അരൂപിയായ ചര്‍ച്ചും അലംഘ്യമായ വിധിവിഹിതവും | Madhyamam Weekly
Weekly


അരൂപിയായ ചര്‍ച്ചും അലംഘ്യമായ വിധിവിഹിതവും

എ.പി. മെഹറലി

'ബേഡ് ഇന്‍ ഹാന്‍ഡ്' ഗ്രാമത്തില്‍ കൊയ്ത്തുകഴിഞ്ഞൊഴിഞ്ഞ പാടങ്ങള്‍ക്ക് തെല്ലകലെ ഉയരംകുറഞ്ഞൊരു കുന്നിന്‍നടുവില്‍ വിചിത്രരൂപം പൂണ്ടുനില്‍ക്കുന്ന ആമിഷ് വിദ്യാലയത്തിലാണ് നമ്മളിപ്പോഴും. ഈ ഒറ്റമുറിക്കെട്ടിടവും ഇതിലെ പഠനോപകരണങ്ങളും പഠനരീതിയുമൊക്കെ കൗതുകപൂര്‍വം ഏറെ നേരം നോക്കിനിന്നുപോയി. ഇവിടെ സര്‍വവും വിചിത്രംതന്നെ. ആധുനിക വിദ്യാഭ്യാസ സിദ്ധാന്തങ്ങള്‍ക്കൊന്നും ഇടമില്ല. അവയുടെ വാഴ്ത്തപ്പെട്ട മനഃശാസ്ത്ര തത്ത്വങ്ങളും മാനേജ്മെന്റ് പ്രമാണങ്ങളും പടിക്ക് പുറത്ത്. ആമിഷ് സമൂഹം തങ്ങള്‍ക്കിണങ്ങിയ വിദ്യാഭ്യാസം സ്വയം പാകപ്പെടുത്തിയെടുത്തിരിക്കയാണ്.

അദ്ഭുതത്തോടെ സ്വയം ചോദിച്ചുപോയി: ഇവര്‍ക്കൊരു പോളോ ഫ്രെയര്‍ ഉണ്ടായിരുന്നോ മോണ്ടിസോ
റിയോ മാഡം ക്യൂറിയോ ഉണ്ടായിരുന്നോ
 ഇതൊന്നിങ്ങനെ രൂപപ്പെടുത്തിയെടുക്കാന്‍? അറിയില്ല, അറിയുന്നത് ഇവര്‍ക്ക് ഇതു മതി. വേണ്ടതു മാത്രം നല്‍കുകയും വേണ്ടാത്തതൊന്നും നല്‍കാതിരിക്കുകയും ചെയ്യുന്ന അപൂര്‍വ വിദ്യാകേന്ദ്രമാണ് ഈ ഒറ്റമുറിക്കെട്ടിടം.
ഓര്‍ത്തുപോയത് ഈ ഒറ്റമുറിക്കെട്ടിടത്തെ കുറിച്ചുതന്നെ. പൊടുന്നനെ മനസ്സിലൊരു ഇടിത്തീ വീണപോലെ. ഓര്‍മയിലേക്ക് ഇരമ്പിയാര്‍ത്തു കയറിവന്നത് ആ ദുരന്തസംഭവം. ഇതുപോലൊരു ആമിഷ് ഗ്രാമത്തില്‍, ഇതുപോലൊരു ഒറ്റമുറിക്കെട്ടിടത്തില്‍ - നടന്നത് രണ്ടായിരത്തി ഏഴ് ഒക്ടോബറില്‍ ഇന്റര്‍നെറ്റിലെ യാഹു പോര്‍ട്ടലില്‍ കണ്ടുകൊണ്ടിരുന്നവരെയെല്ലാം ഞെട്ടിച്ചു പ്രത്യക്ഷപ്പെട്ട വാര്‍ത്ത:

ലാങ്കാസ്റ്റര്‍, ഒക്ടോബര്‍ 2:
ഇവിടെ വെസ്റ്റ് നിക്കല്‍ മൈന്‍സ് ആമിഷ് വിദ്യാലയത്തില്‍ ഇരച്ചുകയറിയ തോക്കുധാരിയായ ചെറുപ്പക്കാരന്‍, വിദ്യാര്‍ഥിനികളെ മുഴുവന്‍ കെട്ടിയിട്ടു വെടിവെച്ചു. അഞ്ചുപേര്‍ തല്‍ക്ഷണം മരിച്ചു. അഞ്ചുപേര്‍ ഗുരുതരാവസ്ഥയിലും. ആമിഷ്സമൂഹം സ്വന്തമായി നടത്തിപ്പോരുന്ന പ്രാദേശിക സ്കൂളുകളിലൊന്നാണ് ഈ വിദ്യാലയം. മുപ്പത്തിരണ്ടുകാരനായ ചാള്‍സ് റോബര്‍ട്ട് ആണ് അക്രമി.
മില്‍ക്ക്വാന്‍ ഡ്രൈവറായ ഇയാള്‍, രാവിലെ പാല്‍ശേഖരണം കഴിഞ്ഞ് നേരെ തിരിച്ചത് ഈ വിദ്യാലയത്തിലേക്ക്. ദൈവത്തെയും തന്നത്തന്നെയും വെറുക്കുന്ന ഈ മനുഷ്യന്‍ മുപ്പതോളം കുട്ടികള്‍ പഠിക്കുന്ന ഒറ്റമുറിവിദ്യാലയത്തില്‍ ക്രൂരതയുടെ ആള്‍രൂപമായി ഇരച്ചുകയറിവന്നു, ആണ്‍കുട്ടികളെയും അധ്യാപകരെയും ആട്ടിയകറ്റി, പെണ്‍കുട്ടികളെ ആട്ടിത്തെളിച്ച് അണിയണിയായി നിരത്തി. അവരുടെ കാലുകള്‍ ബന്ധിച്ചു. പിന്നെ താമസിച്ചില്ല, ഓട്ടോമാറ്റിക് റൈഫിള്‍ കൈയിലെടുത്ത് അവരുടെ നേരെ ചൂണ്ടി. കൂട്ടത്തിലെ പ്രായംകൂടിയ പതിമൂന്നുകാരി താണുകേണ് അപേക്ഷിച്ചു. ''എന്നെ വെടിവെച്ചുകൊന്നോളൂ, ഈ പിഞ്ചു കുഞ്ഞുങ്ങളെ വിട്ടേക്കണേ'' അയാള്‍ ചെവിക്കൊണ്ടില്ല, തുരുതുരെ വെടിവെച്ചു. നേര്‍പകുതിയും തല്‍ക്ഷണം ജീവനറ്റു വീണു. ശേഷിച്ചവരുടെ ജീവന്‍ തുലാസ്സില്‍ തൂങ്ങുന്നു. അക്രമി സ്വയം വെടിവെച്ചു മരിച്ചു...

