കേരളത്തില്‍നിന്ന് കാസര്‍കോട്ടേക്കുള്ള ദൂരം | Madhyamam Weekly
Weekly


കേരളത്തില്‍നിന്ന് കാസര്‍കോട്ടേക്കുള്ള ദൂരം

രവീന്ദ്രന്‍ രാവണേശ്വരം

ഈ മാസം പതിമൂന്നിന് തിരുവനന്തപുരത്ത് ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ കാസര്‍കോടിനുവേണ്ടി മാത്രമായി ഒരു തീരുമാനമെടുത്തു. ജില്ലയില്‍ ആരാധനാലയങ്ങള്‍ പണിയണമെങ്കില്‍ സര്‍ക്കാറിന്‍െറ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ഈ തീരുമാനം. ഇങ്ങനെയൊരു തീരുമാനമെടുത്തത് മന്ത്രിസഭയല്ല എന്നത് ഒരു പ്രത്യേകതയാണ്. ജില്ലയില്‍ മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നതിന്‍െറ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് യോഗത്തെ തുടര്‍ന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ ദിനംപ്രതിയെന്നോണം കാസര്‍കോട്ട് നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. വാര്‍ത്തകള്‍കൊണ്ട് സാമുദായിക സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കരുതെന്ന് കരുതിയുള്ള സംയമനമാണ് അതിനു പിന്നില്‍. ആരാധനാലയങ്ങള്‍ മലിനപ്പെടുത്തുകയും ഭിന്നമതങ്ങളില്‍പെട്ട മനുഷ്യര്‍ തമ്മിലുള്ള സംസാരംപോലും തടയുന്ന സദാചാര പൊലീസ് വ്യാപകമാവുകയും ചെയ്യുന്ന സാമൂഹികാന്തരീക്ഷം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ മുതല്‍ ബസില്‍ എസ്.ടി ടിക്കറ്റ് മുറിക്കുന്നതിലെ തര്‍ക്കത്തില്‍വരെ വര്‍ഗീയതയാണ്്. അപകടത്തില്‍ മരിച്ചയാളും ഇടിച്ച വാഹനവും ഒരേ സമുദായത്തില്‍ പെട്ടതാണെങ്കില്‍ മാത്രം കാസര്‍കോട് സമാധാനം.  

കാസര്‍കോട്ടെ പ്രത്യേക പ്രശ്നം പരിഹരിക്കാന്‍ ആഭ്യന്തര വകുപ്പ് ഒരു പദ്ധതി തയാറാക്കി. 800 അംഗ സൗഹൃദപൊലീസ്. ഈ കമ്യൂണിറ്റി പൊലീസ് പത്തു വീടുകള്‍ക്ക് ഒന്നാണ്. പൊലീസായിട്ടല്ല കുടുംബങ്ങളുടെ രക്ഷകനും സഹായിയും ആയിട്ടായിരിക്കും പ്രവര്‍ത്തിക്കുക. വീടുകളില്‍ കല്യാണത്തിനും ചരമദിനത്തിനും ഇയാള്‍ പങ്കെടുക്കും. സാമൂഹിക വിരുദ്ധ ശക്തികളെ നിരീക്ഷിക്കും. ഇതാണ് പദ്ധതി. ഈ പദ്ധതി ഐ.ജി ശ്രീജിത്ത് മുഖ്യമന്ത്രിക്ക് നല്‍കി. നല്ല പദ്ധതിയെന്നായി ആഭ്യന്തരവകുപ്പ്. എന്നാല്‍, തങ്ങളുടെ വീടുകള്‍ക്ക് സമീപത്ത് പമ്മിനടക്കുന്നവര്‍ തങ്ങളുടെ ‘കൂട്ടത്തില്‍’പെട്ടതാണെന്ന് എന്താണ് ഉറപ്പ് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാത്തതുകൊണ്ട് പദ്ധതി പാളി.

പൊതുസമൂഹത്തിന്‍െറയും ഭരണകൂടത്തിന്‍െറയും കറകളഞ്ഞ ഇടപെടല്‍ ഇപ്പോള്‍ കാസര്‍കോട് ആവശ്യപ്പെടുകയാണ്. കേരളത്തിന്‍െറ പൊതു സാംസ്കാരിക, മതനിരപേക്ഷ ധാരയില്‍നിന്ന് ഈ ഭാഗം കണ്ണിമുറിഞ്ഞുപോകാതിരിക്കാന്‍ ഇത് അനിവാര്യമാകുന്നു. സാമുദായിക സൗഹാര്‍ദത്തിലൂന്നിയ സാമൂഹികജീവിതത്തിന്‍െറ അടയാളങ്ങള്‍ മാഞ്ഞുപോയ ഒരു ദേശമായി കേരളത്തിന്‍െറ ഭൂപടത്തില്‍ ഈ ജില്ല അടയാളപ്പെടാതിരിക്കണമെങ്കില്‍ അവിടെനിന്നുള്ള വിപല്‍സന്ദേശങ്ങള്‍ക്ക് നാം ചെവിയോര്‍ക്കണം.
പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് കാസര്‍കോട് ഗവ. കോളജില്‍ വിദ്യാര്‍ഥിസംഘട്ടനമുണ്ടായത്. എസ്.എഫ്്.ഐ-എം.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘട്ടനമെങ്കിലും സ്വഭാവം അതായിരുന്നില്ല. മൂലകാരണം കാമ്പസ് വര്‍ഗീയവാദമാണ് എന്ന് വ്യക്തം. കാമ്പസ് സാഹിത്യരംഗത്ത് നിസ്തുലമായ സംഭാവനകളും മലയാള സാഹിത്യരംഗത്ത് മികച്ച എഴുത്തുകാരെയും സംഭാവനചെയ്യുന്ന ഗവ.കോളജിന്‍െറ സ്റ്റുഡന്‍റ്സ് മാഗസിന്‍ പ്രസക്തമായ ഒന്നാണ്. ഇതിന്‍െറ എഡിറ്റര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് യൂനിയന്‍ തെരഞ്ഞെടുപ്പിലൂടെയും. ഇത്തവണ എസ്.എഫ്.ഐയിലെ ഖദീജത് സുഹൈലയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പേരു സൂചിപ്പിക്കുംപോലെതന്നെ സുഹൈല മുസ്ലിം പെണ്‍കുട്ടിയാണ്. ജൂലൈ നാലിന് കാസര്‍കോട് ഗവ. കോളജില്‍ ഖദീജത് സുഹൈല ആക്രമിക്കപ്പെട്ടു. അക്രമികളുടെ ആവശ്യം താന്‍ എസ്.എഫ്.ഐ പ്രവര്‍ത്തനം ഉപേക്ഷിക്കണം എന്നാണ് (ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ജൂലൈ 5 2012)എന്ന് സുഹൈല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗംകൂടിയാണ്.

എന്തായിരുന്നു സുഹൈലക്കെതിരെ നടന്നത് എന്ന് മുസ്ലിംലീഗുകൂടി പങ്കാളിയായ സംസ്ഥാന സര്‍ക്കാര്‍, നിയമസഭയില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍െറ(സി.പി.എം) സബ്മിഷന് മറുപടിയായി പറഞ്ഞു. ‘‘കാസര്‍കോട് ഗവ. കോളജില്‍ നിന്ന് പഠനംപൂര്‍ത്തിയാക്കിയ പല പൂര്‍വ വിദ്യാര്‍ഥികളും കോളജ് പ്രവൃത്തി സമയം കാന്‍റീനിലും കോളജ് വരാന്തയിലും ഹോസ്റ്റലിലും സൈ്വരവിഹാരം നടത്താറുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനമെന്ന പേരില്‍ കറങ്ങി നടക്കുന്ന ഇവര്‍ മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നതായും പെണ്‍കുട്ടികളെ കമന്‍റടിക്കുകയും പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും അറിയുന്നു. അതാണ് അടിസ്ഥാന കാരണം.’’
ലീഗിന്‍െറ സ്വാധീനമേഖല എന്നതുകൊണ്ടുതന്നെ എം.എസ്. എഫ് പ്രവര്‍ത്തകര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാവുന്ന കാമ്പസാണ് ഗവ.കോളജ്. വീട്ടുകാരുടെ കണ്ണില്‍പെടാതെ സംഘടനയുടെ പിന്‍ബലത്തില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ എളുപ്പമാണ്. ഈ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ പറയുന്ന കാസര്‍കോട്ടെ മത തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് എത്തിച്ചത്.

