
ഒട്ടിയ ചുണ്ടുകള്‍
അടഞ്ഞ കാതുകളോട്
മന്ത്രിക്കുന്നതെന്തെന്ന്
ഞാന്‍ കേട്ടു.
ഉത്തരമില്ലാത്ത
നിശ്ശബ്ദതയില്‍
പടനയിച്ചവരുടെ
പാപസ്മരണക്ക്
ആരാണ് കൊടിനാട്ടുന്നത്?
മുഖമാഴ്ത്തി
ഭൂമിയിലേക്ക്
മടങ്ങാനൊരുങ്ങുന്നവര്‍ക്ക്
അഗ്നിവാക്കുകളുടെ
അന്ത്യചുംബനം.
പച്ചപ്പരപ്പിനെ
തുടച്ചുമാറ്റിയ
യന്ത്രക്കൈകളില്‍
ചരിത്രത്തിന്‍െറ
വിലങ്ങുവീഴും!
പാതാളപ്പൂവുകളുടെ
സംഗമവിത്തുകള്‍
ഭൂമി പിളര്‍ന്നു
മുളച്ചു വരും.
ചത്തവര്‍ക്കെഴുതിയ
കത്തുകളൊക്കെയും
അഞ്ചലാപ്പീസിന്‍െറ
പെട്ടി തകര്‍ത്ത്
പക്ഷികളായി
പറന്നുയരും.
രക്തം ചേര്‍ത്ത മുന്തിരിച്ചാറില്‍
മുഖംനോക്കി
ഗുരുവും ശിഷ്യരും
സ്വയം കുരിശ്ശേറും.
ചിതലുകളുടെ പിരമിഡുകള്‍
കയറിയിറങ്ങി
ബലിത്തലകള്‍
ഭൂപടം വരയ്ക്കും!