ജീവിതത്തിന്‍െറ നാഴികക്കല്ലുകള്‍ | Madhyamam Weekly
Weekly


ജീവിതത്തിന്‍െറ നാഴികക്കല്ലുകള്‍

അനുഭവക്കുറിപ്പ്: റജാ ഗരോഡി

ഇതൊരു ആത്മാഖ്യാനമല്ല; അസാധാരണമല്ലാത്ത ഒരു ജീവിതകഥയിലൂടെ ഈ കാലഘട്ടത്തിലെ ചില സംഭവങ്ങളെ അനുസന്ധാനം ചെയ്യാനുള്ള ശ്രമം മാത്രമാണ്.
1932. അന്നെനിക്ക് വയസ്സ് 20. 1929ലെ ഗുരുതരമായ അമേരിക്കന്‍ പ്രതിസന്ധിയുടെ നിഴല്‍ യൂറോപ്പിനെ ആകെ ഗ്രസിച്ചുകഴിഞ്ഞിരുന്നു. വ്യവസായലോകത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ 70 ദശലക്ഷം. അമ്മിഞ്ഞപ്പാല്‍ ലഭ്യമല്ലാത്ത കുഞ്ഞുങ്ങള്‍. ഒരു തുണ്ട് അപ്പത്തിനുവേണ്ടി ആളുകള്‍ പരസ്പരം മല്ലടിക്കുന്നു.
ഹിറ്റ്ലര്‍ അധികാരത്തിലേറിയ കാലമായിരുന്നു 1932. ഫാഷിസ്റ്റുകള്‍ പ്രതാപത്തിന്‍െറ കൊടുമുടിയില്‍ വാഴുന്നു. മുസ്സോളിനി ഇത്യോപ്യയെ ആക്രമിച്ചു. ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും സഹായത്തോടെ ഫ്രാങ്കോ സ്പെയിനില്‍ തിരിച്ചത്തെി. ലോകം അവസാനിക്കാറായെന്നും അതിന്‍െറ അവസാന നാളുകളിലാണ് തങ്ങളെന്നുമാണ് എന്‍െറ തലമുറയിലെ യുവാക്കള്‍ അന്ന് കരുതിയിരുന്നത്.

