചാണകത്തിന്‍െറ ഗന്ധം.
വളരെപ്പഴയ വീടാണ്. മച്ചും ഓവറയുമൊക്കെയുണ്ടാവണം.
മാലിനി കൊണ്ടുവന്ന നാരങ്ങാവെള്ളത്തിന് നല്ല മധുരവും രുചിയുമുണ്ടായിരുന്നു.
‘‘മാലിനിയുടെ കഥകള്‍പോലെയാണല്ലോ ഇത്!’’
അവള്‍ ഒന്നു ചിരിച്ചു. നിന്ദയോ അഭിമാനമോ പരിഹാസമോ വിനയമോ...തിരിച്ചറിയാനായില്ല.
അപരിചിതത്വം പതിയെ മാഞ്ഞുപോകുമ്പോള്‍ എനിക്കും അദ്ഭുതം തോന്നാതിരുന്നില്ല. ഒരുപക്ഷേ, കൗമാരകാലം മുതല്‍ വായിച്ചിരുന്ന കഥാകാരിയോടുള്ള പരിചയം മറനീക്കി പുറത്തുവന്നതാവും. സംസാരിക്കുന്നതിനിടയില്‍ മാലിനി ഇടക്കിടെ അടുക്കളയിലേക്കോടി.

ഭര്‍ത്താവിന്‍െറ അച്ഛന്‍െറ പിറന്നാളാണുപോലും. സദ്യ നിര്‍ബന്ധമാണ്. ഇന്നുതന്നെ വരാന്‍തോന്നിയതിന് ഞാനെന്നെ പഴിച്ചുകൊണ്ടേയിരുന്നു. സംസാരിക്കാതെ മടങ്ങിപ്പോയാല്‍ മാലിനിയെപ്പിന്നെ കാണാനേ കിട്ടില്ല എന്ന് മനസ്സിലിരുന്നാരോ മുറവിളി കൂട്ടാനും തുടങ്ങി. അടുക്കളയിലേക്കോടി സാമ്പാറിനുള്ള പരിപ്പു വേവിച്ച് ,ചോറു വാര്‍ത്ത്, അവിയല്‍ക്കഷണങ്ങള്‍ നുറുക്കി, ബാക്കിവന്ന തൈരില്‍ ഉറയൊഴിച്ച്, എണ്ണമെഴുക്കുള്ള കൈകളോടെ പലതരം ഗന്ധങ്ങളോടെ, ക്ഷമാപണംപോലെ  മാലിനി ഇടക്കിടെ എന്നെത്തേടി വന്നു.
യൂനിവേഴ്സിറ്റി കോളജിലെ മലയാളം ബി.എ കാലത്തെക്കുറിച്ച്, പഠിത്തം പൂര്‍ത്തിയാവുംമുമ്പേ മരിച്ചുപോയ അച്ഛന്‍െറ സ്നേഹത്തെക്കുറിച്ച്, ദോഷജാതകംമൂലം മുടങ്ങിപ്പോയ വിവാഹാലോചനകള്‍ അമ്മയുടെ മാനസികനില തകരാറാക്കിയതിനെക്കുറിച്ച് മാലിനി പതിയെ പറഞ്ഞുകൊണ്ടിരുന്നു. ഭാവഭേദങ്ങളില്ലാത്ത തണുത്ത ശബ്ദം.
വലിയ കര്‍ഷകകുടുംബത്തില്‍നിന്നുള്ള ഒറ്റ മകന്‍െറ വിവാഹാലോചന അമ്മയെ ഒരുപാടു സന്തോഷിപ്പിച്ചു. തിരുമാന്ധാംകുന്നിലെ മംഗല്യപൂജയുടെ മംഗളകരമായ അവസാനം എന്ന്  അമ്മ എല്ലാവരോടും പറഞ്ഞുനടന്നു.

