യുവാക്കള്‍ വീടുകളില്‍ അരക്ഷിതരാണ്... | Madhyamam Weekly
Weekly


യുവാക്കള്‍ വീടുകളില്‍ അരക്ഷിതരാണ്...

അഭിമുഖം: ശബ്നം ഹശ്മി / എ.കെ. ഹാരിസ്

തീപിടിച്ച ചിന്തകളുമായി തെരുവിലിറങ്ങിയ ഒരു നാടകകാരന്‍ നമുക്കുണ്ടായിരുന്നു. നാടകത്തിന്‍െറ തെരുവരങ്ങില്‍തന്നെ അദ്ദേഹം രക്തസാക്ഷിയായി.  സഫ്ദര്‍ ഹശ്മിയെന്ന പേരില്‍ അറിയപ്പെട്ട ആ പോരാളിയുടെ നേര്‍പെങ്ങളാണ് ശബ്നം ഹശ്മി. അനീതിക്കും അസമത്വത്തിനുമെതിരായ നിലപാടില്‍ സഫ്ദറും ശബ്നവും തമ്മില്‍ മാറ്റമൊന്നുമില്ല. ഭരണകൂടഭീകരതക്കും ചൂഷണത്തിനുമെതിരെ ശബ്നം ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു. ഗുജറാത്ത് വംശഹത്യയുടെ നടുക്കുന്ന വര്‍ത്തമാനങ്ങള്‍ മറ്റുപലരെയുമെന്നപോലെ ശബ്നത്തെയും വല്ലാതെ മുറിവേല്‍പിച്ചു. ആ മുറിപ്പാടുകളില്‍നിന്നാണ് Act now for harmony and democracy അഥവാ, അന്‍ഹദ് എന്ന സംഘടനക്ക്  മലയാളിയായ ചരിത്രകാരന്‍ കെ.എന്‍. പണിക്കര്‍, ആക്ടിവിസ്റ്റ് ഹര്‍ഷ് മന്ദര്‍ തുടങ്ങിയ ആറുപേര്‍ക്കൊപ്പം  ശബ്നം ഹശ്മി രൂപംനല്‍കിയത്. പേര്‍ സൂചിപ്പിക്കുന്നതുപോലെതന്നെ ജനാധിപത്യത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കാനാണ് അന്‍ഹദ് നിലകൊള്ളുന്നത്. ജനാധിപത്യം അപകടത്തിലാവുകയും സഹവര്‍ത്തിത്വം ഇല്ലാതാവുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ തയാറല്ളെങ്കില്‍ പിന്നീടൊരിക്കലും പ്രവര്‍ത്തിക്കേണ്ടിവരില്ളെന്ന് മുന്നറിയിപ്പും അതിലുണ്ട്. ഗുജറാത്തിലും കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശലംഘനങ്ങളില്‍ അന്‍ഹദ് നിരന്തരം ഇടപെടുന്നു. ഭീകരതയുടെ പേരിലുള്ള ന്യൂനപക്ഷവേട്ടയുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തുടങ്ങിവെച്ച സമരത്തെക്കുറിച്ച്  ശബ്നം ഹശ്മി സംസാരിക്കുന്നു.

ഏതാനും ദിവസം മുമ്പ് താങ്കള്‍ ഉള്‍പ്പെടെയുള്ള ഏതാനും പൗരാവകാശ പ്രവര്‍ത്തകര്‍ ആഭ്യന്തര മന്ത്രി ചിദംബരത്തിന്‍െറ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. അങ്ങനെയൊരു പ്രതിഷേധത്തിന് നിങ്ങളെ പ്രേരിപ്പിച്ച കാര്യങ്ങള്‍ വിശദീകരിക്കാമോ?
* ഭീകരതയുടെ പേരില്‍ മുസ്ലിംയുവാക്കളെ വേട്ടയാടുന്നതിനെതിരെയായിരുന്നു ആ പരിപാടി. പതിറ്റാണ്ടിലേറെയായി ഈ വേട്ട നടന്നുവരുകയാണ്. 2008ല്‍ ഞങ്ങള്‍ ഇതേക്കുറിച്ച് വിപുലമായൊരു വസ്തുതാന്വേഷണം നടത്തി. അതിലൂടെ ഭീകരവേട്ടയുടെ ഇരകളായ നിരവധി പേര്‍  നേരിട്ട മനുഷ്യാവകാശ ലംഘനം ഞങ്ങള്‍ പുറത്തുകൊണ്ടുവന്നു. ന്യൂനപക്ഷവേട്ടക്കെതിരെ പലകോണുകളില്‍നിന്നുയര്‍ന്നുവന്ന ശബ്ദം പൊതുജന ശ്രദ്ധയില്‍വന്നു. അതിനുശേഷം അന്യായമായ പൊലീസ് നടപടിക്ക് അല്‍പം ശമനമുണ്ടായി. എന്നാല്‍, കഴിഞ്ഞ ഏഴെട്ട് മാസങ്ങളായി  കാര്യങ്ങള്‍ വീണ്ടും വഷളായിരിക്കുന്നു. 2006-08 കാലയളവിലേതിന് സമാനമാണിപ്പോള്‍. മുസ്ലിം യുവാക്കളെ ഉന്നമിട്ടാണ് ഭീകരവിരുദ്ധ വേട്ടയുടെ പോക്ക്. പുണെ ജയിലില്‍ മുഹമ്മദ് ഖതീല്‍ സിദ്ദീഖി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. സൗദി അറേബ്യയിലെ ജുബൈലില്‍ ഇന്ത്യന്‍ അധികാരികള്‍ ഇടപെട്ട്  പിടികൂടിയ മുഹമ്മദ് ഫസീഹ് ഇപ്പോള്‍ എവിടെയുണ്ടെന്നുപോലും ആര്‍ക്കും അറിയില്ല.  പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അഹ്മദ് കാസിമി ഇപ്പോഴും ജയിലിലാണ്. അയാളെ എന്തിന് ജയിലിലിട്ടെന്ന് ഞങ്ങള്‍ക്കറിയില്ല. അനുദിനം വഷളാകുന്ന ഭീകരവേട്ടയുടെ  ഭീകരമുഖം ഉയര്‍ത്തിക്കാട്ടാനായിരുന്നു മന്ത്രി ചിദംബരത്തിന്‍െറ വീട്ടിലേക്കുള്ള മാര്‍ച്ച്.

