
ദേശങ്ങള്‍ രാഷ്ട്രവത്കരിക്കപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ വേദിയാണ് ആധുനിക ഒളിമ്പിക്സെന്ന് നിസ്സംശയം പറയാം. മത്സരം രാഷ്ട്രങ്ങള്‍ തമ്മിലാവുമ്പോള്‍ ഒളിമ്പിക്സില്‍നിന്ന് രാഷ്ട്രീയത്തെ മാറ്റിനിര്‍ത്താനാവില്ല; ചരിത്രത്തെയും. അതുകൊണ്ടുതന്നെ ആഗോള രാഷ്ട്രീയത്തിന്‍െറ ഉഷ്ണമാപിനികൂടിയാകാറുണ്ട് ഓരോ ഒളിമ്പിക്സും. ഇതിനപ്പുറമാണ് ദേശകാലങ്ങള്‍ക്കതീതമായ കായിക രാഷ്ട്രീയമെന്ന ഒളിമ്പിക്സിന്‍െറ അന്ത$സത്ത.
ചരിത്രത്തില്‍ കാലൂന്നിയാണ് ഒളിമ്പിക്സ് എന്ന മഹാമേള നിലനില്‍ക്കുന്നത്. ജനപ്രീതിയുടെ കാര്യത്തില്‍ ലോകകപ്പ് ഫുട്ബാളോളം വരുമോ ഒളിമ്പിക്സെന്ന് എനിക്ക് സംശയമാണ്. എന്നാല്‍, ചരിത്രവും രാഷ്ട്രീയവും ഇഴചേരുന്ന സവിശേഷമായ ഗരിമയാണ് ഒളിമ്പിക്സിനെ വിശ്വകായികമേളയാക്കുന്നത്.
ഓരോ ഒളിമ്പിക്സും അതത് കാലത്തിന്‍െറ രാഷ്ട്രീയ പ്രഖ്യാപനങ്ങളാവാറുണ്ട്. ഒളിമ്പിക്സ് ബഹിഷ്കരിച്ചുകൊണ്ടാണ് പല രാജ്യങ്ങളും പല കാലങ്ങളിലും തങ്ങളുടെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഒന്നാം ലോക യുദ്ധത്തെത്തുടര്‍ന്ന് 1916ലെ ഒളിമ്പിക്സ് വേണ്ടെന്നുവെച്ചതും 1980ലെ മോസ്കോ ഒളിമ്പിക്സ് അമേരിക്കന്‍ ചേരിയും ’84ലെ ലോസ് ആഞ്ജലസ് മേള സോഷ്യലിസ്റ്റ് ചേരിയും ബഹിഷ്കരിച്ചതും ഒളിമ്പിക്സിനുമേല്‍ രാഷ്ട്രീയം നേടിയ ആധിപത്യത്തിന്‍െറ സൂചകങ്ങളത്രെ. ഇതിനുപുറമെ ഓരോ ഒളിമ്പിക്സിലും തങ്ങളുടെ രാഷ്ട്രീയം പലവിധത്തില്‍ പ്രഖ്യാപിച്ച പല താരങ്ങളുമുണ്ട്.
സ്വന്തം രാജ്യത്തെ ഏകാധിപത്യത്തിനെതിരെ, യുദ്ധക്കെടുതികള്‍ക്കും വര്‍ണവെറിക്കുമെതിരെ ഒളിമ്പിക്സിനെ പോരാട്ടവേദിയാക്കിവര്‍ അനവധി. ചോരയുടെ രാഷ്ട്രീയബോധത്തെ വികാരവും വിചാരവുമാക്കിയവരാണ് ഒളിമ്പിക്സിനെ കേവല മത്സരത്തിനപ്പുറം രാഷ്ട്രീയ സംവാദമാക്കിയവര്‍. ഇവരില്‍ പലരുമാണ് മെഡല്‍ ജേതാക്കളെക്കാള്‍ ചരിത്രത്തിലിടംനേടുന്നതും.