ആള്‍ക്കൂട്ടത്തിന്‍െറ നിഗൂഢ നിയമങ്ങള്‍
കഴിഞ്ഞ നാലുമാസത്തിനുള്ളിലാണ് ഇരുവിഭാഗത്തുനിന്നും സദാചാര പൊലീസ് സജീവമായി രംഗത്തുവന്നത്. തൃക്കരിപൂരില്‍ അന്യമതത്തില്‍പെട്ട കുടുംബവുമായി ബന്ധം സ്ഥാപിക്കുന്നുവെന്ന പേരില്‍ ഇതര വിഭാഗത്തില്‍പെട്ട യുവാവിനെ തല്ലിക്കൊന്നു. താന്‍ പഠിപ്പിച്ച അന്യമതത്തില്‍പെട്ട കുട്ടിയെ ഒരു പൊലീസുകാരന്‍ (അതും യൂനിഫോമിട്ട പൊലീസുകാരന്‍) കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ്്സ്റ്റാന്‍ഡില്‍വെച്ച് കണ്ടുമുട്ടിയപ്പോള്‍ അയാളെ തല്ലിച്ചതച്ചു. സുള്ള്യയില്‍നിന്നു വന്ന യുവതിയെ ഇതര സമുദായത്തില്‍പെട്ടയാള്‍ ബസിറങ്ങിയശേഷം സംസാരിച്ചപ്പോള്‍ അയാളും സദാചാര പൊലീസ് ഭീകരതക്ക് ഇരയായി. കാസര്‍കോട് ഐ.സി.സി.ഐക്ക് സമീപം ഇരു സമുദായത്തില്‍പെട്ട യുവതീയുവാക്കള്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ അയാള്‍ക്കും കിട്ടി തല്ല്. ഗവ.കോളജ് സ്റ്റേഡിയത്തിനടുത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ യുവതിയോട് സംസാരിച്ചപ്പോള്‍ അയാള്‍ക്കും കിട്ടി മര്‍ദനം. തല്ല് എന്നും കിട്ടുന്നത് ആണുങ്ങള്‍ക്കാണ്. ഇത് പെണ്‍കുട്ടികള്‍ക്കുള്ള സന്ദേശമാണ്. അന്യസമുദായക്കാരനോട് സംസാരിക്കരുത് എന്ന്. ഇനി തന്‍െറ മകളെ ആ വിഭാഗത്തില്‍പെട്ട അധ്യാപകന്‍ പഠിപ്പിക്കരുത് എന്നും ആ കണ്ടക്ടര്‍ ടിക്കറ്റ് മുറിക്കരുത്, ആ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കരുത് എന്നുമുള്ള നിഗൂഢ നിയമങ്ങള്‍ വരാന്‍പോകുന്നു. കടകള്‍, ഹോട്ടലുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവക്കു മുന്നില്‍ അതത് ജാതിയുടെയോ മതത്തിന്‍െറയോ പേര് ചേര്‍ക്കേണ്ടിവരും. ഗുജറാത്തില്‍ ഇങ്ങനെയൊക്കെയാണ് ചില കേന്ദ്രങ്ങളില്‍. ഗുജറാത്തും കര്‍ണാടകയും പലരൂപത്തില്‍ പടരുകയാണ് കാസര്‍കോട്ട്.

 സാഹചര്യങ്ങളാണ് ഏതുവിഭാഗത്തിലെയും സാമൂഹിക വിരുദ്ധരെ അതിനു പ്രേരിപ്പിക്കുന്നത്. അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരുവിഭാഗവും അവസരങ്ങള്‍ക്ക് കാത്തിരിക്കുന്ന മറുവിഭാഗവും കാസര്‍കോടിന്‍െറ സാമൂഹിക ജീവിതത്തിന് ഭീഷണിയാണ് എന്ന് തുറന്നുപറയാതിരിക്കാന്‍ കഴിയില്ല. പെരുന്നാളിന് തലേദിവസം വാര്‍ത്താസമ്മേളനം വിളിച്ച് പെരുന്നാള്‍ സമാധാനപരമായി ആഘോഷിക്കണം എന്ന് മുന്നറിയിപ്പ് നല്‍കുന്ന സംയുക്ത ജമാഅത്തുകളാണ് കാസര്‍കോട് ജില്ലയിലുള്ളത്. കാരണം, ഗള്‍ഫ് പണം നിയന്ത്രണമില്ലാതെ പുതിയ തലമുറകളുടെ കൈകളിലെത്തുന്നുണ്ടെന്നും അത് ക്രിസ്ത്യന്‍, ഹിന്ദുവിഭാഗങ്ങളെക്കാള്‍ മുസ്ലിം കുട്ടികളിലാണ് കണ്ടുവരുന്നത് എന്നുമുള്ള തിരിച്ചറിവ് കാസര്‍കോട്ടെ സംയുക്ത ജമാഅത്തുകള്‍ക്ക് ഉണ്ട്. ഓണത്തിനും ക്രിസ്മസിനും തലേദിവസം അതത് വിഭാഗങ്ങളില്‍നിന്നുണ്ടാകാത്ത വാര്‍ത്താസമ്മേളനങ്ങളാണ് പെരുന്നാളിന് തലേദിവസം നടത്തേണ്ടിവരുന്നത്. ലോകസമാധാന സന്ദേശങ്ങളിലൊന്നായ നോമ്പും പെരുന്നാളും കാസര്‍കോട് എന്തുകൊണ്ട്  പൊതുസമൂഹത്തിന് അലോസരമുണ്ടാക്കുന്നുവെന്ന് അതേസമുദായത്തിനുതന്നെ ബോധ്യപ്പെടുന്നു.  ഇവിടെ എടുത്തുപറയേണ്ടതും പ്രശംസിക്കേണ്ടതും ജമാഅത്തുകള്‍ക്ക് അത് ബോധ്യപ്പെടുകയും തുറന്നുപറയുകയും തിരുത്താന്‍ ശ്രമം നടക്കുന്നുവെന്നുമാണ്.
ഇന്ത്യന്‍ തെരുവുകളുടെ പിന്നാമ്പുറങ്ങളില്‍ ദരിദ്രരായി, അരക്ഷിതരായി ജീവിക്കുന്ന മുസ്ലിംങ്ങളുണ്ട് എന്ന്  കേരളത്തില്‍ മുസ്ലിം സമുദായത്തിന്‍െറ അട്ടിപ്പേറ് അവകാശപ്പെടുന്നവര്‍ക്ക് അറിയില്ല. കൊടുങ്കാറ്റ് രൂപംകൊള്ളുന്നത് അറിയുന്നില്ല.

കലാപങ്ങള്‍ക്ക് ഒരു ഗൃഹപാഠം
2009 നവംബര്‍ 14നാണ് കാസര്‍കോട് വെടിവെപ്പുണ്ടായത്. കുഞ്ഞാലിക്കുട്ടിക്കും മറ്റ് ലീഗ് നേതാക്കള്‍ക്കും നല്‍കിയ സ്വീകരണമാണ് അക്രമത്തിലേക്ക് നീങ്ങിയത്. കുഞ്ഞാലിക്കുട്ടി പ്രസംഗിക്കുന്ന വേദിക്ക് വളരെ അകലെ സമ്മേളനത്തിന് എത്തിയ ഏതാനും ചെറുപ്പക്കാര്‍ മറ്റുള്ളവരുടെ  തോരണങ്ങള്‍ അഴിച്ചുമാറ്റുകയും ബൈക്കുകള്‍ തടയുകയും പൊലീസിനുനേരെ കയര്‍ക്കുകയും ചെയ്തു. മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ക്കും വീടുകള്‍ക്കുംനേരെ അതിക്രമം നടത്തുകയും ചെയ്തു അവര്‍. സംഭവം വര്‍ഗീയമായ ചേരിതിരിവിലേക്ക് നീങ്ങുന്നുവെന്ന് അറിഞ്ഞതോടെ എസ്.പി രാംദാസ് പോത്തന്‍ സ്ഥലത്ത് എത്തി. പിന്നീട് എസ്.പിക്ക് നേരെയായി അക്രമം. ജനക്കൂട്ടം എസ്.പിക്കുനേരെ തിരിയുന്നുവെന്ന നിലവന്നതോടെ എസ്.പി വെടിവെച്ചു. ഒരാള്‍ മരിച്ചു. കലങ്ങിയ വെള്ളത്തില്‍ സംഘ്പരിവാര്‍ അനുകൂലികള്‍ ഒരാളെ കുത്തിയും കൊന്നു.  വെടിവെക്കുന്നതിന് മുമ്പ് ചില കര്‍മങ്ങള്‍ ഉണ്ടെന്നും അത് പാലിച്ചില്ലെന്നും ലീഗ് പറയുന്നു. ആ കര്‍മം പാലിച്ചാല്‍ തന്‍െറ കര്‍മം നടത്തേണ്ടിവരുമെന്നും എസ്.പി രാംദാസ് പോത്തന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായും പറയുന്നു. വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. മരിച്ചതോടെ അക്രമികളുടെ മുഴുവന്‍ ഉത്തരവാദിത്തവും ലീഗ് ഏറ്റെടുത്തു. അതില്‍ എന്‍.ഡി.എഫ് സ്വാധീനമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തല്‍. ലീഗും അത് ശരിവെച്ചു. എന്‍.ഡി.എഫുകാരെ കണ്ടെത്താന്‍ ലീഗ് കമ്മിറ്റിയെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. എന്‍.ഡി.എഫുകാര്‍ എന്ന നിലയില്‍ പുറത്താക്കാന്‍ ആരുമുണ്ടാകാത്തതിനാല്‍ എല്ലാവരെയും അകത്താക്കി കുറ്റിയിട്ടു.

