
കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം ജൂണ്‍ 27ന് തിരുവനന്തപുരത്ത് സെമിനാറിനെത്തുന്നു. ‘ഭീകരവാദമെന്ന ഭീഷണി’ എന്ന വിഷയത്തിലുള്ള സെമിനാറില്‍ പ്രസംഗിക്കുന്നു. ഭീകരതയുടെ ഭീകരതയെപ്പറ്റി ബോധ്യപ്പെടുത്തുന്നു. മാവോവാദികളുടെ പ്രത്യയശാസ്ത്രം പഴഞ്ചനാണെന്നും ഇടതുതീവ്രവാദം സുരക്ഷാഭീഷണിയാണെന്നും എന്നാല്‍, കേരളത്തിലെ പ്രശ്നം മതമൗലികവാദമാണെന്നും പ്രസംഗിക്കുന്നു.
മാധ്യമങ്ങള്‍ക്ക് പൊതുവെ ഇഷ്ടപ്പെട്ട ‘‘ബൈറ്റും’’ അദ്ദേഹം നല്‍കി: ‘‘ഭീകരപ്രവര്‍ത്തനത്തെ സഹായിക്കുന്ന അഞ്ചു സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.’’
പിറ്റേന്ന് (28ന്) പത്രങ്ങളില്‍ അഞ്ചു ഭീകരസംഘടനകളെപ്പറ്റി ചിദംബരം പറഞ്ഞകാര്യം വരുന്നു. ഒപ്പം, സംഘടനകളുടെ പേരൊന്നും അദ്ദേഹം പറഞ്ഞില്ലെന്നും. പത്രസ്ഥാപന നടത്തിപ്പുകാര്‍ കൂട്ടത്തിലുണ്ടെന്ന ക്ളൂ മാത്രം കിട്ടിയത്രെ.
കുറെ സംഘടനകളുടെ പേരുകളുമായി 28നുതന്നെ ടൈംസ് ഓഫ് ഇന്ത്യയുടെ കോഴിക്കോട് ലേഖകന്‍ രംഗത്തെത്തുന്നു. കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍ അഞ്ചു സംഘടനകളുണ്ടെന്ന് ചിദംബരം സൂചിപ്പിച്ചെങ്കിലും അടുത്തകാലത്ത് ഇന്‍റലിജന്‍സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ ‘‘കേരളത്തിലിപ്പോള്‍ ഭീകരസംഘടനകളൊന്നും പ്രവര്‍ത്തിക്കുന്നില്ല’’ എന്ന് ഖണ്ഡിതമായി പറഞ്ഞതാണ് (എം.പി. പ്രശാന്തിന്‍െറ റിപ്പോര്‍ട്ട്, ടൈംസ് കേരള എഡിഷന്‍).
പക്ഷേ, തുടര്‍ന്നുവരുന്നു വാര്‍ത്തയുടെ ‘‘മര്‍മം’’. ഭീകരസംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നില്ലായിരിക്കാം. എന്നാലും കേന്ദ്ര ‘‘നിരീക്ഷണ’’ത്തില്‍ അഞ്ചെണ്ണമുണ്ടെന്നാണല്ലോ. ‘‘ഇന്‍റലിജന്‍സിലെ ഉറവിട’’ത്തില്‍നിന്ന് കിട്ടിയ പേരുകളിതാ- അഞ്ചല്ല, ഏഴ്. കൂട്ടത്തിലുള്ള ഹൈന്ദവസംഘടനകളുടെ പേരുകള്‍ പരാമര്‍ശിച്ചുപോയപ്പോള്‍ മുസ്ലിംസംഘടനകളെ അല്‍പം വിശദമായി കൈകാര്യംചെയ്യുന്നു.
കേരള ആഭ്യന്തര മന്ത്രിക്ക് ഭീകരസംഘടനകളുടെ വിവരങ്ങള്‍ നല്‍കുമെന്നും ചിദംബരം പറഞ്ഞു. കേരളത്തിന് വേണ്ടത്ര വിവരമില്ലാത്തതുകൊണ്ടാവണമല്ലോ ഇത്.