ഭരണകേന്ദ്രത്തിലേക്കല്ല, മറിച്ച്,  മന്ത്രിയുടെ വീട്ടിലേക്കാണ്  നിങ്ങള്‍ മാര്‍ച്ച് ചെയ്തത്. എന്തുകൊണ്ട്?
* നമ്മുടെ രാജ്യത്തെ പൗരന്മാരുടെ സുരക്ഷിതത്വത്തിന് ഉത്തരവാദിയായ വ്യക്തിയാണ് ആഭ്യന്തര മന്ത്രി. പൗരന്മാരില്‍ വലിയൊരു വിഭാഗം പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ അരക്ഷിതമായ സാഹചര്യത്തില്‍ കഴിയുമ്പോള്‍ മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. മുസ്ലിം യുവാക്കളുടെ വീടുകളില്‍  പൊലീസ് ഉദ്യോഗസ്ഥര്‍ ദിവസം വന്നുകൊണ്ടിരിക്കുന്നു. ചെറുപ്പക്കാരായ കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നു. രാജ്യത്തെ പൗരന്മാരില്‍ വലിയ വിഭാഗം സ്വന്തം വീട്ടില്‍പോലും സുരക്ഷിതരല്ളെന്നിരിക്കെ, അക്കാര്യം മന്ത്രിവീടിന്‍െറ വാതിലില്‍ മുട്ടിതന്നെ പറയേണ്ടതുമുണ്ട്. മന്ത്രിയുടെ വീടിന് ചുറ്റും വലിയ സുരക്ഷയുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് പ്രതിഷേധക്കാരെ പേടിക്കേണ്ടതില്ല. പക്ഷേ, ഞങ്ങളുടെ സമരം പ്രതീകാത്മകമാണ്. അതിലൂടെ വ്യക്തമായ ഒരു സന്ദേശം നല്‍കുകയാണ് ചെയ്തത്.

ഇന്ത്യയില്‍ മുസ്ലിം യുവാക്കള്‍ ചകിതരാണെന്ന് താങ്കള്‍ പറയുകയുണ്ടായി. വിശദീകരിക്കാമോ?
* അത് വിശദീകരിക്കേണ്ടതില്ലാത്തവിധം പ്രകടമായ വസ്തുതയാണത്. നമ്മുടെ രാജ്യത്ത് യുവാവായ മകനുള്ള ഒരു മുസ്ലിം സ്്ത്രീയും മനസ്സമാധാനം അനുഭവിക്കുന്നില്ല. കാരണം, അവരുടെ മകന്‍ ഏതുനിമിഷവും ഭീകരവേട്ടയുടെ പേരില്‍ പിടിക്കപ്പെട്ടേക്കാം. പിന്നാലെ അവന്‍ സമൂഹമധ്യത്തില്‍ കൊടുംഭീകരനായി ചിത്രീകരിക്കപ്പെടുകയും ചെയ്യും. ഇപ്പോള്‍ കാര്യങ്ങള്‍ കുറെക്കൂടി  പ്രയാസമായിരിക്കുന്നു. തുടക്കത്തില്‍ മുസ്ലിം ചെറുപ്പക്കാരില്‍ അക്ഷരാഭ്യാസമില്ലാത്തവരെയാണ് പൊലീസ് പിടികൂടിയിരുന്നത്.  പ്രത്യേക പശ്ചാത്തലത്തില്‍നിന്ന് വരുന്ന താടി നീട്ടിയ, തൊപ്പിയിടുന്ന നല്ല വസ്ത്രങ്ങളില്ലാത്ത ഒരു കൂട്ടര്‍. അവരെ കാണിച്ച് ഒരു ഭീകരതയുടെ ഒരു പ്രതിരൂപം നിര്‍മിക്കപ്പെട്ടു. അങ്ങനെ സാധാരണ മുസ്ലിം രൂപഭാവങ്ങള്‍  ഭീകരതയുടെ ദൃശ്യരൂപമായി മാറി. അവിടെനിന്നും മുന്നോട്ടുപോയി. മുസ്ലിംകളിലെ പ്രഫഷനലുകളിലേക്കും പത്രപ്രവര്‍ത്തകരിലേക്കുംവരെ ഭീകരവേട്ട നീളുകയാണ്. ഇഫ്തികാര്‍ ഗീലാനിയുടെയും  മുഹമ്മദ് അഹ്മദ് കാസിമിയുടെയും അനുഭവം അറിയുക. സമുദായം മൊത്തത്തില്‍  ഭീകരവേട്ടയുടെ വലയിലാണ്.   മുസ്ലിംകളില്‍ ഒരു വിഭാഗവും അവര്‍ ഒഴിവാക്കിയിട്ടില്ല. ഇശ്റത്ത് ജഹാനെ ഓര്‍മയില്ളേ? ഭീകരവേട്ടയുടെ പേരിലാണ് ആ യുവതിയെ റോഡില്‍ വെടിവെച്ചിട്ടത്.  ആ കേസിലെ സത്യാവസ്ഥ  പുറത്തുവന്നത് ഭാഗ്യം. അല്ലായിരുന്നുവെങ്കില്‍ തീവ്രവാദവേട്ടയുടെ പേരില്‍ വേറെയും കുറെ മുസ്ലിം യുവതികള്‍ക്ക് ഇശ്റത്ത് ജഹാന്‍െറ ഗതി വരുമായിരുന്നു.  തെളിവുകള്‍ വ്യാജമായി നിര്‍മിക്കുന്നതില്‍ വിദഗ്ധരാണ് നമ്മുടെ അന്വേഷണ ഏജന്‍സികള്‍.   നിങ്ങള്‍ ഇഫ്തികാര്‍ ഗീലാനിയുടെ പുസ്തകം  ‘Hundred Days in Jail’ വായിച്ചുനോക്കൂ. എങ്ങനെയാണ് അവര്‍ ഗീലാനിക്കെതിരെ  വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെടുത്തതെന്ന് അതില്‍ വിവരിക്കുന്നുണ്ട്. ഗീലാനിയുടെ ഭാഗ്യം. നിരവധി പത്രപ്രവര്‍ത്തക സഹപ്രവര്‍ത്തകര്‍ അയാള്‍ക്കൊപ്പം നില്‍ക്കുകയും അയാള്‍ക്ക് വേണ്ടി കേസ് നടത്തുകയും ചെയ്തു. അതുകൊണ്ടുമാത്രം ഗീലാനി  രക്ഷപ്പെട്ടു. അത്തരം സഹായം ലഭിക്കാന്‍ കെല്‍പില്ലാത്ത നൂറുകണക്കിന് മുസ്ലിംയുവാക്കള്‍ ഇപ്പോഴും ജയിലുകളില്‍ അവരുടെ യൗവനം തള്ളിനീക്കുകയാണ്. അവരുടെ ദുരവസ്ഥ സങ്കല്‍പിക്കാനാവുന്നതിനപ്പുറമാണ്.