കാസര്‍കോട് വെടിവെപ്പ് ജില്ലയിലെ സാമൂഹിക അന്തരീക്ഷത്തിന്‍െറ ഭാവി സൂചിപ്പിക്കുന്ന വാട്ടര്‍ ലൂ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. അതിന്‍െറ അന്വേഷണത്തില്‍ പറ്റിയ പാളിച്ചയാണ്  2011 ഒക്ടോബറില്‍ നടന്ന കാഞ്ഞങ്ങാട് കലാപം. കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ സ്വീകരണത്തിനിടെയാണ് കാഞ്ഞങ്ങാടും അക്രമം നടന്നത്. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു ചേരിതിരിവ് കാഞ്ഞങ്ങാട്  ഉണ്ടായത്. സ്വീകരണച്ചടങ്ങിനെത്തിയവര്‍ തിരിച്ചുപോകുംവഴി ഒരു ഓട്ടോ കത്തിച്ചു. ഇതിനെതിരെ അടുത്ത ദിവസം നഗരത്തില്‍ ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി. ഈ പ്രകടനത്തില്‍ പങ്കെടുത്തവരില്‍ ബി.ജെ.പി, സി.പി.എം, കോണ്‍ഗ്രസ് തുടങ്ങി എല്ലാ പാര്‍ട്ടികളിലുംപെട്ട തൊഴിലാളികള്‍  ഉണ്ടായിരുന്നു. പ്രകടനത്തിനിടയില്‍ കല്ലേറുണ്ടായി. പ്രത്യേക സമുദായത്തിന്‍െറ എന്ന് തോന്നിപ്പിക്കുന്ന സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ എന്നിവ ആക്രമിക്കപ്പെട്ടു.  അകത്തുണ്ടായിരുന്ന വിഷം എല്ലാവരിലും ചീറ്റി. ലീഗും സി.പി.എമ്മും രണ്ടു സമുദായങ്ങളുടെ പ്രതിനിധിയായി. തുടര്‍ന്ന് കലാപമായി. ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന് വ്യാപക പ്രചാരമുണ്ടായി. മുസ്ലിംകേന്ദ്രങ്ങളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങള്‍, പക്ഷേ ആക്രമിക്കപ്പെട്ടില്ല. എന്നാല്‍,  സി.പി.എം കേന്ദ്രത്തിലെ,        ആര്‍.എസ്.എസുകാര്‍ ഒരാള്‍പോലുമില്ലാത്ത സ്ഥലത്തെ പള്ളി ആക്രമിക്കപ്പെട്ടു. ഇരുവിഭാഗത്തിലുംപെട്ട വീടുകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടു. മുഖംമൂടി ധാരികള്‍ പട്ടാപ്പകല്‍ ആയുധവുമായി ഇറങ്ങിയെന്നതാണ് കാഞ്ഞങ്ങാട് കലാപത്തിന്‍െറ പ്രത്യേകത.
കാഞ്ഞങ്ങാട് കലാപത്തെ തുടര്‍ന്ന് കാസര്‍കോട് ഡി.വൈ.എഫ്.ഐ ഓഫിസ് എറിഞ്ഞുതകര്‍ക്കപ്പെട്ടു. പിടിക്കപ്പെട്ട മൂന്നുപേരില്‍ ഒരാള്‍ എന്‍.ഡി.എഫുകാരനാണ്. മറ്റുള്ളവര്‍ ലീഗ് പ്രവര്‍ത്തകരും. ഈ സംഭവത്തിന്‍െറ പേരില്‍ ഒരു പത്രക്കുറിപ്പ് ഇറക്കാന്‍പോലും ലീഗിനായില്ല.  രണ്ടു ലീഗ് പ്രവര്‍ത്തകരെകൂട്ടി ഒരു എന്‍.ഡി.എഫുകാരന്‍ ഡി.വൈ.എഫ്.ഐ ഓഫിസ് എറിഞ്ഞുതകര്‍ക്കുകയായിരുന്നു.  ഇതാണ് എന്‍.ഡി.എഫിന്‍െറ രീതി. മതനിരപേക്ഷ കേരളത്തിന് നിസ്തുല സംഭാവന നല്‍കിയ പാണക്കാട് ശിഹാബ് തങ്ങളുടെ പാര്‍ട്ടി ഒരു സമ്മേളനം നടത്തുമ്പോള്‍ വെടിവെപ്പും മറ്റ് സമുദായങ്ങള്‍ക്കുനേരെ കുതിരകയറലും കലാപവും നടക്കുന്നു. എന്നാല്‍, എന്‍.ഡി.എഫിന്‍െറ സമ്മേളനങ്ങള്‍ എത്ര സമാധാനപരമായാണ് നടക്കുന്നത് എന്ന് നോക്കണം(ഇത് ലീഗ് നേതാക്കള്‍കൂടി വേദനിക്കുന്ന ഒന്നാണ് എന്ന് സൂചിപ്പിക്കുന്നു). അക്രമം നടക്കുമ്പോള്‍ എന്‍.ഡി.എഫിന്‍െറ ശരീരം ലീഗായി മാറുന്നു.

കാഞ്ഞങ്ങാട് കലാപവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിന് എതിരെ അവര്‍ ഭരിക്കുന്ന സര്‍ക്കാറിന്‍െറ രണ്ടാമത്തെ സത്യവാങ്മൂലമാണ് ഗവ.കോളജുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉയര്‍ന്നത്. ആദ്യത്തേത് കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍െറ (സി.പി.ഐ) സബ്മിഷനുള്ള മറുപടിയിലാണ്. കാഞ്ഞങ്ങാട് കലാപത്തിന് കാരണമായത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ ചടങ്ങിനിടയിലെ അക്രമത്തിനിടയിലാണെന്നാണ് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന മുഖ്യമന്ത്രി സഭയില്‍ നല്‍കിയ മറുപടി. ഈ മറുപടി തിരുത്തിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടുവെങ്കിലും അത് നടന്നില്ല. എല്ലാ സംഭവങ്ങളും നടക്കുന്നത് മുസ്ലിംലീഗ് അധികാരത്തിലെത്തുമ്പോഴാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ സംശയിക്കേണ്ടതില്ല. എന്നാല്‍, ലീഗ് നേതാക്കള്‍ ഇതെല്ലാം ഗൂഢാലോചന നടത്തി ചെയ്യുന്നതാണ് എന്ന് അര്‍ഥമില്ല. കാസര്‍കോട്ടെ ലീഗ് സ്വാധീനം പണത്തിന്‍െറയും ആള്‍ബലത്തിന്‍െറയും സ്വാധീനമാണ്. ഇതിനോട് അധികാരവുംകൂടിയാകുമ്പോള്‍ ഇടത്തരം നേതൃനിര ഉണരുന്നു. അതുകൊണ്ടുതന്നെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലീഗിന് വലിയ ഉത്തരവാദിത്തമുണ്ട്.  അധികാരത്തെ കുറിച്ചുള്ള പരിമിതമായ ധാരണയാണ് ഈ ഉണര്‍വിനു പിന്നില്‍. ജില്ലയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് മുസ്ലിംലീഗ്.