കാറ്റും കോളും നിറഞ്ഞ ഈ വര്‍ഷം ഞാന്‍ രണ്ടു തീരുമാനങ്ങളെടുത്തു. എന്‍െറ കുടുംബപാരമ്പര്യത്തിന് വിരുദ്ധമായിരുന്നു രണ്ടു തീരുമാനങ്ങളും. എന്‍െറ കുടുംബം മുഴുവന്‍ നിരീശ്വരവാദികളായിരുന്നു. ഞാന്‍ ക്രിസ്തുമതം തെരഞ്ഞെടുത്തു. കുടുംബത്തിന്‍െറ രാഷ്ട്രീയ പാരമ്പര്യത്തിന് വിപരീതമായി കമ്യൂണിസ്റ്റ് രാഷ്ട്രീയവും തെരഞ്ഞെടുത്തു. അങ്ങനെ 1932ല്‍ ഞാന്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്രിസ്തുമതം ആശ്ളേഷിച്ചത്. പീഡനങ്ങളും അടിച്ചമര്‍ത്തലുകളും വാഴുന്ന ലോകത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജം നേടാനാണ് മാര്‍ക്സിസ്റ്റ് പാഠങ്ങള്‍ പിന്തുടര്‍ന്നത്. അരാജകത്വത്തിലേക്ക് നയിക്കുന്ന മുതലാളിത്തത്തിന്‍െറയും നാസി ഭീകരതയുടെയും ബദ്ധവിരോധികളായിരുന്നു അക്കാലത്ത് കമ്യൂണിസ്റ്റുകള്‍. ഈ രണ്ടറ്റങ്ങളും മുറുകെപ്പിടിച്ചുനില്‍ക്കാന്‍, ഏതു സമയത്തും അത് അറ്റുപോവാമെന്ന ഭയം നിലനിന്നതോടൊപ്പം തന്നെ, കാല്‍നൂറ്റാണ്ടുകാലം ഞാന്‍ കിണഞ്ഞുശ്രമിച്ചു. കമ്യൂണിസം എന്നെ സംബന്ധിച്ചിടത്തോളം ഒരു ഐഡിയോളജിയോ ലോകവീക്ഷണമോ ആയിരുന്നില്ല. ചരിത്രവുമായി ബന്ധപ്പെട്ട ഒരു രീതിശാസ്ത്രം മാത്രമായിരുന്നു. കാലഘട്ടത്തിന്‍െറയും സമൂഹത്തിന്‍െറയും വൈരുധ്യങ്ങളെ വിശദീകരിക്കാനുള്ള ശാസ്ത്രവും ഒപ്പംതന്നെ കലയും. ഈ വൈരുധ്യങ്ങളെ പിന്തുടരാനുതകുന്ന ഒരു ‘പദ്ധതി’ കണ്ടത്തൊനാണ് ഇത്തരമൊരു വിശകലനത്തിലൂടെ ഞാന്‍ ശ്രമിച്ചുപോന്നത്. എന്‍െറ അസ്തിത്വത്തിന് അര്‍ഥംപകരുന്ന വിശ്വാസത്തിനും എന്‍െറ പ്രവര്‍ത്തനത്തിന് ഊര്‍ജം നല്‍കുന്ന രീതിശാസ്ത്രത്തിനുമിടയില്‍ ഒരു വൈരുധ്യവും ഞാന്‍ കണ്ടത്തെിയില്ല. മറിച്ച്, എന്നെ സംബന്ധിച്ചിടത്തോളം അത് പരസ്പരപൂരകമായിരുന്നു. അങ്ങനെ കാല്‍നൂറ്റാണ്ടുകാലത്തിലുടനീളം ഞാന്‍ ക്രൈസ്തവ-മാര്‍ക്സിയന്‍ സംവാദത്തിന്‍െറ ആഗ്രഹവുമായി കഴിച്ചുകൂട്ടി. എനിക്കതില്‍ ഖേദം തോന്നിയിട്ടില്ല. തോന്നുന്നുമില്ല. ഇതിപ്പോള്‍ ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമുണ്ടെന്നും തോന്നുന്നില്ല. ചെറുപ്പം മുതലേ കമ്യൂണിസ്റ്റുകളില്‍ ആകൃഷ്ടനായിരുന്നു ഞാന്‍. മഗ്രിബില്‍ അബ്ദുല്‍ കരീമിനെതിരെ സാമ്രാജ്യത്വം പടനയിച്ചപ്പോള്‍ കമ്യൂണിസ്റ്റുകള്‍ മാത്രമേ അവരെ എതിര്‍ക്കാനുണ്ടായിരുന്നുള്ളൂ. സ്പെയിനില്‍ ഫ്രാങ്കോവിനെതിരെ അവരോടൊപ്പം അണിചേരാന്‍ കഴിഞ്ഞതില്‍ എനിക്കഭിമാനമുണ്ട്. ചെകോസ്ലാവാക്യയെ ഹിറ്റ്ലര്‍ക്ക് ഏല്‍പിച്ചുകൊടുക്കുന്നതിലേക്കുനയിച്ച മ്യൂണിക്കിലെ കീഴടങ്ങലിനെതിരെ അന്ന് ഞങ്ങള്‍ കമ്യൂണിസ്റ്റുകള്‍ ഒറ്റക്ക് അടിയുറച്ചുനിന്ന് പോരാടിയതിലും ഞാന്‍ അഭിമാനംകൊള്ളുന്നു.
1940 സെപ്റ്റംബര്‍ 14ന് ഹിറ്റ്ലര്‍ ഫ്രാന്‍സ് കീഴടക്കിയപ്പോള്‍ യുദ്ധമുന്നണിയില്‍നിന്ന് മടങ്ങിയ ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ എന്‍െറ നിലപാട് ശരിയാണെന്ന് എനിക്ക് കൂടുതല്‍ വ്യക്തമായി ബോധ്യപ്പെട്ടു. ഫ്രാന്‍സിലെ തോറാന്‍ മേഖലയില്‍ ഒരു ചെറുത്തുനില്‍പുസംഘത്തിന് രൂപംനല്‍കി എന്നതായിരുന്നു എന്‍െറമേല്‍ ചാര്‍ത്തപ്പെട്ട കുറ്റം. 23മാസം എനിക്ക് ജയിലില്‍ കിടക്കേണ്ടിവന്നു. നാസി പീഡന ക്യാമ്പുകളിലേക്ക് ഞാന്‍ വലിച്ചിഴക്കപ്പെട്ടു.
രാജ്യം നാസികളില്‍നിന്ന് മോചിതമായ ആദ്യ വര്‍ഷങ്ങളില്‍തന്നെ ‘ഫ്രഞ്ച് നവോത്ഥാന’ സംരംഭങ്ങളില്‍ പങ്കെടുക്കാന്‍ എനിക്ക് സാധിച്ചു. വിയറ്റ്നാമിലെ സാമ്രാജ്യയുദ്ധത്തിനെതിരെയുള്ള പോരാട്ടത്തിലും പങ്കെടുത്തു. പിന്നെ..., സ്വപ്നങ്ങള്‍ പയ്യെ പിന്‍വാങ്ങാന്‍ തുടങ്ങി. ബുഡാപെസ്റ്റുമുതല്‍ പ്രാഗ്വരെ സോഷ്യലിസത്തിന്‍െറ മുഖച്ഛായ മാറി. 1917 മുതല്‍ സ്റ്റാലിന്‍ഗ്രാഡുവരെ കാണപ്പെട്ട, പീഡിതര്‍ക്കും മര്‍ദിതര്‍ക്കും പ്രതീക്ഷ നല്‍കിയിരുന്ന സോഷ്യലിസത്തിന് നിറംമാറ്റം സംഭവിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസില്‍ സ്റ്റാലിന്‍െറ കുറ്റങ്ങളും തെറ്റുകളും പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളെ അവര്‍ ഛിദ്രം ചെയ്തു.

