ദീദി കി ദോസ്ത് ! | Madhyamam Weekly
Weekly


ദീദി കി ദോസ്ത് !

സഞ്ജയന്‍

എ.പി.ജെ. അബ്ദുല്‍ കലാമും മമതബാനര്‍ജിയും തമ്മിലുള്ള പൊതുസാമ്യങ്ങള്‍ എണ്ണാന്‍ ഒരു കൈവിരല്‍ മടക്കിയാല്‍ ധാരാളം. രണ്ടുപേരും വിവാഹപ്രായംകഴിഞ്ഞ അവിവാഹിതരാണ്! അഥവാ, ഒരു വിരല്‍കൂടി ഉപയോഗിച്ചേ മതിയാകൂ എങ്കില്‍ കഴിഞ്ഞതിന്‍െറ മുമ്പിലത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പുകാലത്ത് ‘മിസൈല്‍മാന്‍’ എന്ന് ഇടതുപക്ഷം പരിഹസിച്ച കലാംജി ഇന്ത്യന്‍ പ്രതിരോധരംഗത്ത് രാജ്യത്തിന്‍െറ അന്തസ്സുയര്‍ത്തിയ വ്യക്തിയാണ്. സമാനമായി ഏറക്കുറെ ഒരു കമ്യൂണിസ്റ്റ് റിപ്പബ്ളിക്കായി ഇടതുപക്ഷം പ്രഖ്യാപിച്ച ബംഗാളിനെ രാഷ്ട്രീയമായി തകര്‍ത്ത തൃണമൂല്‍ എന്ന മിസൈലിന്‍െറ ഉപജ്ഞാതാവാണ് മമത ദീദി.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് എന്ന താരതമ്യേന ഒരിക്കലും ആശങ്കാജനകമായിത്തീരാത്ത തെരഞ്ഞെടുപ്പുകാര്യം നിലവിലെ സാഹചര്യത്തില്‍ വാര്‍ത്താപ്രാധാന്യം നേടുന്നത് രാജ്യത്തെ മുന്നണികള്‍ പ്രദര്‍ശിപ്പിക്കുന്ന പൊതുവികാരം ആര്‍ക്കുംതന്നെ സ്വന്തം മുന്നണിയില്‍ അമിതമായ ആത്മവിശ്വാസമോ, ആ വഴി വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അതിരുവിട്ട ഒരു വിജയപ്രതീക്ഷയോ മതിപ്പോ ഇല്ളെന്നതാണ്.

മമതയുടെ കാര്യംതന്നെയെടുത്താല്‍ ദേശീയരംഗത്ത് ഇപ്പോള്‍ ദീദി നടത്തുന്ന കണ്ണുരുട്ടും കണ്ഠക്ഷോഭവും സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണ ഇല്ളെങ്കില്‍ വംഗ വനിതയുടെ ഇംഗിതത്തിന് വോട്ടിങ് മെഷീന്‍ നിന്നുകൊടുക്കില്ളെന്നതാണ് സത്യം. യു.പി.എയില്‍നിന്ന് മമത തെറ്റുന്നതും കാത്തിരിക്കുന്ന എന്‍.ഡി.എയുടെ സ്വപ്നം മറ്റൊന്നാണ്, വംഗദേശത്ത് തളര്‍ന്ന ബി.ജെ.പിയെ മമത സഖ്യത്തിലൂടെ വീണ്ടും ഉണര്‍ത്തുക.
2014ലെ പൊതുതെരഞ്ഞെടുപ്പിന് ഇപ്പോഴേ എണ്ണയിട്ട് മപ്പടിച്ചുനില്‍ക്കാന്‍ സോണിയാജി കഴിഞ്ഞനാള്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ചെയ്ത ആഹ്വാനം സ്വപുത്രന്‍െറ നേതൃത്വത്തില്‍ യുവാക്കളുടെ ഒരു വന്‍ നിരയെ നിരത്തി നടക്കാനിരിക്കുന്ന അറ്റകൈപ്രയോഗത്തിലും മാഡത്തിന് ആശങ്കകള്‍ ഉണ്ടെന്നാണ്.
കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്ര, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് കിട്ടുന്ന കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ ശുഭകരമല്ല. ഇനി കേന്ദ്രമന്ത്രിസഭയിലെ വൃദ്ധസിംഹങ്ങളെ രാഷ്ട്രപതിഭവന്‍പോലുള്ള ഓരോ സുരക്ഷിതസ്ഥലങ്ങളില്‍ പ്രതിഷ്ഠിച്ച് കേന്ദ്രമന്ത്രിസഭ യുവാക്കളെക്കൊണ്ട് നിറച്ച് ആകര്‍ഷകമാക്കുകായെന്ന മാഡത്തിന്‍െറ പൂതി രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ പ്രാവര്‍ത്തികമാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നു.
 