ഇന്റര്‍നെറ്റില്‍ തുടര്‍വാര്‍ത്തകളും ചിത്രങ്ങളും അനുനിമിഷം വന്നുനിറഞ്ഞുകൊണ്ടിരുന്നു.
സാന്ദ്രദുഃഖം തളംകെട്ടി നില്‍ക്കുന്ന കോളനിയില്‍ നിയന്ത്രണമെല്ലാം കെട്ടറ്റുപോകുന്ന ഈ അവസ്ഥയിലും അലമുറയോ കോലാഹലമോ എങ്ങുമില്ല. വിധിവിശ്വാസത്തില്‍ ദൃഢബദ്ധരായ ആമിഷ്സമൂഹം വിറയാര്‍ന്ന ചുണ്ടുകളില്‍ പ്രാര്‍ഥനാമന്ത്രങ്ങള്‍ ഉരുവിടുക മാത്രം. വെടിയേറ്റുവീണ കുരുന്നുകളുടെ വീടുകളിലേക്കു സാന്ത്വനവുമായി പ്രാര്‍ഥനകളോടെ അവര്‍ നീങ്ങിക്കൊണ്ടിരുന്നു. അവിടെ അതിലളിതമായി മരത്തില്‍ തീര്‍ത്ത ശവമഞ്ചങ്ങളില്‍ വെള്ള വസ്ത്രമണിഞ്ഞ് ശിരസ്സില്‍ പ്രാര്‍ഥനാവരണവുമണിഞ്ഞ് അന്ത്യനിദ്രകൊള്ളുന്ന നിരപരാധികളായ കുഞ്ഞുങ്ങള്‍! കരള്‍പിളരുന്ന കാഴ്ച കാണുമ്പോഴും ചുണ്ടുകളില്‍ പ്രാര്‍ഥനാഗീതങ്ങള്‍. അലംഘ്യമായ വിധിവിഹിതം അവര്‍ അപ്പോഴും മുറുകെപ്പിടിക്കുന്നു. വെടിയേറ്റു വീണ കുഞ്ഞുങ്ങളുടെ കുടുംബങ്ങളിലേക്കു മാത്രമല്ല, വെടിയുണ്ടയുതിര്‍ത്ത കൊലയാളിയുടെ മൂന്നു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബ്ധിലേക്കും അതേ സാന്ത്വനവുമായി അവര്‍ കടന്നുചെല്ലുന്നു. ഭാഗ്യംകെട്ട ആ കുടുംബ്ധിനു വേണ്ടിയും അവര്‍ പ്രാര്‍ഥിക്കുന്നു.
നനവാര്‍ന്ന മിഴികളോടെ ഞങ്ങള്‍ ജോണിന്റെ മുഖത്തുതന്നെ നോക്കിയിരുന്നു. ആ മുഖത്ത് വായിച്ചു: ''ഒരു കരണത്ത് അടി കിട്ടിയാല്‍ മറുകരണം കാണിച്ചുകൊടുക്കുക'' - ദയാപരനായ യേശുദേവന്റെ വചനം. ആ മുഖം നോക്കിനോക്കി ഞങ്ങളിരുന്നു. പിന്നെ അയാളുടെ പിന്നാലെ നടന്നു.

അയാള്‍ പേടകത്തില്‍ കയറിക്കഴിഞ്ഞു. ഞങ്ങളും കയറി. തുടര്‍ന്ന് കമാന്റ് കേള്‍പ്പായി: ''ക്മോണ്‍, ക്മോണ്‍.''
കുതിരകള്‍ ചലിച്ചുതുടങ്ങി, കൂടെ ബഗ്ഗിയും. ഇപ്പോള്‍ പാരഡൈസിലൂടെയാണ് യാത്ര. ആമിഷുകളുടെ മറ്റൊരു കോളനി. 'ബേഡ് ഇന്‍ ഹാന്‍ഡ്' കഴിഞ്ഞ് രണ്ടാമത്തെ കോളനി.
 ജോണിനോട് ബഹുമാനാദരപൂര്‍വം ചോദിച്ചു: നിങ്ങള്‍ ആമിഷുകള്‍ സത്യക്രിസ്ത്യാനികളാണല്ലോ. നിങ്ങളുടെ ജീവിതത്തിലെ എല്ലാ ക്രയവിക്രയങ്ങളും സര്‍വകര്‍മങ്ങളും വിശ്വാസങ്ങളും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ചര്‍ച്ച് ആണെന്നറിയാം. ടെലിഫോണ്‍ ഇറങ്ങിയ കാലത്ത് നിങ്ങളത് വീടുകളില്‍ ഉപയോഗിച്ചിരുന്നുവെന്നും അക്കാലത്ത് വീട്ടിലിരുന്ന് ഫോണില്‍ സംസാരിച്ചിരുന്ന ആരോ മറ്റാരെയോ കുറിച്ച് അപവാദം പറയുന്നത് കേട്ട ആള്‍ ആ കാര്യം ചര്‍ച്ചിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുകയും ചര്‍ച്ച് ആ ഉപകരണം വീട്ടില്‍ വെക്കുന്നത് ഉടന്‍ വിലക്കുകയും ചെയ്തുവെന്ന് കേട്ടിട്ടുണ്ട്. പിന്നെ ആമിഷ്വീടുകളില്‍ ആ ഉപകരണം കയറിയിട്ടില്ല- അന്നും ഇന്നും. ഇത്രയും ശക്തി-സ്വാധീനങ്ങളുള്ള ചര്‍ച്ച് - പക്ഷേ, ഇവിടെയെവിടെയും കാണുന്നില്ലല്ലോ ഒരൊറ്റ ചര്‍ച്ച് കെട്ടിടവും?
ജോണ്‍ ശിരസ്സുയര്‍ത്തി, ചുറ്റും കാണുന്ന കൊച്ചു കൊച്ച് ആമിഷ്ഭവനങ്ങള്‍ ചൂണ്ടിപ്പറഞ്ഞു:  ''ഇതാ, ഇതൊക്കെയും, ഈ ഓരോ വീടും ആണ് ഞങ്ങളുടെ ചര്‍ച്ച്. ഞങ്ങളുടെ ജീവിതത്തെയും വിശ്വാസങ്ങളെയും കര്‍മങ്ങളെയും സംബന്ധിച്ച വിധി വിലക്കുകള്‍ നിര്‍ണയിക്കുന്നതും ഞങ്ങളെ കേള്‍പ്പിക്കുന്നതും ഈ വീടുകളില്‍വെച്ചാണ്.''

ജോണിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സ്വയം പറഞ്ഞു: പണ്ടും ഈ ആമിഷുകള്‍ ഇങ്ങനെത്തന്നെയായിരുന്നല്ലോ. ഓര്‍മയിലപ്പോള്‍ തികട്ടിവന്നത് ഒരുതുണ്ടു ചരിത്രം:
ആയിരത്തി അഞ്ഞൂറുകളുടെ തുടക്കം പ്രൊട്ടസ്റ്റന്റ് നവോത്ഥാന പ്രസ്ഥാനം പൊട്ടിപ്പിളര്‍ന്ന് അനാബാപ്റ്റിസ്റ്റുകള്‍ പൊട്ടിമുളച്ച കാലം. അനാബാപ്റ്റിസ്റ്റുകളെന്നാല്‍ വീണ്ടും മാമോദിസ ചെയ്യുന്നവര്‍. എതിരാളികള്‍ പുത്തന്‍ കൂറ്റുകാര്‍ക്കിട്ട പരിഹാസപ്പേരാണിത്. പേര് തീര്‍ത്തും അന്വര്‍ഥമായി. പ്രായപൂര്‍ത്തിയായശേഷം നിര്‍വഹിക്കുന്ന രണ്ടാം മാമോദിസയാണല്ലോ ഈ പുത്തന്‍ പ്രസ്ഥാനത്തിന്റെ മുഖമുദ്ര. സ്വിസ് ബ്രദറന്‍ എന്നാണിക്കൂട്ടര്‍ അറിയപ്പെട്ടിരുന്നത്. മുഴുത്ത റിഫര്‍മേഷനിസ്റ്റുകളായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ പിളര്‍പ്പിലൂടെ രൂപംകൊണ്ട ഈ പുതുപ്രസ്ഥാനത്തെ പിളര്‍പ്പ് നിഴല്‍പോലെ പിന്തുടര്‍ന്നു. പിറ്റത്തെ നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ നെടുകെയാണിത് പിളര്‍ന്നത്. അതോടെ മെനോ സൈമണ്‍സിന്റെ നായകത്വത്തില്‍ മെനോ നൈറ്റുകള്‍ എന്ന മറ്റൊരു പുത്തന്‍ വിഭാഗം പിറവിയെടുത്തു. ചര്‍ച്ചുകളുടെ കൊടുംപീഡനത്തിനിരയായി ഗതികെട്ട് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പലായനം ചെയ്തവരാണിവര്‍. ഈ വിഭാഗത്തിന് പക്ഷേ, വലിയ കെട്ടുറപ്പുണ്ടായില്ല. സമുദായാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതകളും ആചാരാനുഷ്ഠാനങ്ങളില്‍ വൈരുധ്യങ്ങളും രൂപപ്പെടുകയും നിയന്ത്രണാതീതമായി ശക്തിപ്പെടുകയും ചെയ്തതോടെ അനിവാര്യമായ പിളര്‍പ്പ് പിന്നെയും: മെനോ നൈറ്റ് പ്രസ്ഥാനം അങ്ങനെ പിളര്‍ന്ന്, പിറന്ന് വന്നത് മതവിശ്വാസങ്ങളിലും കര്‍മാനുഷ്ഠാനങ്ങളിലും നന്നേ കാര്‍ക്കശ്യം പുലര്‍ത്തുന്ന പുതുപുത്തനൊരു വിഭാഗം - ആമിഷ് സമൂഹം.

പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ 1693 കാലത്തായിരുന്നു ആമിഷ് ഉദയം. ഉദയവികാസങ്ങള്‍ക്ക് നേതൃത്വം വഹിച്ചത് ജേക്കബ് അമന്‍(1656-1730). അമന്റെ അനുയായികളാണ് ആമിഷ്. മതപരമായ കാര്യങ്ങളില്‍ കടുംപിടിത്തക്കാരനായിരുന്നു അമന്‍. സമുദായാചാരങ്ങളില്‍ വിമുഖരായവരെ നിഷ്കരുണം ബഹിഷ്കരിച്ചും അവര്‍ക്കെതിരെ അതി കര്‍ക്കശമായ ഊരുവിലയ്ക്ക് ഏര്‍പ്പെടുത്തിയും അമന്‍, അടിയുറച്ച ശക്തിമത്തായ പ്രസ്ഥാനം കെട്ടിപ്പടുത്തു. സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ് - ഈ മൂന്നു രാജ്യങ്ങളിലെ ഏതാനും ദേശങ്ങളായിരുന്നു ആദ്യകാല ആമിഷ് സങ്കേതങ്ങള്‍. പതിനെട്ടാം നൂറ്റാണ്ടില്‍ വലിയൊരു വിഭാഗം ആമിഷുകള്‍ പെന്‍സില്‍വാനിയയിലെ ലാങ്കാസ്റ്ററില്‍ കുടിയേറി വന്നു. ഈ സംസ്ഥാനത്തും ഒഹായോ, ഇന്ത്യാന സംസ്ഥാനങ്ങളിലുമാണ് ഇവര്‍ മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത്. അമേരിക്കയുടെതന്നെ ഇതരഭാഗങ്ങളിലും അവരുടെ അധിവാസകേന്ദ്രങ്ങളുണ്ട്; ന്യൂയോര്‍ക്, അലബാമ, ഡെലവേര്‍, ഇലിനോയ്, അയോവ, മേരിലാന്‍ഡ്, മിഷിഗന്‍, മിനിസ്സോട്ട, മിസ്സിസിപ്പി, മിസ്സോറി, നെബ്രാസ്ക, കെന്‍ടുകി, കന്‍സായി, ടെനസി, വിസ്കോണ്‍സി, മെയിന്‍ എന്നീ സംസ്ഥാനങ്ങളിലും തൊട്ടടുത്ത കാനഡയിലെ ഒന്റോറിയോ പ്രൊവിന്‍സിലും. ആമിഷ്സമൂഹമിങ്ങനെ പടര്‍ന്നുപന്തലിച്ചുകൊണ്ടിരിക്കെ വ്യത്യസ്ത വിഭാഗങ്ങളായി വേര്‍പിരിഞ്ഞുപോയി, മുഖ്യമായും അഞ്ചു കൈവഴികളായി. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രബലവിഭാഗം ഓള്‍ഡ് ഓര്‍ഡര്‍ ആമിഷുകളാണ്. ആമിഷ് തത്ത്വങ്ങള്‍ ഒന്നൊഴിയാതെ, ഒത്തുതീര്‍പ്പുകളില്ലാതെ മുറുകെപ്പിടിക്കുകയും മാറ്റങ്ങളെ അതിശക്തിയായി നിരാകരിക്കുകയും ചെയ്യുന്ന യഥാര്‍ഥ ആമിഷുകളാണിവര്‍. കടുത്ത യാഥാസ്ഥിതികരും. താരതമ്യേന കുറഞ്ഞ യാഥാസ്ഥിതികത ബീച്ചി ആമിഷുകള്‍ക്കാണ്. യാഥാസ്ഥിതികതയുടെ ഏറ്റക്കുറവനുസരിച്ച് വിവിധ ദേശങ്ങളിലെ വ്യത്യസ്ത ആമിഷ് ഗ്രൂപ്പുകള്‍ക്ക് ഏറക്കുറെ വ്യത്യസ്തമായ വിധിവിലക്കുകളാണുള്ളത്. അതുകൊണ്ട്, ആമിഷ് വിശ്വാസികളുടെ മൊത്തം സമൂഹത്തിന് ഏകരൂപമായ നിയമക്രമങ്ങളില്ലാതെവന്നു. എന്നാല്‍, എല്ലാ വിഭാഗക്കാര്‍ക്കും എല്ലാ കാലത്തും ഒരുപോലെ ബാധകമായ സാമാന്യ തത്ത്വങ്ങളുണ്ടുതാനും. രണ്ടാം ജ്ഞാനസ്നാനമാണ് അവയില്‍ മുഖ്യം. സൈദ്ധാന്തിക വൈജാത്യങ്ങളെച്ചൊല്ലി ഭിന്നതകള്‍ പെരുകിപ്പെരുകി വന്നപ്പോഴും ഇക്കാര്യത്തില്‍ ആമിഷ്സമൂഹം എന്നും ഒറ്റ മനസ്സുതന്നെ. ഇതര ക്രൈസ്തവ വിഭാഗങ്ങളില്‍നിന്ന് ഇവരെ വേര്‍പിരിച്ചുനിര്‍ത്തിയതും ഈ മാമ്മോദിസക്കാര്യമായിരുന്നല്ലോ.