ഇത്തവണ ലണ്ടനും നല്‍കാനുണ്ടാവും ഇത്തരം അനവധി രാഷ്ട്രീയ പാഠങ്ങള്‍. അഫ്ഗാനിസ്താനിലെ മിസൈലുകളെയും റോക്കറ്റുകളെയും അതിജീവിച്ചെത്തുന്ന ബോക്സര്‍ സദ്ദാഫ് റഹീമിയും സ്പ്രിന്‍റര്‍ തഹീമയും ഫലസ്തീനില്‍നിന്ന് ആദ്യമായി എത്തുന്ന വനിതാതാരങ്ങള്‍, തലമറയ്ക്കാന്‍ അനുവാദമില്ലെങ്കില്‍ ഒളിമ്പിക്സേ വേണ്ട എന്ന് പ്രഖ്യാപിക്കാനൊരുങ്ങിയ സൗദി അറേബ്യന്‍ വനിതകള്‍ അങ്ങനെ പോകുന്നു ലോകരാഷ്ട്രീയത്തിന്‍െറ
ലണ്ടന്‍ അനുഭവങ്ങള്‍.
എന്നാല്‍, ഇത്തവണ ലണ്ടനില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന രാഷ്ട്രീയ പ്രശ്നം സുഡാനീസ് ആഭ്യന്തരയുദ്ധവും തെക്കന്‍ സുഡാന്‍ എന്ന കൊച്ചു രാജ്യവുമാകും. മാരിയല്‍ ഗോറെന്ന ഇരുപത്തേഴുകാരനായ മാരത്തണ്‍ ഓട്ടക്കാരനാണ് ഒളിമ്പിക്സ് തുടങ്ങുംമുമ്പുള്ള ലണ്ടന്‍െറ താരം. ഗോര്‍ വരുന്നത് അമേരിക്കന്‍ ഐക്യനാടുകളിലെ അരിസോണയില്‍നിന്ന്, മത്സരിക്കുന്നത് പക്ഷേ, ഒരു രാജ്യത്തിനും വേണ്ടിയല്ല, മറിച്ച് ഒളിമ്പിക്സ് പതാകക്കു കീഴില്‍. ഇത്തരത്തില്‍ മത്സരിക്കുന്ന മറ്റ് നാലുപേര്‍കൂടിയുണ്ട് ഇത്തവണ. അവര്‍ക്കൊന്നും പക്ഷേ, മാരിയല്‍ ഗോര്‍ ജീവിച്ച രാഷ്ട്രീയമുണ്ടാവില്ല പങ്കുവെക്കാന്‍.
അമേരിക്കയില്‍ കഴിയുന്ന സുഡാനീസ് അഭയാര്‍ഥിയാണ് ഗോര്‍. പാസ്പോര്‍ട്ടോ മറ്റ് രേഖകളോ ഒന്നുമില്ലാത്ത രാജ്യഭ്രഷ്ടന്‍. സുഡാനീസ് ആഭ്യന്തരയുദ്ധകാലത്ത് സ്വന്തം ജീവനും കൈയിലെടുത്ത് ഓടിയതാണ് 15കാരനായ മാരിയല്‍. തിരിഞ്ഞുനോക്കാതെ, എവിടേക്കെന്നറിയാതെ, എത്തിയത് അമേരിക്കയില്‍. ആഭ്യന്തരയുദ്ധത്തിനിടെ സുഡാനീസ് സൈന്യം പിടിച്ചുകൊണ്ടുപോയി അടിമപ്പണി ചെയ്യിച്ചിരുന്ന ആയിരക്കണക്കിന് കുട്ടികളിലൊരാളായിരുന്നു അവനും. എട്ടാം വയസ്സില്‍ വീട് റെയ്ഡ് ചെയ്ത പട്ടാളക്കാര്‍ റൈഫിളുകൊണ്ട് അടിച്ചുതകര്‍ത്തതാണ് ഗോറിന്‍െറ താടിയെല്ല്. എട്ടാം വയസ്സുമുതല്‍ പട്ടാളത്തിന്‍െറ ലേബര്‍ ക്യാമ്പില്‍ അടിമപ്പണി തുടങ്ങി, ഏഴു വര്‍ഷത്തിനുശേഷം അവിടെനിന്ന് ഓടി രക്ഷപ്പെടുംവരെ. ജീവിക്കാന്‍ വേണ്ടി ഓടിയ ഓട്ടത്തിനിടയില്‍ കുടുംബത്തിലെ ഇരുപത്തെട്ടു പേര്‍ യുദ്ധത്തിനിരയായതും കൂട്ടുകാരെല്ലാം പലവഴിക്കായതുമെല്ലാം ഗോര്‍ അറിയുന്നത് പിന്നീടെപ്പോഴോ ആണ്. രാഷ്ട്രീയമായി വടക്കന്‍ സുഡാനെ എതിര്‍ക്കുന്ന നിലപാടാണ് അമേരിക്കക്കുള്ളതെന്നതിനാല്‍ തെക്കന്‍ സുഡാന്‍കാരനായ ഗോറിന് അഭയം ലഭിച്ചു. ജീവന്‍ കൈയിലെടുത്ത് 42 കിലോമീറ്ററുകള്‍ തിരിഞ്ഞുനോക്കാതെ ഓടിയ പതിനഞ്ചുകാരന്‍ പിന്നീട് അവിടെ ക്രോസ്കണ്‍ട്രി ഓട്ടക്കാരനാവുകയായിരുന്നു, അക്ഷരാര്‍ഥത്തില്‍. അമേരിക്കന്‍ മീറ്റുകളില്‍ പ്രതിഭതെളിയിച്ച ഗോറിന് പക്ഷേ, ഒളിമ്പിക്സ് സ്വപ്നമായി അവശേഷിക്കുമായിരുന്നു, അമേരിക്കയുടെ സമ്മര്‍ദവും ഐഓസിയുടെ ആനുകൂല്യവും കിട്ടിയിരുന്നില്ലെങ്കില്‍. ഇപ്പോള്‍ ഗോറിന്‍െറ രാജ്യമായ തെക്കന്‍ സുഡാന് ഒളിമ്പിക്സ് കമ്മിറ്റിയോ ഐഓസി അംഗീകാരമോ ഇല്ല. കഴിഞ്ഞവര്‍ഷം രൂപംകൊണ്ട ഈ പുതിയ രാജ്യം ഒളിമ്പിക്സിലേക്ക് വരുന്നതേയുള്ളൂ. യോഗ്യതനേടിയ ഗോറിനോട് സുഡാന്‍െറ പേരില്‍ മത്സരിച്ചുകൊള്ളാനാണ് ഐഓസി ആദ്യം പറഞ്ഞത്. എന്നാല്‍, വര്‍ഷങ്ങളോളം തങ്ങള്‍ ആര്‍ക്കെതിരെ പോരാടിയോ, കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആര്‍ക്കെതിരെ രക്തസാക്ഷിത്വംവരിച്ചോ അവരെ ഒളിമ്പിക്സില്‍ പ്രതിനിധാനംചെയ്യാന്‍ താനില്ലെന്ന ഗോറിന്‍െറ നിലപാടിന് പിന്തുണ കിട്ടി. അമേരിക്കന്‍ അധികൃതരും ഒളിമ്പിക്സ് കമ്മിറ്റിയിലെ ശക്തരുമെല്ലാം തുണച്ചതോടെ ഒളിമ്പിക്സ് പതാക ഈ രാജ്യഭ്രഷ്ടന്‍െറ രാജ്യമായി. റഫ്യൂജീസ് ഇന്‍റര്‍നാഷനല്‍ എന്ന അന്താരാഷ്ട്രാ സര്‍ക്കാറിതര സംഘടനയാണ് ഗോറിനു വേണ്ടി സമ്മര്‍ദം ചെലുത്തിയിരുന്നത്. ഡച്ച് ആന്‍റില്ലെസില്‍ നിന്നുള്ള മൂന്നു പേരുമുണ്ടാവും ഇത്തവണ രാജ്യമില്ലാത്തവരുടെ പതാകക്കീഴില്‍.
