ആരാച്ചാര്‍ | Madhyamam Weekly
Weekly


ആരാച്ചാര്‍

കെ.ആര്‍. മീര

കീഴടക്കപ്പെടേണ്ടവരുമായുള്ള സാമൂഹിക സമ്പര്‍ക്കത്തില്‍നിന്ന് ലഭിക്കുന്ന അറിവുകള്‍ ഭരണകൂടത്തിന് പ്രയോജനപ്രദമാണെന്നും  അവരെ ആകര്‍ഷിക്കുകയും സമരസപ്പെടുത്തുകയും അവരെ ബന്ധിച്ച ചങ്ങലയുടെ ഭാരം കുറച്ച് മനസ്സില്‍  നന്ദിയുടെയും കടപ്പാടിന്‍െറയും മുദ്രകള്‍ പതിപ്പിക്കുകയും ചെയ്യാന്‍ ആ അറിവുകള്‍ അത്യന്താപേക്ഷിതമാണെന്നും വാറന്‍ ഹേസ്റ്റിങ്സ് കൊളോണിയല്‍ ഭരണകൂടത്തിന് കത്തെഴുതിയത് 1784ല്‍ ആയിരുന്നു. അതായത്, എന്‍െറ ജനനത്തിനും നൂറ്റിത്തൊണ്ണൂറ്റിയെട്ടു കൊല്ലം മുമ്പ്.   പാന്‍റ്സിന്‍െറ പോക്കറ്റില്‍ തിരുകിയ ചെറിയ മദ്യക്കുപ്പികളും ചെറിയ നോട്ടുകളുമായി സഞ്ജീവ് കുമാര്‍ മിത്ര വീണ്ടും അച്ഛനെത്തേടി വരാന്‍ തുടങ്ങിയതുകൊണ്ടുമാത്രമായിരുന്നില്ല വാറന്‍ ഹേസ്റ്റിങ്സിനെ എനിക്ക് ഓര്‍മവന്നത്. പതിവുപോലെ ഥാക്കുമായാണ് എന്നെ ചരിത്രത്തിന്‍െറ നിലവറക്കുഴിയിലേക്കു തള്ളിയിട്ട് മുകളിലുള്ള ശ്വാസംമുട്ടല്‍തന്നെയാണ് താഴെയും എന്ന് ഒരിക്കല്‍ക്കൂടി തിരിച്ചറിവുണ്ടാക്കിയത്. അതിനു നിമിത്തമായത്, തലേന്നു രാത്രി, യതീന്ദ്രനാഥ് ബാനര്‍ജി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തെ അന്വേഷിച്ചു കണ്ടത്തെിയ പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും അവളുടെ തളര്‍ന്ന അച്ഛനമ്മമാരുടെയും രോഗിയായ സഹോദരന്‍െറയും വേദനയും രോഷവും കുത്തിയിളക്കിയതായിരുന്നു. അവരുടെ മുഖങ്ങള്‍ കണ്ടപ്പോള്‍ എന്‍െറ നെഞ്ചിലും നിലവറകള്‍ വേദനയോടെ തുറന്നു. അവളെ സ്നേഹിക്കുന്നവരും അവളുടെ ഓര്‍മകള്‍ സൂക്ഷിക്കുന്നവരും ഭൂതകാലത്തിന്‍െറ കിടങ്ങുകള്‍ക്കുള്ളില്‍നിന്ന് നിലവിളിക്കുന്ന ശബ്ദം എല്ലായിടത്തും പ്രതിധ്വനിക്കുന്നത് കേട്ടിട്ടുണ്ടായ ഭയം മറികടക്കാന്‍  ഞാന്‍ സ്വയമറിയാതെ എന്നോടുതന്നെ പുഞ്ചിരിക്കുകയും തമാശപറയുകയും സാന്ത്വനവാക്കുകള്‍ ഉരുവിടുകയും സ്കൂള്‍ഡേക്കു പാടിയിരുന്ന രബീന്ദ്രഗീതങ്ങള്‍ പാടാന്‍ ശ്രമിക്കുകയും ചെയ്തു.  നിനക്കെന്താ പ്രാന്തുപിടിച്ചോ എന്ന് മാ ശകാരിച്ചപ്പോള്‍ ഉറങ്ങാന്‍ തുടങ്ങിയ ഥാക്കുമാ കനിവോടെ ചിരിച്ചു.

‘‘ഒരു മരണം നടന്ന വീടല്ളേ? അവനാണെങ്കില്‍ അവളെ ജീവനുമായിരുന്നു. വിട്ടുപോകാന്‍ സമ്മതമില്ലാത്ത ആത്മാവ് മുറുക്കെപ്പിടിക്കുമ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് സമനില തെറ്റും...’’  
കട്ടിലില്‍ കിടക്കുന്ന രാമുദായുടെ ആത്മാവിന് വാല്‍ മുളയ്ക്കുകയും അതു കയര്‍കണക്കെ നീണ്ടുവന്ന് നിലത്തു കിടക്കുന്ന എന്‍െറ കഴുത്തില്‍ ചുറ്റിവരിഞ്ഞ് ശ്വാസംമുട്ടിക്കുകയും ചെയ്യുന്നത് സ്വപ്നംകണ്ട് ഞാന്‍ നിലവിളിയോടെ ഉണര്‍ന്നു.   ആത്മാവിന് മരണശേഷം മുളയ്ക്കാവുന്ന വാലിനെക്കുറിച്ചുള്ള ചിന്തകള്‍ മനസ്സില്‍നിന്ന്  മായ്ച്ചുകളയാന്‍ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല.  സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ആത്മാവ് ഗംഗയിലെ കറുത്ത ചളിയില്‍ മെനഞ്ഞെടുത്തതുപോലെ കറുത്തതും തിളങ്ങുന്നതുമായിരുന്നു. അദ്ദേഹത്തിന്‍െറ കണ്ണുകളും തലമുടിയും ചുവന്നും കൃഷ്ണമണികള്‍ വെളുത്തും ഇരുന്നു. അദ്ദേഹത്തിന്‍െറ കൈകാലുകള്‍ കൊഴുപ്പുകുറഞ്ഞ ദ്രാവകംപോലെ കട്ടിലില്‍നിന്ന് നാലുപാടും ഒഴുകിപ്പരന്നു. വാല്‍, തെളിഞ്ഞ ചില്ലുപോലെ സുതാര്യവും ഉരുകിയ മെഴുകുപോലെ വഴക്കമുള്ളതുമായിരുന്നു. എന്നെ വേര്‍പിരിഞ്ഞുപോകാന്‍ മടിച്ച് എന്‍െറ കൂടപ്പിറപ്പിന്‍െറ ആത്മാവ് ആ മുറിയിലും വീട്ടിലും സ്ട്രാന്‍ഡ് റോഡിലും വേദനയോടെ ഉഴറുന്നുണ്ടെന്ന  ചിന്ത അദ്ദേഹത്തിന്‍െറ മരണത്തിനു വളരെ ദിവസങ്ങള്‍ക്കുശേഷം എന്നെ കരയിപ്പിച്ചു. കോളജില്‍ ക്ളാസ് കഴിഞ്ഞ് ഉല്ലാസത്തോടെ വന്നുകയറിയ രാമുദാ ചെറിയ പെറ്റിക്കോട്ട് ധരിച്ച, മുടി ക്രോപ്പ് ചെയ്ത എന്നെ തൂക്കിയെടുത്ത് വട്ടം കറക്കിയതും മുകളിലേക്ക് എറിഞ്ഞുപിടിച്ച് കുടുകുടെ ചിരിപ്പിച്ചതും  എനിക്ക് ഓര്‍മവന്നു. എന്‍െറ ഹൃദയം നുറുങ്ങി.
‘‘രാമുദായുടെ മരണത്തിനുത്തരവാദി ഞാനാണ്, ഥാക്കുമാ...’’