1964ല്‍ ‘നിര്‍മതത്വത്തില്‍നിന്ന് സംവാദത്തിലേക്ക്’ എന്ന എന്‍െറ പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ ഞാന്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ മെംബറായിരുന്നു. വത്തിക്കാനിലെ എക്യുമാനിക്കല്‍ സമിതിയെ സംവാദത്തിന് ക്ഷണിക്കുന്നതായിരുന്നു ആ പുസ്തകം. 14 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട പ്രസ്തുത കൃതിക്ക് അവതാരിക എഴുതിയത് ജര്‍മനിയിലെ ജെസ്യൂട്ട് പാതിരിയും സഭാമേധാവികളില്‍ പ്രമുഖനുമായ ഫാദര്‍ കാള്‍ റാഹ്നറായിരുന്നു. സ്നേഹത്തെ നിരസിക്കുന്ന, വിദ്വേഷഭരിതമായ ലോകത്ത് സംവാദത്തിന്‍െറ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു അത്.

പിന്നീട് യുവാക്കളില്‍ പുതിയൊരു പ്രതീക്ഷ നാമ്പിട്ടു. പുതിയൊരു വസന്തത്തിന്‍െറ പ്രതീക്ഷ. 1968ല്‍ ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭം പടിഞ്ഞാറന്‍ ഉല്‍പാദന മാതൃകയുടെ വിനാശകാരിത യുവബോധം തിരിച്ചറിഞ്ഞു. ഉല്‍പാദനത്തിനുപിന്നിലുള്ള അലച്ചപിടിച്ച ഓട്ടം, എന്തും ഉല്‍പാദിപ്പിക്കാനുള്ള ത്വര -ഇത് കൂട്ട നശീകരണായുധത്തിനു തുല്യം. ചെറുക്കപ്പെടേണ്ടതാണെന്ന ബോധത്തിലേക്ക് അവരുടെ ക്ഷുബ്ധയൗവനം ഉണര്‍ന്നു. 1968വരെ വിപ്ളവമെന്നാല്‍ വ്യവസ്ഥയുടെ പ്രതിസന്ധിയെ സ്ഥിരീകരിക്കുന്ന സിദ്ധാന്തമായിരുന്നു. എന്നാല്‍, ആ കാലംമുതല്‍ ഒരു ബദല്‍ വ്യവസ്ഥിതിയെ കുറിച്ചുള്ള സങ്കല്‍പമായി അതു മാറി. എന്നാല്‍, പടിഞ്ഞാറിന് ഈ സങ്കല്‍പം ഉള്‍ക്കൊള്ളാനായില്ല; അതെ, പടിഞ്ഞാറ് ആസകലം തന്നെയാണ് ഉദ്ദേശ്യം. സോഷ്യലിസ്റ്റ് എന്ന് അവകാശപ്പെടുന്ന രാഷ്ട്രങ്ങളും ഇതിലുള്‍പ്പെടും. ഈ രാഷ്ട്രങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അവസ്ഥപോലും അതായിരുന്നു. വികസനത്തിന്‍െറ മാതൃകയായി അവര്‍ വരിച്ചത് പടിഞ്ഞാറിന്‍െറ ഈ അമിതോല്‍പാദനവാഞ്ഛയെയാണ്. പിന്നില്‍ ‘സാമ്പത്തിക മാതൃക’യെ ഒളിപ്പിച്ചുവെച്ച ഈ ‘സാംസ്കാരിക മാതൃക’ ഒരു പ്രതിസന്ധിയെ നേരിടുകയാണെന്ന് വ്യക്തമായി തുടങ്ങി. ജീവിതത്തിന്‍െറതന്നെ അര്‍ഥത്തെ സംശയിക്കത്തക്ക തലത്തില്‍ നാഗരിക പ്രതിസന്ധി സൃഷ്ടിച്ചു എന്നതായിരുന്നു ഇതിന്‍െറ ഫലം. തങ്ങളുടെ ജീവിതത്തെയും ചരിത്രത്തെയും