ചില മുസ്ലിം പ്രദേശങ്ങള്‍ പൊലീസ് ഉന്നമിടുന്നു.  അവിടം ഭീകരവാദികളുടെ കേന്ദ്രമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഇതേക്കുറിച്ച്...
* ശരിയാണ്. അതൊക്കെ വളരെ ആസൂത്രിതമായാണ് നടക്കുന്നത്. പിന്നാക്കാവസ്ഥയില്‍നിന്ന് മുന്‍നിരയിലേക്ക് വരാന്‍ ശ്രമിക്കുന്ന മുസ്ലിം പ്രദേശങ്ങളെ പിന്നോട്ടുവലിക്കുകയാണ് ലക്ഷ്യം. അഅ്സംഗഢ്, ദര്‍ബംഗ തുടങ്ങിയ പ്രദേശങ്ങള്‍ തീവ്രവാദത്തിന്‍െറ വിളനിലമായി പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നു.  ഇത്തരം പ്രദേശങ്ങളിലെ മുസ്ലിംകള്‍ സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നില്‍ നില്‍ക്കുന്നവരാണ്. പിന്നാക്കാവസ്ഥയില്‍നിന്ന് പുറത്തുകടക്കാന്‍ തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ വലിയ പ്രയത്നം ആ പ്രദേശത്തുള്ളവര്‍ നടത്തുന്നുണ്ട്. വലിയ പ്രയാസം സഹിച്ച് ഗ്രാമത്തിന് പുറത്ത് കുട്ടികളെ പഠിക്കാന്‍ അയക്കുന്നു. ഇത്തരത്തില്‍ പഠിക്കാന്‍ ദല്‍ഹിയിലും മറ്റും വന്ന യുവാക്കളില്‍ നിരവധി പേര്‍ ഭീകരമുദ്ര ചാര്‍ത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടു. ഇപ്പോള്‍ അവിടത്തെ രക്ഷിതാക്കള്‍ക്ക് കുട്ടികളെ പഠിക്കാന്‍ പുറത്തുവിടാന്‍ പേടിയാണ്. പഠിക്കാന്‍ വിട്ട മക്കളെ പൊലീസ് വേട്ടയാടുമെന്ന ഭീതിയില്‍  അവരെ ദല്‍ഹിയിലോ അലീഗഢിലോ അല്ളെങ്കില്‍ മറ്റെവിടെയെങ്കിലുമോ അയക്കാന്‍ രക്ഷിതാക്കള്‍ തയാറല്ല. അത്തരമൊരു കടുത്ത ഭീതിയുടെ കരിമേഘത്തിന് കീഴിലാണ് മുസ്ലിംകേന്ദ്രങ്ങള്‍.  ഒരു സമൂഹത്തെ ഭീതിയിലേക്ക് തള്ളിയിട്ട് നശിപ്പിക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്.  ഇതൊക്കെ വളരെ ആസൂത്രിതമാണ്.

യു.എ.പി.എ പോലുള്ള നിയമങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പരിധിയില്ലാത്ത അധികാരമാണ് നല്‍കുന്നത്. അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍?
* അതെ. ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന അമിതാധികാരം വലിയ പ്രശ്നമാണ്. ഇതേക്കുറിച്ച് നമ്മെ ഭരിക്കുന്ന രാഷ്ട്രീയക്കാരന്‍ വേണ്ടത്ര ബോധവാന്മാരല്ല. രാഷ്ട്രീയക്കാരുടെ മക്കളില്‍ ആരും ഭീകരവേട്ടയുടെ ഇരകളായിട്ടില്ല. അതുകൊണ്ടായിരിക്കാം ഇതൊന്നും ശ്രദ്ധിക്കാന്‍ അവര്‍ക്ക് സമയം ലഭിച്ചിട്ടില്ല. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ചെയ്തുകൂട്ടുന്നത് രാജ്യത്തിന് വലിയ ഭീഷണിയാണ് ഉണ്ടാക്കിയിട്ടുള്ളത്. കാരണം, ഒരു സമൂഹം വിവേചനവും അപമാനവുമൊക്കെ സഹിക്കുന്നതിന് ഒരു  പരിധിയുണ്ട്. വിവേചനം അവസാനിപ്പിക്കാന്‍ സാധിച്ചില്ളെങ്കില്‍ അത് വലിയ പ്രത്യാഘാതങ്ങളിലായിരിക്കും ചെന്നത്തെുക.

