സെമസ്റ്റര്‍ എന്ന പുലിവാല്‍ | Madhyamam Weekly
Weekly


സെമസ്റ്റര്‍ എന്ന പുലിവാല്‍

ഡോ.അജയപുരം ജ്യോതിഷ്കുമാര്‍

കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന് ഭരണകാലാവധി പൂര്‍ത്തിയാക്കുക എന്നത് ഏറെ ദുഷ്കരമാണ്. രാഷ്ട്രീയവും മതവും പണവും ഒക്കെച്ചേര്‍ന്ന് പ്രശ്നകലുഷിതമാക്കിയ വിദ്യാഭ്യാസമേഖലയെ രക്ഷിച്ചെടുക്കാനുള്ള ഏതു ശ്രമവും ഒരുതരം ഞാണിന്‍മേല്‍ക്കളിയാണ്. പക്ഷേ, ആറു വര്‍ഷം മുമ്പ് വിപ്ളവവീര്യമുള്ള ഒരു പഴയ വിദ്യാര്‍ഥിനേതാവ്, കേഡര്‍ പാര്‍ട്ടിയുടെ പ്രതിനിധി വിദ്യാഭ്യാസമന്ത്രിയായപ്പോള്‍ കേരളീയസമൂഹം ഏറെ പ്രതീക്ഷിച്ചു. സ്കൂള്‍- കോളജ് തലങ്ങളില്‍ നവോന്മേഷം പകരുന്നതും ദീര്‍ഘവീക്ഷണമുള്ളതുമായ പരിഷ്കാരങ്ങള്‍ സ്വപ്നം കണ്ടു. പക്ഷേ, സംഭവിച്ചതോ തുഗ്ളക്ക് പരിഷ്കാരങ്ങളുടെ കുത്തൊഴുക്കില്‍ കേരളത്തിന്‍െറ പൊതു- ഉന്നത വിദ്യാഭ്യാസ മേഖലകള്‍ നിലംപൊത്തി വീണു, അത്രതന്നെ.

കേരളത്തിലെ സര്‍വകലാശാലകളില്‍ ബിരുദതലത്തില്‍ ചോയിസ് ബെയ്സ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം (സി.ബി.സി.എസ്.എസ്)ഏര്‍പ്പെടുത്തിയതാണ് എം.എ. ബേബിയുടെ കാലത്തെ സുപ്രധാന നയപരിപാടികളിലൊന്ന്. ഏറെ വര്‍ഷമായി തുടര്‍ന്നുവന്നിരുന്ന രീതിക്ക് കാലാനുസൃതമായ മാറ്റം ആവശ്യമാണെന്നും വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുമെന്നും പലരും കരുതി. എന്നാല്‍, ആവശ്യമായ മുന്നൊരുക്കങ്ങളോ സൗകര്യങ്ങളോ അഭിപ്രായസമന്വയമോ കൂടാതെ നടപ്പാക്കുന്ന സെമസ്റ്ററൈസേഷന്‍ അപകടം ക്ഷണിച്ചുവരുത്തുമെന്ന് ആശങ്കപ്പെട്ട വിദ്യാഭ്യാസവിചക്ഷണന്മാരും പൗരജനങ്ങളും ഇവിടെയുണ്ടായിരുന്നു. കേരളത്തില്‍ ബിരുദസെമസ്റ്ററൈസേഷന്‍ നടത്തിയ മന്ത്രിസഭ എന്ന ബഹു(അവ)മതിയും നേടി 2009 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സി.ബി.സി.എസ്.എസിന് പച്ചക്കൊടി കാട്ടി. മൂന്നു വര്‍ഷത്തിനുശേഷമുള്ള നീക്കിബാക്കി എന്താണ്?
ഇന്ത്യക്കാകെ അഭിമാനമായിരുന്ന കേരളത്തിന്‍െറ ഉന്നതവിദ്യാഭ്യാസ മേഖല നിലവാരത്തകര്‍ച്ചയുടെ ഉത്തുംഗതകളിലാണിപ്പോള്‍. സര്‍ക്കാര്‍ മാറിയെങ്കിലും സെമസ്റ്ററൈസേഷന്‍ ഉയര്‍ത്തിയ  ്രപശ്നങ്ങള്‍ അവശേഷിക്കുകയാണിപ്പോഴും.