സംബന്ധിച്ച് യുവാക്കളില്‍ വ്യര്‍ഥതാബോധമുണ്ടാക്കുന്ന അനേകം ചിന്താധാരകള്‍ മുളപൊട്ടി. ജീവിതത്തിന്‍െറയും അസ്തിത്വത്തിന്‍െറയും മാനവികമാനങ്ങള്‍ തിരസ്കരിച്ചുകൊണ്ടു പ്രഖ്യാതനായൊരു ഭിഷഗ്വരന്‍ നമ്മുടെ അസ്തിത്വംതന്നെ കേവലം ‘യാദൃച്ഛിക’മാണെന്ന് അലക്ഷ്യമായ പഠനങ്ങളിലൂടെ സമര്‍ഥിക്കാന്‍ ഇക്കാലത്ത് ശ്രമിക്കുകയുണ്ടായി. സമാനമായ അനേകം സിദ്ധാന്തങ്ങള്‍ രംഗം കൈയടക്കി. ഈ സിദ്ധാന്തങ്ങളുടെ ദൃഷ്ടിയില്‍ മനുഷ്യന്‍ ചലിക്കുന്ന ഒരു കളിക്കോപ്പു മാത്രമായിത്തീര്‍ന്നു.
അനേകം സിദ്ധാന്തമാതൃകകളുടെ പോര്‍മുഖത്ത്, സ്വന്തം സ്വാധീന തരംഗങ്ങളുടെ പിന്മടക്കത്തോടൊപ്പംതന്നെ ഈ പ്രശ്നത്തെ ക്രൈസ്തവത ഭംഗിയായി അഭിമുഖീകരിക്കാന്‍ ശ്രമിച്ചു എന്നത് നിഷേധിക്കുന്നില്ല. എന്നാല്‍, അത് നമ്മുടെ വ്യക്തിഗത- ആഭ്യന്തര ജീവിതത്തില്‍ പരിമിതമായിരുന്നു. എന്നാല്‍, ദൈവത്തിനുള്ളതും സീസര്‍ക്കുള്ളതും, സീസര്‍ അനിവാര്യമായും പാലിക്കേണ്ട മുറകള്‍ നിര്‍ണയിക്കാതെ അത് മൗലികമായി വിഭജിച്ചുകളഞ്ഞു. ഈ ദ്വിമാനത, ശാസ്ത്രം മുതല്‍ രാഷ്ട്രീയം വരെ വ്യത്യസ്തതലങ്ങളില്‍ പരാജിതസംഘട്ടനങ്ങളിലേക്കാണ് ക്രൈസ്തവതയെ നയിച്ചത്. അങ്ങനെ രംഗം പൂര്‍ണമായും മറ്റുള്ളവര്‍ക്ക് ഒഴിഞ്ഞുകൊടുത്തു. അങ്ങനെ ശാസ്ത്രത്തെ അതിന്‍െറ മെറ്റാഫിസിക്കല്‍ മാനത്തില്‍നിന്ന് വേര്‍പെടുത്തി. ടെക്നോളജി ടെക്നോക്രാറ്റിക്കും രാഷ്ട്രീയം മാക്കിയവല്ലിസവുമായിത്തീര്‍ന്നു. സോഷ്യലിസം സങ്കുചിതമാനവിക ലോകത്തില്‍ അഥവാ സ്റ്റാലിനിസത്തില്‍ ഒതുങ്ങിയപോലെ.
പ്രവാചകനായ മുഹമ്മദ് ജീവിതത്തെ ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസറിനുമായി വിഭജിച്ചില്ല. ഒരേസമയം പ്രവാചകനും രാഷ്ട്രനായകനുമായിരുന്നു അദ്ദേഹം. ഭര്‍ത്താവും പിതാവും ന്യായാധിപനും വ്യാപാരിയും സേനാനായകനുമായിരുന്നു. വിശ്വാസത്തിനും രാഷ്ട്രീയത്തിനും, വിശ്വാസത്തിനും യുക്തിക്കുമിടയില്‍ പ്രവാചകന്‍ വിഭജനങ്ങളുണ്ടാക്കിയില്ല. ഏതെങ്കിലും  ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ഉപകരണമായിരുന്നില്ല. മറിച്ച്, ലക്ഷ്യങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ഉപകരണമായിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം യുക്തി.