ഥാക്കുമായുടെ ഉണക്കച്ചുള്ളികള്‍പോലെയുള്ള കാല്‍മുട്ടുകളില്‍ മുഖംചേര്‍ത്ത് ഞാന്‍ വിതുമ്പി.   സഞ്ജീവ് കുമാര്‍ മിത്രയാണ് എല്ലാം തുടങ്ങിവെച്ചതെങ്കിലും രാമുദായുടെ മരണത്തിന് പ്രത്യക്ഷത്തിലുള്ള കാരണം എന്‍െറതന്നെ ഭീരുത്വമാണെന്ന തോന്നല്‍ എന്നെ വേട്ടയാടി. അയാള്‍ മോഷ്ടിച്ച  സ്വര്‍ണനാണയം കൈയില്‍ക്കിട്ടിയപ്പോള്‍ത്തന്നെ ഥാക്കുമാക്കു കൊടുത്തിരുന്നെങ്കില്‍, അതു മോഷ്ടിച്ചത് അയാളാണെന്നു തുറന്നുപറഞ്ഞിരുന്നെങ്കില്‍, ഥാക്കുമായുടെ കട്ടില്‍ മാ കുടഞ്ഞുവിരിച്ചപ്പോള്‍ അത് ഉരുണ്ടുപോകുകയോ സൂദേവ് കാക്കു അതു സ്വന്തമാക്കാന്‍ തീരുമാനിക്കുകയോ അതു തൂക്കിവിറ്റ് ഭാര്യക്കും മക്കള്‍ക്കും വസ്ത്രങ്ങളും സ്വര്‍ണവും വാങ്ങുകയോ ചെയ്യുമായിരുന്നില്ല. ഥാക്കുമായും സൂദേവ് കാക്കുവും തമ്മില്‍ വഴക്കുണ്ടാകുമായിരുന്നില്ല. അച്ഛന്‍ സൂദേവ് കാക്കുവിനെ മര്‍ദിക്കുമായിരുന്നില്ല. ആ ബഹളത്തില്‍ യൂറോകപ്പില്‍ പോര്‍ചുഗല്‍ ജയിച്ചെന്നോ തോറ്റെന്നോ തീര്‍ച്ചയില്ലാതെ രാമുദാ നിലത്തുവീണ് ചിതറിത്തെറിക്കുമായിരുന്നില്ല.
‘‘മറ്റൊരാളുടെ മരണത്തിന് കാരണമാകാന്‍ ആര്‍ക്കും പറ്റില്ല. ഉപകരണമാകാനേ നമുക്കു സാധിക്കൂ...’’
ഥാക്കുമാ എന്‍െറ തലയില്‍ സാവധാനം തഴുകി. നൂറ്റിമൂന്നു വയസ്സിലും ഥാക്കുമായുടെ ചുക്കിച്ചുരുങ്ങിയ വിരല്‍ത്തുമ്പുകളില്‍ ആര്‍ദ്രതയുടെ മിനുസവും മൃദുലതയും തങ്ങിനിന്നിരുന്നു.

‘‘ആ നാണയം നഷ്ടപ്പെട്ടതില്‍ ദു$ഖമില്ളേ ഥാക്കുമാ? അതു നമ്മുടെ
ചരിത്രത്തിന്‍െറ തെളിവായിരുന്നില്ളേ?’’
‘‘ദരിദ്രര്‍ക്ക് എന്തിനാണ് ചരിത്രം, ചേതൂ?’’
ഥാക്കുമാ നെടുവീര്‍പ്പിട്ടു.
‘‘എന്നിട്ടാണോ ഥാക്കുമാ അതു തിരഞ്ഞു തിരഞ്ഞ് കഷ്ടപ്പെട്ടത്?’’
‘‘തിരഞ്ഞുകൊണ്ടിരുന്നത് അതു നഷ്ടപ്പെട്ടു എന്ന് ഉറപ്പുവരുത്താന്‍ മാത്രമായിരുന്നു.  ഇപ്പോള്‍ ഉറപ്പായി. ഇനി ദു$ഖിച്ചിട്ടെന്തു ഫലം!’’
ഥാക്കുമാ പറഞ്ഞു. ഥാക്കുമായുടെ മുഖത്തേക്കു നോക്കിയിരിക്കെ ചെറുപ്പത്തില്‍ ആ കവിളുകളും കണ്ണുകളും ചുണ്ടുകളും എങ്ങനെയിരുന്നു എന്നു ഞാന്‍ ഊഹിച്ചെടുക്കാന്‍ ശ്രമിച്ചു.   ജീവന്‍െറയും ഓജസ്സിന്‍െറയും ഒരു ചെറിയ നാളത്തെ ഊതിക്കത്തിച്ച് ഊഷ്മളത നിലനിര്‍ത്തി ഭൂമിയുടെ ബന്ധനത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ആ പഴക്കമേറിയ ശരീരത്തോട് എനിക്ക് ദയാവായ്പ് അനുഭവപ്പെട്ടു.
‘‘അതു നഷ്ടപ്പെട്ടു എന്ന് അറിഞ്ഞില്ലായിരുന്നെങ്കിലോ? എനിക്കു വയസ്സായി. ഇനിയെത്ര നാളുണ്ട്? അത് ഈ കട്ടിലിനടിയിലെ പീഞ്ഞപ്പെട്ടിക്കിടയിലോ തട്ടുമ്പുറത്തെ എലിക്കൂട്ടിലോ കാണുമെന്നു പ്രതീക്ഷിച്ച് എന്‍െറ ആത്മാവും ഇവിടെ ചുറ്റിത്തിരിഞ്ഞേനെ.  ഓര്‍ത്തുനോക്ക്, ചേതൂദീ...ഹേസ്റ്റിങ്സ് സായ്പ് രാത്രി രണ്ടുമണിക്ക് കുതിരപ്പുറത്ത് വന്നിറങ്ങുന്നതുപോലെ ഞാനും നടന്നുവന്ന് ഇവിടെയൊക്കെ അരിച്ചുപെറുക്കുന്നത്?’’

 ഥാക്കുമാ നിഷ്കളങ്കതയോടെ വായ് തുറന്നു ചിരിച്ചപ്പോള്‍ കണ്ണുനീര്‍ തുടച്ച് ഞാനും പുഞ്ചിരിച്ചു. അങ്ങനെയാണ് ആ രാത്രി ഞാന്‍ ഹേസ്റ്റിങ്സ് സായ്പിനെയും അദ്ദേഹത്തിന്‍െറ ജീവിതം അരച്ചു കലക്കിക്കുടിച്ചിരുന്ന വിദ്യാസാഗര്‍ മല്ലിക് ദാദുവിനെയും ഓര്‍ത്തെടുത്തത്.  നാം കീഴടക്കി അധീനതയില്‍വെച്ചു ഭരിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഭാഷയും സംസ്കാരവും അവരുടെ ജീവിതരീതിയും സംബന്ധിച്ച് അറിവുകള്‍ കൈവരിക്കുന്നത് അവരുടെ മാനസികാവസ്ഥയും സ്വാഭാവിക അവകാശങ്ങളും മനസ്സിലാക്കാന്‍ സഹായകമായിരിക്കുമെന്നും നമ്മുടെ അളവുകോലുകള്‍ ഉപയോഗിച്ച് അവരെ വിലയിരുത്താന്‍ അതു നമ്മെ പ്രാപ്തരാക്കുമെന്നും  അഭിപ്രായപ്പെട്ടുകൊണ്ട് ഹേസ്റ്റിങ്സ് എഴുതിയ കത്തിന്‍െറ പൂര്‍ണരൂപം  അച്ഛന്‍െറ പിതാമഹന്‍ ജ്ഞാനനാഥ ഗൃദ്ധാ മല്ലിക് മുത്തച്ഛന്‍െറ സഹോദരന്‍ റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ തൂപ്പുകാരനായിരുന്ന അലോക്നാഥ് പിതാമഹന്‍െറ മകന്‍ ജ്ഞാനേന്ദ്ര പിതാമഹന്‍െറ പുത്രന്‍ സന്ന്യാസം സ്വീകരിച്ച  വിദ്യാസാഗര്‍ ദാദു ഇംഗ്ളീഷില്‍ മന$പാഠം ഉരുവിട്ടിരുന്നു.
‘‘...But such instances can only be gained in their writings; and these will survive when British domination in India shall have long ceased to exist, and when the sources which once yielded of wealth and power are lost  to remembrance...’’

