വിക്കറ്റിനും വിക്കറ്റിനുമിടയില്‍ ഒരു ഗിത്താറിന്‍െറ ഗീതം | Madhyamam Weekly
Weekly


വിക്കറ്റിനും വിക്കറ്റിനുമിടയില്‍ ഒരു ഗിത്താറിന്‍െറ ഗീതം

മീനാക്ഷി വിശ്വനാഥന്‍

Now in our game we have got
spin and swingers
Hot leg breaks and we want
to be singers
We’re high on rock where
the egos fly
                 Six & Out (Howzaat)

ബ്രെറ്റ്ലീ എന്നെ സംബന്ധിച്ചിടത്തോളം ഒരു ആസ്ട്രേലിയന്‍ ഫാസ്റ്റ്ബൗളര്‍ മാത്രമല്ല. പിന്‍നിരയില്‍ തെറ്റില്ലാതെ സ്ട്രൈറ്റ്ബാറ്റില്‍ കളിക്കുന്ന, ഔ്ഫീല്‍ഡില്‍ (മറ്റേതു അന്യഭൂഖണ്ഡ കളിക്കാരനെയുംപോലെ) അസാമാന്യമായി ഫീല്‍ഡ് ചെയ്യുന്ന, സാമാന്യത്തിലധികം സൗന്ദര്യമുള്ള ക്രിക്കറ്റര്‍ എന്നുകൂടി വിലയിരുത്തിയാല്‍ ഒരുപക്ഷേ, എന്‍െറ കളിയെഴുത്തുബുദ്ധിയെ അത് തൃപ്തിപ്പെടുത്തിയേക്കും. എന്‍െറ ഹൃദയപക്ഷത്തെ തൃപ്തമാക്കാന്‍ പക്ഷേ, ബ്രെറ്റ്ലീയുടെ ഈ ക്രിക്കറ്റിങ് ഇന്‍ഫര്‍മേഷന്‍ പ്രഫൈല്‍ പോരാ.

കളിക്കളത്തില്‍ അപൂര്‍വമായ കലാകാരന്മാരുടെ ഗണത്തില്‍ പെടുന്നു ബ്രെറ്റ്ലീ. ഫാസ്റ്റ്ബൗളിങ്ങിന്‍െറ സംഗീതമാണ് ബ്രെറ്റ്ലീയുടെ പന്തുകള്‍. മീട്ടാതെ പോകുന്ന മുറുകിയ ഗിത്താര്‍ തന്ത്രികളാണ് ആ ഓരോ പന്തിന്‍െറയും ട്രാജക്ടറികള്‍. ഇങ്ങനെ കളത്തിലെ കലാകാരന്മാരുടെ കൂട്ടത്തില്‍പെടുന്ന മറ്റൊരാള്‍ ഷെയ്ന്‍ വോണാണ്, ബൗളിങ് ക്രീസിലേക്കുള്ള ആ അലക്ഷ്യഗമനത്തില്‍ തുടങ്ങി, അനായാസമായ ശരീരവിന്യാസത്തിലൂടെ പന്തിനെ പമ്പരമാക്കുന്ന വോണ്‍ ഒരു കണ്ടംപററി ഡാന്‍സറെയാണ് ഓര്‍മിപ്പിക്കുക. ഇതിലപ്പുറം വോണിന്‍െറ മൈതാനബാഹ്യമായ പെരുമാറ്റരീതികളിലും തെളിയാറുള്ളത് കായികതാരത്തെക്കാള്‍ ഒരു കലാകാരന്‍െറ  ലക്ഷണങ്ങളാണ്. ബാറ്റിങ്ക്രീസില്‍ അനനുകരണീയമായ കരചലനങ്ങളുമായി വായുവില്‍ ചിത്രം വരക്കുന്ന ബ്രയാന്‍ ചാള്‍സ് ലാറയെന്ന നടരാജനാണ് മറ്റൊരാള്‍.