 ഇന്ത്യയില്‍ വായുഗുളികയുടെ വലുപ്പത്തിലുള്ള രണ്ടു ജില്ലകളില്‍ ഒതുങ്ങുന്ന ലീഗിന് ഇന്ത്യന്‍ മുസ്ലിംകളോ അവരുടെ പ്രശ്നങ്ങളോ വിഷയങ്ങളല്ലെന്ന് 2009 നവംബര്‍ 15ന്‍െറ കാസര്‍കോട് വെടിവെപ്പ് കാണിച്ചുതന്നു. സംഘ്പരിവാറിനെതിരെ സമരം ചെയ്യണമെങ്കില്‍ മുസ്ലിംലീഗിനെ തകര്‍ക്കണം എന്ന് കേരളത്തിലെ പൊതുസമൂഹത്തെക്കൊണ്ട് പറയിപ്പിക്കുന്ന തെളിവുകള്‍ ഈ സംഭവത്തോടെ കാസര്‍കോട് നല്‍കിയിട്ടുണ്ട്. എസ്.പിയുടെ തോക്കില്‍നിന്ന്  പോയന്‍റ്ബ്ളാങ്കില്‍ വെടിയേറ്റ് മരിച്ച ലീഗ് പ്രവര്‍ത്തകന്‍െറ മരണം എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കാന്‍ സി.ബി.ഐയെ ഏല്‍പിച്ച ലീഗ്, വര്‍ഗീയവാദികളുടെ കുത്തേറ്റ് മറ്റൊരു പാവപ്പെട്ട മുസ്ലിം അതേ സംഭവത്തില്‍ മരിച്ചപ്പോള്‍ അത് അന്വേഷിക്കണമെന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇരുപത്തഞ്ചോളം കേസുകള്‍ കാസര്‍കോട് അക്രമത്തിലുണ്ടായിട്ടും അതിനകത്തെ വര്‍ഗീയ കലാപത്തിന് കാരണമായേക്കാവുന്ന, പട്ടികജാതി കോളനി ആക്രമിച്ചതടക്കമുള്ള, ക്ഷേത്രം ആക്രമിച്ചതടക്കമുള്ള കേസുകള്‍ സി.ബി.ഐയില്‍നിന്ന് മറച്ചുവെച്ചു. അതാണ് പറഞ്ഞത് ലീഗിന്‍െറ മുന്നില്‍ രണ്ടു മുസ്ലിംകളുണ്ട് എന്ന്.  

സി.പി.എമ്മിനെ ഭൂരിപക്ഷ സമുദായത്തിന്‍െറ പ്രതിനിധിയാക്കുന്നതിന്‍െറ ഭാഗമായിരുന്നു കാഞ്ഞങ്ങാട് കലാപവും ഡി.വൈ.എഫ്.ഐ ഓഫിസ് ആക്രമണവും. ഇത് ലീഗ് തീരുമാനമാവില്ല. പക്ഷേ, ഇത്തരം തീരുമാനങ്ങളിലേക്ക് ലീഗിനെ എത്തിക്കാന്‍ എന്‍.ഡി.എഫ്  ലീഗില്‍ പരകായപ്രവേശം ചെയ്തിരിക്കുകയാണ്. ഈ ബാധയെ ഒഴിവാക്കാന്‍ പ്രത്യേക ക്യാമ്പ് വിളിച്ചുചേര്‍ത്ത്  യൂത്ത് ലീഗ് കാസര്‍കോട് കമ്മറ്റി. ഒരു കുട്ടിക്കെതിരെപോലും നടപടിയെടുക്കാന്‍ ലീഗിനായില്ല. കാസര്‍കോട് ലീഗില്‍ മനസ്സും ശരീരവും ഈരീതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ്.

ഹിന്ദുക്കളുടെ പ്രതിനിധി സി.പി.എം!
സംഘ്പരിവാര്‍ ശക്തികള്‍ ഏകപക്ഷീയമായി കൊണ്ടുനടന്ന മതമൗലികവാദ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷമുണ്ടാകുന്നത് എന്‍.ഡി.എഫിന്‍െറ അരങ്ങേറ്റത്തോടെയാണ്. സംഘര്‍ഷങ്ങളെല്ലാം വര്‍ഗീയമാകുകയും കേസുകളെല്ലാം രാഷ്ട്രീയമാകുകയും ചെയ്തു. എന്‍.ഡി.എഫ് പലപേരുകളില്‍ രംഗപ്രവേശം ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയ കാലത്തിന്‍െറ അടിസ്ഥാനത്തില്‍  ജില്ലയിലെ ലീഗ് -സി.പി.എം സംഘര്‍ഷം പരിശോധിച്ചാല്‍  എന്താണ് കഴിഞ്ഞ പത്തു വര്‍ഷക്കാലം ജില്ലയില്‍ നടന്നുകൊണ്ടിരുന്നത് എന്ന് മനസ്സിലാകും. ഇതിന്‍െറ ഔദ്യാഗിക വെളിപ്പെടുത്തല്‍ ഉണ്ടായത് 2011ലെ കാഞ്ഞങ്ങാട് കലാപവുമായി ബന്ധപ്പെട്ട്  ജില്ലയില്‍ എത്തിയ ഡി.ജി.പി ജേക്കബ് പുന്നൂസ് നടത്തിയ പ്രസ്താവനയിലാണ്. കഴിഞ്ഞ പത്തു വര്‍ഷമായി കാസര്‍കോട്  നടക്കുന്ന സംഘര്‍ഷങ്ങളെ വര്‍ഗീയമായി കാണാതെ രാഷ്ട്രീയമായി കാണുകയായിരുന്നുവെന്നാണ് ഡി.ജി.പി വാര്‍ത്താസമ്മേളനം വിളിച്ചുപറഞ്ഞത്.  ഇതിനര്‍ഥം കാസര്‍കോടന്‍ ഗ്രാമങ്ങളിലെ രാഷ്ട്രീയത്തില്‍ വര്‍ഗീയത അടയിരിക്കുകയായിരുന്നുവെന്നാണ്. ഈ പത്തു വര്‍ഷം നടന്ന രാഷ്ട്രീയമെന്നറിയപ്പെടുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളുടെ സംഘടനാ രൂപങ്ങളെ പ്രതിനിധാനം ചെയ്തത് സി.പി.എമ്മും മുസ്ലിംലീഗുമായിരുന്നു. എണ്ണയിട്ട് പരതിനോക്കിയാല്‍പോലും ഒരു ബി.ജെ.പിക്കാരന്‍ പോലുമില്ലാതിരുന്ന, സി.പി.എം കേന്ദ്രത്തിലെ പള്ളിക്കുനേരെയാണ് 2011 ഒക്ടോബറിലെ കാഞ്ഞങ്ങാട് കലാപത്തില്‍ ആക്രമണമുണ്ടായത്. ഹിന്ദുക്കളുടെ പ്രതിനിധിയായി മുസ്ലിംലീഗ് മുന്നില്‍നിര്‍ത്തുന്നത് ബി.ജെ.പിയെയല്ല.  മറിച്ച്, സി.പി.എമ്മിനെയാണ്. ഏതാണ്ട് നാദാപുരം സാമൂഹികശാസ്ത്രംതന്നെയാണ് ഇവിടെ രൂപപ്പെടുന്നത്.
കേരളത്തിലെ പൊതു രാഷ്ട്രീയ സൗഹാര്‍ദങ്ങളല്ല കാസര്‍കോട് എന്ന് മനസ്സിലാകും. കാസര്‍കോട്ടെ ബി.ജെ.പി-മുസ്ലിം ലീഗ് ബന്ധമാണ് ബി.ജെ.പിയുടെ ജില്ലാ കമ്മിറ്റിയെതന്നെ പിരിച്ചുവിടാന്‍ കാരണം. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെ തോല്‍പിക്കാന്‍ അന്നത്തെ നാരായണനായക് ജില്ലാ പ്രസിഡന്‍റായ ജില്ലാ നേതൃത്വം നല്‍കിയ ബി.ജെ.പിയുടെ ജില്ലാ നേതാക്കളില്‍ ചിലര്‍  കോഴവാങ്ങി വോട്ടുമറിച്ചുവെന്ന ആരോപണമാണ് ഈ നടപടിക്ക് പ്രധാന കാരണം. മുസ്ലിം ലീഗ് നേതാവ് രൂപംനല്‍കിയ ട്രസ്റ്റില്‍ ബി.ജെ.പി നേതാവ് കയറിപ്പറ്റി. മഞ്ചേശ്വരത്ത് വര്‍ഷങ്ങളായി ബി.ജെ.പി ജയിക്കാതിരിക്കാന്‍ സി.പി.എം വോട്ട് മറിച്ചുകൊണ്ടിരുന്നുവെന്ന് കേട്ടിരുന്നു. ഇപ്പോള്‍ മുസ്ലിംലീഗ് ജയിക്കാന്‍ ബി.ജെ.പി വോട്ട് മറിക്കുന്നു. കേരളത്തില്‍ മതനിരപേക്ഷ സമൂഹം നിലനിന്നുകാണാന്‍ കാത്തിരിക്കുന്ന ജനതയെ എത്രഭംഗിയായി മുസ്ലിംലീഗും ബി.ജെ.പിയും ചേര്‍ന്ന് വഞ്ചിക്കുന്നു.
കാസര്‍കോട് മുന്‍ ജില്ലാപഞ്ചായത്തില്‍ സി.പി.എമ്മിനെതിരെ ലീഗ് അവിശ്വാസം കൊണ്ടുവന്നപ്പോള്‍ ബി.ജെ.പി സി.പി.എമ്മിനെ സഹായിച്ചത് വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നുകൊണ്ടാണ്. അങ്ങനെ ബി.ജെ.പി സി.പി.എമ്മിനും സഹായിയായി.  ബി.ജെ.പിയുടെ സ്വത$സിദ്ധരാഷ്ട്രീയം കാസര്‍കോട്ട് ഇല്ലാതാക്കിയത് ഇത്തരം വ്യാപാര വാണിജ്യ അവസരവാദ ബാന്ധവങ്ങളിലൂടെയായിരുന്നു.  ഇത് ബി.ജെ.പി സംസ്ഥാന നേതൃത്വം കൃത്യമായി മനസ്സിലാക്കുന്നത് തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായ കെ. സുരേന്ദ്രന്‍ തോറ്റപ്പോഴാണ്.  ബി.ജെ.പി കാസര്‍കോട് തകര്‍ന്നുകൊണ്ടിരിക്കയാണ് എന്ന നിലവന്നപ്പോഴാണ് ബി.ജെ.പിയിലെ പ്രവീണ്‍ തൊഗാഡിയ  കെ. സുരേന്ദ്രന് കാസര്‍കോടിന്‍െറ ചുമതല നല്‍കുന്നത്. ഈ കാലയളവിലാണ് ലീഗ്-സി.പി.എം കലാപം കാഞ്ഞങ്ങാടുണ്ടാകുന്നത്. ബി.ജെ.പിക്ക് ഒരു റോളും ഈ കലാപത്തില്‍ ഉണ്ടായിരുന്നില്ല. പരമ്പരാഗത ബി.ജെ.പി നേതാക്കള്‍ ഈ കലാപത്തിന്‍െറ തുടക്കത്തില്‍ മുസ്ലിംലീഗ് അനുകൂല നിലപാട് സ്വീകരിച്ചുതുടങ്ങുകയും സി.പി.എം മൊത്തം ഹിന്ദുസമുദായത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്തപ്പോള്‍ അടിയന്‍ ലച്ചിപ്പോം എന്ന് പറഞ്ഞുകൊണ്ട് കെ. സുരേന്ദ്രന്‍ ചാടിവീഴുകയായിരുന്നു. പക്ഷേ, സുരേന്ദ്രനും ബി.ജെ.പിക്കും ലീഗിനും താങ്ങാവുന്ന ഒന്നല്ല കാസര്‍കോട്ടുനിന്നും രൂപപ്പെട്ടുതുടങ്ങിയ ചേരിതിരിവ്. നിലവിലുള്ള എല്ലാ ചേരികളെയും അത് തകര്‍ത്തേക്കും. ഗുജറാത്തിന്‍െറയും കര്‍ണാടകയുടെയും സാമൂഹിക ഭൂപടമല്ല കേരളത്തില്‍ മലബാറിന്‍േറത്.
എന്നാല്‍,  ജില്ലയിലെ ഏറ്റവും വലിയ മതനിരപേക്ഷ പ്രസ്ഥാനമായ സി.പി.എം എത്രത്തോളം സെക്കുലറിസത്തിനുവേണ്ടി നഷ്ടം സഹിച്ചു എന്ന് പരിശോധിക്കുക. നേട്ടം നോക്കി മാത്രമാണ് സി.പി.എം ജില്ലയില്‍ വര്‍ഗീയതക്കെതിരെ രാഷ്ട്രീയം രൂപപ്പെടുത്തിയിട്ടുള്ളത്. അധികാരവുമായി ബന്ധപ്പെട്ട് ഒരിക്കലും സി.പി.എം നഷ്ടം സഹിക്കാന്‍ തയാറായില്ല. സി.പി.എമ്മിന്‍െറ ഇത്തരം ചില നിലപാടുകളാണ് സി.പി.എമ്മിനെ ഹിന്ദു ശക്തിയുടെ പ്രതിനിധിയായി മുന്നില്‍നിര്‍ത്താന്‍ മുസ്ലിംലീഗിനെ പ്രേരിപ്പിച്ചത്. മീഞ്ച പഞ്ചായത്ത് ഭരിച്ചിരുന്ന മുസ്ലിം ലീഗിന് ആഭ്യന്തര പ്രശ്നം കാരണം അധികാരം നഷ്ടപ്പെട്ട സമയത്ത് അവിശ്വാസ പ്രമേയത്തില്‍നിന്നു സി.പി.എം വിട്ടുനിന്നപ്പോള്‍ ബി.ജെ.പിക്ക് ഒരു പഞ്ചായത്ത് ലഭിച്ചു. ഇതാണ് പറഞ്ഞത് പലപ്പോഴും നേട്ടം നോക്കി മാത്രമാണ് സി.പി.എം ജില്ലയില്‍ വര്‍ഗീയതക്കെതിരെ രാഷ്ട്രീയം രൂപപ്പെടുത്തിയിട്ടുള്ളത് എന്ന്.