  തുടര്‍ന്ന്, ദാദു മാറിടത്തോളം നീണ്ട നരച്ച താടി തടവി, കാടുപിടിച്ച നരച്ച പുരികങ്ങളും നീണ്ട ഇടതൂര്‍ന്ന കണ്‍പീലികളും തീര്‍ത്ത കാടിനുള്ളില്‍നിന്നു തിളങ്ങുന്ന രണ്ടു കണ്ണുകള്‍കൊണ്ട് ഞങ്ങളുടെ ആത്മാക്കള്‍ക്കുള്ളിലേക്ക് നോട്ടമെയ്ത് ചോദിച്ചു:  ‘‘സായ്പിന്‍െറ കുരുട്ടു ദീര്‍ഘദര്‍ശനം എവിടെയാണെന്ന് ശ്രദ്ധിച്ചോ? ഇന്‍ ദെയര്‍ റൈറ്റിങ്സ് എന്ന ഭാഗത്ത്...’’
ഞങ്ങളുടെ കുടുംബത്തില്‍ അറിവും പാണ്ഡിത്യവും നേടി ദാരിദ്ര്യത്തിന്‍െറ ദു$ഖം മറികടക്കാന്‍ ശ്രമിച്ച ഏതാനും പിതാമഹന്മാരില്‍ ഒരാളായിരുന്നു വിദ്യാസാഗര്‍ ദാദു. വിദ്യാസാഗര്‍ ദാദു ഒരു പരാജയപ്പെട്ട എഴുത്തുകാരനായതുകൊണ്ടാകാം അദ്ദേഹത്തിന് എഴുത്തിനെക്കുറിച്ചുള്ള എല്ലാതരം ഓര്‍മപ്പെടുത്തലുകളും ഭയജനകമായിരുന്നതെന്ന് രാമുദാ പരിഹസിക്കാറുണ്ടായിരുന്നു. ഉര്‍ദുവും ബംഗാളിയും പേര്‍ഷ്യനും പഠിച്ച് നവാബുമാരോട് സൗഹൃദമുണ്ടാക്കിയ ഹേസ്റ്റിങ്സിന്‍െറ ജീവിതത്തിലെ പ്രണയകഥയാണ് അന്നും എന്നെ ഇളക്കിയത്.  ഹേസ്റ്റിങ്സിനു പ്രണയം ഉണര്‍ന്നത് എപ്പോഴും ആപത്തുകളിലും ജീവന്മരണ പോരാട്ടങ്ങള്‍ക്കിടയിലുമായിരുന്നു. ദരിദ്രനായി ജനിച്ച്, അനാഥനായി വളര്‍ന്ന്, ഉപജീവനത്തിന് സൈനികനായി കൊല്‍ക്കത്ത എന്ന പുതിയ ഭൂമിയിലേക്ക് പതിനെട്ടാം നൂറ്റാണ്ടിന്‍െറ പകുതിയില്‍ കപ്പല്‍ കയറിയ ചെറുപ്പക്കാരനെ ഞാന്‍ കൗതുകത്തോടെ സങ്കല്‍പിച്ചു. യൗവനത്തിലുടനീളം അദ്ദേഹം അഴിമതിയെ ചോദ്യം ചെയ്യുകയും അതേസമയം പണം സമ്പാദിക്കുകയും  ജോലിയില്‍ പടിപടിയായി ഉയരുകയും ചെയ്തു. നവാബ് അലിവര്‍ദിഖാന്‍ മരണമടഞ്ഞപ്പോള്‍ സിറാജുദ്ദവള നടത്തിയ പടയോട്ടത്തില്‍,  ബ്ളാക് ഹോള്‍ എന്നു യൂറോപ്യന്‍ ചരിത്രകാരന്മാര്‍ പാടിപ്പൊലിപ്പിച്ച തടവുമുറിയില്‍ ബന്ദികളാക്കപ്പെട്ട ബ്രിട്ടീഷുകാരിലൊരാളായി ഹേസ്റ്റിങ്സും ഉണ്ടായിരുന്നു.  മരണം കാത്തുകിടക്കുന്നതിനിടയിലാണ്, ആ ദിവസങ്ങളില്‍  കൊല്ലപ്പെട്ടവരിലൊരാളുടെ ഭാര്യയും രണ്ടു പെണ്‍മക്കളുടെ അമ്മയുമായ മേരിയുമായി അദ്ദേഹം പ്രണയബദ്ധനായത്. ചുറ്റും മൃതദേഹങ്ങളും പട്ടിണിയും നിറഞ്ഞ ഒരന്തരീക്ഷത്തില്‍ അദ്ദേഹത്തെപ്പോലെ ഒരാളെ പ്രേമപരവശനാക്കിയ ആ സ്ത്രീ എനിക്കൊരു ദുരൂഹതയായിരുന്നു.   നവാബിന്‍െറ തടവറയില്‍നിന്ന് ഫുള്‍ട്ട ദ്വീപിലേക്ക് രക്ഷപ്പെട്ട ഹേസ്റ്റിങ്സ് മേരിയെ വിവാഹം കഴിച്ചു.  മദ്രാസില്‍നിന്നു പടനയിച്ചത്തെി സിറാജുദ്ദവളയെ പരാജയപ്പെടുത്തി അധികാരം പിടിച്ചെടുത്ത  റോബര്‍ട്ട് കൈ്ളവിന്‍െറ പ്രീതി നേടിയെങ്കിലും ഹേസ്റ്റിങ്സിനെ ദൗര്‍ഭാഗ്യങ്ങള്‍ പിന്തുടര്‍ന്നു. മേരിയില്‍  അദ്ദേഹത്തിനു ജനിച്ച മകളും മകനും മരിച്ചു;  അഞ്ചു വര്‍ഷം കഴിയുംമുമ്പേ മേരിയും. പക്ഷേ, ഹേസ്റ്റിങ്സിന്‍െറ കുതിരകള്‍ മുന്നോട്ടുതന്നെ പാഞ്ഞു.  പിന്നീട് അദ്ദേഹം  മുര്‍ഷിദാബാദിലെ ബ്രിട്ടീഷ് റസിഡന്‍റായി.  സിറാജുദ്ദവളയെ ഒറ്റിക്കൊടുത്തതിന് നവാബ്പദവി ലഭിച്ച മിര്‍ ജാഫറിന്‍െറയും അദ്ദേഹത്തിന്‍െറ മരുമകന്‍ മിര്‍ ഖാസിമിന്‍െറയും കാലമായിരുന്നു അത്. കമ്പനിയുടെ വിശ്വസ്ത സേവകനായി ജീവിക്കുകയും മറുവശത്ത് അതിന്‍െറ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഹേസ്റ്റിങ്സ് കാപ്പിയും  ഉപ്പുംവിറ്റ് ധനം സമ്പാദിക്കുകയും ചെയ്തു. കല്‍ക്കട്ട കൗണ്‍സിലില്‍ അംഗമായ കാലത്ത്  കമ്പനി ജീവനക്കാര്‍ ബംഗാളില്‍ നടത്തുന്ന അഴിമതി കണ്ട് രോഷാകുലനായി  ബ്രിട്ടീഷ് സാമ്രാജ്യത്തിനു ചീത്തപ്പേരുണ്ടാക്കി പണം വാരിക്കൂട്ടുന്ന ഇന്ത്യയിലും ബ്രിട്ടനിലുമുള്ള സഹപ്രവര്‍ത്തകരെ കഠിനമായി ആക്ഷേപിക്കുകയും അതേസമയം, വണ്ടിക്കാളകളെ വിതരണം ചെയ്യാനുള്ള കരാറുകാരനായി പണമുണ്ടാക്കുകയും അഴിമതി സഹിക്കവയ്യാതെ കുറച്ചുകാലത്തേക്ക്  രാജിവെച്ച് ബ്രിട്ടനിലേക്ക്  മടങ്ങിപ്പോകുകയും ചെയ്തു.  ഹേസ്റ്റിങ്സ് മടങ്ങിപ്പോകുന്നതിനു തൊട്ടുമുമ്പാണ് നവാബ്  മിര്‍ ഖാസിം പടനയിച്ചതും ഞങ്ങളുടെ ആത്മാരാം മല്ലിക് പിതാമഹന്‍ നവാബിന്‍െറ വിശ്വസ്തനായി ഒട്ടേറെ തൂക്കിക്കൊലകള്‍ നിര്‍വഹിച്ചതും.  കമ്പനിഭരണത്തെ വെല്ലുവിളിച്ച മിര്‍ ഖാസിം പട്നയിലുള്ള ബ്രിട്ടീഷ് താവളം വളഞ്ഞതും കല്‍ക്കട്ടയില്‍നിന്ന് കമ്പനി സൈന്യം എത്തുംമുമ്പേ  ആത്മാരാം മല്ലിക് പിതാമഹന്‍ നൂറു കണക്കിന് ബ്രിട്ടീഷുകാരെ കെട്ടിത്തൂക്കിയും ശിരസ്സു ഛേദിച്ചും കൊന്നുതീര്‍ത്തതിനെക്കുറിച്ച് ഥാക്കുമാ എന്നും അഭിമാനംകൊണ്ടിരുന്നു.  