വോണിലെയും ലാറയിലെയും കലാകാരന്മാരെ നമ്മള്‍ കണ്ടെടുക്കുകയാണെങ്കില്‍ ബ്രെറ്റ് നമ്മെത്തേടിവരുകയാണ്. ഗിത്താറില്‍ വായിക്കുന്ന ഒരു സിംഗിള്‍ നമ്പര്‍പോലെയാണ് മൈതാനത്തെ ലീ എന്ന ദൃശ്യാനുഭവം.
ക്രിക്കറ്റിനൊപ്പം സംഗീതവും കൊണ്ടുനടക്കുമ്പോഴാണ് ജ്യേഷ്ഠന്‍െറ  ചുവടുപിടിച്ച് ബ്രെറ്റ്ലീ കളിക്കളത്തിലെത്തുന്നത്. ന്യൂസൗത്ത് വെയ്ല്‍സിലെ കളിക്കളങ്ങളില്‍ സംഗീതം തേടിയ ഏതാനും ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ലീയുടെ ക്രിക്കറ്റും സംഗീതവും പുറത്തുകൊണ്ടുവന്നത്.സിക്സ് ആന്‍ഡ് ഔ് എന്ന ബാന്‍ഡ് ഏതാനും കളിക്കാരുടെ വെറും നേരംപോക്കല്ലെന്ന് അവരുടെ പാട്ടുകള്‍തന്നെ സാക്ഷ്യംപറയും. ബ്രെറ്റിന്‍െറ  സഹോദരനും മുന്‍ ആസ്ട്രേലിയന്‍ ഓള്‍റൗണ്ടറുമായ ഷെയ്ന്‍ലീ, ഓഫ് സ്പിന്നര്‍ ഗവിന്‍ റോബര്‍ട്സണ്‍, ബ്രയാന്‍ മക്നമാറ, റിച്ചാഡ് ചീക്വീ എന്നിവരാണ് ബാന്‍ഡിലെ മറ്റ് അംഗങ്ങള്‍.  ഇതില്‍ ചീക്വി ഒഴികെയുള്ളവരെല്ലാം ക്രിക്കറ്റര്‍മാരാണെന്നത് യാദൃച്ഛികമല്ല. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍നിന്ന് വരുന്ന ഷെയ്നും ബ്രെറ്റും തന്നെയായിരുന്നു ബാന്‍ഡിന്‍െറ  സംഘാടകരും. പിന്നീട് സ്വാഭാവികമായും ബ്രെറ്റ്ലീയുടെ ബാന്‍ഡ് എന്നതുതന്നെയായി സിക്സ് ആന്‍ഡ് ഔിന്‍െറ  വിലാസവും. ബാന്‍ഡിലെ ബാസ് ഗിത്താറിസ്റ്റും ഗായകനുമാണ് ലീ.   സിക്സ് ആന്‍ഡ് ഔ് എന്ന പേരിലുമുണ്ട് ഒരു കൗതുകം. സിക്സറടിക്കുന്നവര്‍ പുറത്തായതായി കണക്കാക്കുന്ന, കളിനിയമങ്ങള്‍ക്ക്  പുറത്തു നില്‍ക്കുന്ന ഗല്ലിക്രിക്കറ്റില്‍നിന്ന് പിറവികൊണ്ടതാണ്  ഈ  പേരും. കാണ്ട് ബൗള്‍ കാണ്ട് ത്രോ എന്ന പാട്ടാവട്ടെ വിവാദമായ ഒരു ആസ്ട്രേലിയ-പാകിസ്താന്‍ മത്സരവുമായി ബന്ധപ്പെട്ട പ്രയോഗത്തില്‍നിന്നും. സിക്സ് ആന്‍ഡ് ഔ് , ലെവന്‍ തുടങ്ങിയ ആല്‍ബങ്ങളും ക്രിക്കറ്റുതന്നെ പാടുന്നു. സംഗീതത്തിലേക്ക് ക്രിക്കറ്റിനെകൊണ്ടുപോയ ഈ കൂട്ടം ക്രിക്കറ്റിലേക്ക് സംഗീതത്തെ കൊണ്ടുവരുകയുമായിരുന്നു. ആ കൊടുക്കല്‍വാങ്ങലില്‍ മൈതാനങ്ങളുടെ ലാഭമാണ് ബ്രെറ്റ്ലീ എന്ന ഫാസ്റ്റ് ബൗളര്‍. രാജ്യാന്തര ക്രിക്കറ്റില്‍ മണിക്കൂറില്‍ നൂറ്റിയറുപത് കിലോമീറ്ററെന്ന സ്വപ്നവവേഗം താണ്ടിയ ആദ്യ മനുഷ്യന്‍.