ഉണ്ണാനും ഉടുക്കാനും പണിയാനും ഒരുപാടുള്ള വലിയ തറവാട്ടില്‍ സ്വപ്നം കാണാനും വായിക്കാനും നേരമില്ലാതെയായി എന്ന പരാതി എല്ലാവര്‍ക്കും പരിഹാസമായിരുന്നു.
വായിച്ചിട്ടാണ് നീ കേടുവന്നത്, മനസ്സ് മറ്റുള്ളവരെപ്പോലെയല്ലാതായത്.
കൃഷിപ്പണിയുള്ള വീട്ടില്‍ നെല്ലിന്‍െറ പണി കഴിയുമ്പോഴേക്ക് കുരുമുളകാവും, പിന്നെ തേങ്ങ, അടക്ക, കശുവണ്ടി. വേനല്‍ക്കാലത്ത് മാങ്ങ, ചക്ക, പുളി. ഇടവേളകളില്‍ പച്ചക്കറിയും. പണിക്കാര്‍ക്ക് പുറത്തുനിന്ന് ഭക്ഷണം കൊടുക്കുന്ന പതിവില്ല.
വീട്ടുകാര്‍ക്ക് ഭക്ഷണകാര്യത്തില്‍ വളരെ ചിട്ടയാണ്. ഒരു നേരമുണ്ടാക്കിയത് അടുത്ത നേരം കഴിക്കില്ല.
ഓരോരോ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ട് അമ്മ ഒന്നുരണ്ടു തവണ മുറിയിലേക്കു വരുകയും പോവുകയും ചെയ്തു. മേശപ്പുറത്ത് എന്തോ തിരഞ്ഞു.
‘‘നമ്മളുടെ സംസാരം പിടിച്ചെടുക്കാന്‍ വന്നതാണ്. അല്ലാതെ അമ്മക്കുവേണ്ട ഒരു സാധനവും ഈ മുറിയിലില്ല’’, മാലിനി ഒന്നു പുഞ്ചിരിച്ചു.
‘‘എഴുതാന്‍ പ്രേരണ തരുന്നത് ആരാണ്?’’
മാലിനിയുടെ മുഖത്ത് പരിഹാസമല്ല തെളിയുന്നതെന്ന് വിശ്വസിക്കാന്‍ ഞാന്‍ വെറുതെ ശ്രമിച്ചു.

‘‘അതു ഞാന്‍ തന്നെ.’’ മുഖത്തടിച്ചപോലെയുള്ള ആ മറുപടി എന്നെ ഞെട്ടിക്കാതിരുന്നില്ല.‘‘പതിനൊന്നു പന്ത്രണ്ടു മണിക്ക് വീടൊന്നൊതുങ്ങുമ്പോള്‍ ചില ദിവസങ്ങളില്‍ ഞാന്‍ അപ്പുറത്തെ മുറിയിലിരുന്നെഴുതുമായിരുന്നു, കുട്ടികളുടെ പഴയ നോട്ട്ബുക്കിന്‍െറ ഏടുകള്‍ കീറി നേരം വെളുക്കുംവരെ എഴുതിയ ദിവസങ്ങളുണ്ട്. പോസ്റ്റ്മാനാണ് അതൊക്കെ പോസ്റ്റ് ചെയ്തിരുന്നത്. എന്താണിതൊക്കെ എന്നൊരദ്ഭുതത്തോടെ നോക്കുകയല്ലാതെ ഒന്നും ചോദിക്കില്ല അയാള്‍.’’
മാലിനി നിസ്സംഗതയോടെ ചിരിച്ചു.
ആരവങ്ങളില്‍നിന്നകലെ ഒരു ഫോട്ടോപോലും പുറത്തുകാണിക്കാതെ ചെമ്പരത്തിച്ചെടികള്‍ വളര്‍ന്ന ഈ ഗേറ്റിനുള്ളില്‍ മാലിനി നില്‍ക്കുന്നത് ഞാന്‍ സങ്കല്‍പിച്ചു. ഇവിടെനിന്നുവേണം ഒരു പൊതുപരിപാടിക്ക് അവള്‍ക്കു പോകണമെങ്കില്‍. നന്നായി.
‘‘കുട്ടികള്‍ വലിയ ആശ്വാസമാകും അല്ലേ?’’
മാലിനി നിശ്ശബ്ദയായി.
‘‘അമ്മയിന്നെന്തിനാ പായസമുണ്ടാക്കിയത്. ബ്രോസ്റ്റ് കൊണ്ടുവരാമെന്ന് ടൗണില്‍ പോകുമ്പോള്‍ അച്ഛന്‍ പറഞ്ഞല്ലോ.’’
മകള്‍ ഓടിവന്നു.
‘‘മുത്തച്ഛന്‍െറ പിറന്നാളല്ലേ മോളേ...’’
‘‘വേണ്ട. എനിക്കു പായസം വേണ്ട. ബ്രോസ്റ്റ് മതി.’’
കുട്ടി ഓടിപ്പോയി.