മണ്ടന്മാരെ ജയിപ്പിക്കാനും പരീക്ഷാപ്പൂരം നടത്താനുമുള്ള അശാസ്ത്രീയ പരിപാടിയായി സര്‍വകലാശാലകള്‍ അത് മുന്നോട്ടു കൊണ്ടുപോകുന്നു. നന്നായി പഠിച്ചുവന്ന കുട്ടികള്‍പോലും ലക്ഷ്യബോധമില്ലാത്തവരായി ഇരുട്ടില്‍ത്തപ്പുകയാണ്. അധ്യാപകര്‍ കള്ളക്കണക്കെഴുതുന്ന കണക്കപ്പിള്ളമാരും ഓഫിസ്ജോലിചെയ്യുന്ന ഗുമസ്തന്മാരുമായി. പ്രിന്‍സിപ്പല്‍മാരും സര്‍വകലാശാലാ ഉദ്യോഗസ്ഥന്മാരും സെമസ്റ്റര്‍ നൂലാമാലയെക്കുറിച്ച് സംശയനിവാരണം നടത്താന്‍ കെല്‍പില്ലാത്തവരായി. ഒരുവശത്ത് കോളജുകളില്‍ ഏറക്കുറെ സമയബന്ധിതമായി പഠിച്ചും പഠിപ്പിച്ചും പരീക്ഷയെഴുതിയും നിലനിന്നിരുന്ന സംവിധാനം ഒന്നാകെ തകിടം മറിഞ്ഞു. മറുവശത്ത് തോന്നിയമട്ട് കാലം തെറ്റി പരീക്ഷ നടത്തിയും ഫലം പ്രസിദ്ധീകരിച്ചും ശീലിച്ചുപോയ യൂനിവേഴ്സിറ്റികള്‍ സെമസ്റ്ററിന്‍െറ  ദിവസക്കണക്കുകള്‍ക്ക് അതീതരായി നിലകൊണ്ടു. സമയനിഷ്ഠ പാലിക്കാത്ത സെമസ്റ്റര്‍ സമ്പ്രദായം പരാജയപ്പെടുമെന്ന് തിരിച്ചറിയാന്‍ ലളിതയുക്തി മാത്രം മതി. പക്ഷേ, ഇതൊന്നും പരിഷ്കാരത്തിന് ചുക്കാന്‍ പിടിച്ചവരെയും അവര്‍ക്ക് ഉപദേശം നല്‍കിയവരെയും തെല്ലും അലോസരപ്പെടുത്തിയില്ല. അവര്‍ ഏതോ സ്വപ്നലോകത്തിരുന്നുകൊണ്ട് തങ്ങളുടെ പുരോഗമനചിന്തക്ക് ആത്മപ്രശംസ ചൊരിയുകയായിരുന്നു. സെമസ്റ്റര്‍വത്കരണത്തിനു കുഴലൂതിയ എ.കെ.പി.സി.ടി.എ, എ.കെ.ജി.സി.ടി തുടങ്ങിയ അധ്യാപക സംഘടനകള്‍ ഇപ്പോള്‍ കുറ്റകരമായ മൗനത്തിലാണ്. പുതിയ ഭരണക്കാരില്‍ കുറ്റംചാര്‍ത്തി രക്ഷപ്പെടാനുള്ള പഴുതുകള്‍ തേടുകയാണവര്‍. വിദ്യാഭ്യാസകാര്യങ്ങളൊഴിച്ച് എന്തിനും സമരം ചെയ്യുന്ന എസ്.എഫ്.ഐയെപ്പോലുള്ള വിദ്യാര്‍ഥിസംഘടനകള്‍ അനുസരണയുള്ള കുഞ്ഞാടുകളായി അവരുടെ ആലയില്‍ ഒതുങ്ങിനിന്നു.  