പടിഞ്ഞാറ് ആസകലം സംസ്കാരത്തിന്‍െറ വെളിച്ചം പ്രസരിപ്പിച്ച ഉച്ചാവസ്ഥയില്‍ ഇസ്ലാമിക ലോകം യുക്തിയുടെനേരെ സമഗ്രവീക്ഷണം പുലര്‍ത്തി എന്നിടത്താണ് അതിന്‍െറ വ്യതിരിക്തത തെളിയുന്നത്. കാരണങ്ങളുടെയും ലക്ഷ്യങ്ങളുടെയും അന്വേഷണമേഖലകളില്‍ യുക്തി പ്രയോഗിക്കുന്നതിലെ വിഭജനം അത് നിരാകരിച്ചു. അപഗ്രഥനങ്ങളിലൂടെയും നിഗമനങ്ങളിലൂടെയും വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളില്‍നിന്ന്  നിയമങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ആവിഷ്കാരത്തിലേക്ക് നയിക്കുന്ന രീതിയാണത് സ്വീകരിച്ചത്. ഒരു ലക്ഷ്യത്തില്‍നിന്ന് മറ്റൊരു ലക്ഷ്യത്തിലേക്ക് അങ്ങനെ ലക്ഷ്യങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് അഥവാ വെളിപാടിന്‍െറ സ്വീകരണതലത്തിലേക്ക് അത് നമ്മെ നയിക്കുന്നു.