എട്ടുംപൊട്ടും തിരിയാത്ത കൊച്ചുപ്രായത്തില്‍ രക്ഷിതാക്കളുടെ പ്രേരണയാലുള്ള ആദ്യ ജ്ഞാനസ്നാനം മാത്രം പോരാ. ബുദ്ധിയുറയ്ക്കുന്ന യൗവനാരംഭത്തില്‍ രണ്ടാമതൊന്നുകൂടി ഉറച്ചവിശ്വാസി എന്ന നിലയില്‍ സ്വയമേവ നിര്‍വഹിച്ച് ദൈവത്തോടും സമൂഹത്തോടുമുള്ള പ്രതിബദ്ധത പ്രകടിപ്പിക്കണമെന്നത് ആമിഷ് സമൂഹത്തില്‍ സര്‍വ പ്രധാനമായ നിബന്ധനയാണ്. പതിനാറിനും ഇരുപത്തിയഞ്ചിനുമിടയില്‍ ഇത് സാവകാശം നിറവേറ്റിയാല്‍ മതി. പക്ഷേ, അപ്പോഴേ സമുദായത്തില്‍ അംഗത്വമുള്ളൂ. പള്ളിയില്‍ ചേരാനും കല്യാണം കഴിക്കാനുമൊക്കെ ഇതു കൂടിയേ തീരൂ.
രണ്ടാം മാമ്മോദിസാ വേളയില്‍ ചില കര്‍ക്കശ നിഷ്കര്‍ഷകളുണ്ട്. ഒരു കൈത്തലംകൊണ്ട് മുഖം താങ്ങി തല താഴ്ത്തി വേണം മാമ്മോദിസക്കാരന്‍ ഇരിക്കാന്‍. ആമിഷ് ജീവിതത്തിന്റെ മുഖ്യ ചിഹ്നമായ വിനയത്തിന്റെയും എളിമയുടെയും പ്രകടനമായാണ് ഇരിപ്പില്‍ ഇങ്ങനെയൊരു 'പോസ്'. പിന്നെ കടുകട്ടിയുള്ള മൂന്നു ചോദ്യങ്ങള്‍. ചോദ്യോത്തരങ്ങള്‍ക്കു ശേഷമാണ് ജലാഭിഷേകം. സഭാ ശുശ്രൂഷകന്‍ ബക്കറ്റില്‍ കൊണ്ടുവന്ന ജലം ബിഷപ്പിന്റെ കൈക്കുമ്പിളില്‍ പകരുന്നു. തിരുസ്നാനജലം നേരെച്ചെന്ന് പതിക്കുന്നത് മാമ്മോദിസക്കാരന്റെ ശിരസ്സില്‍. തുടര്‍ന്ന് ബിഷപ്പിന്റെ അനുഗ്രഹദാനവും വിശുദ്ധ ചുംബനവും. ഒടുക്കം പറഞ്ഞ രണ്ടും ആണാണെങ്കിലേ ബിഷപ് നിര്‍വഹിക്കൂ. പെണ്‍പിറക്ക് ആവക കാര്യങ്ങള്‍ ബിഷപ്പിന്റെ സഹധര്‍മിണിയുടെ വഹ!

സാധാരണഗതിയില്‍ നിസ്സാരമെന്നു തോന്നിയേക്കാവുന്ന ഈ ലളിതകര്‍മം പക്ഷേ, ആമിഷ് വിശ്വാസിയുടെ ജീവിതത്തെയാകെ, ജീവിതാന്ത്യംവരെ മാറ്റിമറിക്കുന്നതത്രെ. ഇതോടെ അവന്‍/ അവള്‍ 'ഛൃറിൗിഴ' അഥവാ ഓര്‍ഡര്‍ എന്ന ചര്‍ച്ച് നിയമങ്ങളാല്‍ എന്നെന്നേക്കും ബന്ധിതമാവുന്നു. ദൈനംദിന ജീവിതത്തിലെ അനുരഞ്ജനമില്ലാത്ത, അതികര്‍ക്കശമായ ഈ വിധിവിലക്കുകള്‍, ലിഖിതവും അലിഖിതവുമായ ഈ ചര്‍ച്ച് നിയമങ്ങള്‍ അണുവിട തെറ്റാതെ സൂക്ഷ്മതയോടെ പാലിച്ചുകൊള്ളണം. അറിഞ്ഞോ അറിയാതെയോ ലംഘിച്ചുപോയാല്‍ ഹൃദയംതുറന്ന് പശ്ചാത്തപിച്ച് മടങ്ങണം. ഇല്ലെങ്കില്‍ ഭ്രഷ്ട് - അതിനിശിതമായ ഊരുവിലക്ക്; സമുദായത്തില്‍നിന്ന് മാത്രമല്ല സ്വന്തം കുടുംബ്ധില്‍നിന്നുപോലും.