ഞാന്‍ ഒളിമ്പിക്സ് മാരത്തോണ്‍ വിജയിക്കുന്നുണ്ടാവില്ല, അല്ല വിജയിക്കില്ലെന്ന് ഉറപ്പുതന്നെയാണ്. ആദ്യത്തെ ഇരുപതു പേരിലെത്തും. പത്തിലെത്താനായാല്‍ മഹാകാര്യം. എന്നാല്‍, ഒന്നുറപ്പാണ്, എന്‍െറ സ്വന്തം രാജ്യം തെക്കന്‍ സുഡാനാണെന്നും ഞങ്ങള്‍ക്കും ഒരു രാജ്യമുണ്ടെന്നും ലോകത്തോട് വിളിച്ചു പറയാന്‍ എനിക്ക് കഴിയും. അതാണ് ഞാന്‍ ചെയ്യുന്നത്- ഗോര്‍ സി.എന്‍.എന്നോട് പറയുന്നു. ഓട്ടത്തോട് വെറുപ്പായിരുന്നു എനിക്ക്, എന്‍െറ ഓട്ടം പക്ഷേ, ജീവനുവേണ്ടിയായിരുന്നു, ഇവിടെയും ഞാന്‍ ഓടുന്നത് ഒരു രാജ്യത്തിന്‍െറ അഭിമാനത്തിനു വേണ്ടിയാണ്.
അച്ഛനമ്മമാരെ ഗോര്‍ കണ്ടിട്ട് 12 വര്‍ഷമായി. സ്വന്തം ഗ്രാമത്തില്‍ അവര്‍ ജീവിച്ചുപോകുന്നുവെന്ന് ഗോറിന് ഇപ്പോഴറിയാം. തന്നെ ടി.വിയില്‍ ഇത്തവണ അവര്‍ കാണുമെന്നും അതിനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ഗോര്‍ പറയുന്നു. നാല്‍പതു കിലോമീറ്ററുണ്ട് ഗോറിന്‍െറ ഗ്രാമത്തില്‍നിന്ന് ടി.വിയുള്ള അടുത്ത നഗരത്തിലേക്ക്. മഴക്കാലമായതിനാല്‍ വാഹനമൊന്നുമില്ല. നടന്നായാലും തന്‍െറ ചരിത്രദൗത്യം കാണാന്‍ അവര്‍ വരുമെന്ന് ഗോര്‍ പറയുന്നു.
അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ജോര്‍ജ് ഡബ്ള്യു. ബുഷ് സമ്മാനിച്ച തൊപ്പിവെച്ചാണ് തെക്കന്‍ സുഡാന്‍െറ പ്രസിഡന്‍റ് സല്‍വാ കീര്‍ മയാര്‍ദി എപ്പോഴും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുക. ഡാര്‍ഫര്‍ കത്തിയെരിഞ്ഞപ്പോള്‍ അമേരിക്കയുടെ സഹായത്തോടെതന്നെയാണ് തെക്കന്‍ സുഡാന് ആദ്യം സ്വാശ്രയത്വവും പിന്നീട് സ്വാതന്ത്ര്യവും കൈവന്നത്. അതേ അമേരിക്കന്‍ നിലപാടുതന്നെയാണ് ലണ്ടനില്‍ മാരിയല്‍ ഗോറിനെയും സാധ്യമാക്കുന്നത്.
അമേരിക്കന്‍ പിന്തുണയില്ലാത്ത ഒരു രാജ്യഭ്രഷ്ടനും ഒളിമ്പിക്സിന്‍െറ കൊടിയടയാളമാവാന്‍ കഴിയില്ലെന്നതുകൂടിയാണ് ഗോര്‍ നല്‍കുന്ന പാഠം. പക്ഷേ, ആരുടെ പിന്തുണയോടെയായാലും ഒരു യുദ്ധമുഖവും പുതിയൊരു രാഷ്ട്രപ്പിറവിയും രാജ്യമില്ലാത്തവന്‍െറ ജീവിതാശങ്കയുമെല്ലാം ചേര്‍ന്നതാണ് മാരിയല്‍ ഗോര്‍ എന്നു കരുതാനാണ് എനിക്കിഷ്ടം. അതുകൊണ്ടുതന്നെ ഒളിമ്പിക്സ ് അവസാനിക്കുന്ന ആഗസ്റ്റ് പന്ത്രണ്ടിന് ഒളിമ്പിക്സ് പതാകക്കു കീഴെ പോഡിയത്തില്‍ സ്പീരോ സമാര ചിട്ടപ്പെടുത്തിയ ഒളിമ്പിക് ഗീതത്തിന്‍െറ പശ്ചാത്തലത്തില്‍ ആകാശത്തേക്കു നോക്കിനില്‍ക്കുന്ന മാരിയല്‍ ഗോറെന്ന രാജ്യഭ്രഷ്ടനെ ഞാന്‍ സ്വപ്നം കാണുന്നു, ആ നിമിഷത്തിന്‍െറ എല്ലാ രാഷ്ട്രീയ വ്യാഖ്യാനസാധ്യതകളെയും മാറ്റിവെച്ചുകൊണ്ട്.
