പച്ചപ്പേടി | Madhyamam Weekly
Weekly


പച്ചപ്പേടി

എല്‍. തോമസ്കുട്ടി

അതി ലോലം
ലോല ലോലം
പുല്‍നാമ്പ്

ഇലയോ
ശിഖരമോ
ഇല്ലാ നേര്‍രേഖ

സുതാര്യം
മൃദുവാമൊരു
തൃണഗമനം
ഒച്ചയില്ലാതെ
മണ്ണടര്‍ത്തി
മാനംകണ്ട്
നിവര്‍ന്ന്
മലര്‍ന്ന്. കുനിഞ്ഞ്. ഇഴഞ്ഞ്
പീള
നനഞ്ഞുണര്‍ന്നൂ
ചെറുചെറു കാലുകള്‍ ഊന്നി
മുള്ളന്‍ കൊമ്പും
നിരങ്ങിനീണ്ടൂ...

മണ്ണ്. മല. മരുദേശം
കടന്ന്; കടന്ന്
പച്ചപ്പുഴുവായി
അബൂഗുറൈബിലെത്തി!

തടവുപുള്ളി
നഗ്നന്‍. വ്രണിതന്‍
പഴുത്ത
കൂമ്പാരംപോലൊരുവന്‍

സാവധാനം
ലോലലോലം
രോമാവലികള്‍ വകഞ്ഞ്
കാറ്റര്‍പില്ലര്‍;
ശുദ്ധസസ്യഭുക്ക്...!

മുഴുത്ത മുറിവായ
കണ്ണിലും
ചോരക്കുഴിയായ
കണ്‍തടങ്ങളിലും
മെല്ലെമെല്ലെ
നുഴഞ്ഞുകയറി

പൊട്ടിയ വാരിയെല്ലില്‍
പഴുതുനോക്കി
പിഴുതെടുത്ത
നഖത്തടങ്ങളില്‍
അരിച്ചുനടന്ന
ഉറുമ്പുകളാല്‍
പിടഞ്ഞുപാളി

വെള്ളെലികള്‍
കാര്‍ന്നുപൊളിച്ച
ചന്തിയിടുക്കില്‍
 കടന്നു; പിടച്ച് പിടച്ച്...

ചങ്ങലവടുക്കളിലും
പുഴുത്തുതൂങ്ങിയ
വൃഷണങ്ങളിലും
നായ കടിച്ചുപറിച്ച
ലിംഗപ്പാതിയുടെ
ദ്വാരത്തിലും
നീന്തിക്കടന്ന്
ആന്തരാവയവ
ഞെരുക്കങ്ങളിലേക്ക്
സാവധാനം
അതീവസാവധാനം
പച്ചപ്പുഴു.

തടവറയില്‍
പച്ചയിറച്ചിയായി
പിടഞ്ഞുപിളരും
നിലവിളിയിലേക്ക്
കൂട്ടംകൂട്ടമായി
പതിയെപ്പതിയെ
തിങ്ങിനിറയുന്നു
പച്ചപ്പ്.

*ഹീനവും ക്രൂരവുമായ പീഡനമുറകള്‍ അബൂഗുറൈബിലെ തടവുകാര്‍ക്കുമേല്‍ പ്രയോഗിച്ച് പരീക്ഷിച്ചതിനെ ആധാരമാക്കി എഴുതിയ കവിത.


കവിത

മുന്‍ ലക്കങ്ങള്‍