കെ.എന്‍. പണിക്കരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ തങ്ങളുടെ പരിപാടിയുടെ പ്രായോഗികതയെക്കുറിച്ച് കോളജുകളില്‍ നേരിട്ടെത്തി അധ്യാപകരില്‍നിന്നോ വിദ്യാര്‍ഥികളില്‍നിന്നോ അഭിപ്രായങ്ങള്‍ ആരാഞ്ഞതായി ഈ ലേഖകന് അറിവില്ല.  ഇറക്കുമതി ചെയ്യപ്പെട്ട ‘പാരഡൈം ഷിഫ്റ്റി’നെ മാധ്യമങ്ങള്‍ വഴി വാഴ്ത്താനാണ് അന്ന് ഉന്നതവിദ്യാഭ്യസ കൗണ്‍സില്‍ ശ്രമിച്ചത്. പ്രഫഷനല്‍ കോഴ്സുകള്‍ക്കൊന്നിനും  പോകാന്‍ കഴിയാത്ത പട്ടിണിപ്പാവങ്ങള്‍ സ്കൂള്‍ വിദ്യാഭ്യാസത്തെത്തുടര്‍ന്ന് ഇവിടെയും പരീക്ഷണവിധേയരായി എന്നതായിരുന്നു ഈ പാരഡൈം ഷിഫ്റ്റിനു പിന്നിലെ യാഥാര്‍ഥ്യം.   
അക്ഷരമെഴുതാനറിയാത്ത, സാമാന്യമായ സാഹിത്യാവബോധമോ ജീവിതവീക്ഷണമോ സ്വായത്തമാക്കാത്ത, ബിരുദവിഷയത്തില്‍ സാമാന്യജ്ഞാനംപോലും സിദ്ധിക്കാത്ത ഒരുകൂട്ടം ബിരുദധാരികളെയാണ് നിലവിലിരിക്കുന്ന സി.ബി.സി.എസ്.എസ് പൊതുസമൂഹത്തിലേക്ക് പടച്ചുവിടുന്നത്.  ടെലിവിഷന്‍ പ്രോഗ്രാം, കമ്പ്യൂട്ടര്‍ പ്രോഗ്രാം എന്നൊക്കപ്പറയുംപോലെ ബിരുദവും ഇനിമേല്‍ ഒരു പ്രോഗ്രാം മാത്രം.

കൊക്കിലൊതുങ്ങാത്ത സിലബസും പരിമിതമായ പഠനകാലയളവും തുടരത്തുടരെയുള്ള പരീക്ഷകളും ഒക്കെച്ചേര്‍ന്ന് ബിരുദപ്രോഗ്രാമിനെത്തിയ കുഞ്ഞുങ്ങള്‍ ആകെ പരിക്ഷീണരായിരിക്കുന്നു. സ്കൂളില്‍നിന്ന് അങ്ങുമിങ്ങും തൊടാതെ കോളജു പഠന യോഗ്യത നേടി എത്തുന്ന പാവങ്ങള്‍ വ്യക്തതയില്ലാത്ത സിലബസുകളുടെയും സിദ്ധാന്തങ്ങളുടെയും മുന്നിലിരുന്ന് വീര്‍പ്പുമുട്ടുകയാണ്. അഞ്ചുതല ഗ്രേഡിങ് എന്ന പരമാബദ്ധം അറിവും അജ്ഞതയും അളക്കാന്‍ പര്യാപ്തമാകാതെ ഇപ്പോഴും നിലകൊള്ളുന്നു. ക്ളാസ്റൂം അധ്യാപനത്തിന്‍െറ സാധ്യതകള്‍ പാടേ നിരാകരിച്ചതുവഴി അധ്യാപക-വിദ്യാര്‍ഥിബന്ധത്തില്‍ വിള്ളലുകള്‍ വീണുതുടങ്ങി. നന്നായി പഠിപ്പിക്കുന്ന അധ്യാപകന്‍, നന്നായി പഠിക്കുന്ന വിദ്യാര്‍ഥി തുടങ്ങിയ സങ്കല്‍പനങ്ങള്‍ കാലഹരണപ്പെട്ടുകഴിഞ്ഞു. അസൈന്‍മെന്‍റ് എഴുത്ത് ഒന്നാന്തരം തട്ടിക്കൂട്ടല്‍സാധനങ്ങളാണ് പലര്‍ക്കും. ഗൈഡുകളില്‍നിന്നു പകര്‍ത്തുന്നവര്‍ മാത്രമല്ല, തൊട്ടടുത്തിരിക്കുന്ന വിദ്യാര്‍ഥിയുടെ അസൈന്‍മെന്‍റ് അതേപടി ഫോട്ടോസ്റ്റാറ്റെടുത്ത് അധ്യാപകര്‍ക്ക് സമര്‍പ്പിക്കുന്ന വിദ്വാന്മാരും ധാരാളമാണ്. പഞ്ചനക്ഷത്ര ഓഫിസുകളില്‍ മരുവുന്ന കമീഷനുകളും സമിതികളുമുണ്ടോ ഇത്തരം പച്ചപ്പരമാര്‍ഥങ്ങളറിയുന്നു?

