ഖനനത്തിന്‍െറ പ്രശ്നങ്ങള്‍ | Madhyamam Weekly
Weekly


ഖനനത്തിന്‍െറ പ്രശ്നങ്ങള്‍

സംപ്രീത

അങ്ങനെ ഒരവധിക്കാലത്ത്
ഗോതുരുത്തിനു മുന്നില്‍, കല്ലുകൂമ്പാരത്തില്‍ കേറി,
ചരിത്രത്തിനു അജ്ഞാതമായി നില്‍ക്കുന്ന കുറെ കണ്ണുകള്‍.
നോട്ടത്തില്‍ കുഴിയാനകളുടെ ചലനങ്ങള്‍ മാത്രം.
പണ്ടൊരു കാടുണ്ടായിരുന്നു എന്നേ അറിയാവൂ.
പണ്ടൊരു വെള്ളച്ചാട്ടം എന്നും ചെറിയ ചില മറ്റുചിലതും.

ഉടയ്ക്കപ്പെട്ട, അല്ല, തകര്‍ക്കപ്പെട്ട എന്തോ ‘സൈസ്’കോട്ടയാണ്
അവരുടെ വാക്കുകളില്‍.
പൊളിഞ്ഞുപാളീസായി എന്നും
അടിച്ചുകസര്‍ത്തി എന്നും മറ്റും.
ബോധ്യങ്ങളോ, ചമ്മലുകളോ ഇല്ലാത്ത കൊച്ചുവര്‍ത്താനം കേട്ട്
വെപ്രാളത്തിന്‍െറ ഇരകളെ നിമിഷങ്ങള്‍ വരക്കുമ്പോള്‍
പെട്ടെന്ന് അതാ എന്തോ വരുന്നു.
വസൂരിക്കുരുക്കളും
മഞ്ഞപ്പൊടിത്തൂളും ചിതറിയ ഭൂമിയിലേക്ക്
പ്രച്ഛന്നവേഷക്കാരനെത്തേടി ഒരു മോഹവിമാനം പറന്നിറങ്ങുന്നു.
ദ്വാരപാലകന്‍െറ തമിഴും
ആദ്യനായനാരുടെ അറബും കൂടിച്ചേര്‍ന്ന് ഒരുതരം ശബ്ദം
ഒരു സഹായം ചോദിക്കുന്നു.
‘‘എനിക്ക് ദുര്‍മരണം വേണ്ട.
ഈ തുറ കടലെടുക്കട്ടെ’’എന്ന് തപസ്സിരുന്ന പ്രച്ഛന്നമായാവിയോട്
ആ യാത്രികന്‍.
സ്വര്‍ണം ഒരു മാനായിരുന്നു എന്ന്
ദൂരെ പുതുതുരുത്തിലേക്ക് നോക്കിനിന്ന സ്തൂപത്തെ നോക്കി
യുവക്കൂട്ടത്തിലെ ഒരു സ്റ്റൈലന്‍.

അങ്ങനെ കുറച്ചുകഴിഞ്ഞു
‘‘കല്ലുംമേ നില്‍ക്കണ’’ പുതുപടകള്‍ ഒരു ഓട്ടം പ്ളാന്‍ ചെയ്തു.
‘‘പൊളിയരുത് ട്ടാ...
എല്ലാരും പറയണം, പൊളിച്ചൂന്ന്’’എന്ന് കരാര്‍ വെച്ചു.
ഖനനക്കുഴിയുടെ ഇടതുപക്ഷത്തുനിന്നും
വലതുപക്ഷത്തിലേക്ക്
അഞ്ചും ചില്വാനം കണക്കില്‍ ഓടണം.
തുടക്കം വാക്കുകളില്‍, ഒന്ന്, രണ്ട്, മൂന്ന്,
ഒടുക്കം പഴയ ചാക്കുകിടക്കുന്ന ചോരവാകച്ചോട്ടില്‍.
ഓട്ടം.
സമദൂരം, അതിദൂരം, ബഹുദൂരം,
സ്മരണക്കായി കുഴിക്കുചുറ്റിലും കെട്ടിയ  
ടാഗുകളില്‍ തൂങ്ങിക്കിതച്ചു ഒരു കുഞ്ഞന്‍.
ചുറ്റിലും നടന്നുവന്നു ഒരു ആമനയക്കാരന്‍.
കരഞ്ഞുപോയി ഒരു സ്നേഹസമ്പന്നന്‍.
കഴുത്തില്‍ മണികെട്ടിയ ഒരുതരം മൈക്കല്‍ ജാക്സന്‍
തലങ്ങും വിലങ്ങും ഓടി ജയം പ്രഖ്യാപിച്ചു.
‘‘എന്താ...ഇങ്ങനെയുള്ള മാന്യന്മാരെ
പെണ്‍കുട്ടികള്‍ക്ക്  ഇഷ്ടമല്ളേ?’’എന്ന ഭാവം.
ഓടിയത് ട്രാക്ക് തെറ്റിയാണെന്നു ആകെ ഒച്ചയായപ്പോള്‍
യുവന്‍ പറഞ്ഞു,
ഇതെന്ത് കൂത്ത്?
തെറ്റി ഇഷ്ടാ...
ഇപ്പൊ ശരിയാക്കിത്തരാം.
വാറുപൊട്ടിയ ചെരിപ്പുമായി ഓടിയ വഴിയുടെ
അടയാളങ്ങളിലൂടെ വീണ്ടും ഓടി ഒരു ട്രാക്ക് വരച്ചു.
‘‘ഇപ്പൊ ശരിയായില്ളേ?’’

അതെ
അപ്പോള്‍തന്നെയാണ് അവിടേക്ക് വീണ്ടും കടല്‍ കേറിയത്.
മുച്ചിരിയോടെ.
വിമാനങ്ങള്‍ പോയിക്കഴിഞ്ഞിരുന്നു.
തുറയും മുഖങ്ങളും തുരുത്തുകളും
ടിപ്പുവും ആര്‍ക്കിയോളജിയും മറ്റു ജീകളും
കുടുങ്ങിയെന്നുപറഞ്ഞാല്‍ മതിയല്ളോ...
നീന്തല്‍ എന്തൊരു ശ്രമമാണ്.
കായല്‍ മാറി, കടലായില്ളേ...
ഇനിയിപ്പോ കുഴിതോണ്ടി പലരും തളരുമല്ളോ.

 


കവിത

മുന്‍ ലക്കങ്ങള്‍