മന്ത്രിമാരും മാധ്യമപ്രവര്‍ത്തകരും സമൂഹത്തിലിറങ്ങി കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്ന കാലം കഴിയുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ ചിദംബരം വന്നതിനുശേഷം മുമ്പേ മോശമായിരുന്ന അവസ്ഥ കൂടുതല്‍ മോശമായി എന്നാണ് സാമൂഹിക പ്രവര്‍ത്തക ശബ്നം ഹശ്മി പറയുന്നത് (എ.കെ. ഹാരിസുമായുള്ള അഭിമുഖം, മാധ്യമം ആഴ്ചപ്പതിപ്പ് , ലക്കം: 750, പേജ് 13). ‘‘നേരത്തേയുണ്ടായിരുന്ന ശിവരാജ് പാട്ടീല്‍ ആളുകള്‍ക്ക് പ്രാപ്യനായിരുന്നു. അന്ന് മന്ത്രിയുമായി ആശയവിനിമയം സാധിക്കുമായിരുന്നു. പരാതി പറയാന്‍ ചിദംബരത്തെ കാണാന്‍പോലും കിട്ടില്ലെന്നാണ് ആളുകള്‍ പറഞ്ഞതില്‍നിന്ന് മനസ്സിലാക്കാനായത്.’’
തിരുവനന്തപുരത്തെ ചിദംബരം പരിപാടിയുടെ വാര്‍ത്താവിശേഷം കഴിഞ്ഞില്ല. 28ലെ ടൈംസ് ഓഫ് ഇന്ത്യയില്‍ തന്നെ മറ്റൊരു വാര്‍ത്തയും കാണാം: ‘‘ചിദംബരത്തെ പ്രീണിപ്പിക്കാന്‍ രായ്ക്കുരാമാനം വിഷയമാറ്റം!’’ (എം.കെ. സുനില്‍കുമാറിന്‍െറ കൊച്ചി റിപ്പോര്‍ട്ട്.)
തിരുവനന്തപുരത്തെ സെമിനാറിന്‍െറ വിഷയം ചിദംബരത്തിനുവേണ്ടി പൊടുന്നനെ മാറ്റി എന്നാണ് വാര്‍ത്ത. ‘‘പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ പ്രവണതകള്‍’’ എന്നതായിരുന്നു വിഷയം. ഇതിന്‍െറ പരസ്യങ്ങളും ഫ്ളക്സ്ബോര്‍ഡുകളും വ്യാപകമായി നഗരങ്ങളില്‍ സ്ഥാപിച്ചിരുന്നു. പക്ഷേ, സെമിനാറിന്‍െറ തലേന്ന് ഇതെല്ലാം മാറ്റി. രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവാദമൊഴിവാക്കാനാണ് മാറ്റം എന്ന് വിശദീകരണം.
കാലികപ്രസക്തിയുള്ള വിഷയങ്ങള്‍ നിശ്ചയിച്ചശേഷം അതിനു യോഗ്യരായ ആളുകളെ പങ്കെടുപ്പിക്കുകയാണ് സാധാരണ സെമിനാറുകളുടെ രീതി. ഇവിടെ ഉദ്ഘാടകനെ സംഘടിപ്പിക്കുന്നു. അദ്ദേഹത്തിനുവേണ്ടി പ്രമേയംതന്നെ മാറ്റുന്നു. പെട്ടെന്ന് തട്ടിക്കൂട്ടിയ പുതുവിഷയം: ‘‘ഭീകരവാദമെന്ന ഭീഷണി: വികസനത്തിന്മേലുള്ള ആഘാതം.’’
രസംതീര്‍ന്നില്ല. ചിദംബരം മാധ്യമത്തിന്‍െറ ജൂബിലി ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കുമെന്ന് പ്രഖ്യാപനം വന്നിരുന്നു. രായ്ക്കുരാമാനം അദ്ദേഹം അതില്‍ എത്തുമെന്ന സ്ഥിരീകരണം വരുകയും എന്നാല്‍ തിരുവനന്തപുരത്ത് പരിപാടി വെച്ചതിനാല്‍ അദ്ദേഹത്തിന് എത്താനാവില്ലെന്ന് രായ്ക്കുരാമാനംതന്നെ അറിയിപ്പ് വരുകയുമായിരുന്നു.
തിരുവനന്തപുരത്തെ സെമിനാറിന്‍െറ സംഘാടകര്‍ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ റിസര്‍ച് ആന്‍ഡ് ആക്ഷന്‍’ ആയിരുന്നു. ഇതിന്‍െറ ചെയര്‍മാന്‍ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയാണ്.
ഇത്രയും വസ്തുതകള്‍. അനുമാനങ്ങള്‍ വായനക്കാര്‍തന്നെ കണ്ടെത്തേണ്ടതാണ്. തേജസിലെ (ജൂണ്‍ 29) റിപ്പോര്‍ട്ടില്‍നിന്ന്: ‘‘വാജ്പേയി സര്‍ക്കാരിന്‍െറ കാലത്ത് ഐ.ബി തയാറാക്കിയ തെറ്റിദ്ധാരണാജനകമായ റിപോര്‍ട്ടുകള്‍ അതേപടി കഴിഞ്ഞദിവസം പി. ചിദംബരത്തിന്‍െറ ശ്രദ്ധയിലെത്തിയതിനുപിന്നില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നതായും സൂചനയുണ്ട്.’’