സാംസ്കാരിക ചിഹ്നങ്ങള്‍ തകരുന്നു
ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ കഴുത്തില്‍ സഞ്ചിതൂക്കിയ ഒരു മുട്ടനാടിനെ കാണാമായിരുന്നു. മൂത്തുതടിച്ച ശരീരവും  താടിയും കൊമ്പുമൊക്കെയുള്ള ആട്. ഇതിന് നാഥനുണ്ടായിരുന്നില്ല. വീടുകളിലും പറമ്പുകളിലും നിര്‍ഭയം ഇത് കടന്നുചെല്ലും. വീട്ടുവളപ്പില്‍ തിന്നാന്‍ തോന്നുന്നത് തിന്നും വീട്ടിലെ വളര്‍ത്ത് ആടുകളുടെ ഒന്നിച്ച് കുറച്ചുനേരം ചെലവഴിക്കും. ചിലപ്പോള്‍ വീട്ടുകാര്‍ വല്ലതും തിന്നാന്‍ നല്‍കും. വേറെ ചിലര്‍ കഴുത്തില്‍ തൂക്കിയ സഞ്ചിയില്‍ ചില്ലറ നാണയങ്ങള്‍ ഇട്ടുകൊടുക്കും. അതിനു തോന്നുമ്പോള്‍ അത് പോകും. അടുത്ത വീടുകളിലേക്ക്. മൂസക്കുട്ടന്‍ എന്നാണ് ഇതിനെ പറയുന്നത്.  ഉള്ളാളിലേക്ക് നേര്‍ച്ചയായി നേരുന്ന ആടിനെയാണ് മൂസക്കുട്ടന്‍ എന്നു പറയുന്നത്. രോഗങ്ങളില്‍നിന്നു മോചനം നേടാന്‍, പെണ്‍കുട്ടികളുടെ കല്യാണം നടന്നുകാണാന്‍, വിദേശത്തേക്ക് അയച്ച മക്കള്‍ രക്ഷപ്പെടാന്‍ തുടങ്ങി ആഗ്രഹിക്കുന്ന കാര്യങ്ങള്‍നേടാന്‍ ദൈവത്തോടുള്ള പ്രാര്‍ഥനയെന്ന നിലക്കാണ്, ഉള്ളാള്‍ ദര്‍ഗയിലേക്ക് ആടിനെ നേരുന്നത്. ഈ ആടിന്‍െറ മതമോ ജാതിയോ അന്ന് ആരും നോക്കിയിരുന്നില്ല.
ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വീടുകളിലേക്ക് ഇത് മതനിരപേക്ഷമായി കടന്നുചെല്ലും. ജാതി-മത ഭേദമെന്യേ കുട്ടികളും മുതിര്‍ന്നവരും മൂസക്കുട്ടന്‍െറ സഞ്ചിയില്‍ നാണയങ്ങള്‍ നിക്ഷേപിക്കും. വീട്ടുകാര്‍ക്ക് അറിയാം ഇത് ഉള്ളാളിലേക്ക് നേര്‍ച്ച നേര്‍ന്ന ആടാണ് എന്ന്.  ഉള്ളാള്‍  സയ്യിദ് മഅ്ദനി ദര്‍ഗാ ശരീഫ് ഒരു മുസ്ലിം പള്ളിയാണ്്. എന്നാല്‍, അവിടേക്ക് നേര്‍ച്ചയിട്ട ഈ ആടിനെ കാണുന്ന ആരും അതൊരു മതചിഹ്നമായി കണ്ടിരുന്നില്ല. മൂസക്കുട്ടന്‍ കടന്നുവരുമ്പോള്‍ ഒരു ഹിന്ദുവിന്‍െറയോ ക്രിസ്ത്യാനിയുടെയോ മനസ്സില്‍  പ്രാദേശികമായി രൂപംകൊണ്ട് ഈ  മതചിഹ്നം ഒരു വിദ്വേഷവും കോറിയിട്ടില്ല. ജാതി-മതങ്ങള്‍ ഇങ്ങനെ ജാതിഗ്രാമങ്ങളുടെയും മതഗ്രാമങ്ങളുടെയും മതിലുകളില്ലാതെ കടന്നുചെന്നിരുന്ന ‘ആടുജീവിത’മാണ് നയിച്ചിരുന്നത്. ഈ ജീവിതമാണ്  കേരളത്തിന്‍െറ പൊതു സാമൂഹികശാസ്ത്രത്തില്‍നിന്ന് വ്യത്യസ്തമായതും തീക്ഷ്ണമായ ആചാരാനുഷ്ഠാനങ്ങള്‍ വെച്ചുപുലര്‍ത്തുന്നതുമായ ജാതി-മത- സാമൂഹിക ഘടനയുള്ള കാസര്‍കോടിനെ സംഘര്‍ഷരഹിതമായി നിലനിര്‍ത്തിപോന്നിരുന്നത്.
പിന്നെ എപ്പോഴാണ് ഈ ജീവിതം ജീര്‍ണിക്കാന്‍ തുടങ്ങിയത് എന്ന് ചോദിക്കാം. തീര്‍ച്ചയായും 1992ലെ ബാബരി മസ്ജിദ് തകര്‍ച്ചയോടെയാണ്. നേര്‍ച്ചപറഞ്ഞ മൂസക്കുട്ടന്മാര്‍ ഉള്ളാളിലേക്ക് എത്തുന്നതിനു മുമ്പേ തീന്‍മേശയിലെത്താന്‍ തുടങ്ങി. ഒടുവില്‍ ജാതി-മതങ്ങളിലൂടെയുള്ള മൂസക്കുട്ടന്‍െറ പദയാത്രയും നേര്‍ച്ചയും അവസാനിച്ചു. ഇപ്പോള്‍ കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ മൂസക്കുട്ടന്മാരില്ലാതായി. അത് അവരുടെയും ഇത് ഞങ്ങളുടെയും ആഘോഷവും ആചാരവും മാത്രമായി മാറി. ബാബരി മസ്ജിദ് തകര്‍ച്ചയുമായി ബന്ധപ്പെട്ട് 11 കൊലപാതകങ്ങള്‍ ജില്ലയില്‍ ഇരുവിഭാഗങ്ങളിലുമായി നടന്നു.  തുടര്‍ന്നുവന്ന എല്ലാ ഡിസംബര്‍ ആറുകളിലും അടുക്കിവെച്ചാലും 26 കൊലപാതകങ്ങള്‍. സ്നേഹസൗഹൃദത്തിന്‍െറ സാംസ്കാരിക അടയാളങ്ങള്‍ കാസര്‍കോട് വലിച്ചുകീറാന്‍ തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ട് പിന്നിടുകയാണ്. പാര്‍ട്ടി ഗ്രാമങ്ങളല്ല, സാമുദായിക ഗ്രാമങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കാസര്‍കോടിന്‍െറ ഉള്ളകങ്ങളില്‍ അടയിരിക്കുന്ന വര്‍ഗീയ വിദ്വേഷം ഇപ്പോള്‍ കര്‍ണാടകയിലെ ശ്രീരാമസേനക്ക് പഠിക്കുകയാണ്.
ആചാരാനുഷ്ഠാനങ്ങളുടെ ജാതി-മത മാര്‍ജിനുകളില്‍ കാസര്‍കോട് സമൂഹത്തിന്‍െറ ഇടപെടല്‍ എന്നും സ്തുത്യര്‍ഹമാണ്. ഇടപെടലുകളില്‍ നിര്‍മിക്കപ്പെടുന്ന മതനിരപേക്ഷ അവബോധമാണ് എന്നും കാസര്‍കോടിന്‍െറ മുതല്‍ക്കൂട്ട്. കാഞ്ഞങ്ങാട് പാറപ്പള്ളിയിലെ നേര്‍ച്ചപ്പെട്ടിയിലേക്ക് വീഴുന്ന ഏതു നാണയവും ആര്‍ക്കും എടുക്കാം. അതുകൊണ്ട്, അന്നം കഴിക്കാം. സമ്പാദിക്കരുത് എന്നാണ് കീഴ്വഴക്കം. ലോകത്ത് എവിടെയെങ്കിലും ഇങ്ങനെയൊരു പള്ളിയുണ്ടോയെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. നാട്ടുവഴക്കത്താല്‍ മതനിരപേക്ഷമായ ബോധം ഉല്‍പാദിപ്പിക്കുന്ന ക്ഷേത്രങ്ങളും പള്ളികളും കാസര്‍കോടല്ലാതെ മറ്റൊരിടത്തുണ്ടാവില്ല. എവിടെയെങ്കിലും വര്‍ഗീയതയുടെ കനല്‍ എരിയാന്‍ തുടങ്ങുമ്പോള്‍ ഈ ബോധജലം ഒഴുകാന്‍ തുടങ്ങും. ഇപ്പോള്‍ ഈ അരുവികള്‍ വറ്റിത്തുടങ്ങുന്നു.
മലബാറിന്‍െറ തുളുനാടിന്‍െറ ജ്ഞാനനിര്‍മാണത്തില്‍ മതനിരപേക്ഷമായ ഏടുകള്‍ എഴുതിച്ചേര്‍ത്ത കാസര്‍കോട് ഗവ. കോളജില്‍ മാവേലിവേഷത്തെ അടിച്ചോടിക്കാന്‍ തുടങ്ങി. മാവേലിയെ മാത്രമല്ല, മുസ്ലിം ഫോക് ആയിരുന്ന ആലിതെയ്യങ്ങളും വീടുകയറാതായി.
‘‘കാസര്‍കോടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഉത്കണ്ഠയുളവാക്കുന്നതാണ്. നമുക്ക് നമ്മുടെ സാംസ്കാരിക അടയാളങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. മറ്റുമതസ്ഥരോടുള്ള അസഹിഷ്ണുതയാണ് സദാചാര പൊലീസിലൂടെ മനസ്സിലാകുന്നത്. കൊടുത്തും വാങ്ങിയും പാരസ്പര്യത്തോടെയുള്ള വിശ്വാസരീതികളാണ് കാസര്‍കോട്ടുള്ളത്. തെയ്യവും അനുഷ്ഠാനങ്ങളും ഉറൂസും ഇത്തരം പാരസ്പര്യങ്ങളുടെ മഹനീയ അടയാളങ്ങളാണ്. അത്തരം പാരസ്പര്യങ്ങളെ വര്‍ഗീയശക്തികള്‍ ഇന്ന് ശിഥിലമാക്കുകയാണ്. പൊതുസമൂഹം ഉണരണം. സാമൂഹിക വിരുദ്ധരെ ഒറ്റപ്പെടുത്തണം. നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്കാരം തിരിച്ചുപിടിക്കണം. അതിന് രാഷ്ട്രീയ, സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും ഇടപെടാന്‍ സമയമായി’’,  എഴുത്തുകാരനും കാഞ്ഞങ്ങാട് നെഹ്റു കോളജ് അധ്യാപകനുമായ അംബികാസുതന്‍ മാങ്ങാട് പറയുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബഹുസ്വരമായ തുളുനാടന്‍ സമൂഹത്തിന്‍െറ ഏകത്വം പ്രതിസന്ധിയിലേക്ക് കാലിടറുമ്പോള്‍ ഇത്തരം മതനിരപേക്ഷമായ ചിഹ്നങ്ങള്‍ സാമൂഹികജീവിതത്തിന്‍െറ വഴിവക്കില്‍നിന്നു ആ ബഹുസ്വരതയെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കും.  ഈ ചിഹ്നങ്ങളുടെ ചലനാത്മകമായ നൈരന്തര്യവും ഓര്‍മപ്പെടുത്തലുമാണ് നാടിനെ മുന്നോട്ടുനയിക്കുന്നത്. അതുകൊണ്ടുതന്നെ സാമൂഹികജീവിതത്തില്‍ ഏക്കാലത്തെയും വിള്ളലുകള്‍ തീര്‍ക്കണമെങ്കില്‍ ഈ ചിഹ്നങ്ങളെ തകര്‍ക്കണം. കാസര്‍കോട് നടന്നുവരുന്നത് ഇത്തരം പ്രതിലോമപരമായ തകര്‍ക്കലുകളാണ്. അത് നോക്കാം.
മലബാറിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് കാഞ്ഞങ്ങാട് മഡിയന്‍ കൂലോം ക്ഷേത്രം. ക്ഷേത്രത്തിലെ മുഖ്യ ആരാധനാ മൂര്‍ത്തിയെന്ന് പറയുന്നത്  ക്ഷേത്രപാലകനാണ്.  മലബാറിലെ അള്ളട നാട് പിടിച്ചടക്കാന്‍വന്ന കോലത്തിരിയുടെ സൈന്യത്തിലെ പടയാളിയായിരുന്നു ക്ഷേത്രപാലകന്‍. ഈ ക്ഷേത്രപാലകനോടൊപ്പം അന്ന് ഒരു ഷെയ്ഖുമുണ്ടായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നത് ചരിത്രം. ഈ ഷെയ്ഖിന്‍െറ പേരാണ് ഉമര്‍ സമര്‍ഖന്തി. സമര്‍ഖന്തിന്‍െറ മയ്യിത്ത് അടക്കം ചെയ്ത ഖബര്‍ കാഞ്ഞങ്ങാടാണ്.  ക്ഷേത്രപാലകനും ഷെയ്ഖും തമ്മിലുള്ള മതനിരപേക്ഷ സൗഹൃദത്തിന്‍െറ അടയാളമാണ് അതിഞ്ഞാല്‍ പള്ളിയും മഡിയന്‍ കൂലോം ക്ഷേത്രവും. പള്ളിയും ക്ഷേത്രവും സ്ഥാപിച്ചത് ഏതാണ്ട് ഒരേ കാലയളവില്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്നാണത്രെ.  മഡിയന്‍ കൂലോത്ത് ഉത്സവം നടക്കുന്ന സമയത്ത് പള്ളിയില്‍നിന്ന് കാഴ്ചകൊണ്ടുപോകുന്ന പതിവും തിരികെ ക്ഷേത്ര സ്്ഥാനികരെയും ആചാരക്കാരെയും സ്വീകരിച്ച് ആനയിക്കുന്ന ചടങ്ങും അടുത്തകാലംവരെയുണ്ടായിരുന്നു. ഉത്സവത്തിന് പന്തല്‍കെട്ടാനുള്ള കയര്‍ പള്ളിവകയായിരുന്നു നല്‍കിയിരുന്നത്. പള്ളിയിലാണെങ്കില്‍ ഉറൂസ് നടക്കുമ്പോള്‍ ക്ഷേത്രം ഭാരവാഹികള്‍ക്ക് പ്രത്യേക സ്വീകരണവും നല്‍കിയിരുന്നു. ബാബരി മസ്ജിദ് സംഭവത്തോടെയുണ്ടായ ‘അന്തരീക്ഷമലിനീകരണം’ മേഖലയിലെ ഹിന്ദുക്കളും മുസ്ലിംകളും രണ്ടല്ല ഒന്നാണെന്ന ബോധത്തെ ഇല്ലാതാക്കി. ഒരു കൊലപാതകമാണ് ഈ സൗഹൃദത്തിന്‍െറ തലയറുത്തത്.  