രണ്ടാം മാമ്മോദിസ യഥാവിധി നിര്‍വഹിച്ച് യഥാര്‍ഥ ആമിഷ് ആകുമ്പോഴേ ഇതൊക്കെ ബാധകമാകൂ. ഈ കര്‍മം വേണ്ടെന്നു വെച്ചാലോ, സുനിശ്ചയം, പടിക്കുപുറത്ത്. മറ്റെല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഇവരെ സംബന്ധിച്ച് പടിക്കു പുറത്തുതന്നെ. അവരാരും രണ്ടാം ബാപ്റ്റിസം അംഗീകരിക്കുന്നില്ല. എന്നല്ല, അതൊരു കുറ്റമായാണ് കരുതിപ്പോരുന്നതും; മരണശിക്ഷാര്‍ഹമായ വന്‍ കുറ്റം! ഇക്കൂട്ടര്‍ മുഴുക്കെ- കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഇതര ഡിനോമിനേഷന്‍കാരും ഉള്‍ക്കൊള്ളുന്ന, വന്‍ ഭൂരിപക്ഷം വരുന്ന എതിര്‍ചേരിക്കാരെല്ലാവരും-കൂടെ ഭരണകൂടവും ഒത്തുചേര്‍ന്ന് പുത്തന്‍  കൂറ്റുകാര്‍ക്കെതിരെ അണിനിരന്നു. പിന്നെ കൊടുംപീഡനങ്ങള്‍. പട്ടിണിക്കിട്ടും ജയിലിലടച്ചും മുക്കിക്കൊന്നും ചുട്ടെരിച്ചും നിഷ്കാസനക്രിയ പാരമ്യത്തിലെത്തി. ആയിരക്കണക്കിനു ആമിഷുകളാണ് രക്തസാക്ഷികളായത്. ശേഷിച്ചവര്‍ പക്ഷേ, വിശ്വാസം വെടിഞ്ഞില്ല; പ്രാര്‍ഥനയും ആരാധനയും തുടരുകതന്നെ ചെയ്തു. മലമുകളിലും ഗുഹാന്തരങ്ങളിലും പരമ രഹസ്യമായി വീടുകളിലും വെച്ച്. ഒടുവില്‍ അവര്‍ നാടുവിട്ട് ഇവിടെ, പെന്‍സില്‍വാനിയയിലെത്തി. ഈ സുരക്ഷിതഭൂമിയിലും ആരാധനകള്‍ തുടര്‍ന്നുപോന്നത് വീടുകളില്‍വെച്ചുതന്നെ.
ജോണ്‍ കൂട്ടിച്ചേര്‍ത്തു: ഇപ്പോഴും അതേ. വീടുകളില്‍ത്തന്നെയാണ് സമൂഹപ്രാര്‍ഥനകളും ആരാധനാ ശുശ്രൂഷകളുമൊക്കെ. ഇടവിട്ടുള്ള ഞായറാഴ്ചകളില്‍ വീടുകള്‍ മാറിമാറിയാണ് ഒത്തുചേരുക.

അന്ന്, ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആരാധനാകര്‍മങ്ങളാണ്. തീരെ ഹ്രസ്വവും അതിദീര്‍ഘവുമായ സേര്‍മനുകള്‍, തണുത്തുറഞ്ഞ സിമന്റ് തറയില്‍ മുട്ടുകുത്തിനിന്ന് പ്രാര്‍ഥന, വേദ പുസ്തക പാരായണം, ഇടക്കിടെ സങ്കീര്‍ത്തനാലാപനങ്ങള്‍, പിന്നെ സദ്യവട്ടങ്ങള്‍ - അങ്ങനെ മുഴുദിന അഖണ്ഡയജ്ഞം. ഇക്കൂട്ടത്തില്‍ പ്രാര്‍ഥന, ആരവങ്ങളൊന്നുമില്ലാതെ നിശ്ശേഷ നിശ്ശബ്ദമായാണ് ഏറെപ്പേരും നിര്‍വഹിക്കുക. ഇതേപോലെ, ഇതര ക്രൈസ്തവ വിഭാഗങ്ങളില്‍നിന്നും പാടെ വിഭിന്നമായാണ് സങ്കീര്‍ത്തനാലാപനങ്ങള്‍. വാദ്യോപകരണങ്ങളൊന്നുമില്ലാതെ, ഹാര്‍മോണിയം പോലുമില്ലാതെ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന ആലാപനം. ആമിഷ് ജീവിതംപോലെ അതിന്റെ കൊടിയടയാളമായ ബഗ്ഗിയുടെ ചലനംപോലെ അതീവമന്ദം! ഒറ്റ സ്തോത്രം ആലപിച്ചുതീരാന്‍ കാല്‍ മണിക്കൂര്‍, ചിലപ്പോള്‍ അതിലേറെയും.
ആരാധന ശുശ്രൂഷകള്‍ മാത്രമല്ല വിവാഹകര്‍മങ്ങളും ശവസംസ്കാര ചടങ്ങുകളുമൊക്കെ മുഖ്യമായും വീടുകളില്‍വെച്ചാണ് നടത്താറ്. ഈ മൂന്നു കര്‍മങ്ങളിലും അനുപേക്ഷണീയമായ ചടങ്ങാണ് സദ്യ.