ഭീകരവേട്ടയുടെ പേരിലുള്ള വ്യാജ കേസുകള്‍ പുറത്തുവന്നിട്ടും വ്യാജകേസുകളുണ്ടാക്കിയ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.
* ശരിയാണ്. ഉദ്യോഗസ്ഥര്‍ക്ക് വലിയ തോതിലുള്ള പരിരക്ഷയാണ് ലഭിക്കുന്നത്. അത് വലിയൊരു പ്രശ്നമാണ്. വ്യാജ കേസുകള്‍ നിര്‍മിച്ച് യുവാക്കളെ വേട്ടയാടുന്ന പൊലീസ് ഓഫിസര്‍ ശിക്ഷിക്കപ്പെടുമെന്ന നിലവന്നാല്‍ ഭീകരവേട്ടയുടെ പേരിലുള്ള പീഡനത്തിന്‍െറ പകുതി അവസാനിക്കും. എന്നാല്‍, അവര്‍ക്ക് ഒന്നും സംഭവിക്കുന്നില്ളെന്ന് മാത്രമല്ല, പ്രമോഷനും ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യുന്നു. വിവാദമായ ബട്ല ഹൗസ് ഏറ്റുമുട്ടല്‍ ഉണ്ടാക്കിയ ഓഫിസര്‍ക്ക് ഉടന്‍ സ്ഥാനക്കയറ്റമാണ് ലഭിച്ചത്.  ആളുകളെ പിടിച്ചുകൊണ്ടുപോയി കൊല്ലുകയും വ്യാജ തെളിവുകള്‍ നിര്‍മിക്കുകയും ചെയ്യുന്നത് സ്ഥാനക്കയറ്റത്തിനുള്ള എളുപ്പവഴിയായി അംഗീകരിക്കപ്പെട്ടപോലെയാണ് കാര്യങ്ങള്‍. കശ്മീരിലും വടക്കുകിഴക്കന്‍ മേഖലയിലും പ്രശ്നം പരിഹരിക്കപ്പെടണമെന്ന് സുരക്ഷാ ഏജന്‍സികള്‍ ആഗ്രഹിക്കുന്നേയില്ല. കാരണം, പ്രശ്നമവസാനിച്ചാല്‍ ആളുകളെ കൊല്ലാനാവില്ല. കൊല്ലാതെ ധീരതക്കുള്ള മെഡലുകളും എളുപ്പത്തിലുള്ള സ്ഥാനക്കയറ്റവും ലഭിക്കില്ലല്ളോ. നിങ്ങള്‍ ഓര്‍ക്കുന്നില്ളേ? നേരത്തേ ഗുജറാത്തില്‍ ഏറക്കുറെ എല്ലാ ദിവസവുമെന്നപോലെ ഏറ്റുമുട്ടല്‍മരണങ്ങള്‍ നടക്കുമായിരുന്നു. മോഡിയെ കൊല്ലാന്‍ വന്നവരെന്ന പേരില്‍ എത്രപേരെയാണ് പൊലീസ് പിടികൂടിയത്. പിന്നീട് കൊന്നത്. വ്യാജ ഏറ്റുമുട്ടലിന്  നേതൃത്വം നല്‍കിയ വന്‍സാരയെപോലുള്ള ഓഫിസര്‍മാര്‍  പിടിക്കപ്പെട്ടതോടെ ഏറ്റുമുട്ടല്‍ കൊല ഏറക്കുറെ അവസാനിച്ചില്ളേ. ഇപ്പോള്‍ മോഡിയെ കൊല്ലാന്‍ ആരും വരുന്നില്ല! ഭീകരവേട്ടയുടെ പേരിലുള്ള വ്യാജ കേസുകള്‍ കണ്ടത്തെി അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ പിടികൂടാന്‍ തുടങ്ങിയാല്‍ മുസ്ലിം യുവാക്കളെ അന്യായമായി പിടിച്ചുകൊണ്ടുപോകുന്നതും തുടര്‍ന്നുള്ള പീഡനവും ഒരു പരിധിവരെ അവസാനിക്കും.