ബൗളിങ് വിക്കറ്റിലേക്ക്  ഓടിയെത്തുന്ന ബ്രെറ്റ്ലീ ബാറ്റ്സ്മാന്‍െറ നെഞ്ചിടിപ്പിക്കുന്ന ഒരു കാഴ്ചയല്ല, താളാത്മകമായ പദചലനങ്ങളോടെ ഓടിയടുക്കുന്ന ഒരു കുട്ടിയാണ് ക്രീസിലെത്തും വരെ. പന്തിന്‍െറ  റിലീസിന് തൊട്ടുമുമ്പുവരെ ലീയിലുള്ള സൗമ്യഭാവം ബാറ്റ്സ്മാന് നല്‍കുന്ന വൃഥാവിശ്വാസമാണ് ബൗളറെന്ന നിലയിലുള്ള അയാളുടെ ഏറ്റവും വലിയ വിജയവും. കൈവിട്ടശേഷമാണ് ലീയുടെ പന്തുകള്‍ അവയുടെ വിശ്വരൂപം പ്രകടിപ്പിക്കുക. 160 കിലോമീറ്ററിലധികം വേഗത്തില്‍ ചീറിയടുക്കുന്ന പന്തുകള്‍ വരുന്നത് ഈ സൗമ്യഭാവത്തില്‍നിന്നാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന്  ലീയെ നേരിട്ട വിശ്വോത്തര ബാറ്റ്സ്മാന്മാര്‍പോലും സമ്മതിക്കും. വേഗതകുറഞ്ഞ എന്നാല്‍ കുതിച്ചുയരുന്ന ബൗണ്‍സറുകളും യോര്‍ക്കറോളം പോന്ന ഇന്‍കട്ടറുകളുമാണ് ലീയുടെ  സ്വന്തം പന്തുകള്‍. ഇവയോളം സംഗീതാത്മകമായ കാഴ്ച ആധുനിക ഫാസ്റ്റ്ബൗളിങ്ങിന് ഇന്നേവരെ ഒരുക്കാനായിട്ടില്ലെന്ന് നിസ്സംശയം പറയാം.

വിക്കറ്റുകളെടുക്കുകയെന്നതിനപ്പുറം ആസ്ട്രേലിയന്‍ ഫാസ്റ്റ്ബൗളിങ്ങിന്  ഡെന്നീസ് ലില്ലിക്കും ഗ്ളെന്‍ മഗ്രാത്തിനുംപോലും സൗന്ദര്യത്തിന്‍െറ ചരിത്രമൊന്നും അവകാശപ്പെടാനില്ല. ഹൈ ആം ആക്ഷനിലും റിലീസിലും പിച്ചുപയോഗപ്പെടുത്തിക്കൊണ്ടുള്ള മൂവ്മെന്‍റിലും കറുപ്പിന്‍െറ സൗന്ദര്യം ആവാഹിച്ച വെസ്റ്റിന്‍ഡീസ് പേസ് പടയുടെയോ  പഠാനി പുരുഷസൗന്ദര്യത്തിന്‍െറ ആള്‍രൂപമെന്നവണ്ണം ബൗളിങ് നിമിഷത്തില്‍ യവന പ്രതിമപോലെ വായുവില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഇമ്രാന്‍ഖാന്‍െറയോ കൈക്കുഴയുടെ അസാധാരണമായ വിനിയോഗത്തിലൂടെ ഫാസ്റ്റ് ബൗളറുടെ അപൂര്‍വമായ ആക്ഷന്‍ പ്രദര്‍ശിപ്പിച്ച കപില്‍ദേവിന്‍െറയോപോലെ ബൗളിങ് ക്രീസില്‍നിന്ന് മനോഹരമായ ഒരു വിഷ്വലും സൃഷ്ടിച്ചിരുന്നില്ല അതുവരെ ആസ്ട്രേലിയന്‍ ക്രിക്കറ്റ്. ബ്രെറ്റ്ലീയുടെ വരവോടെയാണ് ആസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളിങ്ങിന് ഒരു സൗന്ദര്യ സ്വരൂപം ലഭിക്കുന്നത്. മനോഹരവും സംഗീതാത്മകവുമാണ് ബൗളിങ് വേളയിലെ ലീയുടെ ശരീരവിന്യാസം. ഇതിലും മനോഹരമായ ആക്ഷനില്‍ ഇത്രയും വേഗത കൈവരിച്ചിട്ടുള്ള ഒരേയൊരു കളിക്കാരന്‍ ഒരുപക്ഷേ ന്യൂസിലന്‍ഡിന്‍െറ ഷെയ്ന്‍ബോണ്ട് മാത്രമാകും.