തീവ്രവാദി വേട്ട (തുടര്‍ച്ച)
നിക്ഷിപ്ത താല്‍പര്യക്കാരായ ‘‘ഇന്‍റലിജന്‍സ്’’ ഉദ്യോഗസ്ഥരും അവര്‍ പറയുന്നതും കേട്ട് നിലത്തിറങ്ങാതെ ഭരിക്കുന്ന നേതാക്കളും ഔദ്യാഗിക ഭാഷ്യത്തിന് ഉച്ചഭാഷിണിയാകുന്ന മാധ്യമങ്ങളും ചേര്‍ന്നാല്‍ എന്തു നടക്കുമെന്നതിന്‍െറ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തിസ്ഗഢിലെ ബസ്താറില്‍ നടന്ന ‘‘മാവോയിസ്റ്റ്’’വേട്ട. ജൂണ്‍ 27-28ലെ സംഭവത്തില്‍ ‘‘22 മാവോയിസ്റ്റുകളെ’’ പൊലീസും സി.ആര്‍.പി.എഫും വകവരുത്തി എന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. ഇന്ത്യന്‍ എക്സ്പ്രസ്, ബിസിനസ് സ്റ്റാന്‍ഡേഡ്, ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേഡ്, ടൈംസ് ഓഫ് ഇന്ത്യ, ഏജന്‍സികള്‍ തുടങ്ങി മിക്കവരും അത് ആവര്‍ത്തിച്ചു. രാജ്യസുരക്ഷക്കായി ‘‘ശത്രുക്കളെ’’ തുരത്തുന്ന സൈനികരെ പ്രശംസിച്ച് എഡിറ്റോറിയലുകള്‍ വന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം ആദ്യമേ വിജയകരമായ മാവോയിസ്റ്റ് വേട്ടയില്‍ ആഹ്ളാദം പ്രകടിപ്പിച്ചു. ഒരു ദിവസം കഴിഞ്ഞില്ല റിപ്പോര്‍ട്ടുകള്‍ മാറിത്തുടങ്ങി. 16 മാവോയിസ്റ്റുകളും ആറു പൊലീസുകാരുമാണ് മരിച്ചത് എന്നായി. പിന്നെ രണ്ടു പൊലീസുകാര്‍ മരിച്ചു. ആറു പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഗ്രാമീണരുണ്ടെന്ന് സംശയം എന്ന് തിരുത്തി. പിന്നെ വന്നു വിവരം: കൊല്ലപ്പെട്ടവരില്‍ 19 പേരില്‍ 11-16 വയസ്സുള്ള ബാലികമാരും ബാലന്മാരുമുണ്ട്: ഏറെയും നിരപരാധികളായ ഗ്രാമീണരായിരുന്നുവെന്ന് ഹിന്ദു അറിയിച്ചു. ഇത്രയുമായപ്പോള്‍ ഒരു ‘‘കൊടും തീവ്രവാദി’’യുടെ മൃതദേഹം തിരിച്ചറിഞ്ഞെന്ന് ഒരു പൊലീസുകാരന്‍ വാര്‍ത്ത ‘‘ചോര്‍ത്തി’’. സോഷ്യല്‍ മീഡിയയില്‍ മാവോയിസ്റ്റുകളെ തെറിവിളിച്ചുള്ള പോസ്റ്റുകള്‍ പ്രവഹിച്ചു. ഇപ്പോള്‍ കേന്ദ്രമന്ത്രി ചരണ്‍ദാസ് മഹന്തും സംസ്ഥാന മന്ത്രി കിശോര്‍ ചന്ദ്രദേവുമടക്കം ആദ്യവാര്‍ത്തകളെ ചോദ്യംചെയ്യുന്നു.
ഏറ്റുമുട്ടല്‍ കൊല. വ്യാജവാര്‍ത്ത. മന്ത്രിമാരും മാധ്യമങ്ങളും പൊലീസുകാരെ ന്യായീകരിച്ച് നിലപാടെടുക്കുക- ഇതൊന്നും ഇതാദ്യമായല്ലതാനും. 2009 സെപ്റ്റംബറില്‍ ശിവപ്രസാദ് എന്നയാള്‍ കൊല്ലപ്പെട്ടപ്പോള്‍ പൊലീസും മാധ്യമങ്ങളും ‘‘ദലിത് തീവ്രവാദികളെ’’ പഴിചാരി വേട്ടയാടിയതുകൂടി ഓര്‍ക്കുക. ഇരു കൂട്ടര്‍ക്കും സൗകര്യപൂര്‍വം എടുത്തുപയോഗിക്കാവുന്ന ആയുധമാണ് ‘‘തീവ്രവാദ’’ മുദ്ര.