ഭീകരതയുമായി ബന്ധപ്പെട്ട മിക്ക കേസുകളിലും ശക്തമായ തെളിവുകള്‍ അവതരിപ്പിക്കാന്‍ പൊലീസിന് കഴിയാറില്ല. അപ്പോഴും കുറ്റാരോപിതര്‍ക്ക് ജാമ്യത്തിന്‍െറ ആനുകൂല്യം നല്‍കാന്‍പോലും കോടതികള്‍ വിസമ്മതിക്കുന്നു. മഅ്ദനിയുടെ കേസ് ഒരു ഉദാഹരണമാണ്.
* വളരെ ശരിയാണ്. കോടതിയുടെ ഇക്കാര്യത്തിലുള്ള നിലപാട് നിരാശാജനകമാണെന്ന് പറയാതിരിക്കാനാവില്ല. ഒരു സമൂഹം വര്‍ഗീയവത്കരിക്കപ്പെടുമ്പോള്‍ അത് എല്ലാവരിലേക്കും പടരുന്നു. കഴിഞ്ഞ 25 -30 വര്‍ഷംകൊണ്ട് നമ്മുടെ രാജ്യത്തിന്‍െറ പൊതുബോധം വളരെയേറെ വലതുപക്ഷവത്കരിക്കപ്പെട്ടിരിക്കുന്നു.  സമൂഹത്തിന്‍െറ പൊതുമനസ്സ് അങ്ങേയറ്റം വര്‍ഗീയവുമായിരിക്കുന്നു. അത് ജുഡീഷ്യറിയെ ബാധിച്ചിട്ടുണ്ട്. പൊലീസിനെ ബാധിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരനെയും ബാധിച്ചിട്ടുണ്ട്്. ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്ന മിക്കവരും മുസ്ലിം വിരുദ്ധരാണ്. ദലിത് വിരുദ്ധരാണ്. ആദിവാസി വിരുദ്ധരാണ്. എല്ലാറ്റിലുമുപരി അവര്‍ പാവങ്ങള്‍ക്ക് എതിരാണ്. ഗുജറാത്തില്‍ പ്രതി മുസ്ലിം ആണെങ്കില്‍ അയാള്‍ക്കെതിരെ മാല പൊട്ടിച്ച പെറ്റിക്കേസാണെങ്കില്‍പോലും ജാമ്യം ലഭിക്കില്ല.  മുസ്ലിമിന്‍െറ കാര്യം വരുമ്പോള്‍  എല്ലാ നിയമവും തത്ത്വവും അവിടെ അവസാനിക്കുന്നു. നിങ്ങള്‍ പറഞ്ഞ അബ്ദുന്നാസിര്‍ മഅ്ദനിയുടേതുപോലുള്ള ജുഡീഷ്യറിയുടെ പക്ഷപാതം വ്യക്തമാക്കുന്ന നിരവധി കേസുകളുണ്ട്. ഞങ്ങള്‍ ഗുജറാത്തില്‍ നടത്തിയ വസ്തുതാന്വേഷണത്തില്‍ അത്തരം നിരവധി പേരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഭീകരകേസുകളിലുള്‍പ്പെട്ട മുസ്ലിം തടവുകാര്‍ക്ക്  ഉമ്മയോ ഭാര്യയോ മരിച്ചാല്‍പോലും പരോളില്ല.  ഇതാണ് ഞങ്ങള്‍ ഉന്നയിക്കുന്ന കാതലായ പ്രശ്നം. ഭീകരതയെക്കുറിച്ച്  അന്വേഷിക്കുന്നതിന് ഞങ്ങള്‍ എതിരല്ല. പക്ഷേ, അതിന്‍െറ പേരില്‍ നാട്ടിലെ നിയമങ്ങള്‍ കാറ്റില്‍ പറത്താന്‍ പാടില്ല.  കേസുകള്‍ വ്യാജമായി നിര്‍മിക്കപ്പെടരുത്. അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. ജാമ്യത്തിനും പരോളിനുമുള്ള പൗരന്‍െറ അവകാശം നിഷേധിക്കരുത്. ഇതാണ് ഞങ്ങള്‍ മുഖ്യമായും പറയുന്നത്.

ഭീകരവിരുദ്ധ നടപടിയുടെ പേരിലുള്ള മനുഷ്യാവകാശ ലംഘനം നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും എത്രത്തോളം തിരിച്ചറിയുന്നുണ്ട്?
* ഞാന്‍ മനസ്സിലാക്കുന്നത് അവ ര്‍ ഒരു കാര്യം മാത്രമാണ് തിരിച്ചറി ഞ്ഞിട്ടുള്ളത് എന്നാണ്. അതായത്, മുസ്ലിംകളില്‍ ഭൂരിപക്ഷവും ഭീകര രാണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്!  എല്ലാ മാധ്യമങ്ങളെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. എല്ലാ പത്രങ്ങളിലും ചാനലുകളിലും യാഥാര്‍ഥ്യം തിരിച്ചറിയുന്ന കുറച്ച് പത്രപ്രവര്‍ത്തകരെങ്കിലുമുണ്ട്. വേട്ടയാടപ്പെടുന്നവരോട് അനുഭാവമുള്ളവരാണ് അവര്‍.  അതേക്കുറിച്ച് എഴുതുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അവരുടെ റിപ്പോര്‍ട്ടുകള്‍ പലപ്പോഴും പ്രസിദ്ധീകരിക്കപ്പെടാറില്ല. നമ്മുടെ നാട്ടിലും മാധ്യമങ്ങള്‍ ഏറെയും കോര്‍പറേറ്റുകളുടെ നിയ ന്ത്രണത്തിലാണ്. ഭരണകൂടവും  ബ്യൂറോക്രസിയും ആഗ്രഹിക്കുന്ന രീതിയിലാണ് കോര്‍പറേറ്റ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുക. അവര്‍ക്ക് പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ വിഷയമല്ല. രാഷ്ട്രീയക്കാരും അങ്ങനെതന്നെ. മുസ്ലിം സ്വത്വത്തെ തകര്‍ത്തെറിയാന്‍ അന്താരാഷ്ട്ര തലത്തില്‍തന്നെ സാമ്രാജ്യത്വം നീക്കം നടത്തുന്നു. നമ്മുടെ രാഷ്ട്രീയക്കാരും അതിനൊപ്പം ചേരുന്നവരാണ്. അതുകൊണ്ടാണ് ഇവിടെ ന്യൂനപക്ഷവേട്ട ഒൗദ്യോഗികമായിതന്നെ അരങ്ങേറുന്നത്.