ബാബരി മസ്ജിദ് തകര്‍ച്ചക്കുശേഷം നടന്ന ചിഹ്നതകര്‍ച്ചകളുടെ പ്രധാന ഉദാഹരണങ്ങളാണ് ഇവയൊക്കെ. വര്‍ഗീയ കലാപത്തിന്‍െറ പ്രധാന ശക്തികേന്ദ്രമായി സംസ്ഥാന പൊലീസ് അടയാളപ്പെടുത്തിയിരിക്കുന്ന മേഖല ക്ഷേത്രപാലകന്‍െറയും ഉമര്‍ സമര്‍ഖന്തിയുടെയും ദേശമാണ് എന്നത് ചെറിയ കാര്യമല്ല. തീര്‍ന്നില്ല, മഡിയന്‍ ക്ഷേത്രവും അതിഞ്ഞാല്‍ പള്ളിയും സ്ഥാപിച്ച് ക്ഷേത്രപാലകനും ഷെയ്ഖും പിന്നിട് മടിക്കൈക്ക് പോയി. അവിടെയും അവര്‍ ക്ഷേത്രവും പള്ളിയും സ്ഥാപിച്ചു. കണിക്കൂലോം ക്ഷേത്രവും കന്നാടം പള്ളിയുമാണത്. ഈ ക്ഷേത്രവും പള്ളിയും തമ്മില്‍ ഹൃദയഹാരിയായ ബന്ധങ്ങള്‍ ഉണ്ട്. ലോകചരിത്രത്തില്‍ ഇടംപിടിക്കാവുന്ന ഒരു പ്രത്യേകതയും കണിക്കൂലോം ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിന്‍െറ ഉടമകളില്‍ ഒരാള്‍ മുസ്ലിമാണ്. ക്ഷേത്രത്തിന്‍െറ ഉടമ മുസ്ലിമാകുകയെന്നത് മതമൗലികവാദികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. ഹിന്ദുക്കളല്ലാതെ മറ്റൊരു വിഭാഗവുമില്ലാത്ത മേഖലകളില്‍ വീടുകള്‍ തോറും കയറിയിറങ്ങിയ മാപ്പിള സംഘവഴക്കമാണ് അലാമിക്കളി. മതഭേദമെന്യേ വിളക്കുവെച്ച് സ്വീകരിക്കപ്പെട്ട കല നിര്‍ഭാഗ്യവശാല്‍  വളരെ വൃത്തിയായി കൊലചെയ്യപ്പെട്ടു. ഇന്ന് അലാമിക്കളി എന്താണെന്ന് അറിയാന്‍ ഫോക്ലോര്‍ അക്കാദമിയുടെ മ്യൂസിയത്തില്‍ ചെല്ലണം. ആലിതെയ്യവും ഇങ്ങനെയൊരു ചിഹ്നമാണ്. ചെമ്മണ്ണ് പാറുന്ന റോഡിലൂടെ ഹിന്ദു-മുസ്ലിം മോട്ടോര്‍ സര്‍വിസ് എന്ന പേരില്‍ ബസ്  സര്‍വിസ് നടന്നിരുന്നു കാസര്‍കോട് മൊഗ്രാലില്‍. ഈ ബസിന്‍െറ ടയറ് പഞ്ചറായതും മറ്റൊന്നുംകൊണ്ടല്ല. ഇത്തരം എത്രയെത്ര, ഹിന്ദുവിനെയും മുസ്ലിമിനെയും അദൈ്വതമാക്കിയ ചിഹ്നങ്ങള്‍ തുളുനാടിന്‍െറ മണ്ണില്‍.