പരീക്ഷാ മൂല്യനിര്‍ണയത്തിനുണ്ടായിരുന്ന ആധികാരികതയും സൂക്ഷ്മതയും വിശ്വാസ്യതയും ചോര്‍ന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. വസ്തുനിഷ്ഠ ചോദ്യങ്ങള്‍ക്ക് അനാവശ്യ പ്രാധാന്യം നല്‍കിയതുവഴി വിദ്യാര്‍ഥിയുടെ രചനാപരമായ ശേഷികളും സ്വകീയമായ ചിന്തയും തിരിച്ചറിയാനുള്ള അവസരങ്ങള്‍ നഷ്ടമാവുകയാണ്. മൂല്യനിര്‍ണയത്തിന് ഗ്രേഡിങ് സമ്പ്രദായം ആകയാല്‍ അസാമാന്യമായ ഉത്തരങ്ങള്‍ക്കുപോലും അര്‍ഹമായ പരിഗണന നല്‍കാന്‍ അധ്യാപകനു കഴിയാതെ പോകുന്നു. ഇന്‍േറണല്‍ അസെസ്മെന്‍റ് ഒരു പേടിസ്വപ്നമായി വിദ്യാര്‍ഥികളെ വലയ്ക്കുന്നു. കോളജുതല പരീക്ഷകളും സെമിനാറുകളുമൊക്കെ വഴിപാടുകളായി നടന്നും നടക്കാതെയും കടന്നുപോകുന്നു. എണ്ണത്തില്‍ കുറഞ്ഞ കുട്ടികള്‍ക്കായി വിഭാവനംചെയ്തതാണ്  പരിഷ്കാരമെങ്കിലും അധ്യാപക- വിദ്യാര്‍ഥി അനുപാതത്തിലോ ക്ളാസ്റൂം സൗകര്യങ്ങളിലോ സാങ്കേതിക കാര്യങ്ങളിലോ തദനുസൃതമായ മാറ്റങ്ങള്‍ ഇനിയും വന്നിട്ടില്ല. മാറിയ അധ്യയനരീതിക്കൊത്തവണ്ണം അധ്യാപകര്‍ക്ക് പരിശീലനം കൊടുക്കാനുള്ള ഓറിയന്‍േറഷന്‍- റെഫ്രഷര്‍ കോഴ്സുകള്‍  രൂപകല്‍പന ചെയ്യപ്പെട്ടിട്ടില്ല. ഓപണ്‍ കോഴ്സുകള്‍ എന്ന പേരില്‍ വിവിധ ഐച്ഛികവിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള വൈവിധ്യമാര്‍ന്ന ക്ളാസുകള്‍ കൈകാര്യം ചെയ്യുന്ന ചുമതലയും അത്തരം വിഷയങ്ങളില്‍ വേണ്ടത്ര വൈദഗ്ധ്യമില്ലാത്ത അധ്യാപകര്‍ക്കാണ്.  ലോകചരിത്രവും ജേണലിസവും ചലച്ചിത്രപഠനവുമൊക്കെ സയന്‍സ് -ഭാഷ -മാനവിക വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ മാറിയും തിരിഞ്ഞും പഠിപ്പിക്കേണ്ടിവരും. അന്തര്‍ വൈജ്ഞാനികസമീപനം എന്ന ലക്ഷ്യം കൊള്ളാം. പക്ഷേ, പ്രായോഗികതയെക്കുറിച്ചുള്ള ചിന്തകൂടി വേണ്ടിയിരുന്നു. പുതിയ തസ്തികകളോ നിലവിലുള്ളവര്‍ക്ക് പരിശീലനത്തിനുള്ള സൗകര്യങ്ങളോ ഒന്നും ഒരുക്കാതെയാണ് ഇത്തരം ‘ജനകീയ പരിപാടികള്‍’ ബിരുദപഠനത്തിന്‍െറ ഭാഗമാക്കിയിട്ടുള്ളത്. എല്ലാത്തിനെയും തൊണ്ണൂറു ദിവസത്തിനുള്ളില്‍ ഒതുക്കാനുള്ള മാന്ത്രികവിദ്യയൊന്നും ഇതുവരെയും നിര്‍ദേശിക്കപ്പെട്ടിട്ടില്ല.  