ആരാധനാകര്‍മങ്ങളുടെ ഭാഗമായി ആമിഷ്സമൂഹത്തില്‍ സദ്യയുണ്ടെന്നറിയാം. വിവാഹാഘോഷങ്ങളില്‍ എല്ലാ സമൂഹങ്ങളിലും സദ്യ സര്‍വസാധാരണംതന്നെ. പക്ഷേ, ശവസംസ്കാര വേളയിലും അങ്ങനെയൊരു ചടങ്ങോ? അദ്ഭുതം തോന്നി.
ജോണ്‍ തറപ്പിച്ചു പറഞ്ഞു: ഉവ്വ്, ആമിഷ് ആചാരങ്ങളില്‍ പ്രധാനമാണത്; കല്യാണസദ്യപോലെതന്നെ പ്രധാനം. കല്യാണവും ആരാധനയും ശവസംസ്കാരവും - ഈ മൂന്നു കാര്യങ്ങളും ഇതര ക്രൈസ്തവ വിഭാഗങ്ങളില്‍നിന്ന് ഏറെ വിഭിന്നമായതാണ്, വിശേഷിച്ചും ശവസംസ്കാര ചടങ്ങ്. പിന്നെ അതേക്കുറിച്ചായി ജോണ്‍:
ശവസംസ്കാരവേളയില്‍ ഞങ്ങള്‍ ഇതര സമൂഹങ്ങളെപോലെ ഫ്യൂണറല്‍ ഭവനങ്ങളെ ആശ്രയിക്കയില്ല. ശവസംസ്കാര ചടങ്ങുകള്‍ മിക്കതും വീട്ടിലും വീട്ടുമുറ്റത്തും മാത്രം. അനുസ്മരണചടങ്ങ് നടക്കുന്നതും അവിടെയാണ്. അനുസ്മരണവേളയില്‍ പരേതന്റെ  ഗുണഗണങ്ങള്‍ വിളംബരപ്പെടുത്തുകയോ അയാളെ മഹത്ത്വവത്കരിക്കുകയോ ചെയ്യില്ല. പകരം, ഉല്‍പത്തിക്കഥയും പുനരുത്ഥാന വിശേഷങ്ങളും മാത്രം.
വീട്ടിലെ കര്‍മങ്ങള്‍ക്കുശേഷം ശുഭ്ര വസ്ത്രാവരണമണിഞ്ഞ് അന്ത്യയാത്ര - ശവപ്പെട്ടിയില്‍ കിടത്തി ശവവാഹനത്തില്‍ നേരെ, സെമിത്തേരിയിലേക്ക് - ഒരുപോലുള്ള ഒരുപാട് ശവക്കല്ലറകള്‍ നിരന്നുകിടക്കുന്ന ശ്മശാനം - അവിടെ സ്തോത്രോച്ചാരണവും ബൈബ്ള്‍ പാരായണവും പ്രാര്‍ഥനയും. അവക്കെല്ലാം ഒടുവില്‍, തനിക്കായി ഒരുക്കിവെച്ച അന്ത്യവിശ്രമകുടീരത്തിലേക്ക് എന്നെന്നേക്കുമായി...
ആമിഷ് 'അന്ത്യ' കഥകേട്ട് ആമിഷ് കുതിരക്കണ്ണുകള്‍ സജലങ്ങളായോ? ബഗ്ഗിയുടെ ചലനവേഗം കുറഞ്ഞുപോയോ? ഒരുനിമിഷം കുതിരകളെയും ബഗ്ഗിയെയും ശ്രദ്ധിച്ചു. ഇല്ല, കുതിരകള്‍ പതിവുപോലെ കുതിച്ചുകൊണ്ടിരുന്നു. കുതിരക്കുളമ്പടിക്കൊത്ത് ബഗ്ഗി ചലിക്കുന്നുമുണ്ട്. ഇതിനിടയില്‍ ജോണ്‍ തുടര്‍ന്നു:
''ശവസംസ്കാരചടങ്ങുകള്‍ക്കും വിവാഹ കര്‍മങ്ങള്‍ക്കും ആരാധനാ ശുശ്രൂഷകള്‍ക്കുമൊക്കെ മുഖ്യ കാര്‍മികത്വം വഹിക്കുന്നത് ബിഷപ്പാണ്. പ്രഫഷനല്‍ ബിഷപ് അല്ലെന്നു മാത്രം. ആരാധനാവേളയില്‍ തിരുമേനിയെ സഹായിക്കാന്‍ രണ്ടു പ്രീച്ചര്‍മാരുണ്ടാവും. അവരും പ്രഫഷനല്‍മാരൊന്നുമല്ല. ആരാധനക്കെത്തുന്നവരില്‍നിന്നാണ് ഓരോ തവണയും പ്രീച്ചര്‍മാരെ തെരഞ്ഞെടുക്കാറ്. പ്രാര്‍ഥനക്ക് തൊട്ടുമുമ്പാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഉടന്‍ തന്നെ 'പ്രീച്ച്' ചെയ്യണം. മണിക്കൂര്‍ നീണ്ട ' സേര്‍മണ്‍'. അതും തയാറെടുപ്പൊന്നും കൂടാതെ.''
''ജോണ്‍ എപ്പോഴെങ്കിലും പ്രീച്ചറായിരുന്നോ?'' താല്‍പര്യത്തോടെ ഞങ്ങളാരാഞ്ഞു.
''യേസ്, യേസ്''  ജോണ്‍ പറഞ്ഞു: ഞാന്‍ മാത്രമല്ല ഞങ്ങളുടെ സമൂഹത്തിലെ മുഴുവന്‍ പേരും പ്രീച്ചര്‍മാരായവരാണ്, ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍, ചിലപ്പോള്‍ പലവട്ടം. ഞങ്ങള്‍ക്കാര്‍ക്കും ഇതിനായി പ്രത്യേക പരിശീലനമൊന്നുമില്ല കേട്ടോ. ഇതിനെന്നല്ല, മതപരമായ കാര്യങ്ങള്‍ക്കൊന്നും ഔപചാരിക പരിശീലനം ഞങ്ങളുടെ സമൂഹത്തിലില്ല. അതിന്റെ  ആവശ്യവുമില്ലെന്ന് പറഞ്ഞ ജോണ്‍ പിന്നെ ചോദിച്ചു:  ''ഞങ്ങള്‍ക്ക് പള്ളിക്കെട്ടിടമില്ലേ എന്നു നിങ്ങള്‍ അന്വേഷിച്ചല്ലോ.''
ഉവ്വ്, അങ്ങനെയൊന്നു ഇവിടെയെങ്ങും കണ്ടില്ലല്ലോ.
ജോണ്‍, തന്റെ താടിരോമങ്ങള്‍ മൃദുവായി തടവി മിഴി മെല്ലെ ചിമ്മിത്തുറന്ന്, പുതിയ നിയമത്തിലെ വളരെ പ്രശസ്തമായൊരു വചനം ഉരുവിട്ടുതുടങ്ങി.

വിചിത്രമായി തോന്നി. ആമിഷ്സമൂഹത്തിലാരും സംഭാഷണ മധ്യേ വേദപുസ്തകത്തില്‍നിന്നുള്ള ഉദ്ധരണികള്‍ വിളമ്പാറില്ല. അതൊരുതരം അഹങ്കാരംനിറഞ്ഞ പാണ്ഡിത്യ പ്രകടനമാണ്. എന്നാലിവിടെയിതാ ഒരാമിഷ്, അയാളുടെ ചുണ്ടുകളില്‍ നിന്നടര്‍ന്നുവീഴുന്നത് ന്യൂ ടെസ്റ്റ്മെന്റിലെ വചനങ്ങള്‍:
''ഠവല ഏീറ ംവീ ാമറല വേല ംീൃഹറ മിറ മഹഹ വേശിഴ െശി ശ.േ ടശിരല ഒല ശ െഹീൃറ ീള വലമ്ലി മിറ ലമൃവേ റീല െിീ േറംലഹഹ ശി ലോുഹല ൊമറല ംശവേ വമിറ െ.''
''മനുഷ്യര്‍ കൈകൊണ്ട് പണിതുയര്‍ത്തിയ പള്ളിക്കെട്ടിടങ്ങളില്‍ ആകാശഭൂമികളുടെ അധിപനായ ദൈവം ഇല്ല; വസിക്കുന്നതേയില്ല.'' അയാള്‍ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു. എന്നിട്ട് ജേതാവിനെപോലെ ചോദിച്ചു:  ''പിന്നെയെന്തിനാണ്, ആര്‍ക്കുവേണ്ടിയാണ് ചര്‍ച്ചുകെട്ടിടങ്ങള്‍ പണിതുയര്‍ത്തുന്നത്?'' അയാള്‍ തീര്‍ത്തു പറഞ്ഞു: ''ഇല്ല, ഞങ്ങള്‍ക്ക് പള്ളിക്കെട്ടിടമില്ല. പള്ളിക്കെട്ടിടം മാത്രമല്ല പള്ളിയുമായി ബന്ധപ്പെട്ട പലതും പലതും ഞങ്ങള്‍ക്കില്ല. പുരോഹിതരോ ചമയങ്ങളോ  അള്‍ത്താരയോ  ഭജനമണ്ഡപമോ ഗായകസംഘമോ ഓര്‍ഗനോ ഓര്‍ക്കസ്ട്രയോ ഇല്ല. വഴിപാടുകളുമില്ല, മതപ്രചാരണമില്ല, സുവിശേഷകരോ മിഷിനറിമാരോ ഇല്ല, ഞായറാഴ്ചകളില്‍ മതപഠനക്ളാസുകളില്ല, സ്കൂളുകളില്‍ മതപഠനവുമില്ല, അബ്സ്ട്രാക്ട് തിയോളജിയുമില്ല...ഇല്ല...ഇല്ല...''