‘‘സാംസ്കാരിക വൈജാത്യം ഏറെയുള്ള ജില്ലയാണ് കാസര്‍കോട്. ഈ വൈജാത്യത്തെ പ്രോത്സാഹിപ്പിക്കണം. ആരാധനാലയങ്ങള്‍ തമ്മില്‍ ഇത്രയേറെ പാരസ്പര്യമുള്ള മറ്റൊരു ജില്ല വേറെയുണ്ടാകില്ല. ഉദ്യാവര്‍ മാടയും പള്ളിയും പരസ്പര ബന്ധമുണ്ട്്, മഡിയന്‍ കൂലോം ക്ഷേത്രവും ഉമര്‍ സമര്‍ഖന്തി പള്ളിയും തമ്മിലും ഈ ബന്ധമുണ്ട്. ആലിതെയ്യത്തെ കാണാന്‍ പര്‍ദയിട്ട സ്ത്രീകള്‍ ധാരാളം എത്തും. ഇത്തരം വൈജാത്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരെയുള്ള ഇടപെടലാണ് ആവശ്യം. പള്ളിയും അമ്പലവും നിര്‍മിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി, ഇതാണ് പ്രശ്നത്തിന് കാരണമെന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. രോഗം കണ്ടെത്തി ചികിത്സിക്കുകയാണ് കാസര്‍കോടിനാവശ്യം’’ - എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ എം.എ. റഹ്മാന്‍ പറയുന്നു.

കര്‍ണാടകയുടെ വര്‍ഗീയ രാഷ്ട്രീയം
ബാബരി മസ്ജിദ് ഇന്ത്യന്‍ സാമൂഹിക ജീവിതത്തിലുണ്ടാക്കിയ വിള്ളലിന്‍െറ  പരിച്ഛേദമാണ് തുളനാടിന്‍െറ നെഞ്ചകത്തുമുണ്ടായത്. ഇത് കാസര്‍കോട്ടേക്ക് കടന്നുവരുന്നത് മംഗലാപുരം വഴിയാണ്. കര്‍ണാടകയിലെ സംഘ്പരിവാര്‍ സര്‍ക്കാറിന്‍െറ ഭരണത്തില്‍ ആശങ്കയുടെ റേഷന്‍ തിന്ന് ജീവിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിന് ‘ആശ്വാസം പകരാനുള്ള നടപടികളാണ്’ കാസര്‍കോട്ട് ചില മുസ്ലിം തീവ്രവാദ സംഘടനകള്‍ തുടങ്ങിവെക്കുന്നത്.  തീവ്രവാദം ആരെങ്കിലുമൊരാളുടെ കുത്തകയല്ല. ആര്‍.എസ്.എസിന്‍െറ കാസര്‍കോട് ശാഖയെ നയിക്കുന്നത് മംഗലാപുരമാണ് എന്നതിനാല്‍ കര്‍ണാടകയിലെ ശ്രീരാമസേനയുടെ സിലബസ് വെള്ളം ചേര്‍ക്കാതെ പഠിക്കാന്‍ കാസര്‍കോട്ടെ എന്‍.ഡി.എഫിനും ആര്‍.എസ്.എസിനും കഴിയും.