ഗിത്താറിലും സിക്സ് ആന്‍ഡ് ഔിലും തീരുന്നില്ല , ബ്രെറ്റ്ലീയുടെ ക്രിക്കറ്റേതര ജീവിതം. പ്രശസ്തമായ ആസ്ട്രേലിയന്‍ ക്രിക്കറ്റ് ബാലസാഹിത്യ പരമ്പരയായ ടോബിജോണ്‍സിന്‍െറ സാഹസങ്ങള്‍ സാധ്യമാക്കാന്‍ മൈക്കേല്‍ പാങ്ക്രിഡ്ജ് എന്ന നോവലിസ്റ്റിനെ സഹായിക്കുന്നത് ലീയാണ്. വിസ്ഡന്‍ അല്‍മനാക്ക് വഴി ക്രിക്കറ്റ്ചരിത്രങ്ങളിലേക്ക് സ്വപ്നസഞ്ചാരം നടത്തുന്ന ടോബിജോണ്‍സ് എന്ന കൗമാരതാരം ആസ്ട്രേലിയയിലെ കുട്ടികളുടെ വീരനായകനാണ്. ഇതുവരെ നടന്നിട്ടുള്ള ഏത് ക്രിക്കറ്റ് മത്സരവേദിയിലേക്കും കാലാതീതമായി പോകാന്‍ കഴിവുള്ള ടോബി ക്രിക്കറ്റ് ചരിത്രത്തിലൂടെ നടത്തുന്ന സഞ്ചാരങ്ങളാണ് ഇതുവരെ അഞ്ചു നോവലുകളിലായി വായനക്കാരിലെത്തിയ ടോബിജോണ്‍സ് പരമ്പര. ടോബിജോണ്‍സ് ആന്‍ഡ്  ദ മാജിക് ക്രിക്കറ്റ് അല്‍മനാക്കില്‍ തുടങ്ങിയ പരമ്പര, ടോബിജോണ്‍സ് ആന്‍ഡ്  ദ സീക്രട്ട് ഓഫ് മിസിങ് സ്കോര്‍കാര്‍ഡ്, ടോബിജോണ്‍സ് ആന്‍ഡ് ദ മിസ്റ്ററി ഓഫ് ടൈം ട്രാവല്‍ ടൂര്‍, ടോബിജോണ്‍സ് ആന്‍ഡ്  ദ ടൈംലെസ് ക്രിക്കറ്റ് മാച്ച്  എന്നിവയിലൂടെ ടോബിജോണ്‍സ് ആന്‍ഡ്  ദ ക്ളാഷ് വിത്ത് ഫാദര്‍ ടൈമില്‍ എത്തിനില്‍ക്കുന്നു.  
വാക്കും അതിന്‍െറ പൊരുളുമറിയുന്നവന്‍െറ താളമാണ് ലീയുടെ പന്തുകള്‍ക്കുള്ളതെന്നു പറഞ്ഞാല്‍ അത് ഒരു ആരാധികയുടെ വെറുംവാക്കായിപോകും പക്ഷേ, ഗിത്താറിന്‍െറ മുറുകിയ കമ്പികള്‍പോലെയായിരുന്നു വിക്കറ്റുകളുടെ കടപുഴക്കുന്ന ലീ യോര്‍ക്കറുകള്‍ എന്നത് വസ്തുതയാണ്. കളത്തിലെ സൗഹൃദഭാവമാണ് ഒരുപക്ഷേ ലീയെ മറ്റ് ആസ്ട്രേലിയന്‍ താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. എതിരാളികളെ പിതൃപരമ്പരകളെ വരെ തെറിയില്‍ കുളിപ്പിക്കുന്ന ഓസീസ് സ്ളെഡ്ജിങ് പാരമ്പര്യത്തിനും അപവാദമായിരുന്നു, ദൂരക്കാഴ്ചയില്‍ ജൂലിയന്‍ അസാന്‍ജിനെ അനുസ്മരിപ്പിക്കുന്ന ബ്രെറ്റ്ലീ.
ബ്രെറ്റ്ലീ എന്ന കലാകാരന്‍െറ അളവുകോലാവേണ്ടതല്ല അതെന്ന ഉത്തമബോധ്യത്തോടെയാണ് ഏത് ആഘോഷതാരത്തെയുംപോലെ അയാളും നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങളെ ബോധപൂര്‍വം പറയാതെ വിടുന്നത്.