അതിശയത്തോടെ ഞങ്ങള്‍ ജോണിന്റെ മുഖത്തേക്കു നോക്കിയിരിപ്പാണ്. മതം എന്ന കടുത്ത കെട്ടുപാടുകളുടെ അനുരഞ്ജനരഹിതമായ നിയന്ത്രണങ്ങളില്‍ മോചനരഹിതരായി പാരതന്ത്രൃം പൂണ്ടുകിടക്കുന്നൊരു സമൂഹത്തില്‍ സ്വാതന്ത്രൃത്തിന്റെ ധൂര്‍ത്താണ് ഈ ആമിഷ് പറഞ്ഞുവരുന്നത്. പിന്നെയും വിസ്മയിപ്പിച്ചുകൊണ്ട് ജോണ്‍ പറഞ്ഞു: ഞങ്ങളുടെ ആരാധനാവേളകളില്‍ സ്ത്രീയും പുരുഷനും അടുത്തടുത്ത് ഇരിക്കാറില്ല. ഒന്നിച്ചു ഇരിക്കാറേയില്ല.
സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് ഒരു മുന്‍നിശ്ചയവുമില്ലാത്ത,  ചില തലങ്ങളില്‍ ഈ ബന്ധം നന്നേ കുത്തഴിഞ്ഞ്, ജുഗുപ്സാവഹമായവിധം അയഞ്ഞുകിടക്കുന്ന ഈ രാജ്യത്ത് ഇങ്ങനെയും ഒരു സമൂഹം!
ജോണ്‍ വിശദീകരിച്ചു: ''ആരാധനാഹാളില്‍ ഒരു ഭാഗത്ത് പുരുഷന്മാരും ആണ്‍കുട്ടികളും. മറ്റൊരു ഭാഗത്താണ് സ്ത്രീകളും പെണ്‍കുട്ടികളും. ആരാധനാകര്‍മങ്ങള്‍ മൂന്നു മൂന്നര മണിക്കൂര്‍ നീളും. സത്യത്തില്‍ സ്ത്രീകള്‍ക്കിതില്‍ വലിയ പങ്കൊന്നുമില്ല. ആരാധന നടക്കുന്ന വീട്ടിലെ അടുക്കളയില്‍ അവരില്‍ മിക്കവരും അപ്പോള്‍ ആഹാരമൊരുക്കുകയാവും; ആരാധനക്കു ശേഷമുള്ള സമൂഹസദ്യ വിളമ്പുന്നതും അവര്‍തന്നെ. അങ്ങനെ വെക്കലും വിളമ്പലും - ലോകോല്‍പത്തി മുതല്‍ സ്ത്രീജനങ്ങള്‍ അനുഷ്ഠിച്ചുപോന്ന കര്‍മം ഞങ്ങളുടെ സ്ത്രീകള്‍ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു.''
ഞങ്ങളുടെ സ്ത്രീകള്‍ എന്ന് തറപ്പിച്ചുപറഞ്ഞപ്പോള്‍ നിങ്ങളുടെ സ്ത്രീകള്‍ അങ്ങനെയല്ല എന്നൊരു ധ്വനിയില്ലേ?
സാധാരണ അമേരിക്കന്‍ കുടുംബങ്ങളില്‍ അടുക്കള എന്നത് സര്‍വാഡംബര വിഭൂഷിതമായ അലങ്കാരവസ്തുവാണ്. അത് അവിടെയങ്ങനെ അലങ്കരിച്ചുവെച്ചിരിക്കും. അടുക്കളപ്രവേശനം അതി ദുര്‍ലഭമായ സംഭവം. കെ.എഫ്.സിയുടെ ഗ്രില്‍ഡ് ചിക്കനും സബ്വേയിലെ സാന്റ്വിച്ചും ചീസ്സും സാലഡും മക്ഡൊണാള്‍ഡിലെ ബര്‍ജറും സ്റ്റാര്‍ബെക്കിലെ മഗ്ഗളവിലുള്ള കോഫിയും - ഇക്കൂട്ടങ്ങളെയൊക്കെ നിത്യവും ആശ്രയിച്ചുകഴിയുന്നവര്‍ക്ക് സ്വന്തം അടുക്കള കേവലം അലങ്കാരവസ്തു. ഈ കടകളെങ്ങാനും അടഞ്ഞുപോയാല്‍ ഇവര്‍ കൊടുംപട്ടിണിയിലായതുതന്നെ. ഈ ദുരവസ്ഥയൊന്നും ആമിഷ്കുടുംബങ്ങളില്ല.

ചൊടിപ്പിക്കാനായി ഞങ്ങളൊരു ചോദ്യമിട്ടുകൊടുത്തു: ''ഇങ്ങനെ വെറും വെപ്പും വിളമ്പലുമായി കഴിയുമ്പോള്‍ നിങ്ങളുടെ സ്ത്രീകള്‍ക്ക് എതിര്‍പ്പോ വിരോധമോ...ഒന്നും?'' ചോദ്യം മുഴുമിക്കുംമുമ്പേ ജോണ്‍ ഇടപെട്ടു. ''ഇല്ല, ഇല്ലേയില്ല! അപ്പറഞ്ഞതൊന്നും ആമിഷിനുള്ളതല്ല. അനുസരണവും കീഴ്വണക്കവുമേ ഞങ്ങള്‍ക്കറിയൂ. ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ, കുട്ടികള്‍ രക്ഷിതാക്കളെയും അധ്യാപകരെയും, ചെറുപ്പക്കാര്‍, മുതിര്‍ന്നവര്‍, എല്ലാവരും ബിഷപ്പിനെ അനുസരിക്കും കീഴ്വണങ്ങും; അതാണ് ആമിഷ് ജീവിതം. അനുസരണക്കേട് അണുവോളം പൊറുപ്പിക്കില്ല ഈ ജീവിതത്തില്‍...'' ജോണ്‍ പ്രീച്ചര്‍ ആയി മാറുകയാണ്.