ചോര്‍ച്ചയിലെ ചോര്‍ച്ച
‘‘ഒടുവില്‍ കുഞ്ഞനന്തന്‍ സത്യം വെളിപ്പെടുത്തി’’ (വീക്ഷണം). ‘‘ഒടുവില്‍ കുഞ്ഞനന്തന്‍ സമ്മതിച്ചു’’ (മലയാള മനോരമ). പത്രങ്ങള്‍ ജൂണ്‍ 29 ലേത്.
സമ്മതിച്ചതെന്താണ്? ഗൂഢാലോചനക്ക് കൂടി എന്ന്(മനോരമ). അല്ല; കൊല്ലാന്‍ നിര്‍ദേശിച്ചത് പി. ജയരാജന്‍ എന്ന് (വീക്ഷണം). സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍െറ പേര് കുഞ്ഞനന്തന്‍ പരാമര്‍ശിച്ചെന്ന് വീക്ഷണം പറയുമ്പോള്‍ ‘‘പാര്‍ട്ടി നേതൃത്വം അറിഞ്ഞു’’ തന്നെയാണ് കൊല എന്നു സ്ഥിരീകരിച്ച കുഞ്ഞനന്തന്‍ ‘‘കണ്ണൂരിലെ ഉന്നത സി.പി.എം നേതാക്കള്‍ക്കാര്‍ക്കെങ്കിലും പങ്കുള്ളതായി പറഞ്ഞിട്ടുമില്ല’’ എന്നാണ് മനോരമ റിപ്പോര്‍ട്ട്.
മാത്രമോ, കോഴിക്കോട് ജില്ലയിലെ നേതാക്കളില്‍ കുറ്റം ഒതുക്കി ‘‘അന്വേഷണം കണ്ണൂരിലെ നേതാക്കളിലേക്കു വ്യാപിപ്പിക്കാതിരിക്കാനുള്ള ബോധപൂര്‍വമായ തന്ത്രമായി’’ അന്വേഷകര്‍ ഇതിനെ കാണുന്നുമുണ്ടെന്ന് മനോരമ. ഇതേ തരത്തിലാണ് മംഗളത്തിന്‍െറയും റിപ്പോര്‍ട്ട്. അതേസമയം മാധ്യമം എഴുതിയത്, ‘‘കണ്ണൂരിലെ പ്രമുഖ നേതാവിന്‍േറതടക്കം ഉയര്‍ന്ന നേതാക്കളുടെ പേരുകള്‍’’ കുഞ്ഞനന്തന്‍ പറഞ്ഞു എന്നാണ്. കണ്ണൂര്‍ ബന്ധത്തെപ്പറ്റി മാതൃഭൂമിയില്‍ പരാമര്‍ശമേ ഇല്ല. ചന്ദ്രിക റിപ്പോര്‍ട്ട് കൗതുകകരമായി. കണ്ണൂരിലെ നേതാക്കളെ ബന്ധപ്പെട്ടതായി കുഞ്ഞനന്തന്‍ സമ്മതിച്ചെന്നും ഉന്നത നേതാക്കളെ രക്ഷപ്പെടുത്താന്‍ അയാള്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ടെന്നും ഒരേസമയം പറഞ്ഞുവെക്കുന്നു.
റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യതയും സത്യസന്ധതയും നിലനിര്‍ത്താന്‍ ഒരു കാര്യം ചെയ്യാവുന്നതാണ്: വിവരങ്ങള്‍ അന്വേഷകരില്‍നിന്നു കിട്ടിയതാണെന്ന് സൂചിപ്പിക്കുക. പല പത്രങ്ങളിലെയും ഇത്തരം കേസന്വേഷണ മൊഴികള്‍ വായിച്ചാല്‍ തോന്നുക, ലേഖകര്‍ ചോദ്യം ചെയ്യലെല്ലാം നേരിട്ടു കണ്ടു എന്നാണ്. അങ്ങനെ തോന്നിപ്പിക്കുമ്പോള്‍ വാര്‍ത്തയുടെ ആധികാരികത കൂടുകയല്ല, കുറയുകയാണ് ചെയ്യുന്നത്. ഒരു രസംകൂടി. ജൂലൈ 5ലെ മാധ്യമം ഒന്നാംപേജില്‍ തൊടുപുഴ റിപ്പോര്‍ട്ട്: ‘‘ചോദ്യംചെയ്യലില്‍ മണി കുറ്റം നിഷേധിച്ചു.’’ അഞ്ചാം പേജില്‍ കൊച്ചി റിപ്പോര്‍ട്ട്: ‘‘... ചോദ്യംചെയ്യലില്‍ മണി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.’’