സ്വാമി അസിമാനന്ദയുടെ കുറ്റസമ്മതത്തോടെ ഹിന്ദുത്വ ഭീകരത പുറത്തുവന്നു. എന്നാല്‍, നമ്മുടെ പൊലീസും മാധ്യമങ്ങളും ഇത് വേണ്ടവിധത്തില്‍ അന്വേഷിച്ചിട്ടുണ്ടോ?
* സംഘ്പരിവാര്‍ ഭീകരശൃംഖല വളരെ വലുതാണ്. അതേക്കുറിച്ച് പുറത്തുവന്ന വിവരങ്ങള്‍ വളരെക്കുറച്ച് മാത്രമാണ്. ഹിന്ദുത്വ ഭീകരതയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആഭ്യന്തര മന്ത്രാലയത്തിന്‍െറ കൈ വശമുണ്ട്. പക്ഷേ, അത്  അവര്‍ മൂടിവെച്ചിരിക്കുകയാണ്. ആ വിവരങ്ങളൊന്നും അവര്‍ പത്രങ്ങള്‍ക്ക് നല്‍കുന്നില്ല. കണ്ടുപിടിക്കാന്‍ പത്രക്കാര്‍ ശ്രമിക്കുന്നുമില്ല. ഭൂരിപക്ഷം മാധ്യമങ്ങളും പൊലീസിന്‍െറ കുഴലൂത്തുകാരാണ്. പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍. പ്രതിസ്ഥാനത്ത് മുസ്ലിം ആണെങ്കില്‍ മാത്രമേ മുഖ്യധാരാ മാധ്യമങ്ങള്‍ വീറും വാശിയും കാണിക്കുകയുള്ളൂ. ഹിന്ദുത്വ ഭീകരത അവര്‍ മനഃപൂര്‍വം വിട്ടുകളയുകയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഹിന്ദുത്വ ഭീകരതയുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍  ശ്രമിക്കുന്നവര്‍ ഇല്ലാതാക്കപ്പെടുകയും ചെയ്യുന്നു. അത് ഹേമന്ദ് കര്‍ക്കരെ അല്ളെങ്കില്‍ ശാഹിദ് ആസ്മി ആണെങ്കില്‍പോലും.  പുണെ ജയിലില്‍ പൊലീസിന്‍െറ ഒത്താശയില്‍ കൊല്ലപ്പെട്ട ഖതീലിനും സംഭവിച്ചത് അതായിരിക്കാം. ഹിന്ദുത്വ ഭീകരതയുടെ എന്തെങ്കിലും വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ ഖതീല്‍ ശ്രമിച്ചിട്ടുണ്ടാകാം. സംഘ്ഭീകരതയെക്കുറിച്ച് ഒരു പരിധിക്കപ്പുറം അന്വേഷിച്ചുചെന്നാല്‍, അയാള്‍ സുരക്ഷിതനല്ല.

ആഭ്യന്തര മന്ത്രാലയത്തില്‍ ചിദംബരം വന്നതിനുശേഷം എന്തെങ്കിലും മാറ്റം?
* മാറ്റമൊന്നും ഞാന്‍ കാണുന്നില്ല. വേണമെങ്കില്‍, നേരത്തേ മോശമായിരുന്നു ഇപ്പോള്‍ കൂടുതല്‍ മോശമായെന്നു പറയാം.  മന്ത്രിമാര്‍ മാറുന്നതുകൊണ്ട് കാര്യമായ മാറ്റമുണ്ടാവില്ല. കാരണം, വലതുപക്ഷ ചിന്താഗതിയുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണ ഏജന്‍സികളില്‍  കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വ്യാജഏറ്റുമുട്ടല്‍ വീരന്‍ വന്‍സാരയുടെ അടുത്തയാളായ പല ഉദ്യോഗസ്ഥരും ഇപ്പോള്‍ ഐ.ബിയുടെ ഉന്നതങ്ങളിലുണ്ട്.
നേരത്തേയുണ്ടായിരുന്ന മന്ത്രി ശിവരാജ് പാട്ടീല്‍ ആളുകള്‍ക്ക് പ്രാപ്യനായിരുന്നു. അന്ന് മന്ത്രിയുമായി ആശയവിനിമയം സാധിക്കുമായിരുന്നു. പരാതിപറയാന്‍ ചിദംബരത്തെ കാണാന്‍പോലും കിട്ടില്ളെന്നാണ് ആളുകള്‍ പറഞ്ഞതില്‍നിന്ന് മനസ്സിലാക്കാനായത്.

ന്യൂനപക്ഷങ്ങളില്‍ വളര്‍ന്നുവരുന്ന അന്യതാബോധം വലിയ സുരക്ഷാ ഭീഷണിയാണെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പറയുകയുണ്ടായി.  യോജിക്കുന്നുണ്ടോ?
* തീര്‍ച്ചയായും. സത്യമാണ് നിങ്ങളുടെ മുഖ്യമന്ത്രി പറഞ്ഞത്. ന്യൂനപക്ഷം ഭീതിയില്‍ കഴിയേണ്ടി വരുന്ന സാഹചര്യം ജനാധിപത്യത്തിന് ഉയര്‍ത്തുന്ന ഭീഷണി വളരെ വലുതാണ്. ഒരു വിഭാഗത്തെ ഭീതിയിലും അരക്ഷിതാവസ്ഥയിലും തള്ളിവിട്ട് ബാക്കിയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒരു സര്‍ക്കാറിനും കഴിയില്ല.  ന്യൂനപക്ഷത്തെ അന്യവത്കരിക്കുന്നത് സര്‍ക്കാറിന്‍െറ ഭാഗമായ ഉദ്യോഗസ്ഥര്‍തന്നെയാണ്. അവര്‍ക്ക് നല്‍കപ്പെട്ട അധികാരത്തിന്‍െറ ദുര്‍വിനിയോഗമാണ് പ്രശ്നം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഭരണകൂടം ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവാന്മാരല്ല.