ഒരുവര്‍ഷം മുഴുവന്‍ ലഭിച്ചിട്ടും നേരേചൊവ്വേ അധ്യയനം നടക്കാത്ത കോളജുകളില്‍നിന്ന് സമരം, കലോത്സവം, പ്രവേശനോത്സവം, ചലച്ചിത്രോത്സവം തുടങ്ങിയ കാര്യപരിപാടികളും ഹര്‍ത്താല്‍, പണിമുടക്ക്, തെരഞ്ഞെടുപ്പ് തുടങ്ങിയ പൊതുപരിപാടികളും നിയമംമൂലം ഒഴിവാക്കിയാല്‍പ്പോലും ഇപ്പോഴത്തെ സിലബസുകള്‍ തൊണ്ണൂറിന്‍െറ ചെപ്പിലൊതുങ്ങില്ല.

ഇംഗ്ളീഷ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷാവിഷയങ്ങളുടെമേല്‍ സെമസ്റ്റര്‍ ഇടിത്തീയായി നിപതിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ മാനസികാവസ്ഥ തിരിച്ചറിയാതെയും സൗന്ദര്യബോധം തൊട്ടുതീണ്ടാതെയും തട്ടിക്കൂട്ടിയ ഹിമാലയന്‍ സിലബസുകളാണ് ബിരുദപഠനത്തിനായി നിലവിലുള്ളത്. ഭാഷാജ്ഞാനവും ഭാവനാശാലിത്വവുമൊന്നും ഈ വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് വേണ്ടെന്നമട്ടിലാണ് സിലബസ് രൂപകല്‍പന ചെയ്തിട്ടുള്ളത്. സര്‍വകലാശാലകളിലെ  ഗവേഷണവിദ്യാര്‍ഥികളോ  ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പ്രിയജനങ്ങളോ ആണ് പാഠഭാഗങ്ങള്‍ നിശ്ചയിക്കുകയും പഠനക്കുറിപ്പുകള്‍ എഴുതുകയും ചെയ്തിട്ടുള്ളത്. വര്‍ഷങ്ങളുടെ അധ്യാപന പരിചയവും സിലബസ്, കരിക്കുലം  തുടങ്ങിയവയുടെ നിര്‍മാണത്തില്‍ പരിചയവുമുള്ള പ്രഗല്ഭരായ അധ്യാപകരെപ്പോലും മാറ്റിനിര്‍ത്തിക്കൊണ്ടാണ് സിലബസ് പരിഷ്കരണത്തിനു മുതിര്‍ന്നത് എന്നോര്‍ക്കുമ്പോള്‍ കുട്ടികളുടെ ഭാവിയെ സംബന്ധിക്കുന്ന സുപ്രധാന കാര്യത്തെ എത്ര ലാഘവബുദ്ധിയോടെയാണ് പരിഷ്കരണവാദികള്‍ കണ്ടതെന്ന് തെളിയുന്നു. ക്ളാസ്റൂം അനുഭവമില്ലായ്മ സെമസ്റ്ററൈസേഷന്‍െറ ഭാഗമായി ഭാഷകള്‍ക്കായി നിര്‍മിച്ച  സിലബസുകളില്‍ ഉടനീളം തൊട്ടറിയാനാവും. അഭിജ്ഞാനശാകുന്തളവും നളചരിതവും ഷേക്സ്പിയറുമൊന്നും പഠിക്കാതെ ബിരുദം നേടി പോകുന്നതില്‍ ‘പുതുമ’യുണ്ടാകാം. പക്ഷേ, സര്‍ഗാത്മകതയോ സാഹിത്യസമ്പന്നതയോ ഉണ്ടാകില്ല. നൂറും നൂറ്റമ്പതും കുട്ടികള്‍ തിക്കിയിരിക്കുന്ന ഇംഗ്ളീഷ്-സെക്കന്‍ഡ് ലാംഗ്വേജ് ക്ളാസുകളിലെ സെമിനാറും അസൈന്‍മെന്‍റുമൊക്കെ ഏട്ടിലെ പശുക്കള്‍ മാത്രമായാല്‍ ആര്‍ക്ക് ആരെ കുറ്റം പറയാനാകും?