കറുത്ത മരിയോയും
വെളുത്ത
ബല്ലോട്ടെല്ലിയും

ഓരോ വലിയ ഫുട്ബാള്‍ മേളകളും പുതിയ താരോദയങ്ങളുടെകൂടി വേദിയാണ്.  ഓരോ ടൂര്‍ണമെന്‍റുകള്‍ക്കുമുണ്ടാകും അതിന്‍െറ വീരനായകന്മാര്‍. കളത്തിലെ മികവിന് മേളയുടെ അംഗീകാരം നേടുന്നവരെക്കാള്‍ കാലം കാത്തിരിക്കുക ഒരുപക്ഷേ ലോകം ഘോഷിച്ച താരങ്ങള്‍ക്കുവേണ്ടിയായിരിക്കും. ഇത്തവണത്തെ യൂറോയുടെ താരം തീര്‍ച്ചയായും ഗോള്‍ഡന്‍ ബൂട്ട് നേടിയ ഫെര്‍ണാണ്ടോ ടോറസ്സല്ല. സ്പെയിനിനെ പോഡിയത്തില്‍ എത്തിച്ച ഇനിയേസ്റ്റയോ സാവിയോ അല്ലെന്നും  നിസ്സംശയം പറയാം.
ലോകമേറ്റെടുത്ത താരം മറ്റാരുമായിരുന്നില്ല, തന്‍െറ തൊലിനിറത്തെ പ്രതിരോധിച്ച് നെഞ്ചുവിരിച്ചുനിന്ന ഇറ്റലിയുടെ മരിയോ ബല്ലോട്ടെല്ലിയായിരുന്നു.

ഇത് മരിയോയുടെ  യൂറോക്കപ്പായിരുന്നു. ഫൈനലില്‍ നാലു ഗോളിന്‍െറ നാണക്കേടില്‍ ഒടുങ്ങിയെങ്കിലും ഇറ്റലിയെക്കുറിച്ച് ലോകം അത്രയെങ്കിലും സംസാരിച്ചുവെങ്കില്‍ അതിനു കാരണക്കാരനായത് മറ്റാരുമല്ല, മരിയോ ബല്ലോട്ടെല്ലിയെന്ന കാര്‍മേഘവര്‍ണനായിരുന്നു.