‘‘കുട്ടികളെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല. അവിയലിനുപ്പുകൂടി,സാമ്പാര്‍ കരിഞ്ഞുപോയി, പപ്പടം പൊങ്ങിവന്നില്ല ഇതൊക്കെ നിത്യവും കേട്ട് അവര്‍ക്കിപ്പോള്‍ ധാരണ എന്‍െറ പാചകം മോശമാണെന്നാണ്. ശ്രദ്ധ ചിലപ്പോള്‍ എവിടെയൊക്കെയോ പാറിപ്പറന്നുപോകും. മനസ്സുണര്‍ന്ന് ഒരായിരം വാക്കുകളാല്‍ വിങ്ങി വീര്‍ത്തു നില്‍ക്കുമ്പോള്‍ സ്വസ്ഥമായി ഒന്നിലും ശ്രദ്ധിക്കാനാവാതെ പോകുന്നു. അപ്പോള്‍ കറിക്ക് ഉപ്പുകൂടും, ചിലപ്പോള്‍ കരിഞ്ഞുപോകും. വാക്കുകള്‍ പീലിവിടര്‍ത്തി നൃത്തം ചെയ്യാനെത്തുന്ന നേരത്ത് അടുപ്പില്‍ അരിക്കലംവെന്തു വാര്‍ക്കാറായി തിളക്കുകയാവും. കഞ്ഞിയും പുഴുക്കും കഴിക്കാനായി  പണിക്കാര്‍ ചായ്പ്പില്‍ വന്നിരുന്നിട്ടുണ്ടാവും. പൗഡര്‍ ടിന്‍ കാണാതെ ഭര്‍ത്താവ് അലറിവിളിക്കുന്നുണ്ടാവും. ഞാന്‍ വെറുതെയിരിക്കുകയാണോ എന്നറിയാനായി അമ്മ പിറകില്‍വന്നൊളിച്ചു നോക്കുന്നുണ്ടാവും. അന്നേരം ഞാന്‍ എല്ലാവരിലേക്കുമായി തിരിച്ചുവരും. പുതുമഴയില്‍ ചിറകെടുത്തുയരുന്ന ഈയാംപാറ്റകളെപ്പോലെ വാക്കുകള്‍ ദുര്‍ബലമായ ചിറകുകള്‍ വിരിച്ച് എന്നില്‍നിന്നകന്നുപോകും അപ്പോള്‍...’’
മാലിനി ദീര്‍ഘമായൊന്ന് നിശ്വസിച്ചു. എഴുതിപ്പൂര്‍ത്തിയാക്കാത്ത കഥകള്‍ അവളുടെ കണ്ണുകളില്‍ മയങ്ങിക്കിടക്കുന്നുവെന്നു തോന്നി...
‘‘ബി.എഡ് കഴിഞ്ഞയുടനെ കല്യാണം.
വീടിനടുത്ത് സ്കൂളുണ്ട്. അവിടെ ജോലിക്കു ചേര്‍ക്കുമായിരിക്കും. അവരുടെ കുടുംബം വക സ്കൂളാ. എല്ലാവരും പറഞ്ഞപ്പോള്‍  ഒരുപാടു പ്രതീക്ഷിച്ചു. നടന്നില്ല. ജോലിക്കുപോകുന്ന പെണ്ണിനെ വേണ്ട. വീട്ടിലെ കാര്യങ്ങള്‍ മുടങ്ങുമെന്ന ഭയം. ആ വേക്കന്‍സിയില്‍ കയറിയത്  സഹപാഠിയാണ്. പതിനഞ്ചു വര്‍ഷത്തെ സര്‍വീസായി അവള്‍ക്ക്. ഇവിടെയടുത്തുതന്നെ വീടുവെച്ചു. ഇടക്ക് എന്നെക്കാണാന്‍ വരും. അവള്‍ വരുന്നത് ആശ്വാസവും വേദനയുമാണെനിക്ക്. എന്‍െറ സ്വപ്നങ്ങളിലെ  ജീവിതം  ജീവിക്കുന്ന ഒരുവള്‍...അസ്വസ്ഥതയാണ് എനിക്കത്.’’
അവള്‍ ഒന്നു നിര്‍ത്തി.