 പിറ്റേ പ്രഭാതം എനിക്കുവേണ്ടി കാത്തുവെച്ച കുടുക്കുകള്‍ തിരിച്ചറിയാതെ ഥാക്കുമായെ തൊട്ടുകൊണ്ട് ഉണര്‍ന്നും വീണ്ടും മയങ്ങിയും വെളുപ്പിച്ചെടുത്ത രാത്രിയായിരുന്നു അത്.  നേരം പുലര്‍ന്നിട്ടും ഭീകരമായ ഏകാന്തതയും നഷ്ടബോധവും ശൂന്യതയും എന്നെ വിട്ടുമാറിയില്ല.   മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ കുളിച്ചൊരുങ്ങി മാനൊദായുടെ ഓഫിസിലേക്കുപോകാന്‍ ഞാന്‍ തീരുമാനിച്ചു.  നാലു വീട്ടുകാര്‍ക്കു പൊതുവായുള്ള ഞങ്ങളുടെ കുളിമുറിയില്‍  നാരായണ്‍ ദായുടെ ഭാര്യ ശങ്കരീദേവി കുളിക്കുന്നുണ്ടായിരുന്നു. അവര്‍ കുളിച്ചുതീരുന്നതുകാത്ത് വഴിവക്കിലേക്കിറങ്ങി പുറംലോകത്തെ നോക്കിനില്‍ക്കെ, ഞങ്ങളുടെ വീടിന്‍െറ അസ്തിവാരംവരെ വിറപ്പിച്ചുകൊണ്ട് ആറു  പത്തിന്‍െറ സിയാല്‍ദ ട്രെയിന്‍ പാഞ്ഞുപോയി. ജീവിതം ഒരുപാടു കണ്ടിട്ടുള്ള ഭാവത്തോടെ കണ്ണുകള്‍ ചാമ്പിനില്‍ക്കുന്ന ആട്ടിന്‍പറ്റത്തെ വഹിച്ച മിനിലോറി ഘാട്ടിനപ്പുറത്തെ അറവുശാലയിലത്തൊന്‍ അക്ഷമയോടെ റെയില്‍വേ ക്രോസിനു നേര്‍ക്ക് നീങ്ങിയത് എനിക്കിന്നും ഓര്‍മയുണ്ട്.   ഉണര്‍ന്നുകഴിഞ്ഞിട്ടില്ലാത്ത നിരത്തിന്‍െറ ഓരത്തുനില്‍ക്കുമ്പോള്‍ ഘാട്ടിനുമുകളില്‍ ആകാശത്ത് പടര്‍ന്ന കറുത്ത പുകയും തുടങ്ങിയിടത്തേക്കു തിരിച്ചുപോയ സര്‍ക്കുലാര്‍ ട്രെയിനിന്‍െറ  ഇരമ്പവും ഞാന്‍ നിന്നതിനരികില്‍ കറുത്ത  അഴുക്കുവെള്ളം കെട്ടിനില്‍ക്കുന്ന ഓടയില്‍ ചപ്പുചവറുകളുടെയും മാംസാവശിഷ്ടങ്ങളുടെയും ചീഞ്ഞ ഗന്ധവും   ഓടിന്‍െറ പൊട്ടല്‍ ഷീറ്റുകൊണ്ടും ഷീറ്റിന്‍െറ വിള്ളല്‍ പ്ളാസ്റ്റിക് പാളികൊണ്ടും മറച്ച്  കൂട്ടിത്തയ്ച്ച കീറത്തുണിയെ ഓര്‍മിപ്പിച്ച മേല്‍ക്കൂരയുള്ള ഞങ്ങളുടെ കാലഹരണപ്പെട്ട വീടുകളും ചേര്‍ന്ന സ്ട്രാന്‍ഡ് റോഡ് ആസന്നമായ അപമൃത്യുവിന്‍െറ പ്രതീതി സൃഷ്ടിച്ചു. ശവമഞ്ചം തീര്‍ക്കാനുള്ള  മുളങ്കമ്പുകള്‍ കയറ്റിയ ഠേലാ ഗാഡിയുന്തി നാരായണ്‍ ദാ ഉറക്കച്ചടവുള്ള മുഖത്തോടെ എന്നെ നോക്കാതെ കടന്നുപോയി. അകലെനിന്നെങ്ങോ എത്തിയ  വിലാപയാത്രാസംഘത്തിലെ ബ്രാഹ്മണര്‍ തോര്‍ത്തു മാത്രമുടുത്ത് നനഞ്ഞു കറുത്ത പൂണൂലാല്‍ രണ്ടായി വിഭജിക്കപ്പെട്ട മാറിടങ്ങളുമായി ഉറക്കെ നാരായണ ജപിച്ചുകൊണ്ട് നീമേശ്വര്‍ ബാബാ ക്ഷേത്രത്തിനു സമീപത്തെങ്ങോ പാര്‍ക്ക് ചെയ്ത വിലപിടിച്ച കാറുകള്‍ക്കുനേരെ നടന്നുവന്നു.   പോര്‍ട്ട് ട്രസ്റ്റിലെ ജീവനക്കാരനായ സ്വയംഭൂവിന്‍െറ അമ്മ രാജകുമാരി ദേവി കീറിയ ബ്ളൗസും മുഷിഞ്ഞുകീറിയ സാരിയും ധരിച്ച് പ്രാഞ്ചി പ്രാഞ്ചി അടുത്തത്തെി എന്‍െറ  മുഖത്തേക്കുനോക്കി ശരീരത്തെക്കാള്‍ മുമ്പേ ആത്മാവ് പരലോകത്തത്തെിയവര്‍ മാത്രം ചിരിക്കുന്ന ഒരു  ചിരി ചിരിച്ചപ്പോള്‍ എനിക്ക് പിന്നെയും കരച്ചില്‍വന്നു. അവരുടെ ഭര്‍ത്താവ് പരമേശ്വര്‍ദായുടെ ആത്മാവ് ചെവിത്തോണ്ടികള്‍ നിറച്ച സഞ്ചി ചുമലില്‍ തൂക്കി ചില്ലുപോലെ സുതാര്യവും ഉരുകിയ മെഴുകുപോലെ വഴക്കമുള്ളതുമായ വാലുകൊണ്ട് അവരുടെ ആത്മാവിനെ ചുറ്റിയെടുത്ത് തന്നോടൊപ്പം കൊണ്ടുപോയിട്ടുണ്ടാകുമെന്ന് എനിക്കു തോന്നി.

‘‘ഗംഗ വറ്റിപ്പോയി...’’
അവര്‍ എന്നോട് ചിരിച്ചുകൊണ്ടുപറഞ്ഞു.
‘‘രാവിലെ നോക്കിയപ്പോള്‍ നദിക്കു പകരം ഒരു റോഡ്...’’
രാജ്കുമാരിദീ വീണ്ടും തുറന്നു ചിരിച്ചു.
‘‘വറ്റിപ്പോയ ഗംഗയിലൂടെ ഞാന്‍ നടന്നുനടന്ന് മേഘ്നയിലത്തെി. അപ്പോ മേഘ്നയും വറ്റിയിരിക്കുന്നു. ഭാഗ്യം. പിന്നെ മയദ്വീപിലേക്ക് കുറച്ചു ദൂരമേയുണ്ടായിരുന്നുള്ളൂ...’’
വിഭജനത്തിനു മുമ്പ് മയദ്വീപില്‍ ജീവിച്ചതിന്‍െറ ഓര്‍മകള്‍ പങ്കുവെക്കുന്നതായിരുന്നു രാജ്കുമാരിദീയുടെ ആഹ്ളാദം.

