തൃശൂരുനിന്ന് പുറപ്പെട്ട മഴ! | Madhyamam Weekly
Weekly


തൃശൂരുനിന്ന് പുറപ്പെട്ട മഴ!

ടി.പി. അനില്‍കുമാര്‍

ചുണ്ടിനടിയില്‍ ഹാന്‍സ് തിരുകി
ഡ്രൈവര്‍ ഗിയര്‍ മാറ്റുമ്പോള്‍
ഓടിക്കയറിയതാണ് രണ്ടുപേരും
അവര്‍ കയറിയെന്നുറപ്പു വരുത്തി
കാറ്റിനൊപ്പം മഴ തുടങ്ങി

രണ്ടുപേര്‍ക്കു തിങ്ങിയിരിക്കാവുന്ന
സീറ്റില്‍ ചേര്‍ന്നിരുന്ന്
മഴക്കൊപ്പമിടക്കിടെ അവര്‍
നെടുവീര്‍പ്പുകള്‍ പെയ്തു

അവരിപ്പോളൊരു പീടികത്തിണ്ണയിലാണ്
അല്ലെങ്കിലൊരു പാലത്തിന്‍െറ ചോട്ടില്‍
അതുമല്ലെങ്കില്‍
വീടു പൊട്ടിയൊലിച്ചുപോയവര്‍
ചേക്കേറുന്ന മറ്റെവിടെയെങ്കിലും
നനഞ്ഞു കുതിര്‍ന്ന്!

ഒരാണും മറ്റേതു പെണ്ണുമായതിനാലും
രണ്ടുപേരുടെയും രൂപവും പ്രായവും
കാണികളുടെ അളവുകളിലല്ലാത്തതിനാലും
മഴയെ കൊണ്ടുവന്ന കാറ്റടിച്ചിട്ടും പോകാത്ത
ഒരശ്ളീലം ബസില്‍ നിറഞ്ഞു കുമ്മി

അവരുടെ പിന്‍സീറ്റില്‍ മുന്നോട്ടുചാഞ്ഞ്
കപ്പലണ്ടി തിന്നുന്നയാള്‍
പുലയനാര്‍ മണിയമ്മ... പൂമുല്ലക്കാവിലമ്മ...
എന്ന് സാധകം തുടങ്ങി
നല്ലോണം കുടിച്ചിട്ടുണ്ട്... ശവി!

എപ്പോള്‍ വേണമെങ്കിലും സീറ്റിനടിയിലൂടെ
അയാളുടെ കാലുകള്‍ വളര്‍ന്നുപോകാം
വെള്ളത്തിലേക്ക് വേരെന്നപോലെ എന്നാണോ
അതിനു പറയുക?
ഒളിച്ചുപ്രയോഗിക്കുന്ന ആയുധമെന്നാണ്!
അയാളങ്ങനെ ചെയ്യുമെന്ന്
അടുത്തിരിക്കുന്നവന്‍ ഉത്സാഹിക്കുന്നുണ്ട്

മനക്കൊടി വളവെത്തിയപ്പോള്‍
വടക്കുപടിഞ്ഞാറന്‍ മാനത്ത് ആഞ്ഞൊരിടി വെട്ടി
പാട്ടുകാരനൊന്നു പിന്‍വാങ്ങി
അടുത്തിരുന്ന നിരാശന്‍ ഇനിയെന്തെന്ന്
ബസ്സ്റ്റാന്‍ഡില്‍നിന്ന് വാങ്ങിയ ലോട്ടറിയിലെ
അക്കങ്ങള്‍ വെറുതേ കൂട്ടിക്കിഴിച്ചു

കപ്പല്‍പള്ളി സ്റ്റോപ്പില്‍
ഒറ്റക്ക് പെണ്ണിറങ്ങുമ്പോള്‍
മഴ കഴിഞ്ഞു
ഞാനിറങ്ങിയിട്ടില്ല നിന്‍റടുത്തുണ്ട്
ഞാനിറങ്ങിയിട്ടില്ല നിന്‍റടുത്തുണ്ടെന്ന്
നൂറ്റൊന്നാവര്‍ത്തിക്കുന്നതുപോലെ
ഇറങ്ങുന്നേരം
അവളവനെ കണ്ണുകള്‍ പിടഞ്ഞുനോക്കി

ഭൂമിയുടെ മറ്റേയറ്റത്തേക്ക്, ഒറ്റക്ക്
ഡ്രൈവറില്ലാത്തൊരു ബസില്‍
കൊടുംമഴയില്‍ ഇടമിന്നലിനിടയിലൂടെ
യാത്ര പോകുന്നതുപോലെ
വിവശനാകുന്നുണ്ടവന്‍

സായിബാബയെന്നു വിളിപ്പേരുള്ള
വൈക്കോല്‍ ലോറിക്കു പിന്നില്‍
അമര്‍ത്തി ബ്രേക്കിട്ടപ്പോള്‍
കവിതയെഴുതിത്തോറ്റവന്‍െറ
കടലാസുകള്‍പോലെ
പെരുമ്പുഴപ്പാടത്തുനിന്ന്
കൊക്കുകളെമ്പാടും പറന്നു

പച്ചച്ചു നില്‍പുണ്ട് പെരുമ്പുഴപ്പാടം
പാടം പച്ചച്ച പാവാടയിട്ടപ്പോള്‍
എന്നാര്‍ക്കും ഏതു നേരത്തും
പാടാന്‍ തോന്നുന്നത്ര പച്ചച്ച്

‘‘എനിക്കിവിടെയിറങ്ങണം’’

പീച്ചിയില്‍നിന്ന് പെരുമ്പാമ്പുകള്‍
വിരുന്നുവരാറുള്ള ജലഞരമ്പിനടുത്ത്
നിര്‍ത്തിയ ബസില്‍നിന്നു പുറപ്പെട്ടു
പെയ്യാറായൊരു മേഘം.


കവിത

മുന്‍ ലക്കങ്ങള്‍