കേരള സര്‍വകലാശാല  കുറച്ചു വൈകിയാണ് സെമസ്റ്റര്‍ കുരിശി ല്‍ ബിരുദത്തെ തളച്ചത്. തുടക്കം മുതല്‍ക്കേ ആശങ്കകളും ആരോപണങ്ങളും മുന്നറിയിപ്പുകളും ഉണ്ടായിരുന്നു. ഒടുവില്‍ ഇവിടെയും അതു നടപ്പാക്കുകതന്നെ ചെയ്തു. സിലബസ് നിര്‍ണയത്തിനുവേണ്ടി നേര്‍ച്ചപോലെ നടത്തിയ ശില്‍പശാലകളില്‍ പങ്കെടുത്ത അധ്യാപകര്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും മറുപടി പറയാന്‍ കെല്‍പുള്ളവരായിരുന്നില്ല ബഹുഭൂരിപക്ഷം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളും. ഇടതുപക്ഷയൂനിയന്‍ ബന്ധം മാത്രമായിരുന്നു ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ മുഖ്യ യോഗ്യത എന്നതു തന്നെ കാരണം. സെമസ്റ്റര്‍ സമ്പ്രദായം നിലവിലുള്ള രീതിയില്‍ തുടര്‍ന്നുപോയാല്‍ മാനവിക-ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കുന്ന കോളജുകള്‍ അധികം വൈകാതെ അടച്ചുപൂട്ടേണ്ടി വരും. പഠിച്ച വിഷയത്തില്‍ സാമാന്യജ്ഞാനംപോലും നേടാത്ത ഒരു കൂട്ടം ‘പ്രോഗ്രാമര്‍’മാരെക്കൊണ്ട് സമൂഹത്തിന് എന്താണ് പ്രയോജനം? നാട്ടിലെങ്ങും കൂണുപോലെ മുളച്ചുവരുന്ന സ്വാശ്രയകോളജുകള്‍ പ്രലോഭനക്കണ്ണുകാട്ടി വിളിക്കുമ്പോള്‍ കിടപ്പാടം എഴുതിവിറ്റ് മക്കളെ അങ്ങോട്ടേക്കു പറ
ഞ്ഞുവിടാന്‍ തയാറെടുക്കുന്ന രക്ഷാക
ര്‍ത്താവിനെ കുറ്റം പറയാനൊക്കുമോ?