ഇന്ന് നാം ‘ശാസ്ത്രം’ എന്ന് വാദിക്കുന്നത്, ‘പടിഞ്ഞാറന്‍ ശാസ്ത്രം’ എന്ന് വിളിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നത് അപൂര്‍ണചിന്തയുടെ ഉല്‍പന്നമാണ്. കാരണം, ‘എന്തുകൊണ്ട്’ എന്ന ചോദ്യത്തിന് അതില്‍ ഒട്ടും പ്രസക്തിയില്ല. ‘എങ്ങനെ’ എന്ന ചോദ്യത്തിനുമാത്രമേ  അവിടെ  പരിഗണനയുള്ളൂ. എങ്ങനെ നമുക്ക് ചന്ദ്രനിലത്തൊം? എങ്ങനെ നമുക്ക് അണുബോംബുണ്ടാക്കാം? ഇതല്ലാതെ എന്തിന് നാം ചന്ദ്രനിലേക്ക് പോകണം, എന്തിന്  അണുബോംബുണ്ടാക്കണം എന്ന് സയന്‍സ് ചോദിക്കുന്നില്ല. പരിമിതികള്‍ ഉള്‍ക്കൊള്ളാനും അവസാനത്തെ കണ്ണിയിലത്തൊനും അശക്തമായ ഏതൊരു ചിന്താപ്രക്രിയയും അപൂര്‍ണമായിരിക്കും. എന്നാല്‍, ലക്ഷ്യങ്ങളുടെയും അന്തിമലക്ഷ്യം കണ്ടത്തെുന്നതിലെ പരാജയത്തിന്‍െറയും അന്വേഷണത്തിന്‍െറ രണ്ടു ഘടകങ്ങളെയും ഒരുപോലെ പരിഗണിക്കുന്ന ചിന്തയാണ് വിശ്വാസം. അനന്തമായ ചിന്തയാണ് വിശ്വാസം. വെളിച്ചം പ്രസരിപ്പിക്കുന്ന ‘വെളിപാടി’ലേക്ക് തുറക്കുന്ന ചിന്ത.
പ്രാര്‍ഥന, പ്രാര്‍ഥനാമന്ദിരങ്ങള്‍ -ലോകത്തെ ഇവ രണ്ടില്‍ സംഗ്രഹിക്കാവുന്നതാണ്. പ്രാര്‍ഥനയുടെ താളം താളത്തിലൂടെ മനുഷ്യന്‍ പ്രപഞ്ച വ്യവസ്ഥയുമായിത്തന്നെ താദാത്മ്യപ്പെടുന്നു. പ്രാര്‍ഥനയുടെ ചലനങ്ങള്‍ ഉണ്‍മയുടെ നിരവധി തലങ്ങളിലെ മൗലിക ചലനങ്ങളിലേക്ക് മനുഷ്യനെ വഴക്കിയെടുക്കുന്നു. പ്രാര്‍ഥിക്കുന്ന മനുഷ്യന്‍ പര്‍വതസാനുക്കളെപ്പോലെ, വൃക്ഷനിരകളെപ്പോലെ നിവര്‍ന്നുനില്‍ക്കുന്നു.  ചില്ലകള്‍പോലെ കുനിയുന്നു. കണ്ണടച്ചും തുറന്നും ഭ്രമണമാവര്‍ത്തിക്കുന്ന നക്ഷത്രജാലങ്ങള്‍പോലെ പ്രാര്‍ഥിക്കുന്നവനും ധ്യാനചലനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
പ്രാര്‍ഥന മനുഷ്യനെ പ്രപഞ്ചവും പ്രകൃതിയുമായി മാത്രമല്ല ബന്ധിപ്പിച്ചുനിര്‍ത്തുന്നത്. മുഴുവന്‍ മനുഷ്യസഞ്ചയവുമായി അതവനെ ബന്ധിപ്പിച്ചുനിര്‍ത്തുന്നു. ലോകത്തെ എല്ലാ മസ്ജിദുകളിലെയും ‘ദിശ’ കഅ്ബയെ വലയം ചെയ്യുന്ന കേന്ദ്രീകൃതവൃത്തങ്ങള്‍ രൂപവത്കരിക്കുന്നു. ഉന്നതമായ ഐകഭാവത്തെ അത് പ്രതീകവത്കരിക്കുന്നു. നാടുകള്‍ മാറുന്നതിനനുസരിച്ച് പ്രാര്‍ഥനാ സമയങ്ങളും മാറുന്നു. ഓരോ നിമിഷവും ‘കഅ്ബ’യുടെ ദിശയിലേക്ക് ഒരു വിഭാഗം കുമ്പിടുമ്പോള്‍ മറ്റൊരുവിഭാഗം നിവര്‍ന്നുനിന്ന് അഭിമുഖീകരിക്കുന്നു. ഭൂമിയെ വലയംചെയ്യുന്ന അതിമനോഹരമായ ഒരു ഉപാസനാ ചംക്രമണം!

അതിലുപരി ‘മസ്ജിദ്’ സംസ്കാരങ്ങളുടെ ബഹുസ്വരതയിലൂടെ ഈ വിശ്വാസത്തിന്‍െറ ഐകരൂപത്തെ മൂര്‍ത്തവത്കരിക്കുന്നു. കൈറോവിലെ ഇബ്നു തുലൂന്‍ മസ്ജിദ് മുതല്‍ ഖൈറുവാനിലെയും തല്‍മസാനിലെയും ഖുദ്സിലെയും  സുലൈമാനിയയിലെയും മസ്ജിദുകള്‍ വരെ, ഇവിടത്തെ മസ്ജിദുകള്‍ മുതല്‍ മധ്യേഷ്യയിലെയും മധ്യേഷ്യക്ക് പുറത്തെയും മസ്ജിദുകള്‍ വരെ ഒരേ വിശ്വാസമാണ് വിളംബരം ചെയ്യുന്നത്. നാഗരികതകളുടെ സംവാദം ഉള്‍ക്കൊള്ളാനുള്ള ഇസ്ലാമിന്‍െറ കരുത്തിനെ അത് പ്രതിഫലിപ്പിക്കുന്നു. അതാണ് ഗയ്ഥെ എഴുതിയത്: ഇസ്ലാം ദൈവവിളിയുടെ പ്രത്യുത്തരമാണെങ്കില്‍ നാമൊക്കെ ജീവിക്കുന്നതും മരിക്കുന്നതും ഇസ്ലാമിലാണ്. ഒരാള്‍ക്ക് ചോദിക്കാം: ഇത്തരമൊരു മാതൃകാ ഇസ്ലാമിന്‍െറ സാക്ഷാത്കാരം സാധ്യമാണോ? അഥവാ ‘‘ഒരു മാതൃകാ ഇസ്ലാമിക സമൂഹത്തെ ഞങ്ങള്‍ക്ക് തൊട്ടുകാണിക്കാമോ?’’