ലോക കായികമേളകളിലെല്ലാം കളിക്കു മുമ്പേ കളിക്കാരുടെ വര്‍ണവും വംശവും ചര്‍ച്ചാവിഷയമാവുന്നതിന് കാലത്തോളം പഴക്കമുണ്ടാകും. ഇത്തവണയും അതിനു മാറ്റമുണ്ടായില്ല, യൂറോ തുടങ്ങും മുമ്പ് മരിയോ വെടിപൊട്ടിച്ചിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി ചോരവിയര്‍പ്പാക്കി കളിക്കുമ്പോഴും കാര്‍ലോസ് ടെവസിനെപോലുള്ള സൂപ്പര്‍താരത്തിന്‍െറ ആരാധനാപാത്രമാവുമ്പോഴും കിങ്കോങ് വിളികളാണ് മരിയോയെ ഓരോ സ്റ്റേഡിയത്തിലേക്കും വരവേറ്റിരുന്നത്. കാണികളുടെ വംശീയാധിക്ഷേപംകൊണ്ട് മടുത്ത മരിയോ ടൂര്‍ണമെന്‍റിനു മുമ്പുതന്നെ പ്രഖ്യാപിച്ചു. കളത്തില്‍ എന്‍െറ നിറം വിളിച്ച് അപമാനിക്കുന്നവനെ ഞാന്‍ ഫൗള്‍ ചെയ്യില്ല. പക്ഷേ, കൊന്നുകളയും. മരിയോയുടെ ട്രാക്ക് റെക്കോഡ് കേട്ടറിഞ്ഞവര്‍ അതിന് മുതിര്‍ന്നില്ല. പക്ഷേ, കിഴക്കന്‍ യൂറോപ്പിലെ മുന്‍ കമ്യൂണിസ്റ്റുകാരാരും പക്ഷേ, തൊലിവെളുപ്പ് മറച്ചുവെച്ചില്ല. കീവിലും വാഴ്സയിലുമെല്ലാം മരിയോ ബല്ലോട്ടെല്ലി, ഗാലറികള്‍ക്ക് കിങ്കോങ്ങിലപ്പുറം ഒന്നുമായില്ല. എന്നാല്‍, സെമിയില്‍  ജര്‍മനിക്കെതിരെ മൈതാനത്ത് കിങ്കോങ് വിശ്വരൂപത്തില്‍ അവതരിച്ചു. എണ്ണം പറഞ്ഞ രണ്ടു ഗോളുകള്‍. ഷൈ്വന്‍സ്റ്റീഗറും ഓസിലുമെല്ലാം കണ്ണീരണിഞ്ഞ് നാട്ടിലേക്ക് മടങ്ങി. കളിക്കുശേഷം ഉടുപ്പഴിച്ച് കാര്‍മേഘരൂപത്തില്‍ മരിയോ അലറി, ലോകമെങ്ങും തന്‍െറ പേര് കേള്‍പ്പിച്ചുകൊണ്ട്. മരിയോയുടെ രണ്ടു ഗോളും വംശവെറിയുടെ തലക്കേറ്റ വെടിയുണ്ടകളാണെന്ന് ആരാധകരുടെ രാഷ്ട്രീയലോകം വിധിയെഴുതി.

സ്വപ്നത്തില്‍പോലും ഇറ്റലിയെ തുണച്ചിട്ടില്ലാത്ത പലരും ബല്ലോട്ടെല്ലി എന്ന കറുത്തവനുവേണ്ടി ഇറ്റലിക്ക് ഹൃദയം നല്‍കി. സ്പാനിഷ് വസന്തത്തിനുനേരെ കണ്ണടച്ചു. സ്പെയിനിന്‍െറ ടിക്കിടാക്കയുടെ താളത്തിന് കാതുകൂര്‍പ്പിച്ചവര്‍വരെ ഒരു മത്സരം മരിയോക്കുവേണ്ടി ബലിനല്‍കാന്‍ മനസാ തീരുമാനിച്ചിരുന്നു.
എന്നാല്‍, കരിനിഴലില്‍ മറഞ്ഞുപോയ മരിയോക്കൊപ്പം നിറംകെട്ടുപോയി ഫൈനലില്‍ അസൂറികള്‍.
ആരാധകര്‍ തീരെക്കുറവായ, അമിതപ്രതിരോധത്തിന്‍െറ വൈരൂപ്യം പേറുന്ന ഇറ്റാലിയന്‍ ടീമിനെവരെ പിന്തുണക്കാന്‍ കളിക്കമ്പക്കാരെ പ്രേരിപ്പിച്ച ആ മരിയോ ഫാക്ടര്‍ എന്തായിരിക്കും?
ഫുട്ബാള്‍ ആസ്വാദനത്തില്‍ അന്തര്‍ലീനമായിട്ടുള്ള ഇടതുപക്ഷ രാഷ്ട്രീയമനസ്സിനെ തൃപ്തിപ്പെടുത്തുകയായിരുന്നു ഇത്തവണ മരിയോ ബല്ലോട്ടെല്ലിയെന്ന കറുത്ത കളിക്കാരന്‍. അഥവാ, കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്കും നവമാധ്യമങ്ങള്‍ക്കും ഒരുപോലെ ആഘോഷിക്കാവുന്ന വിവിധ അടരുകളാല്‍ നിര്‍മിക്കപ്പെട്ട മരിയോ ബല്ലോട്ടെല്ലി എന്ന സ്വത്വം. ഈ രാഷ്ട്രീയസ്വത്വ നിര്‍മിതിയിലേക്ക് സൂക്ഷ്മമായി കണ്ണോടിക്കുമ്പോഴാണ്, ഫൈനലില്‍ കറുത്തവനു വേണ്ടിയുള്ള പ്രാര്‍ഥനയായി മാത്രം ഇറ്റലിക്കുവേണ്ടി ആര്‍ത്തുവിളിച്ച ദശലക്ഷക്കണക്കിന് ലോകരെ ആ ടീമെന്നപോലെ, മരിയോ ബല്ലോട്ടെല്ലിയുംതന്നെ പിന്തുണച്ചവരെ ഒന്നടങ്കം കൈവിടുന്നത് തിരിച്ചറിയാനാവുക.

മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ ആഴ്ചയില്‍ ഒരുലക്ഷത്തി ഇരുപതിനായിരം പൗണ്ടാണ് മരിയോ ബല്ലോട്ടെല്ലിയുടെ പ്രതിഫലം. ഇതേ താരത്തിന്‍െറ പെറ്റമ്മ റോസ് ബറുഹയാവട്ടെ ആറു പൗണ്ടിന്‍െറ ദിവസക്കൂലിക്ക് ഓഫിസുകളില്‍ തൂപ്പുജോലി ചെയ്യുന്നു. മരിയോ, ബെന്‍റലി കോണ്‍ടിനെന്‍റല്‍ ജിടി കാര്‍ ഉപയോഗിക്കുമ്പോള്‍ റോസ് കാല്‍നടയായി പണിക്കുപോകുന്നു. ബല്ലോട്ടെല്ലി താമസിക്കുന്ന ആള്‍ട്ടര്‍ലി എഡ്ജിലെ കൂറ്റന്‍ മാളികയില്‍നിന്ന് ഏറെയകലെയല്ലാതെ ഈ അമ്മ താമസിക്കുന്നത്  ഒരു എസ്റ്റേറ്റിലെ തൊഴിലാളി ക്വാട്ടറില്‍.  മകനെ കാണാനും അവനുള്ളിടത്ത് കഴിയാനുമാണ് അമ്മ റോസ് ഇറ്റലിയില്‍നിന്ന് ലണ്ടനിലേക്ക് വണ്ടികയറിയതെന്ന്  ഡെയ്ലി മിറര്‍ പറയുന്നു.  അവിശ്വസനീയമായ നാടകീയത മുറ്റിനില്‍ക്കുന്നുവെങ്കിലും ഇത് അസംഭവ്യമല്ലെന്ന് ബല്ലോട്ടെല്ലിയെ കേട്ടറിയുന്നവര്‍ പറയും.