കര്‍ണാടകയില്‍ 2008ലുണ്ടായ കലാപം ശ്രദ്ധിക്കുക. ജൈന-ബുദ്ധ പാരമ്പര്യത്തില്‍ നിര്‍മിക്കപ്പെട്ട സാമുദായിക സൗഹൃദത്തിന്‍െറ തകര്‍ച്ചയും മേല്‍പറഞ്ഞ ചിഹ്നതകര്‍ച്ചകളുടെ ഫലമായി ഉണ്ടായതാണ്. മംഗലാപുരത്തെ ദുര്‍ഗപരമേശ്വരി ക്ഷേത്രവുമായി ബന്ധപ്പെട്ട ഘോഷയാത്രയാണ് കലാപത്തിന് തുടക്കമിട്ടത്. ക്ഷേത്രത്തിന് സ്ഥലം ദാനം ചെയ്ത ബപ്പ ബ്യാരി എന്ന വ്യാപാരിയെ അവിടെയുള്ള ഹിന്ദുക്കള്‍ എന്നും ബഹുമാനത്തോടെ സ്മരിക്കുമായിരുന്നു. ഈ സ്മാരകം തകര്‍ക്കുകയായിരുന്നു ആര്‍.എസ്.എസ് ആദ്യം ചെയ്തത്. അതിന് അവര്‍ ഉപയോഗിച്ചത് മുസ്ലിം വികാരംതന്നെ. പരമ്പരാഗതമായി എഴുന്നള്ളിക്കുന്ന ബപ്പ ബ്യാരിയുടെ നിശ്ചലദൃശ്യത്തെ ദേവീ വിഗ്രഹത്തെ ബപ്പ ബ്യാരി വണങ്ങുന്നതിലേക്ക് രൂപപ്പെടുത്തിയെടുത്തു. ഇത് മുസ്ലിംകളുടെ വിശ്വാസരീതിയെ വ്രണപ്പെടുത്താന്‍ ബോധപൂര്‍വം ദൃശ്യവത്കരിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഒരു സംഘം മുസ്ലിം ചെറുപ്പക്കാര്‍ നടത്തിയ ഇടപെടല്‍ തന്ത്രപരമായി ഉപയോഗപ്പെടുത്തി ബജ്റംഗദള്‍ നടത്തിയതാണ് മംഗലാപുരം കലാപം. ഈ സിലബസ് അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ പ്രതിലോമപരമായ പുതിയ പാഠാവലിയുണ്ടാക്കുന്നത്. പര്‍ദയിട്ടയാളും പൊട്ടുതൊട്ടയാളും തമ്മില്‍ സംസാരിക്കേണ്ടതില്ലായെന്ന തീവ്രവാദം ഈ പാഠാവലിയിലെ ഒരു അധ്യായം മാത്രമാണ്.

ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ ഹിന്ദുവര്‍ഗീയതക്ക് രണ്ടു സ്വഭാവമാണ് കാസര്‍കോട്ടുള്ളത്. ഒന്ന്, സംഘ്പരിവാര്‍ സംഘടനാപരമായി രൂപപ്പെടുത്തിയെടുക്കുന്നതാണ്. മറ്റൊന്ന്, ചരിത്രപരമായി നിലനില്‍ക്കുന്ന സവര്‍ണ ഹിന്ദുസമുദായ വിഭാഗങ്ങളുടെയും അവരുടെ വിശ്വാസരീതിയെയും കേന്ദ്രീകരിച്ചുള്ളത്. കര്‍ണാടകത്തിലെ ജാതിസമൂഹങ്ങളുടെ തുടര്‍ച്ചയാണ് കാസര്‍കോട്ടുള്ളത്. തുളുബ്രാഹ്മണരായ ശിവള്ളി, കന്നട ബ്രാഹ്മണരായ ഹവിയക്ക, കൊങ്ങിണി ബ്രാഹ്മണരായ ഗൗഡസാരസ്വതര്‍, മറാഠഘി കരാട എന്നിങ്ങനെയുള്ള ബ്രാഹ്മണ വിഭാഗക്കാരാണ് കാസര്‍കോട് താലൂക്കിലെ ഭൂസ്വത്ത് ഏറെയും കൈയടക്കിയത്. ഇവര്‍ തന്നെയാണ് ദക്ഷിണ കാനറയുടെ സവര്‍ണ സാമൂഹിക ശാസ്ത്രം നിര്‍ണയിച്ചത്.  ഇവരുടെ രാഷ്ട്രീയം ആര്‍.എസ്.എസുമായി ചേര്‍ന്നതില്‍ അദ്ഭുതപ്പെടേണ്ടതില്ല. ഭാഷാപരമായി കര്‍ണാടകത്തില്‍ നിലനില്‍ക്കേണ്ടതും എന്നാല്‍, അന്ന് സ്വീകരിച്ച മാനദണ്ഡപ്രകാരം കേരളത്തില്‍ നിലനിന്നതുമായ പ്രദേശമാണ് അന്നത്തെ കാസര്‍കോട് താലൂക്ക്. കേരളത്തിലെ ഇതര ഹിന്ദുവിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ഓണവും വിഷുവും തെയ്യവും ഒന്നും ഇവരിലില്ല. പകരം ദീപാവലിയും മഹാനവമിയും വിജയദശമിയും മറ്റുമാണ്.  ഇവരുടെ സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങളാകട്ടെ മംഗലാപുരവും കര്‍ണാടകവുമായിട്ടാണ്. ഇങ്ങനെ ചരിത്രപരമായും സാമൂഹികപരമായുമാണ് ബി.ജെ.പി ഇവരുടെ രാഷ്ട്രീയ നേതൃത്വം കൈക്കലാക്കിയത്. അരാഷ്ട്രീയവത്കൃത സമൂഹത്തിന്‍െറ രാഷ്ട്രീയം വര്‍ഗീയ രാഷ്ട്രീയം ആണെന്ന സാമാന്യതത്ത്വം തന്നെയാണ് ഇതിന് ബി.ജെ.പിയെ സഹായിച്ചത്.

സവര്‍ണസ്വഭാവവും ജാതി മേല്‍ക്കോയ്മയും ഇപ്പോഴും തുടരുന്നുവെന്നതാണ് ഈ മേഖലയിലെ പ്രത്യേകത. ’70-’80കളിലെ വിദേശ കുടിയേറ്റം മുസ്ലിംകളെ കൂടുതല്‍ സമ്പന്നരാക്കി.  ‘‘എവിടെയൊക്കെ ന്യൂനപക്ഷങ്ങള്‍ സാമ്പത്തികമായി മുന്നേറിയിട്ടുണ്ടോ അവിടെയെല്ലാം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്’’ എന്ന് അസ്ഗര്‍ അലി എന്‍ജിനീയര്‍ പറഞ്ഞിട്ടുണ്ട്. അതിനര്‍ഥം കലാപങ്ങള്‍ക്ക് കാരണം ഭൂരിപക്ഷ സമുദായം എന്നല്ല. ഇന്ത്യയുടെ അനുഭവം അവിടെ ഹിന്ദു മത മൗലികവാദവും അതിന്‍െറ സംഘടനാ രൂപവും കൂടിയാണ്. എന്നാല്‍, കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ആര്‍.എസ്.എസിന്‍െറ പ്രതിപക്ഷം രൂപപ്പെടുമ്പോള്‍ അതിന്‍െറ പ്രതിക്കൂട്ടിലാകുന്നത്  എന്‍.ഡി.എഫും അതിന്‍െറ ഗര്‍ഭം ധരിക്കുകയാണെങ്കില്‍ ലീഗും ആയിരിക്കും. ലീഗ് ഇതിനെ ഗര്‍ഭം ധരിക്കുകയാണെങ്കില്‍ പ്രസവിച്ച് കാട്ടിലുപേക്ഷിക്കണം. എങ്കില്‍ മാത്രമേ ഇന്ത്യയിലെ ഏറ്റവും വലിയ മതതീവ്രവാദ സംഘടനയായ സംഘ്പരിവാറിനെതിരെയുള്ള പോരാട്ടം അര്‍ഥവത്താകുകയുള്ളൂ; പോരാടുന്നവര്‍ക്ക്.


കവര്‍സ്റ്റോറി

മുന്‍ ലക്കങ്ങള്‍