‘‘നീയെന്താ രാവിലെതന്നെ കുളിക്കാന്‍ വന്നത്? നിന്‍െറ അമ്മ പിടിച്ചുവെച്ച വെള്ളം തീരാറായി കേട്ടോ...’’
കുളികഴിഞ്ഞിറങ്ങിയ ശങ്കരീദേവി തല പിന്നിലേക്കു ചരിച്ച്, വലിയ മാറിടം പുറത്തേക്കുന്തി, കൈകള്‍ പിന്നിലേക്കു തിരിച്ച് തോര്‍ത്തുകൊണ്ടു തട്ടി നനഞ്ഞ മുടിയിലെ വെള്ളം ശക്തിയായി തെറിപ്പിച്ചുകൊണ്ടു ചോദിച്ചു. അമ്പതു തികഞ്ഞിട്ടും വടിവൊത്ത ശരീരവും ലക്ഷണമൊത്ത  മുഖവുമുള്ള ശങ്കരീദീയുടെ വെളുത്ത പുറം മാത്രം,  പരപുരുഷബന്ധം ആരോപിച്ച് മുളങ്കമ്പുകൊണ്ട് നാരായണ്‍ ദാ എനിക്ക് ഓര്‍മയുള്ള കാലം മുതല്‍ ഏല്‍പിച്ച പ്രഹരങ്ങളുടെ പാടുകള്‍ കറുത്തുകിടന്നു. കുളികഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങിയപ്പോള്‍  ചവറ്റുകൂനയുടെ അരികിലെ ടാപ്പിനരികില്‍ സോപ്പുപതയില്‍ മുങ്ങി മഞ്ഞുമനുഷ്യരെപ്പോലെയായ പുരുഷന്മാരുടെ നിര നീണ്ടുകഴിഞ്ഞിരുന്നു.   ടാപ്പില്‍ വെള്ളമത്തെുന്ന നേരത്ത് കുളിക്കാന്‍ നിരക്കുന്ന പുരുഷന്മാരുടെ കൂട്ടത്തില്‍ത്തന്നെയാണ് ചുവപ്പും പച്ചയും കളം കളം തോര്‍ത്തു ചുറ്റി,  സോപ്പുകൊണ്ടു ശരീരത്തെ ലാളിച്ചും പഴയ കഥകള്‍ പങ്കുവെച്ചും അച്ഛനും കുളിച്ചിരുന്നത്. സൂദേവ് കാക്കു പരസ്യമായി കുളിക്കാന്‍ വിസമ്മതിച്ച്, ഞങ്ങളുടെ പൊട്ടിപ്പൊളിഞ്ഞതും പായല്‍ പിടിച്ചതുമായ  ഛാത്താളിനുള്ളില്‍ കാര്യം സാധിച്ചു. അത് ജയിലില്‍നിന്നു വന്നപ്പോള്‍ പഠിച്ച ശീലമാണെന്ന് അറിഞ്ഞതില്‍പ്പിന്നെയാണ് അദ്ദേഹത്തിന്‍െറ കാലുകളുടെ പിന്നില്‍ കുറുകെ വീശിയടിച്ച ചാട്ടവാറിന്‍െറ പാടുകള്‍ ഞാന്‍ ശ്രദ്ധിച്ചതും അദ്ദേഹം അടിയന്തരാവസ്ഥക്കാലത്തു ജയിലില്‍ കിടന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയതും.  അന്നു കുളികഴിഞ്ഞ് വീടിനുള്ളിലേക്കു കടക്കുമ്പോള്‍ മാ പുറത്തേക്കുവന്നു.
‘‘അവന്‍ വന്നിട്ടുണ്ട്. ആ ചെക്കന്‍...’’
ഞാനതു കേള്‍ക്കാത്തമട്ടില്‍  ഇരുണ്ട പച്ചനിറമുള്ള കുര്‍ത്തക്കു ചേരുന്ന ഒരു വെള്ള ദുപ്പട്ട തപ്പിയെടുക്കവെ,  കട്ടിലില്‍ കാലുകള്‍ ഉയര്‍ത്തിവെച്ചിരുന്ന് ചായ ശബ്ദത്തോടെ ഊതിക്കുടിക്കുന്ന ഥാക്കുമാ എന്നെ ദയവോടെ നോക്കി.
‘‘കുറച്ചു ദിവസംകൊണ്ട് എന്‍െറ കുട്ടി ക്ഷീണിച്ചുപോയി. അവനെയോര്‍ത്തുള്ള നെഞ്ചുരുക്കമാണ് അവള്‍ക്ക്.  എല്ലാം നീയൊരുത്തി കാരണം.  ആരാച്ചാരല്ലാത്തവന്‍ നമുക്കു വേണ്ടാന്ന് ഞാന്‍ ആദ്യമേ പറഞ്ഞതാ... അപ്പോള്‍ കോട്ടും പാന്‍റും പോക്കറ്റിലെ കാശും കണ്ട് നീ മയങ്ങി...’’
‘‘പോക്കറ്റിലെ കാശുകണ്ടു മയങ്ങുന്നത് ആരുടെ സ്വഭാവമാണെന്ന് എല്ലാവര്‍ക്കും അറിയാം...’’
മാ പെട്ടെന്നു ക്ഷോഭിച്ചു.
‘‘എന്‍െറ മകള്‍ക്ക് ഒരു നല്ല ബന്ധം കിട്ടണമെന്നു മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളൂ... അതിന്‍െറ പേരില്‍ അവളെ നിങ്ങളുടെ മോന്‍ തൂക്കിവില്‍ക്കുമെന്ന് ആരു വിചാരിച്ചു!’’
ഥാക്കുമാ കുടിച്ചുതീര്‍ന്നെന്ന് ഉറപ്പുവരുത്തും മുമ്പേ ചായക്കപ്പു തട്ടിപ്പറിച്ചു  മാ അകത്തേക്കു പോയപ്പോള്‍ ഥാക്കുമാ ചുണ്ടു തുടച്ച് എന്നെ നോക്കി കണ്ണിറുക്കി പുഞ്ചിരിച്ചു.
‘‘ഞങ്ങള്‍ തമ്മില്‍ ചേരില്ല.  കാരണം, അവളുടെ അമ്മ എന്‍െറ ശത്രുവായിരുന്നു...’’

മുടി കോതുന്നതിനിടയില്‍ ഞാന്‍ ഥാക്കുമായെ നോക്കി  പുഞ്ചിരിച്ചു. ശത്രുതകളുടെ കഥകള്‍ പറഞ്ഞുതന്ന്, ശാശ്വതമായി ലോകത്ത് ഒരു ശത്രുതയുമില്ളെന്ന് പ്രഖ്യാപിക്കാറുള്ള ഥാക്കുമാ തന്നെ ദാദുവിന്‍െറ പ്രണയിനിയെ അവര്‍ മരിച്ച് അരനൂറ്റാണ്ടിനുശേഷവും ശത്രുവായി പരിഗണിക്കുന്നത് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ല. ദാദു പ്രണയിച്ചത് മായുടെ അമ്മയെയായിരുന്നു എന്ന് ഞങ്ങളുടെ തെരുവിലെ പൂച്ചക്കും പട്ടിക്കുംപോലും അറിയാമായിരുന്നു. മായുടെ അമ്മ പവിത്രാദേബിയെ വിവാഹം കഴിച്ച് കിഴക്കന്‍ ബംഗ്ളാവിലേക്കു കൊണ്ടുപോയ വഴിയില്‍ തലയിട്ടടിച്ച് ദാദു പൊട്ടിക്കരഞ്ഞതു വിവരിക്കുമ്പോഴൊക്കെ ഥാക്കുമാ ഇപ്പോഴും കോപാകുലയാകും. ഥാക്കുമാ എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍െറ മുറിയില്‍നിന്ന് സഞ്ജീവ് കുമാര്‍ മിത്രയുടെ ശബ്ദം വീണ്ടും ഉയര്‍ന്നു.
‘‘എന്തൊരു അഴിമതിയാണ്, ഗൃദ്ധാദാ? എവിടെ നോക്കിയാലും അതെ... എനിക്കിതൊക്കെ കാണുമ്പോള്‍ രക്തം തിളയ്ക്കുന്നു.’’
‘‘സഞ്ജൂ ബാബൂ... നിങ്ങള്‍ എന്നോട് ഇതേക്കുറിച്ചു പറയുന്നോ? നോക്ക്, എല്ലാവര്‍ക്കും പണം പണം എന്നൊരു ചിന്തയേയുള്ളൂ... എനിക്ക് ചിലപ്പോള്‍ തോന്നും, കയറും കുടുക്കും മാറ്റിവെച്ച് ഒരു തോക്കുംകൊണ്ട് ഇറങ്ങി എല്ലാത്തിനെയും വെടിവെച്ചു കൊല്ലണമെന്ന്...കുറെ അഴിമതിക്കാരെ കൊന്നു തള്ളിയാല്‍മാത്രമേ നമുക്ക് ഈ ലോകത്തെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ...’’