ഘാനക്കാരായ റോസിന്‍െറയും തോമസിന്‍െറയും മകനായാണ് മരിയോ ബറൂഹയുടെ ജനനം. ജന്മനാ കുടല്‍രോഗബാധിതനായ മരിയോയെ നിവൃത്തികേടുകൊണ്ട് ഒരു ഇറ്റാലിയന്‍ കുടുംബത്തിന് വളര്‍ത്താന്‍ കൊടുത്തു മാതാപിതാക്കള്‍. അവരാണ് ഫ്രാന്‍സിസ്കോ ബല്ലോട്ടെല്ലിയും സില്‍വിയയും വളര്‍ത്തിയ കുട്ടി. പ്രഫഷനല്‍ ഫുട്ബാളറും ധനികനുമായപ്പോള്‍ ബല്ലോട്ടെല്ലിമാരുടെ പ്രേരണയാല്‍ അവരുടെ കുടുംബപ്പേര് സ്വീകരിച്ച അച്ഛനമ്മമാരെ തള്ളിപ്പറഞ്ഞുവെന്ന ഒരു കഥ. ദാരിദ്ര്യത്തിന്‍െറ പേരുപറഞ്ഞ് ഒരിക്കല്‍ ഉപേക്ഷിച്ച് മകന്‍ തെളിഞ്ഞുയര്‍ന്നപ്പോള്‍ പണം മോഹിച്ച് അവകാശത്തിനു വരുന്നുവെന്ന മറുകഥ. ഏതായാലും അവിശ്വസനീയതയുടെ അതിര്‍വരമ്പിലെവിടെയോ ആണ് ബല്ലോട്ടെല്ലി മരിയോയുടെ നേര്.
തോമസും റോസും സൂക്ഷിക്കുന്നതും മാധ്യമങ്ങളോട് പലപ്പോഴും പങ്കുവെച്ചിട്ടുള്ളതുമായ ചിത്രങ്ങള്‍ പക്ഷേ, അവരുടെ അവകാശവാദങ്ങളെ സാധൂകരിക്കുന്നതാണ്. പതിനെട്ടാം വയസ്സില്‍ തനിക്ക് ഇറ്റാലിയന്‍ പൗരത്വം കിട്ടിയനാളിലാണ് മരിയോ ബറുഹ മരിയോ ബല്ലോട്ടെല്ലിയെന്ന പേരും സ്വീകരിക്കുന്നത്. ബല്ലോട്ടെല്ലിമാര്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് തോമസിനും റോസിനും ക്ഷണമുണ്ടായിരുന്നുമില്ല.
കറുത്തവനെന്ന നിലയില്‍ ലോകം തന്നെ പുച്ഛിക്കുന്നുവെന്നും താന്‍ കളിക്കുന്നത് അവന്‍െറ മാനത്തിനു വേണ്ടിയാണെന്നും പറയുന്ന മരിയോ ബല്ലോട്ടെല്ലി പക്ഷേ, നിസ്വരായ തന്‍െറ മാതാപിതാക്കളെ പരസ്യമായി തള്ളിപ്പറഞ്ഞവനാണെന്നത് രാഷ്ട്രീയാരാധകരുടെ  മൂല്യബോധത്തെ വെല്ലുവിളിക്കുകതന്നെ ചെയ്യും.

ആഫ്രിക്കന്‍ പാരമ്പര്യത്തെ അപ്പാടെ തള്ളിപ്പറഞ്ഞ് ഇറ്റാലിയന്‍ കുടുംബത്തെ സ്വീകരിക്കുന്ന മരിയോ ബല്ലോട്ടെല്ലിയാണ് കറുത്തവന്‍െറ സ്വത്വപ്രതീകമായി അവതരിപ്പിക്കപ്പെടുന്നതെന്നതും യാദൃച്ഛികതയല്ല. ഒരര്‍ഥത്തില്‍,  ആഫ്രിക്കയില്‍നിന്നെത്തുന്ന അധ$സ്ഥിതര്‍ക്ക് ധനമോഹത്തിലപ്പുറം മറ്റൊന്നുമില്ലെന്നും സ്വന്തം മാതാപിതാക്കളെക്കുറിച്ച് മരിയോയെക്കൊണ്ട് വിളിച്ചു പറയിപ്പിക്കുന്നുമുണ്ട് പരിഷ്കൃത യൂറോപ്യന്‍ സമൂഹം.

കറുത്തവന്‍െറ കരുത്തിനെ കണ്ണടച്ച് വിഗ്രഹവത്കരിക്കുംമുമ്പ് ആ ആഘോഷത്തിന്‍െറ പ്രായോജകരെക്കൂടി വിലയിരുത്തേണ്ടതുണ്ടെന്ന് ബല്ലോട്ടെല്ലി ഓരോരുത്തരെയും ഓര്‍മിപ്പിക്കുന്നു; യൂറോ ഫൈനലില്‍ മരിയോ ബല്ലോട്ടെല്ലിയുടെ നിറത്തിനുവേണ്ടി അയത്നലളിതമായ ഗണിത സമവാക്യമെന്നപോലെ കാല്‍പ്പന്തിനെ  മന്ത്രസമാനമാക്കിയ സ്പാനിഷ് സര്‍ദാനയെ ഒറ്റുകൊടുത്തവരെ പ്രത്യേകിച്ചും.


കവര്‍സ്റ്റോറി

മുന്‍ ലക്കങ്ങള്‍