വിമതലൈംഗികത
പതിനോരായിരം പേര്‍ പങ്കെടുക്കുന്ന ഒളിമ്പിക്സില്‍ സ്വവര്‍ഗാനുരാഗികളുടെ എണ്ണം ഇത്തവണ 24 ആണെന്ന് ഔ്സ്പോര്‍ട്സ് പറയുന്നു. ലൈംഗികാഭിമുഖ്യം വെളിപ്പെടുത്താന്‍ തയാറാവുന്നവരേറെയും വനിതാ താരങ്ങളാണെന്നതാണ് പ്രധാന സവിശേഷത. ലണ്ടനിലെ 23ല്‍ വനിതകള്‍ 21.
അമേരിക്കന്‍ ടെന്നിസ് താരം ലിസാ റെയ്മണ്ടാണ് ഒളിമ്പിക്സിനെത്തിയിട്ടുള്ള ലോകപ്രശസ്തയായ സ്വവര്‍ഗാനുരാഗി. സിഡ്നി ഒളിമ്പിക്സില്‍ ബീച്ച് വോളിയില്‍ സ്വര്‍ണം നേടിയ ആസ്ട്രേലിയയുടെ നഥാലികുക്ക് സ്വവര്‍ഗാനുരാഗിയെന്ന് പ്രഖ്യാപിച്ചിട്ടുള്ള എഴുത്തുകാരി കൂടിയാണ്. സ്വീഡിഷ് വനിതാ ഫുട്ബാള്‍ ടീമിലെ മൂന്നു പേര്‍ സ്വവര്‍ഗാനുരാഗികളാണ്. ജസീക്കാ ലാന്‍ഡ് സ്ട്രോം കഴിഞ്ഞ ഏതാനും വര്‍ഷമായി സ്വീഡിഷ് ടീമിന്‍െറ അവിഭാജ്യ ഘടകമാണ്. ടീമിന്‍െറ ഗോളിയായ ലിന്‍ഡാ ഹെഡ്വിഗും തന്‍െറ വിമത ലൈംഗികത മറച്ചുവെക്കുന്നവളല്ല. ലിസാ ഡാല്‍ക് വിസ്റ്റാണ് ടീമിലെ മൂന്നാമത്തെ ലെസ്ബിയന്‍.
ഫ്രഞ്ച് ട്രയാത്ത്ലോണ്‍ താരങ്ങളായ ജെസ്സിക്കാ ഹാരിസണും കരോലി പിയോണും ഒരുമിച്ചാണ് ജീവിക്കുന്നത്. ഡച്ച് വനിതാ ഹോക്കി ടീമിലെ മാരിയേ പോമാനും കാര്‍ലീന്‍ വാന്‍ഡെന്‍ പ്യുവലും പങ്കാളികളാണ്. ടീമിലെ മറ്റൊരംഗമായ മരിലിന്‍ ആഗ്ളിയോട്ടിയും ഇക്കൂട്ടത്തില്‍ പെടും. ഡെന്‍മാര്‍ക്കിന്‍െറ ഹാന്‍ഡ് ബാള്‍ താരം റിക്കി സ്കോ, ജര്‍മന്‍ സൈക്ളിസ്റ്റ് ഇനാ ട്യൂട്ടന്‍ ബര്‍ഗ് എന്നിവരും സ്വവര്‍ഗാനുരാഗികളായതില്‍ അഭിമാനിക്കുന്ന താരങ്ങളാണ്. പുരുഷന്മാരില്‍ അശ്വാഭ്യാസിയായ ബ്രിട്ടീഷുകാരന്‍ കാള്‍ ഹെസ്റ്ററും ഡച്ചുകാരനായ എഡ്വേഡ് ഗാലും മാത്രമാണ് സ്വന്തം ലൈംഗികാഭിമുഖ്യം വെളിപ്പെടുത്തുന്നവര്‍. ഏതന്‍സില്‍ പതിനൊന്നു പേരും ബെയ്ജിങ്ങില്‍ പത്തു പേരുമായിരുന്നു സ്വവര്‍ഗാനുരാഗികളെന്ന് ‘തുറന്നു’പറഞ്ഞവര്‍.