അച്ഛനും ആവേശഭരിതനായിരുന്നു. ഞാന്‍ മുടി സാവധാനം തുടച്ചുകൊണ്ട്  ഥാക്കുമായുടെ കട്ടിലില്‍ ചെന്നിരുന്നു. ഇടക്കു ബ്രിട്ടനിലേക്കു തിരിച്ചുപോകുമ്പോള്‍ വര്‍ഷം അഞ്ചു പവന്‍ ശമ്പളത്തിന് ഇന്ത്യയിലത്തെിയ ഹേസ്റ്റിങ്സിന്‍െറ സമ്പാദ്യം മുപ്പതിനായിരം പവനായിരുന്നു. ബ്രിട്ടനിലത്തെിയതിനുശേഷം ആര്‍ഭാടജീവിതം നയിച്ച് അദ്ദേഹം ദരിദ്രനായി.  പണമുണ്ടാക്കാന്‍ വീണ്ടും കൊല്‍ക്കത്തയിലേക്കു മടങ്ങി. പതിനെട്ടാം നൂറ്റാണ്ടിലെ മഹാക്ഷാമം കഴിഞ്ഞ് മൂന്നിലൊരു ഭാഗം ജനങ്ങളും മരിച്ചു മണ്ണടിഞ്ഞ, മുളയോലകള്‍കൊണ്ടു മേഞ്ഞ മണ്‍കുടിലുകള്‍ നിറഞ്ഞ, കൊല്‍ക്കത്ത നഗരത്തില്‍ ഹേസ്റ്റിങ്സ് കപ്പലിറങ്ങിയത് ബംഗാള്‍ ഗവര്‍ണറായിട്ടാണ്.  കപ്പലില്‍ കയറുമ്പോള്‍ അദ്ദേഹം വിഭാര്യനും വിധുരനുമായിരുന്നു. കപ്പലില്‍വെച്ച് അദ്ദേഹം വീണ്ടും പ്രണയബദ്ധനായി.  ജര്‍മന്‍കാരിയും വിവാഹിതയുമായ  മരിയന്‍ ഇംഹോഫ് പ്രഭ്വി കപ്പലില്‍വെച്ചുതന്നെ ഭര്‍ത്താവുമായി പിരിഞ്ഞ് ഹേസ്റ്റിങ്സിനോടു ചേര്‍ന്നു. എങ്കിലും ജര്‍മനിയില്‍നിന്ന് വിവാഹമോചനം അനുവദിച്ചു കിട്ടിയില്ല.  നീണ്ട എട്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം വിവാഹമോചനം അനുവദിച്ചു കിട്ടി.  ഹേസ്റ്റിങ്സ് പ്രഭ്വിയെ വിവാഹം കഴിച്ചു. അവര്‍ക്കു വേണ്ടിയാണ് അദ്ദേഹം ആലിപ്പൂര്‍ ഗാര്‍ഡന്‍സ് എന്ന ബംഗ്ളാവ് പണിതത്.  കുറ്റാരോപണങ്ങളില്‍നിന്ന് വിമുക്തനായെങ്കിലും അദ്ദേഹം ഇംഗ്ളണ്ടിലേക്കുതന്നെ മടങ്ങി.
ഡേയ്ല്‍സ് ഫോര്‍ഡിലെ വീട്ടില്‍ തന്‍െറ പ്രണയിനിയോടൊപ്പം അറബിക്കുതിരകള്‍ക്കുമേല്‍ സവാരിചെയ്തും ഇന്ത്യന്‍ സസ്യങ്ങള്‍ തോട്ടത്തില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചും ഇന്ത്യന്‍ മൃഗങ്ങളെ ഓമനിച്ചും ജീവിച്ച ഇരുപത്തിനാലുവര്‍ഷം ഹേസ്റ്റിങ്സ് ജീവിച്ചിരുന്നു. മരിച്ചതിന്‍െറ പിറ്റേന്ന് - അത് 1818 ആഗസ്റ്റ് ഇരുപത്തിമൂന്നാം തീയതിയായിരുന്നോ സെപ്റ്റംബര്‍ ഏഴായിരുന്നോ എന്ന് വിദ്യാസാഗര്‍ ദാദുവിന് സംശയമുണ്ട് - ആലിപ്പൂര്‍ ഗാര്‍ഡന്‍സിനു മുന്നിലുള്ള വീഥിയില്‍ രാത്രി രണ്ടു മണിക്ക് കുതിരക്കുളമ്പടി മുഴങ്ങി. ഹേസ്റ്റിങ്സിന്‍െറ കുതിരവണ്ടി കുടമണികള്‍ കിലുക്കി പാഞ്ഞുവന്ന് ബംഗ്ളാവിന്‍െറ മുറ്റത്തുനിന്നു. തൊപ്പിയൂരി കൈയില്‍പിടിച്ച് ഹേസ്റ്റിങ്സ് ധൃതിയില്‍ വീടിനുള്ളിലേക്കു കടന്ന് കാശിയില്‍നിന്നുകൊണ്ടുവന്ന വിലപിടിച്ച മാര്‍ബ്ളില്‍ പണിത പിരിയന്‍ കോവണി ചാടിക്കയറി. പുലര്‍ച്ചവരെ മുകള്‍നിലയില്‍ അദ്ദേഹം എന്തോ തിരഞ്ഞുകൊണ്ടിരുന്നു. പ്രഭാതവും സൂര്യപ്രകാശവും നഗരത്തിലേക്കു പ്രവേശിച്ചപ്പോള്‍ കുതിരവണ്ടി ചില്ലുപോലെ സുതാര്യമായി മെഴുകുപോലെ ഉരുകി ആവിയായി.
ഥാക്കുമാ പറഞ്ഞ കഥയിലെ പ്രസക്തമായ ഭാഗം ഇതൊന്നുമായിരുന്നില്ല. ലണ്ടനിലേക്ക് മടങ്ങിപ്പോയതിനുശേഷം ഹേസ്റ്റിങ്സ് പ്രഭു തന്‍െറ സുഹൃത്തായ തോംസണ് എഴുതിയ കത്തുകളിലൊന്ന് ഇങ്ങനെയായിരുന്നു:
‘‘വീണ്ടും വീണ്ടും എന്‍െറ എഴുത്തുമേശയുടെ കാര്യം ഓര്‍മിപ്പിക്കേണ്ടിവരുന്നത് എന്നെ വേദനിപ്പിക്കുന്നു. ഇതുവരെ അതു സംബന്ധിച്ച് ഒരു വിവരവും എനിക്കു താങ്കളില്‍നിന്നോ ലാര്‍ക്കിന്‍സില്‍നിന്നോ കിട്ടിയിട്ടില്ല. അതേക്കുറിച്ചുള്ള ഉത്കണ്ഠ നിങ്ങള്‍ ക്കു മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല... ’’
രണ്ടു വര്‍ഷത്തിനുശേഷവും കല്‍ക്കട്ട ഗസറ്റില്‍ ഇങ്ങനെ  ഒരു പരസ്യവും പ്രത്യക്ഷപ്പെട്ടു:
‘‘വാറന്‍ ഹേസ്റ്റിങ്സിന്‍െറ ഉടമസ്ഥതയില്‍പ്പെട്ട കരിവീട്ടിയില്‍ കടഞ്ഞെടുത്ത ഒരു എഴുത്തുമേശ, അദ്ദേഹത്തിന്‍െറ എസ്പ്ളനേഡില്‍നിന്നുള്ള വീട്ടില്‍നിന്ന് ഇംഗ്ളണ്ടിലേക്കു പുറപ്പെടുന്നതിനിടെ അതിലുണ്ടായിരുന്ന രണ്ടു ചെറിയ ചിത്രങ്ങളും ചില സ്വകാര്യ കടലാസുകളും സഹിതം മോഷ്ടിക്കപ്പെടുകയോ അദ്ദേഹത്തിന്‍െറ വസ്തുവകകളുടെ ലേലത്തില്‍ അബദ്ധത്തില്‍ ഉള്‍പ്പെടുകയോ ചെയ്തു. ആ മേശയും അതിനുള്ളിലെ വസ്തുക്കളും സംബന്ധിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് രണ്ടായിരം രൂപ നല്‍കുന്നതാണെന്ന്  മിസ്റ്റര്‍ ലാര്‍ക്കിന്‍സും മിസ്റ്റര്‍ തോംസണും ഇതിനാല്‍ തെര്യപ്പെടുത്തുന്നു...’’
 ഹേസ്റ്റിങ്സിനെ മറന്ന് ഭവിഷ്യത്തിന്‍െറ ഓഫിസിലേക്ക് ഇറങ്ങുമ്പോഴാണ്  പച്ചപ്പായല്‍ പടര്‍ന്ന ഛാത്താളിനും സലൂണിന്‍െറ ഭിത്തിക്കും ഇടക്കുള്ള ഇത്തിരിസ്ഥലത്ത് സഞ്ജീവ് കുമാര്‍ മിത്ര എന്നെ നേരിട്ടത്.

‘‘രാമുദായുടെ മരണത്തിനുശേഷം ചേതന ഇതുവരെ നോര്‍മല്‍ ആയിട്ടില്ളെന്നു തോന്നുന്നു...’’
അയാള്‍ കണ്ണടയൂരി കണ്ണുതുടച്ചുകൊണ്ട് എന്നെ നോക്കി.
‘‘ഇങ്ങനെ പോയാല്‍ മനസ്സു കൂടുതല്‍ വിഷമിക്കുകയേ ഉള്ളൂ...’’ ചേതന ചാനലിലേക്കു മടങ്ങിവരണം. ചേതനക്ക് നടത്താന്‍ സാധിക്കുന്ന ഒരു പ്രത്യേക പരിപാടി ഞങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്...അതില്‍ എന്‍െറ വ്യക്തിപരമായ താല്‍പര്യം, എനിക്കു ചേതനയെ സദാ അടുത്തുകിട്ടുമെന്നു തന്നെയാണ്...’’
ഞാന്‍ സുനെയ്നയുടെ ട്യൂഷന്‍ പൈസകൊണ്ട് പണ്ടു വാങ്ങിയ പഴയ തുകല്‍ ബാഗ് ചുമലില്‍ നേരെയിട്ടുകൊണ്ട് അയാളെ നോക്കി പുഞ്ചിരിച്ചു. പക്ഷേ, എന്തുകൊണ്ടോ എന്‍െറ കണ്ണുകളില്‍ നനവുപടര്‍ന്നു. ഞാന്‍ കേട്ടിട്ടുള്ള പ്രണയകഥയിലെ പുരുഷന്മാരെല്ലാം അവരുടെ പ്രണയസ്മൃതികള്‍ പാടിപ്പൊലിപ്പിച്ച് എന്‍െറ ആത്മവിശ്വാസം തകര്‍ക്കുകയായിരുന്നു. പട്ടിണികിടന്നും ശ്വാസംമുട്ടിയും മരണത്തെ മുന്നില്‍കാണുമ്പോള്‍ അരികിലുണ്ടായിരുന്ന സ്ത്രീയെ പ്രണയിച്ച് അതിജീവിക്കാന്‍ പഠിച്ച ഹേസ്റ്റിങ്സിന്‍െറ മറ്റെല്ലാ തെറ്റുകളും പൊറുക്കാവുന്നതായി എനിക്കു തോന്നിയിട്ടുണ്ട്.  ഒരിക്കല്‍, ഒരിക്കല്‍ മാത്രം സഞ്ജീവ് കുമാര്‍ മിത്ര അതുപോലെ എന്നെ സ്നേഹിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ വീണ്ടും നിരാശയോടെ ആശിച്ചു. മറുപടിപറയാതെ  പുറത്തേക്കുനീങ്ങുമ്പോള്‍  സഞ്ജീവ് കുമാര്‍ മിത്ര എന്നെ  തടഞ്ഞു.