പുതിയ സര്‍ക്കാര്‍ വന്നശേഷം ഡോ.ടി.പി. ശ്രീനിവാസന്‍െറ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പുന$സംഘടിപ്പിക്കപ്പെട്ടു. കെ.എന്‍.  പണിക്കരുടെ കാലത്തെ കമീഷന്‍െറ സര്‍വജ്ഞഭാവത്തിന് ഇപ്പോള്‍ അയവുവന്നിട്ടുണ്ട്. വ്യാപകമായ പരാതികള്‍ പരിഗണിച്ചുകൊണ്ട് സെമസ്റ്ററിന്‍െറ പ്രശ്നങ്ങള്‍ കണ്ടെത്താനും പരിഹാര നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി പ്രഫ.ഹൃദയകുമാരിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച സെമസ്റ്റര്‍ പരിഷ്കരണസമിതി അതിന്‍െറ റിപ്പോര്‍ട്ട് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് കൈമാറിക്കഴിഞ്ഞു.  ഈ സമിതി ഓഫിസുമുറിവിട്ട് പുറത്തേക്കിറങ്ങാനും അധ്യാപകരും വിദ്യാര്‍ഥികളും അടക്കമുള്ള പൊതുസമൂഹത്തില്‍നിന്ന്  അനുഭവസാക്ഷ്യങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാനും തയാറായി എന്നുള്ളത്് ആശ്വാസം പകരുന്നു. രാഷ്ട്രീയാതീതമായ ഇച്ഛാശക്തിയുള്ളവരാണ് ടി.പി. ശ്രീനിവാസനും ഹൃദയകുമാരി ടീച്ചറും എന്നുള്ളതും പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. അതേസമയം ഹൃദയകുമാരി കമ്മിറ്റിക്കും സെമസ്റ്ററൈസേഷനുയര്‍ത്തുന്ന പ്രശ്നങ്ങളുടെ കാതലില്‍ സ്പര്‍ശിക്കാനായില്ലെന്നാണ് പത്രറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇത്തരുണത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അധ്യാപകനും കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് ഫ്രണ്ടിന്‍െറ സംസ്ഥാന സെക്രട്ടറിയുമായ പ്രഫ.സെബാസ്റ്റ്യന്‍ ജോസഫിന്‍െറ നേതൃത്വത്തിലുള്ള പരിശ്രമവും എടുത്തുപറയേണ്ടിയിരിക്കുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട കോളജുകളിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രിന്‍സിപ്പല്‍മാരുടെയും ഇടയില്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് അവര്‍ ഹൃദയകുമാരിക്കമ്മിറ്റിക്കു മുമ്പാകെ സമര്‍പ്പിച്ചിരുന്നു. കോളജുതലത്തിലും സര്‍വകലാശാലാതലത്തിലുമുള്ള പരീക്ഷാനടത്തിപ്പ്, സിലബസ് രൂപവത്കരണം, ഇന്‍േറണല്‍ അസെസ്മെന്‍റ്, ടീച്ചിങ് , പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സുപ്രധാന കാര്യങ്ങളെക്കുറിച്ചെല്ലാമുള്ള പ്രായോഗികനിര്‍ദേശങ്ങള്‍ ഈ രേഖയിലുണ്ട്. സര്‍വേയില്‍ പ്രതികരിച്ച എണ്‍പതു ശതമാനംപേരും നിലവിലുള്ള സെമസ്റ്റര്‍ സമ്പ്രദായം ഉന്നതവിദ്യാഭ്യാസരംഗത്ത് നിലവാരത്തകര്‍ച്ചക്ക് ഇടയാക്കുമെന്നാണത്രെ അഭിപ്രായപ്പെട്ടത്. അനുകൂലിച്ച ന്യൂനപക്ഷം അന്ധമായ രാഷ്ട്രീയ താല്‍പര്യമുള്ളവരായിരിക്കുമെന്ന് ഊഹിക്കുന്നതില്‍ തെറ്റില്ല.  ഉന്നതവിദ്യാഭ്യാസരംഗത്ത് കാലോചിതമായ പരിഷ്കാരം ആവശ്യംതന്നെയാണ്.
പക്ഷേ, കുളിപ്പിച്ചു കുളിപ്പിച്ച് കുട്ടിയെത്തന്നെ ഇല്ലാതാക്കുന്ന അവസ്ഥ ആശാസ്യമല്ല. ആരോഗ്യകരവും പ്രായോഗികവുമായ പരിവര്‍ത്തന നിര്‍ദേശങ്ങളിലൂടെ സെമസ്റ്റര്‍വത്കരണത്തിന്‍െറ അപാകങ്ങള്‍ നീക്കാന്‍ ഹൃദയകുമാരിക്കമ്മിറ്റിക്കും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനും കേരളസര്‍ക്കാറിനും  കഴിഞ്ഞെങ്കില്‍ എന്ന് ആശിക്കാം.


കവര്‍സ്റ്റോറി

മുന്‍ ലക്കങ്ങള്‍