
അവതാരം
മൂന്നടിയാല്‍ സമസ്തവുമളന്നു
ചിരിക്കും വാമനനെപ്പോല്‍,
-ഹൈക്കു.
ശാന്തി
ആല്‍മരത്തണലില്‍,
അയവിറക്കും പശുവിന്‍ കണ്ണില്‍
ദൈവം മറന്നുവെച്ച ശാന്തിസൂക്തം.
വീട്ടമ്മ
ദിനരാത്രങ്ങളിലൂടെ, ഇടതടവില്ലാതെ,
ഉറുമ്പുപോല്‍ പണിതു നീങ്ങുന്നു
-ഒരു ശരാശരി വീട്ടമ്മ.
ദൃശ്യം
കത്തുന്ന സൂര്യന്‍
ആളുന്ന ഉച്ച.
-നിഴലുകളില്ലാത്ത രണ്ടുപേര്‍.
കാരുണ്യം
സങ്കടങ്ങള്‍ ഇടിവെട്ടിപ്പെയ്യും
കണ്ണീര്‍തോരാ മഴരാത്രികളില്‍,
കൂണുപോല്‍ കുട നിവര്‍ത്തുന്നു, ഹൈക്കു!
ഉപമ
നിരാശയുടെ ഗര്‍ത്തങ്ങളില്‍
ആശയുടെ സ്ഫുരണംപോല്‍
രാത്രിയെ കീറിമുറിച്ച് ഒരു കൊള്ളിയാന്‍.
ഉത്തരങ്ങള്‍
മേഘപ്പരപ്പിലേക്കുറ്റുനോക്കി
ഞാന്‍ മന്ത്രിച്ചു: ‘‘പ്രിയനേ!’’
അപ്പോഴോ? നോക്കൂ, മഴചാറി!
വാര്‍ധക്യം
നില്‍പിലും നടപ്പിലും നോട്ടത്തിലും
എന്നിലൂടെ എത്തിനോക്കുന്നു, എന്‍റമ്മ!
ഇലപൊഴിയും കാലമായി....