സര്‍ക്കാറിനോട്, മാധ്യമങ്ങളോട്  ഇക്കാര്യത്തില്‍ താങ്കള്‍ക്ക് പറയാനുള്ളത്?
* സത്യം പറഞ്ഞാല്‍ കോണ്‍ഗ്രസില്‍ എനിക്ക് ഒട്ടും വിശ്വാസമില്ലാതായിരിക്കുന്നു. അതുകൊണ്ടുതന്നെ അവരോട് എന്തെങ്കിലും അഭ്യര്‍ഥന നടത്തേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. രണ്ടു തവണ കാലാവധി മുഴുവന്‍ ഭരിക്കാന്‍ അവസരം ലഭിച്ചിട്ടും അവര്‍ ഒന്നും ചെയ്തില്ല. സംഘ്പരിവാര്‍ ഭരണം വര്‍ഗീയവത്കരിച്ച സമൂഹത്തെ വര്‍ഗീയതയില്‍നിന്ന് മുക്തമാക്കാന്‍ ഒരു ശ്രമവും യു.പി.എ നടത്തിയില്ല. മാത്രമല്ല, സംഘ്പരിവാര്‍ അജണ്ടകള്‍ അതേപടി നടപ്പാക്കുന്നതിനുള്ള സാഹചര്യം വലതുപക്ഷപാതികളായ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു. എന്‍.ഡി.എയെ പുറന്തള്ളി യു.പി.എയെ ജനങ്ങള്‍ അധികാരത്തിലേറ്റിയപ്പോള്‍ അവര്‍ക്ക് ചെയ്യാനുണ്ടായിരുന്ന മുഖ്യജോലി സമൂഹത്തെ വര്‍ഗീയവത്കരണത്തില്‍നിന്ന് തിരിച്ചുനടത്തുകയെന്നതായിരുന്നു. അതുണ്ടായില്ല. പകരം,  ന്യൂനപക്ഷങ്ങള്‍ക്ക് ചില്ലറ സ്കോളര്‍ഷിപ്പുകള്‍ നല്‍കി. മുസ്ലിംകേന്ദ്രങ്ങളില്‍ എന്തെങ്കിലും വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് സ്കോളര്‍ഷിപ് നല്‍കുന്നത് നല്ലകാര്യംതന്നെയാണ്. കുറച്ചുപേര്‍ക്ക് സ്കോളര്‍ഷിപ്. അങ്ങിങ്ങ് ചില്ലറ വികസന പദ്ധതികള്‍. അതുകൊണ്ടുമാത്രം ഏതെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുല്യാവകാശം നല്‍കിയെന്ന് പറയാനാവില്ല. യു.പി.എ സര്‍ക്കാര്‍ അമേരിക്കയോടും ഇസ്രായേലിനോടുമുള്ള അതിരുകടന്ന ചങ്ങാത്തം നിലനിര്‍ത്തുന്നിടത്തോളം കാര്യങ്ങള്‍ ഇങ്ങനെതന്നെ തുടരുമെന്നാണ് എനിക്ക് തോന്നുന്നത്.

ഈ ഘട്ടത്തില്‍ ഇന്ത്യയിലെ ഇടതുപക്ഷത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷക്ക് വകയുണ്ടോ?
* ഇടതുപക്ഷം ഞങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. നിര്‍ഭാഗ്യവശാല്‍ അവരുടെ സാന്നിധ്യം കാണാനേയില്ല. മുസ്ലിം പ്രശ്നങ്ങളില്‍ പ്രത്യേകിച്ച് ഭീകരതയുടെ പേരിലുള്ള മുസ്ലിം വേട്ടക്കെതിരെ അവര്‍ ഒന്നും ചെയ്യുന്നില്ല. 2008ല്‍ ഞങ്ങള്‍ ഈ വിഷയത്തില്‍ വസ്തുതാന്വേഷണം നടത്തിയപ്പോള്‍  നിങ്ങള്‍ ഭീകരര്‍ക്ക് വേണ്ടിയാണോ വാദിക്കുന്നതെന്നാണ് ചില ഇടതുനേതാക്കള്‍  ചോദിച്ചത്.
അറിയുക, പിന്നീട് ആ ചെറുപ്പക്കാരൊക്കെ കുറ്റവിമുക്തരാക്കപ്പെടുകയാണുണ്ടായത്. വ്യാജ കേസുകള്‍ എങ്ങനെ കെട്ടിച്ചമക്കപ്പെടുന്നുവെന്നത് ഇടതുനേതൃത്വം അറിയുന്നില്ളെന്നതാണ് പ്രശ്നം. നമ്മുടെ രാജ്യത്ത് മുസ്ലിംകള്‍ നേരിടുന്ന കടുത്ത വിവേചനത്തിന്‍െറ ആഴം മനസ്സിലാക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടില്ളെന്ന് തോന്നുന്നു.  രാജ്യം വര്‍ഗീയവത്കരിക്കപ്പെട്ടത് അതിന്‍െറ ആഴത്തിലും പരപ്പിലും അവര്‍ കണക്കിലെടുക്കുന്നുമില്ല. അതുകൊണ്ടുതന്നെ  മുസ്ലിംവിഷയങ്ങളില്‍ അവര്‍ മുന്നോട്ടുവരുന്നുമില്ല. ഇടതുപാര്‍ട്ടികള്‍ ഏറ്റെടുത്ത് പോരാട്ടം നടത്തേണ്ട വിഷയമാണ് ന്യൂനപക്ഷങ്ങളോടുള്ള വിവേചനം. അവര്‍ക്ക് അക്കാര്യത്തില്‍ ആദര്‍ശപരമായ ബാധ്യതയുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍ അവര്‍ അതില്‍ ഇടപെടും. ഇടപെടുന്നില്ലായെന്നതിന്‍െറ അര്‍ഥം അത് വേണ്ടവിധം അവര്‍ മനസ്സിലാക്കിയിട്ടില്ല എന്നുതന്നെയാണ്. ന്യൂനപക്ഷവേട്ട മാത്രമല്ല, ഇടതുപക്ഷം ഏറ്റെടുത്തു നടത്തേണ്ട ഒട്ടേറെ പ്രശ്നങ്ങള്‍ ഉത്തരേന്ത്യയിലുണ്ട്. അവിടെയൊന്നും അവരെ കാണാനില്ളെന്നു മാത്രമല്ല, ഉണ്ടായിരുന്ന സംസ്ഥാനങ്ങളില്‍കൂടി അവര്‍ ഇല്ലാതാവുകയാണ്.