ഇതിനെതിരെ സംഘ്പരിവാര്‍ അണിയറയില്‍ പ്രധാനമന്ത്രി മോഡിയെന്ന കെട്ടുകാഴ്ചക്ക് ചന്തംവരുത്തുമ്പോള്‍ വംശീയ വൈരത്തിന്‍െറയും ഫാഷിസത്തിന്‍െറയും പുള്ളികള്‍ പുമാന്‍െറ പുറത്ത് മായാതെ നില്‍ക്കുന്നത് പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുപോലും! ദേശീയകക്ഷികള്‍ നേരിടുന്ന ഈ ആശയക്കുഴപ്പത്തില്‍നിന്നു പരമാവധി മീന്‍പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നവരുടെ ബ്രാന്‍ഡ് അംബാസഡറാണ് യഥാര്‍ഥത്തില്‍ മമത ദീദി.

യു.പിയില്‍ കോണ്‍ഗ്രസുമായി അടുക്കുന്നതില്‍നിന്നു മായാവതിക്ക് തടയിടുകയെന്ന മകന്‍ അഖിലേഷിന്‍െറ തന്ത്രം തലയില്‍ കയറിയതിന്‍െറ ലക്ഷണമാണ് കലാമിന്‍െറ ആരാധകനായിരുന്ന പഴയ ഫയല്‍മാന്‍ മുലായംസിങ്ങിനെ 24 മണിക്കൂറിനുള്ളില്‍ പ്രണബിന്‍െറ അരുമയാക്കിമാറ്റിയത്! മമതയെന്ന ബംഗാളി വനിതാ മുഖ്യമന്ത്രി ബംഗാളിയായ പ്രണബിനെ എതിര്‍ക്കുന്നു. ഇങ്ങ് തെക്ക് ദ്രാവിഡ സ്വത്വബോധത്തില്‍ ഊറ്റംകൊള്ളുന്ന തമിഴ്പാര്‍ട്ടികള്‍ രാമനാഥപുരം ജില്ലക്കാരനായ തമിഴന്‍ കലാംജിയെ കണ്ടില്ലായെന്ന് നടിക്കുന്നു!

ഈ പശ്ചാത്തലത്തിലാണ് ഒരു നിരര്‍ഥകമായ ഫെയ്സ്ബുക് തമാശ ജനകീയവും ചിന്തോദ്ദീപകവുമായി പരിണമിക്കുന്നത്. പോസ്റ്റില്‍ ഒരാള്‍ ചോദിക്കുന്നു: സര്‍വസമ്മതനായ ഒരു നേതാവിനെ രാഷ്ട്രപതിയായി പരേതരില്‍നിന്നു കണ്ടുപിടിക്കാവുന്നതല്ളേയുള്ളൂ? ഇന്ത്യന്‍ ഭരണഘടന എന്ന കിത്താബും സുപ്രീകോടതിയും പാര്‍ലമെന്‍റും ഉണ്ടെങ്കില്‍ രാജ്യം എങ്ങനെയും നടന്നുപോകും. മാത്രമോ യാത്രാപ്പടിയിനത്തിലും വിനോദസഞ്ചാരത്തിനും ചെലവിടുന്ന ഇമ്മിണി ചില്വാനം ഖജനാവിന് ലാഭമായും വന്നുകൂടും!


ഒടുക്കം

മുന്‍ ലക്കങ്ങള്‍