എന്‍െറ ഉത്തരം ഇതാണ്: ഭൂപടത്തില്‍ ചരിത്രത്തിന്‍െറ നീള്‍ച്ചയില്‍ ഒരു മാതൃകാ ക്രൈസ്തവ സമൂഹത്തെയോ മാതൃകാ സോഷ്യലിസ്റ്റ് സമൂഹത്തെയോ നിങ്ങള്‍ക്കു കാണിച്ചുതരാനാകുമോ?
പിന്നെ, സംസ്കാരങ്ങളുടെ സംവാദത്തിലെ സത്യസന്ധത ആവശ്യപ്പെടുന്നത് അപരന്‍െറ യാഥാര്‍ഥ്യവുമായി ‘മാതൃക’യെ താരതമ്യപ്പെടുത്തുന്നതിനെയല്ല. ക്രൈസ്തവതയെ ഇസ്ലാമിന്‍െറയും മാര്‍ക്സിസത്തിന്‍െറയും പ്രയുക്തരൂപങ്ങളോടു താരതമ്യം ചെയ്തുകൊണ്ടുമല്ല. ഇസ്ലാം ക്രൈസ്തവതയും യഹൂദമതവുംപോലെ നമ്മുടെ നിത്യജീവിതത്തെ ക്രമീകരിക്കുന്ന മോഡലാണ്.
നമ്മുടെ യാത്രാമുഖം തിരിച്ചുവെച്ച ചക്രവാളമാണത്. നമുക്ക് എത്തിപ്പിടിക്കാന്‍ കഴിയാതെവരുകിലും  ആ ചക്രവാളത്തിലേക്ക് പ്രയാണംചെയ്തുകൊണ്ടിരിക്കുകയാണ് നാം. മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ആധുനികതയെന്നാല്‍ പടിഞ്ഞാറിനെ അനുകരിക്കലല്ല. ഇസ്ലാമിനെ ഗ്രസിച്ച ഏറ്റവും വലിയ ദുരന്തം ആധുനികതയെ പാശ്ചാത്യവത്കൃതത്വവുമായി കൂട്ടിക്കുഴച്ചതാണ്. മറിച്ച്, ജീവിതമെന്നാല്‍ മുസ്ലിമിന് അന്വേഷണ, ഗവേഷണ (ഇജ്തി-ഹാദ്)ങ്ങളുടെ തുറവിയാണ്. ജ്വലിച്ചുകത്തുന്ന ജീവത്തായ ചിന്തകള്‍ ഖുര്‍ആനിലൂടെ അന്വേഷിച്ചു കണ്ടത്തെലാണ്.