ഇത്തരമൊരു പ്രതികൂല സാഹചര്യത്തില്‍ മുസ്ലിം സമുദായത്തോട് താങ്കള്‍ക്ക് പറയാനുള്ളത്?
* എനിക്ക് മുസ്ലിംകളോട് പറയാനുള്ളത് പൗരാവകാശ വിഷയങ്ങളില്‍ കൂടുതല്‍ സജീവമായി രംഗത്തുവരണമെന്നാണ്. മറ്റ് മതേതര കൂട്ടായ്മകള്‍ക്കൊപ്പംനിന്നാണ് അത് ചെയ്യേണ്ടത്. പൗരാവകാശ പ്രശ്നങ്ങളുയര്‍ത്തി മുസ്ലിംകള്‍ സ്വന്തം സംഘടനകള്‍ രൂപവത്കരിച്ച് രംഗത്തുവരുന്നത് എന്ത് ഫലമാണ് ചെയ്യുക? ഒന്നും ചെയ്യില്ല. നമ്മുടെ പ്രശ്നങ്ങള്‍ ഇതരസമൂഹത്തെക്കൂടി ബോധ്യപ്പെടുത്താന്‍ കഴിയണം. എല്ലാവരുടെയും പിന്തുണയോടേ പരിഹാരം സാധ്യമാകൂ. ഭരണകൂടത്തിന്‍െറ വിവേചനത്തിനെതിരെയുള്ള പോരാട്ടംപോലും മതനേതൃത്വത്തിന്‍െറ കാര്‍മികത്വത്തിന് വിട്ടുകൊടുക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എല്ലാം മതനേതൃത്വത്തില്‍ സമര്‍പ്പിച്ച് സമുദായത്തിനുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നത് തെറ്റായ സമീപനമാണ്. മുസ്ലിംകള്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം പോയതില്‍ സര്‍ക്കാറുകള്‍ക്കെന്നപോലെ മതനേതൃത്വത്തിനും വലിയ പങ്കുണ്ട്.
സമുദായം പിന്നാക്കാവസ്ഥയില്‍ നില്‍ക്കേണ്ടത് നേതൃത്വത്തിന്‍െറ ആവശ്യമാണ്. അപ്പോള്‍ മാത്രമേ അവരെ തങ്ങളുടെ താല്‍പര്യത്തിനൊത്ത് വളച്ചെടുക്കാനും  മുസ്ലിം വോട്ടുബാങ്കിന്‍െറ പേരില്‍ സര്‍ക്കാറുമായി വിലപേശി കാശും ആനുകൂല്യങ്ങളും വാങ്ങാനും നേതാക്കള്‍ക്ക് സാധിക്കുകയുള്ളൂ. അതിനാല്‍, മുസ്ലിംകളിലെ അഭ്യസ്തവിദ്യര്‍  രംഗത്തുവരേണ്ടത് വളരെ പ്രധാനമാണ്. മതേതര കൂട്ടായ്മകള്‍ക്കൊപ്പം ചേര്‍ന്ന് തങ്ങളുടെ വിഷയം ഉന്നയിക്കാന്‍ അവര്‍ക്ക് കഴിയണം.  മുസ്ലിം സമുദായത്തിനകത്ത് മാത്രം ഒതുങ്ങിപ്പോകരുത്.
സാമുദായികമായി സംഘടിക്കുന്നത് ഒരിക്കലും പരിഹാരമല്ല. മുസ്ലിംകള്‍ക്ക് മാത്രമായി സംഘ്പരിവാറിനെ തോല്‍പിക്കാനോ ഭീഷണി അതിജീവിക്കാനോ സാധിക്കില്ല.

‘അന്‍ഹദി’നെക്കുറിച്ച് രണ്ടുവാക്ക്...
* അന്‍ഹദിന് ഇപ്പോള്‍ പത്തുവയസ്സാകുന്നു. ന്യൂനപക്ഷ, പൗരാവകാശ പ്രശ്നങ്ങളിലാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. ജനാധിപത്യവും മതേതരത്വവും ശക്തിപ്പെടുത്തുന്നതിന് സാധ്യമായ സംഭാവനകള്‍ ചിന്തയിലും പ്രവര്‍ത്തനത്തിലും നല്‍കിക്കൊണ്ടിരിക്കുന്നു.
വളരെ വിശാലമായ കാഴ്ചപ്പാടാണ് ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത്. ലഭിക്കുന്ന പിന്തുണ ആശാവഹവുമാണ്. പക്ഷേ, ആളുകള്‍ വളരെയേറെ  പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, നമുക്ക് ആളും വിഭവങ്ങളും പരിമിതമാണ്. ദല്‍ഹിയില്‍ മൂന്നുനാലുപേര്‍. ഗുജറാത്തിലും കശ്മീരിലും രണ്ടുമൂന്നുപേര്‍. അത്രയേ ഉള്ളൂ അന്‍ഹദിന്‍െറ പ്രവര്‍ത്തകര്‍. പ്രയാസം സഹിച്ചാണ് മുന്നോട്ടുപോകുന്നത്. എത്രകാലം ഇതുമായി മുന്നോട്ടുപോകാനാവുമെന്ന് അറിയില്ല.
കാരണം,  വേട്ടയാടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും അതില്‍ ഇടപെടുകയും ചെയ്യുകയെന്നത് ശാരീരികമായും മാനസികമായും ഏറെ വിഷമമുണ്ടാക്കുന്ന ജോലിയാണ്.


കവര്‍സ്റ്റോറി

മുന്‍ ലക്കങ്ങള്‍