
നെഞ്ചിലൊരു പിക്കാസോ ഒളിഞ്ഞിരിപ്പുണ്ട്
ജീവിതത്തിന്‍െറ കുഴമറിച്ചിലുകളില്‍
മാഞ്ഞ വരകളെ തെളിച്ചും
തെളിഞ്ഞ വരകളെ മായ്ച്ചും
നിസ്സഹായതകളെ നിറംപൂശിയും
ചിത്രകാരന്‍ ചിരിക്കുന്നു.
അരിപ്രാവിന്‍െറ ചിറകില്‍നിന്ന്
വെളുപ്പൂറ്റിയൂറ്റി,
കാഴ്ചകളുടെ വേഴ്ചയെ പിന്താങ്ങി
വെളിച്ചം തീരുമ്പോള്‍
ഇരുളിന്‍െറ കറുപ്പുതീര്‍ത്തും
ഇലത്തുമ്പിലെ പച്ചയില്‍
പ്രതീക്ഷയുടെ തൊങ്ങല്‍ ചാര്‍ത്തിയും
പ്രണയംകൊണ്ട്,
ഹൃദയത്തിന്‍െറ മഴവില്ല് ചാലിച്ചും
പകയുടെ ചെഞ്ചായത്തില്‍നിന്ന്
സ്നേഹത്തിന്‍െറ പനിനീര്‍പ്പൂവ്
പറിച്ചെടുത്തും
പരിണയത്തിന്‍െറ മഞ്ഞച്ചരടിനെ
സൂര്യകാന്തിയില്‍ തൊട്ട്
ഋതുഭേദങ്ങള്‍ പടര്‍ത്തിയും
ചിത്രകാരന്‍ രമിക്കുന്നു.
ഉന്മാദിയുടെ നിശാഗൃഹങ്ങളില്‍
വെളുപ്പിന്‍െറ രേതസ്സൊഴുകുമ്പോള്‍
നനഞ്ഞ മണ്ണില്‍ പടര്‍ന്നിറങ്ങുന്ന
വിത്തുകള്‍ക്കൊക്കെ ഊതവര്‍ണം.
ശ്വാസകോശത്തില്‍ ഈര്‍പ്പത്തിന്‍െറ
അവസാന കണികയും വറ്റുമ്പോള്‍
ബ്രഷും പാലറ്റും ദൂരെയെറിഞ്ഞ്
കാലമാപിനികളെ തച്ചുടച്ച്
ശബ്ദങ്ങളും അടയാളങ്ങളുംതേടി
ആശക്കും നിരാശക്കുമിടയിലെ
നിറമില്ലായ്മയിലേക്ക്-
ചിത്രകാരന്‍ നിശ്ശബ്ദം പടിയിറങ്ങുന്നു.
പഴിപറയാന്‍ കുറെ ജീവിതസത്യങ്ങള്‍ ബാക്കി.