എന്തുകൊണ്ടാണ് ‘തുറന്നു’ പറയുന്ന പുരുഷ സ്വവര്‍ഗാനുരാഗികള്‍ കുറയുന്നതെന്ന ചോദ്യം ഹഫിംഗ്ടണ്‍ പോസ്റ്റിലെ ഗേ വോയ്സ് ബ്ളോഗര്‍ ജോഷ് ഗോഡ്മാന്‍ അന്വേഷിക്കുന്നുണ്ട്.
പുരുഷന്മാരായ സ്വവര്‍ഗാനുരാഗികള്‍ക്ക്, കായികതാരങ്ങള്‍ക്കു വേണമെന്ന് ലോകം കരുതുന്ന പുരുഷത്വം കുറവായിരിക്കുമെന്ന സ്വബോധമാണ് പലരെയും തുറന്നുപറച്ചിലില്‍നിന്ന് വിലക്കുന്നതെന്നാണ് ഗോഡ്മാന്‍ വിലയിരുത്തുന്നത്.
അതേസമയം, ലെസ്ബിയന്‍ താരങ്ങള്‍ക്ക് ഒരു പരിധിവരെ പുരുഷത്വം കായികലോകം അനുവദിച്ച് കൊടുക്കുന്നുണ്ട്. (ആ പരിധിക്കപ്പുറം പോയാല്‍ കാസ്റ്റര്‍ സെമന്യയുടെയോ ശാന്തി സൗന്ദര്‍രാജന്‍െറയോ പിങ്കി പ്രാമാണിക്കിന്‍െറയോ അനുഭവമാകുമെന്നത് വേറെ കാര്യം.)
ഒളിമ്പിക്സ് എന്നാല്‍ യുദ്ധങ്ങള്‍വരെ മാറ്റിവെച്ച് സൗഹൃദാന്തരീക്ഷത്തില്‍ പരസ്പരം മത്സരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക വേദിയാണ്. പരസ്പരം ബോംബുകള്‍ വര്‍ഷിക്കുന്ന ശത്രുരാജ്യങ്ങളുടെ കളിക്കാര്‍ വരെ പരസ്പരം കൈകൊടുക്കുന്ന കായികവേദിയില്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ മാത്രം ശത്രുക്കളായി നിര്‍ത്തുന്ന പ്രവണത നിലനില്‍ക്കുകയാണെന്നാണ് ഗോഡ്മാനെ പോലുള്ളവര്‍ കരുതുന്നത്. ബെയ്ജിങ്ങില്‍ സ്വവര്‍ഗാനുരാഗികള്‍ ഭരണകൂടത്തെ പേടിച്ച് സ്വയം വെളിപ്പെടുത്താന്‍ മടിക്കുകയാണെന്നായിരുന്നു യൂറോപ്യന്‍ വിമത ലൈംഗികതാ പ്രവര്‍ത്തകരുടെ വാദം. അവര്‍ക്കാര്‍ക്കുംതന്നെ യൂറോപ്പില്‍ തങ്ങളുടെ മനസ്സും ശരീരവും മറച്ചുപിടിക്കേണ്ടി വരില്ലെന്നു പറഞ്ഞവര്‍ക്ക് വീണ്ടും തെറ്റിയിരിക്കുകയാണ്.
ചൈനീസ് ഭരണകൂടം മാത്രമല്ല ബ്രിട്ടീഷ് സദാചാരവും വിമതലൈംഗികതയെ ഭയപ്പാടോടെത്തന്നെയാണ് കാണുന്നതെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കുകയാണ് ലണ്ടനില്‍നിന്നുള്ള ഈ സ്ഥിതിവിവരക്കണക്കുകള്‍.