‘‘ചേതന, ഇങ്ങനെ എന്നെ കൈവിട്ടുകളയരുത്...എന്‍െറ ഭാഗത്തുനിന്ന് എന്ത് തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിലും ഞാന്‍ മാപ്പു ചോദിക്കുന്നു. അന്ന് എനിക്കു പിന്നീട് ചേതനയെ കാണാന്‍ കഴിയാതെയിരുന്നത് ഓഫിസിലെ ചില പ്രശ്നങ്ങള്‍കൊണ്ടാണ്. ഞാന്‍ ആകെ തകര്‍ന്നുപോയി, ചേതന... വധശിക്ഷയുമായി ബന്ധപ്പെട്ട പരിപാടി എന്‍െറ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരുന്നു...’’
ഞാന്‍ അയാളെ നോക്കി വീണ്ടും മന്ദഹസിച്ചു.
‘‘ഇങ്ങനെ ചിരിച്ചു ചിരിച്ച് എന്നെ നാണംകെടുത്താതെ. എന്തെങ്കിലുമൊന്നു പറയൂ...’’
‘‘വധശിക്ഷ ബാനര്‍ജിയുടെ ജീവിതത്തിലെയും പ്രധാനപ്പെട്ട കാര്യമായിരുന്നു...’’
‘‘നോക്ക്, ഇവിടെ മാത്രമല്ല, രാജ്യത്തെങ്ങും ഇതു വലിയൊരു ചര്‍ച്ചാവിഷയമാണ്. ചേതന രാജ്യം മുഴുവന്‍ പ്രസിദ്ധയാകാന്‍ പോകുന്നു. ഈ നേരത്ത് മുഖംതിരിച്ച് വീട്ടില്‍ കയറിവന്ന മഹാലക്ഷ്മിയെ തട്ടിക്കളയരുത്...’’
‘‘എനിക്ക് ജോലിയുണ്ട്, സഞ്ജീവ് കുമാര്‍ ബാബൂ... ദയവു ചെയ്ത് വഴിയില്‍നിന്ന് മാറിനില്‍ക്കൂ...’’
ഞാന്‍ വീണ്ടും പോകാനൊരുങ്ങി.
‘‘നോക്കൂ, ഞാന്‍ ചെയ്ത തെറ്റ് എന്താണെന്നു പറയൂ...’’
പെട്ടെന്ന് എന്‍െറ നിയന്ത്രണം വിട്ടു.
‘‘ചെയ്ത തെറ്റോ? സ്വയം ചോദിച്ചു നോക്കൂ...’’
‘‘കേട്ടാല്‍ തോന്നും, ഞാനാണ് നിന്‍െറ രാമുദായെ എന്തോ ചെയ്തതെന്ന്...’’
ചിരിക്കാന്‍ കഴിയുന്നത്ര ശ്രമിച്ചിട്ടും ആ നേരത്ത് എന്‍െറ കണ്ണുകള്‍ നിറയുകയാണ് ഉണ്ടായത്.
‘‘നിങ്ങള്‍, നിങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ കൊന്നത്. എല്ലാത്തിന്‍െറയും തുടക്കം നിങ്ങള്‍ ആ നാണയം  മോഷ്ടിച്ചതാണ്...’’
എന്‍െറ ശബ്ദം ചിതറിപ്പോയി. ആ സമയത്ത് അയാള്‍ എന്നെ ചേര്‍ത്തുപിടിച്ചിരുന്നെങ്കില്‍ എന്‍െറ കാതില്‍ ക്ഷമാപണങ്ങള്‍ ഉരുവിട്ടിരുന്നെങ്കില്‍ എന്ന് ഹൃദയത്തിന്‍െറ ഒരു ഭാഗം എന്നെ ലജ്ജിപ്പിച്ചുകൊണ്ട് തീവ്രമായി അഭിലഷിച്ചു. സഞ്ജീവ് കുമാര്‍ മിത്ര എന്നെ തറപ്പിച്ചുനോക്കി. പിന്നീട് കുനിഞ്ഞ് എന്‍െറ കാല്‍ക്കല്‍ തൊട്ടു.
‘‘നോക്ക്, ഞാന്‍ മാപ്പുചോദിച്ചു. ഞാന്‍ ഒരു വൃത്തികെട്ടവനെപ്പോലെ പെരുമാറി ചേതനാ... നിന്നെ വേദനിപ്പിച്ചു. എന്‍െറ തെറ്റാണ്, എല്ലാം. എനിക്കു മാപ്പുതരണം...’’
‘‘ഞാന്‍ ചാനല്‍പരിപാടിയില്‍ പങ്കെടുക്കുകയില്ല...’’
‘‘വേണ്ട... ചേതനക്ക് ഇഷ്ടമല്ളെങ്കില്‍ വേണ്ട. പക്ഷേ, എന്നെ വെറുക്കരുത്...’’
ഞാന്‍  ഉമിനീര്‍ വിഴുങ്ങി അയാളെ നോക്കിനിന്നു. ഇരുപത്തിരണ്ടു വയസ്സു മാത്രമുള്ള മുറിവുകളില്‍ മുങ്ങിയ ഹൃദയം എന്തുവേണമെന്നറിയാതെ കഠിനമായ ആശയക്കുഴപ്പത്തില്‍ പിടഞ്ഞു.
‘‘ഒൗപചാരികമായി വിവാഹാലോചനക്ക് എന്‍െറ കുടുംബത്തില്‍നിന്ന് മുതിര്‍ന്നവര്‍ ഇവിടെയത്തെും. ആ നേരത്ത് ചേതന എന്നെ ഇതുപോലെ നാണംകെടുത്തരുത്... എന്നെ വിശ്വാസമില്ളെങ്കിലും കുഴപ്പമില്ല. അവരെയെങ്കിലും വിശ്വസിക്കാമല്ളോ...’’
ഞാന്‍ അയാളെ സംശയത്തോടെ നോക്കി.
‘‘ജാതിയും മതവും ഞങ്ങളുടെ കുടുംബത്തിന് പ്രശ്നമല്ല...’’
ഉരുകാന്‍ തുടങ്ങിയെങ്കിലും  എന്‍െറ ഹൃദയം വീണ്ടും തണുത്തുറഞ്ഞു.
‘‘ഇല്ല, സഞ്ജുബാബൂ...എനിക്കിനിയും നിങ്ങളെ വിശ്വസിക്കാന്‍ സാധ്യമല്ല. ഞാന്‍ നിങ്ങളെ ഞാന്‍ എത്ര സ്നേഹിച്ചിരുന്നു എന്ന് നിങ്ങള്‍ക്ക് ഒരിക്കലും മനസ്സിലായിട്ടില്ല...’’
എന്‍െറ ശബ്ദം കഠിനമായി.
‘‘തീര്‍ച്ചയായും, ചേതന...പക്ഷേ, ഞാന്‍ നിന്നെ എത്ര സ്നേഹിക്കുന്നുവെന്ന് നീയും ഒരിക്കലും മനസ്സിലാക്കിയിട്ടില്ല...’’
അയാള്‍ എന്നോട് അടുത്തുനിന്നു. പിന്നീട് പോക്കറ്റില്‍നിന്ന് ഒരു ചെപ്പ് പുറത്തെടുത്തു. വീണ്ടും ഒരു മോതിരമോ വളയോ നല്‍കി എന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണ് അയാളെന്ന് ഞാന്‍ തെറ്റിദ്ധരിച്ചു. അതെനിക്കു നീട്ടുന്ന നിമിഷം അയാളുടെ കരണത്ത് ആഞ്ഞടിക്കുകയോ കഴുത്തില്‍ കുടുക്കിട്ട് എല്ലാ ശല്യവും ഇന്നത്തോടെ തീര്‍ക്കുകയോ ചെയ്യണമെന്ന് ഞാന്‍ ക്രോധത്തോടെ തീരുമാനിച്ചു.