ഈ ഗവേഷണങ്ങള്‍ക്ക് കൈയൊഴിയാന്‍ പാടില്ലാത്ത രണ്ടാമതൊരു അടിത്തറയുണ്ട്. അതെന്തെന്നാല്‍ വേദം (കിതാബ്) അത് തോറയായാലും ബൈബ്ളായാലും ഖുര്‍ആന്‍ ആയാലും ചരിത്രപരമായ സമസ്യകള്‍ക്ക് ചരിത്രപരമായ പരിഹാരമാണ് നിര്‍ദേശിക്കുന്നത്. നിര്‍ണിത പാരമ്പര്യങ്ങള്‍ പുലര്‍ത്തുന്ന നിര്‍ണിത സമൂഹങ്ങള്‍ക്ക് നല്‍കപ്പെട്ട ആവിഷ്കാരങ്ങളിലാണ് ആ പരിഹാരം മൂര്‍ത്തവത്കരിക്കപ്പെട്ടിട്ടുള്ളത്. ആ ഉത്തരവും അതിന്‍െറ പ്രയോഗവത്കരണവും മനസ്സിലാക്കണമെങ്കില്‍ ആ നിര്‍ണിത കാലയളവില്‍ അത് പ്രസരിപ്പിച്ച ചൈതന്യം തേടിപ്പിടിക്കേണ്ടതുണ്ടെന്നര്‍ഥം. എന്നിട്ടുവേണം നമ്മുടെ കാലഘട്ടത്തിലെ വികസനങ്ങളുടെ വെളിച്ചത്തില്‍ ആ ചൈതന്യം ഉപയോഗപ്പെടുത്തുക. മൂന്നാമതൊരു അടിസ്ഥാനവുംകൂടിയുണ്ട് നടേപറഞ്ഞ അന്വേഷണ, ഗവേഷണ പ്രക്രിയക്ക്. പ്രവാചകന്‍െറ അരുളപ്പാടുകളെ ചരിത്രപരവും സാമൂഹികവുമായ അതിന്‍െറ സ്വാധീനഘടകങ്ങളില്‍നിന്ന് വേര്‍പെടുത്താതിരിക്കുക എന്നതാണത്. അതിനെ സ്വതന്ത്രമായി വായിക്കരുത്. ഭാഗികമായ ഏതെങ്കിലും ഫ്രഞ്ചു നിയമവകുപ്പുപോലെ പ്രവാചക വചന (ഹദീസ്) വായിക്കാന്‍ പാടില്ല. അതിന് പൂര്‍ണമാനം നല്‍കുന്ന ഖുര്‍ആനികവും പ്രവാചക പാരമ്പരികവുമായ ചട്ടക്കൂടിനകത്തുവെച്ച് വേണം അത് വായിക്കുക. ഇസ്ലാമിനെ അതിന്‍െറ കലര്‍പ്പറ്റ ആശയങ്ങളിലൂടെ മനസ്സിലാക്കിയാല്‍ എട്ടാം നൂറ്റാണ്ടിലെ രണ്ടു വന്‍ ശക്തികളായ സാസാനിയന്‍-ബൈസാന്‍റിയന്‍ സാമ്രാജ്യങ്ങളെ നേരിട്ട, ദശലക്ഷം സ്ത്രീ-പുരുഷന്മാര്‍ക്ക് മാനുഷികമാനത്തെയും സംഘജീവിതത്തിന്‍െറ ചൈതന്യത്തെയും സംബന്ധിച്ച അവബോധം സൃഷ്ടിച്ചുകൊടുത്ത വീര്യവും പ്രതാപവും വീണ്ടെടുക്കാന്‍ കഴിയും.

എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലുടനീളം സര്‍ഗകലകളുടെ സൃഷ്ടിയും രാഷ്ട്രീയ പ്രവര്‍ത്തനവും വിശ്വാസചേതസ്സും സന്ധിക്കുന്ന ഒരു ബിന്ദുവാണ് ഞാന്‍ തേടിക്കൊണ്ടിരുന്നത്. ഇസ്ലാമിലേക്ക് ഞാന്‍ കടന്നുവന്നത് മിശിഹായുടെ അധ്യാപനങ്ങളെയോ നമ്മുടെ സമൂഹത്തെ അപഗ്രഥിക്കുന്നതില്‍ മാര്‍ക്സിസത്തില്‍നിന്ന് ഞാന്‍ ഉപയോഗപ്പെടുത്തിയ തത്ത്വങ്ങളെയോ നിരാകരിച്ചുകൊണ്ടല്ല. കാരണം, ഇസ്ലാം ശാസ്ത്രത്തെയോ സാങ്കേതിക വിദ്യയെയോ നിരാകരിക്കുന്നില്ല. മറിച്ച്, ദൈവപാതയിലേക്ക് അത് രണ്ടിനെയും അടുപ്പിക്കുകയാണ്.
ചുരുക്കാം. ഇസ്ലാം എന്‍െറ ജീവിതത്തില്‍ ഒരു വ്യതിയാനമല്ല, പൂരണമാണ്. 1932ല്‍ ഇരുപത് വയസ്സുകാരനായ ഞാന്‍ സ്വപ്നംകണ്ട ഐകഭാവത്തിന്‍െറ സാക്ഷാത്കാരപ്രഹര്‍ഷമാണ് ഞാന്‍ ഇന്ന് അനുഭവിക്കുന്നത്. മൗലികമായ പരിവര്‍ത്തനങ്ങളാല്‍ സമ്പന്നമായ, ഈ കാലഘട്ടത്തിലെ അനേകം സംഭവങ്ങളും പ്രതിസന്ധികളും തരണംചെയ്ത എന്‍െറ ജീവിതം ഇരുപതുകാരന്‍െറ ആ സ്വപ്നത്തിന് ഇന്ന് അര്‍ഥം പകര്‍ന്നുതന്നിരിക്കുന്നു.

(കടപ്പാട്: അല്‍-വത്വനുല്‍ അറബി,
ലക്കം: 236, പാരിസ്).

വിവര്‍ത്തനം: വി.എ. കബീര്‍
 


കവര്‍സ്റ്റോറി

മുന്‍ ലക്കങ്ങള്‍