‘‘ബി.എ എടുക്കേണ്ടിയിരുന്നില്ല എന്നു തോന്നാറുണ്ട്. കുറെ വായിച്ചപ്പോള്‍ എഴുതാന്‍ തോന്നി. പഠനകാലത്തൊക്കെ ചിലത് പ്രസിദ്ധീകരിച്ചപ്പോള്‍ കുറച്ച് ആത്മവിശ്വാസമായി. പുസ്തകമിറങ്ങിയതുതന്നെ അദ്ഭുതമായിരുന്നു. അനിയത്തിയുടെ സുഹൃത്തിന്‍െറ ചെറിയൊരു പബ്ളിഷിങ് സ്ഥാപനത്തിന്‍െറ പരീക്ഷണം. അയാളുടെ താല്‍പര്യംകൊണ്ടുമാത്രമുണ്ടായതാണ്. ഒരു പ്രകാശനംപോലും നടത്താനായില്ല. ആര്‍ക്കാണ് അതിലൊക്കെ താല്‍പര്യം? വെറുതെ സമയം കളയുകയാണെന്നാണ് ഇവിടെ എല്ലാവരും പറയുക.
ഉള്ളില്‍ എന്തോ മറച്ചുപിടിച്ച് ജീവിക്കുന്നപോലെയാണ്. ആരും വന്നെത്താത്ത ഒരിടത്ത് ഒളിച്ചിരിക്കണമെന്നു തോന്നും ചിലപ്പോള്‍. പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവില്ല.’’
എനിക്കു മനസ്സിലാവുന്നു മാലിനി... പറഞ്ഞില്ല.
‘‘എഴുത്തും വായനയുമൊക്കെ മനുഷ്യരെ കേടുവരുത്തുന്നു എന്നു വിശ്വസിക്കുന്നവര്‍ക്കിടയില്‍ വല്ലാതെ നീറുമ്പോള്‍ അറിയാതെ പേനയെടുത്തുപോയി. എല്ലാം എവിടെയെങ്കിലും  ചൊരിഞ്ഞുകളഞ്ഞാല്‍ കെട്ടിനിന്ന ഛര്‍ദി കളയുന്നതുപോലെ,വിങ്ങിനിന്ന കുരുപൊട്ടി വേദന ശമിക്കുംപോലെ, അടക്കിപ്പിടിച്ച ജീവവായു ഉള്ളിലേക്കെടുക്കുന്നപോലെ ഒരാശ്വാസമാണ്.
അതിനും കഴിയുന്നില്ല ഈയിടെ. ആട്ടിയോടിച്ച് പറന്നുപോയ അക്ഷരങ്ങള്‍ക്ക് എന്നോടു പിണക്കമാണ്’’, അവള്‍ മുഖം തുടച്ചു.
‘‘ചാനലും ഇന്‍റര്‍വ്യൂവും ഒന്നും വേണ്ട കുട്ടി.’’

മാലിനി ഒടുവില്‍ പറഞ്ഞു.
‘‘ജീവിക്കാന്‍ വയ്യാതാവും. ഒരുപാടു പരിഹസിക്കപ്പെടും. എല്ലാവരുടെയും മുന്നില്‍ ഭാഗ്യമുള്ള പെണ്ണാണു ഞാന്‍. നിറഞ്ഞ തറവാട്. ഇഷ്ടംപോലെ സ്വത്ത്. ഭര്‍ത്താവും കുട്ടികളും. പിന്നെ വീട്ടുജോലികള്‍ വീട്ടമ്മയുടെ കടമയല്ലേ,അതിനെക്കുറിച്ചു പറയാനാവില്ല.
ഭക്ഷണം നന്നായി കഴിക്കുന്നതോടെ സന്തോഷമായി എല്ലാവര്‍ക്കും. പിന്നെ അടുത്തനേരത്തെ ഭക്ഷണത്തെക്കുറിച്ചുള്ള ചിന്തയാണ്.
ജീവിക്കാന്‍വേണ്ടി, ജീവിച്ചിരിക്കുന്നുവെന്ന് സ്വയം ബോധ്യപ്പെടുത്താന്‍വേണ്ടി മാത്രമാണ് ഞാന്‍ എഴുതുന്നത്. വല്ലപ്പോഴും ഞാന്‍ എനിക്കുവേണ്ടി ജീവിക്കുന്ന ചില നേരങ്ങള്‍. ഇപ്പോള്‍ അതും ഇല്ലാതാവുകയാണ്.’’
ഞാന്‍ എഴുന്നേറ്റു. വെറുതെയായില്ല എന്‍െറ ഈ യാത്ര എന്ന് അനിരുദ്ധിനോട് വിളിച്ചുപറയണം.
ദയവുചെയ്ത് കാമറയുമായി വരരുത്.
മാലിനിയുടെ കണ്ണുകളില്‍ ദയനീയമായ ഒരപേക്ഷയുണ്ടായിരുന്നു.
പിറന്നാളുകാരന്‍ കാരണവര്‍, അമ്പലത്തില്‍നിന്നാവണം, പടികടന്നു വരുന്നുണ്ട്.
മുഖം ചുളിച്ച് അയാള്‍ എന്നെ ഒന്നു സൂക്ഷിച്ചുനോക്കി.
അതൃപ്തി നിറഞ്ഞ ആ മുഖത്തെ ഓരോ ചുളിവിലും മാലിനി നാരായണിന്‍െറ സ്ത്രീപക്ഷവാദ കഥകള്‍ പുളഞ്ഞു.


കഥ

മുന്‍ ലക്കങ്ങള്‍