‘‘നോക്കൂ...ചേതനയുടെ എല്ലാ ദു$ഖത്തിനു കാരണമായത് ഞാന്‍ വീണ്ടെടുത്തിരിക്കുന്നു...’’
അയാള്‍ അതു തുറന്ന് എനിക്കുനേരെ ഉയര്‍ത്തിപ്പിടിച്ചു.
‘‘നിന്‍െറ സഹോദരന്‍െറ ജീവന്‍ എനിക്കു തിരികത്തെരാന്‍ സാധിക്കുകയില്ല. പക്ഷേ, രാമുദാ നിനക്കു നല്‍കിയ സ്നേഹം ഞാന്‍ ഉറപ്പുനല്‍കുന്നു. പിന്നെ, ഇതാ, നീയും നിന്‍െറ തലമുറകളും ഏറ്റവും വിലമതിക്കുന്ന നിങ്ങളുടെ ചരിത്രവും...’’
ഞാന്‍ കണ്ണുമിഴിച്ചുനിന്നുപോയി. അത് ഥാക്കുമായുടെ ആ നാണയമായിരുന്നു! ഞാനതു തട്ടിപ്പറിച്ച് വിശ്വാസം വരാതെ നോക്കി.
‘‘എവിടെ നിന്നുകിട്ടി ഇത്?’’
അയാള്‍ വിജഗീഷുവായി ചിരിച്ച് വീണ്ടും കണ്ണട എടുത്തുവെച്ചു. അയാളുടെ കറുത്ത ഷര്‍ട്ടിന്‍െറ പ്രതിഫലനം കണ്ണടയുടെ കറുപ്പിനെ കൂടുതല്‍ കടുപ്പിച്ചു.
‘‘യൂ ഹാവ് ആള്‍വെയ്സ് അണ്ടര്‍ എസ്റ്റിമേറ്റഡ് മീ...എനിക്കു നിന്നെ ആവശ്യമുണ്ട്.  പക്ഷേ, അതിന്‍െറ എത്രയോ ഇരട്ടി നിനക്ക് എന്നെ ആവശ്യമുണ്ട്... അതു നിന്‍െറയുള്ളിന്‍െറ ഉള്ളില്‍ നിനക്ക് ബോധ്യമുണ്ട്. അതു നിനക്ക് എത്ര ബോധ്യമുണ്ടെന്ന് എനിക്കും ബോധ്യമുണ്ട്...’’
അയാള്‍ എന്‍െറ കവിളില്‍  തഴുകി ഒന്നു പുഞ്ചിരിച്ചതിനുശേഷം നടന്നുപോയി. ഭയം കാല്‍ച്ചുവട്ടില്‍നിന്നു കത്തിയുയര്‍ന്ന അഗ്നിപോലെ എന്നെ ആവേശിച്ചു. ചങ്ങലയുടെ ഭാരം കുറക്കാനുള്ള ചെപ്പടിവിദ്യയാണ് കീഴടക്കപ്പെടേണ്ടവരുമായുള്ള സമ്പര്‍ക്കമെന്ന സത്യം ഓര്‍ത്തതുകൊണ്ടായിരുന്നില്ല അത്. അയാള്‍ മരിച്ചുകഴിഞ്ഞു എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ആത്മാവിന് ഭൂമി വിട്ടുപോകാനുള്ള വഴി തെളിഞ്ഞുകാണാന്‍ പക്ഷേ, ഞാന്‍ അപ്പോഴും ഒരു ചെറിയ വിളക്ക് കത്തിച്ചുവെച്ചിരുന്നു. ആ  വെളിച്ചത്തില്‍ അയാള്‍ എന്നിലേക്കുതന്നെ തിരിച്ചുവന്നിരിക്കുന്നു. ഉരുകിയ മെഴുകുപോലെ മൃദുലമായ വാലുനീട്ടി അയാള്‍ എന്‍െറ കഴുത്തില്‍ ഒരിക്കല്‍ക്കൂടി കുടുക്കിടുകയാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷേ, ആ വാല്‍ തീര്‍ത്ത ചില്ലു തീരെയും സുതാര്യമായിരുന്നില്ല. കറുത്ത ഛവിയുള്ള ചില്ലിന്‍െറ അതാര്യത അതിനുമുണ്ടായിരുന്നു.  ആ സമയത്ത്, എന്‍െറ മുന്നിലെ വഴിയിലൂടെ വിലപിടിച്ച വെള്ളികെട്ടിയ ശവമഞ്ചത്തില്‍ ഒരു വിലാപയാത്ര സാവധാനം കടന്നുപോയി. പുറത്തേക്കു കണ്ട അള്‍ട്ടാ പുരട്ടി ചുവന്ന പാദങ്ങള്‍ അതൊരു  സുമംഗലിയാണെന്നു വിളിച്ചറിയിച്ചു. ഹേസ്റ്റിങ്സ് മരിക്കുമ്പോഴും മരിയനെ സ്നേഹിക്കുകയും അവരുടെ സാമീപ്യത്തില്‍ ആനന്ദിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് ഞാന്‍ അസൂയപ്പെട്ടു.  അപ്പോള്‍ വെള്ളികെട്ടിയ വണ്ടിയുടെ പിന്‍ഭാഗത്തു പിടിച്ചുനടന്നിരുന്ന പുരുഷന്‍ പെട്ടെന്നു തിരിഞ്ഞുനോക്കി. ഞങ്ങളുടെ കണ്ണുകള്‍ ഇടഞ്ഞപ്പോള്‍ ഞാന്‍ സ്തബ്ധയായി. അത് മാരുതിപ്രസാദ് യാദവ് ആയിരുന്നു. എനിക്ക് വേണമെങ്കില്‍ ആരാച്ചാരാകാമെന്നും ഭാരതത്തിന്‍െറയും മുഴുവന്‍ ലോകത്തിന്‍െറയും സ്ത്രീത്വത്തിന്‍െറയും സ്വാഭിമാനത്തിന്‍െറയും പ്രതീകമാകാമെന്നും ബോധ്യപ്പെടുത്തിത്തന്നെ ആദ്യത്തെ പുരുഷന്‍ ഒരു സ്ത്രീയുടെ ശവമഞ്ചത്തില്‍ പിടിച്ചുകൊണ്ട് എന്നെ തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി മറയുന്നത് വല്ലാത്ത കാഴ്ചയായിരുന്നു.  

പാന്‍മസാലയുടെയും വിയര്‍പ്പിന്‍െറയും രൂക്ഷഗന്ധവും സ്ത്രീയെ ആക്രമിച്ചുകൊണ്ടല്ലാതെ കീഴടക്കുന്നതിലുള്ള അജ്ഞതയും സഹിച്ച് ജീവിച്ചു മരിച്ചുപോയ ആ സ്ത്രീയെക്കുറിച്ചോര്‍ത്ത് ഞാന്‍ വിറങ്ങലിച്ചുനിന്നു.  വാല്‍ മുളപ്പിച്ച ആത്മാവായി മടങ്ങിവന്ന് അവര്‍ വീണ്ടും ഭൂമിയിലെ ബന്ധങ്ങളെ  മുറുകെപ്പിടിക്കുമോ എന്നു ഞാന്‍ സംശയിച്ചു. സഞ്ജീവ് കുമാര്‍ മിത്ര അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. ശവമഞ്ചം കാഴ്ചയില്‍നിന്നു മാഞ്ഞുകഴിഞ്ഞിരുന്നു. എന്നിട്ടും അതിന്‍െറ ചക്രങ്ങളുടെ കിടുക്കം  കുതിരവണ്ടിയെയും ഹേസ്റ്റിങ്സ് പ്രഭുവിന്‍െറ പ്രേതത്തെയും ഓര്‍മിപ്പിച്ച് എന്‍െറ കാതുകളില്‍ പ്രതിധ്വനിച്ചു. രണ്ടു ചിത്രങ്ങളും ഏതാനും പഴയ കത്തുകളും തിരഞ്ഞ് നൂറ്റാണ്ടുകള്‍ക്കുശേഷവും കടല്‍ കടന്ന് പ്രാചീനമായൊരു പിരിയന്‍ കോവണി കയറിയിറങ്ങുന്ന ഹേസ്റ്റിങ്സ് പ്രഭുവിനെ ഞാന്‍ കാണുന്നുണ്ടായിരുന്നു.  പക്ഷേ, അപ്പോഴും,  എന്തൊരു കഷ്ടമാണെന്നു നോക്കണേ, പ്രഭുവിനും അയാളുടെതന്നെ ഛായ...!
( തുടരും )

 


നോവല്‍

മുന്‍ ലക്കങ്ങള്‍