അയാള്‍ ചോദിച്ചു: ''സ്ത്രീ പുരുഷന് കീഴ്വഴങ്ങണമെന്നു കേട്ടപ്പോള്‍ സത്യത്തില്‍ അല്‍പം അരോചകമായി തോന്നിയില്ലേ?''
ഞങ്ങളുടെ നേര്‍ക്ക് തിരിഞ്ഞായിരുന്നു ചോദ്യം. വിവാദങ്ങളിലേക്കൊന്നും ഞങ്ങള്‍ ചെന്നിറങ്ങാത്തതുകണ്ട് സ്വല്‍പമൊരു പരിഹാസച്ചുവയോടെ അയാള്‍ സ്വയം പറഞ്ഞു: ''ഫെമിനിസം കൊടികുത്തി വാഴുന്ന പുറംലോകത്തുനിന്നു വരുന്നവരല്ലേ!'' പിന്നെ ഒരു ചെറുചിരിയും. എന്നിട്ട് പ്രീച്ചറെപ്പോലെതന്നെ തറപ്പിച്ചു പറഞ്ഞു:

''പ്രകൃതിയിലും പദവിയിലും പെണ്ണിനെക്കാള്‍ മുകളില്‍ ആണ്‍ പിറന്നവന്‍തന്നെ. അതാണ് പ്രകൃതിനിയമം; ആമിഷ് നിയമവും. ഭാരപ്പെട്ട ജോലി മുഴുക്കെ ആണൊരുത്തനല്ലേ. കുടുംബഭാരം അവന്റെ തലയില്‍. കുടുംബം പുലര്‍ത്തണം, മക്കളെ പോറ്റിവളര്‍ത്തണം, അവരെ നേര്‍വഴിക്ക് നടത്തുകയും വേണം.''
ഒടുക്കം പറഞ്ഞ കാര്യത്തില്‍ അമേരിക്കന്‍ പൊതുസമൂഹവുമായി, അമേരിക്കന്‍ നിയമസംഹിതയുമായി കടുത്ത കലഹത്തിലാണ് ആമിഷുകള്‍. പൊതുസമൂഹത്തില്‍ കുട്ടികളുടെ സുരക്ഷ സ്റ്റേറ്റിന്റെ ബാധ്യതയാണ്. അവനോ/അവള്‍ക്കോ, നിസ്സാരമായ പോറല്‍, അത് ശാരീരികമാവണമെന്നില്ല, വാക്കുകളിലൂടെയോ വെറും നോട്ടങ്ങളിലൂടെയോ സംഭവിച്ചാല്‍ മതി സ്റ്റേറ്റ് ഓടിയെത്തും. പിന്നെ, 'കുറ്റവാളികളായ' രക്ഷിതാക്കള്‍ ഇരുമ്പഴികളെണ്ണിക്കഴിയണം. ആമിഷ് സമൂഹത്തില്‍ ഇതൊട്ടും സംഭവിക്കില്ല. അതുകൊണ്ട് സ്റ്റേറ്റ് ഓടിയെത്തേണ്ടിവരുകയുമില്ല. ഇവിടെ കൊച്ചുനാളിലേ കുട്ടികളില്‍ അനുസരണശീലം അരക്കിട്ടുറപ്പിച്ചിരിക്കും. സ്വഭാവദൂഷ്യങ്ങളിലേക്കൊന്നും വഴുതിപ്പോകയില്ല.
സ്വന്തം അവകാശങ്ങളെക്കുറിച്ച് മുളയിലേ ഊതിവീര്‍പ്പിച്ച ബോധമുള്‍ക്കൊണ്ട് വളഞ്ഞുവളരുന്ന, സ്വന്തം ശരീരഭാഗങ്ങളിലെവിടെയോ പൂഴ്ത്തിവെച്ച തോക്കുമായി വിറളിപിടിച്ച് വിവേകംകെട്ട് ഘാതകരും ആത്മഘാതകരുമായി മാറുന്ന കൗമാരക്കൂട്ടങ്ങളുള്ള നാട്ടില്‍ അനുസരിക്കാന്‍ മാത്രമറിയുന്ന കുഞ്ഞാട്ടിന്‍കൂട്ടങ്ങള്‍!! അദ്ുഭതംകൂറിനില്‍ക്കെ, ജോണിന്റെ വാക്കുകള്‍ പിന്നെയും:
തെറ്റുചെയ്തുപോയാല്‍ കിട്ടാന്‍ പോകുന്നതെന്തെന്ന് ആമിഷ് കുഞ്ഞുങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്; കോര്‍പെറെല്‍ പണിഷ്മെന്റ്; ശരിക്കും ശാരീരിക ദണ്ഡനംതന്നെ! നല്‍കുന്നതോ സ്വന്തം രക്ഷിതാക്കള്‍.  ഈശോമിശിഹത്തമ്പുരാന്‍ ആമിഷ് രക്ഷിതാക്കളെ ഭരമേല്‍പിച്ച സുപ്രധാന ബാധ്യതയാണ്. അത് നിര്‍വഹിക്കാന്‍ കഴിയാതെ വന്നാല്‍, സ്വന്തം ഉത്തരവാദിത്തം കൈയൊഴിക്കലാണ്; ദൈവകോപം വിളിച്ചുവരുത്തലാണ്:
ജോണ്‍ അങ്ങനെ പ്രീച്ച് ചെയ്തുകൊണ്ടിരിക്കെ, ചൊടിപ്പിക്കാനായി ചോദിച്ചു:

പ്രിയ ജോണ്‍, ഇപ്പറയുന്നതൊക്കെ കുഞ്ഞുങ്ങളുടെ കാര്യമല്ലേ, കുഞ്ഞുങ്ങളുണ്ടാവാന്‍ കല്യാണം കഴിക്കണ്ടേ?
ജോണിന്റെ ചുണ്ടിന്റെ കോണില്‍ ഒരു ചെറുചിരി: ''കട്ടായം, കല്യാണം കഴിക്കാതെ കുഞ്ഞുങ്ങളുണ്ടാവില്ല, കേട്ടോ. ഞങ്ങളുടെ സമുദായത്തിന്റെ കാര്യമാണ്.''
ജോണ്‍ കൂരമ്പയക്കുന്നത് അവിവാഹിതരായ അമ്മമാര്‍ കണക്കില്ലാതെയുള്ള ഇംഗ്ളീഷ് സമൂഹത്തിലേക്ക്!
''അതിരിക്കട്ടെ'', ഞങ്ങള്‍ പറഞ്ഞു:  ''ആമിഷ് കല്യാണക്കാര്യം പറഞ്ഞില്ലല്ലോ, കേള്‍ക്കാന്‍ തിടുക്കമായി.''
ജോണ്‍ പൊട്ടിച്ചിരിച്ചു: ''റംസ്പ്രിന്‍ഗ ഇല്ലാതെ ആമിഷുകള്‍ക്ക് എന്ത് കല്യാണം? മധുരമധുരമായ, മധുരോദാരമായ റംസ്പ്രിന്‍ഗ!''
ജോണിന്റെ  തേനൂറുന്ന വാക്കുകള്‍...ഞങ്ങള്‍ ചെവി കൂര്‍പ്പിച്ചിരുന്നു.
(തുടരും)


കവര്‍സ്റ്റോറി

മുന്‍ ലക്കങ്ങള്‍