
നമുക്കും നമ്മുടെ മക്കള്‍ക്കും ജീവിക്കാന്‍ വയ്യാത്ത അവസ്ഥ കേരളത്തിലുണ്ട് എന്ന് പെട്ടെന്നൊരു തിരിച്ചറിവ് നമുക്കുണ്ടായിരിക്കുന്നു. ടി.പി. ചന്ദ്രശേഖരന്‍െറ വധത്തിനുശേഷമാണ് ഇത്തരത്തിലുള്ള ഒരു ആലോചന മലയാളികളുടെ മനസ്സിലേക്ക് വന്നുകയറിയിരിക്കുന്നത്. നാമെന്തൊക്കെയോ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട് എന്ന ചിന്ത ഉണ്ടായിരിക്കുന്നു. അതിനുകാരണം ചന്ദ്രശേഖരന്‍െറ വധത്തെ മാധ്യമങ്ങള്‍ പൊക്കിപ്പിടിച്ച രീതിയാണോ? കണ്ണൂരില്‍ നടക്കുന്ന മറ്റ് ഏതു വധത്തെയുംപോലെ, എട്ടാമത്തെ പേജില്‍ ഒരു കോളത്തില്‍ രണ്ടു സെന്‍റിമീറ്ററായി ചന്ദ്രശേഖരന്‍വധവും ഒതുങ്ങിയിരുന്നെങ്കില്‍ നമ്മളൊക്കെ ഇന്നിവിടെ കൂടിയിരിക്കുമായിരുന്നോ? സത്യംപറഞ്ഞാല്‍ മാധ്യമങ്ങളെക്കൊണ്ടുപോലും നമുക്ക് ചില പ്രയോജനങ്ങളുണ്ട് എന്നതിന്‍െറ തെളിവായാണ് ഞാന്‍ ഇതിനെ കാണുന്നത്. മാധ്യമങ്ങള്‍ എന്തുകൊണ്ടത് ചെയ്തു എന്നുള്ളത് വേറെ കാര്യം. അതിലേക്ക് ഞാനിപ്പോള്‍ കടക്കുന്നില്ല. അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ചെയ്തു, അതുകൊണ്ട് നാടിനും അല്‍പം ഗുണം ഉണ്ടായിട്ടുണ്ട് എന്നു മാത്രം. ചന്ദ്രശേഖരന്‍െറ വധം ഉണ്ടായപ്പോഴും, നാമെല്ലാം ഭയപ്പെടേണ്ട വധമായി എന്‍െറ മനസ്സില്‍ തോന്നിയത് ഷുക്കൂറിന്‍േറതാണ് എന്നു ഞാന്‍ പറയും. ഒരു 21 വയസ്സുകാരന്‍ പയ്യനെ രണ്ടര മണിക്കൂര്‍നേരം പരസ്യവിചാരണ ചെയ്ത്, കലക്ടര്‍, പൊലീസ് അങ്ങനെ പബ്ളിക് ഒഫിഷ്യല്‍സ് ആരും ഇടപെടാതെ, രണ്ടര മണിക്കൂര്‍നേരം പാര്‍ട്ടിഗ്രാമത്തിന്‍െറ മധ്യത്തില്‍ നിര്‍ത്തി പരസ്യവിചാരണ ചെയ്ത്, തെളിവുകള്‍ ശേഖരിച്ച്, നിങ്ങള്‍ക്കൊക്കെ അറിയാവുന്നതുപോലെ കാമറ ഉപയോഗിച്ചു ആളിനെ തിരിച്ചറിഞ്ഞ് പിടിച്ചുകൊണ്ടുപോയി ഒരു കോഴിക്കുഞ്ഞിന്‍െറ കഴുത്തരിയുന്ന ലാഘവത്തോടെ കൊന്നു. പി. ജയരാജനെപ്പോലുമല്ല, പി. ജയരാജന്‍െറ വാഹനവ്യൂഹത്തെ കല്ളെറിഞ്ഞു എന്നതായിരുന്നു കുറ്റം. ഇതൊരു താലിബാന്‍ കൊലയാണ്. അതാണ് എന്നെ ഭയപ്പെടുത്തുന്ന കാര്യവും. കേരളത്തില്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ ഫണ്ടമെന്‍റലിസങ്ങളുണ്ട്. പക്ഷേ, താലിബാന്‍െറ മുഖം ഇത്ര കൃത്യമായി വെളിപ്പെടുത്തിത്തന്ന മറ്റൊരു സംഭവം എന്‍െറ ഓര്‍മയില്‍ സമീപകാലത്തുണ്ടായിട്ടില്ല. ചന്ദ്രശേഖരന്‍ ഒരു സീനിയര്‍ നേതാവായതുകൊണ്ടും മരണം സംഭവിക്കുമ്പോള്‍ ഒരു കോണ്‍ട്രവേഴ്സ്യല്‍ മനുഷ്യനായിരുന്നതുകൊണ്ടുമാണ് അദ്ദേഹത്തിന്‍െറ മരണത്തിന് ഇത്രയധികം പ്രാധാന്യം ലഭിച്ചത്. ഷുക്കൂറിന്‍േറത് അതിലുമെത്രയോ നിഷ്ഠുരകൊലപാതകമായിരുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കൊലയാളികളാണ്. കോണ്‍ഗ്രസ്, ബി.ജെ.പി, കേരളകോണ്‍ഗ്രസ്, മുസ്ലിംലീഗ് എല്ലാവരും കൊലയാളികളാണ്. എല്ലാ ചെറിയ പാര്‍ട്ടികളും അവശ്യാനുസരണം കൊലയില്‍ ഇടപെടുന്നവരും കൊല നടത്തുന്നവരുമാണ്. പക്ഷേ, തലശ്ശേരി, കണ്ണൂര്‍ ബെല്‍റ്റിലെ സി.പി.എമ്മിന്‍െറ സോഷ്യോളജിക്കല്‍ പ്രത്യേകതകളെന്തെന്ന് ആരും ഇതുവരെ പഠിച്ചിട്ടില്ല. അവിടെയുള്ള ആര്‍.എസ്.എസുകാരും സി.പി.എമ്മും എന്തുകൊണ്ട് കൊലയില്‍ അഭിരമിക്കുന്നു എന്നുള്ളത് വാസ്തവത്തില്‍ പഠിക്കേണ്ടതാണ്. ഈ രണ്ടുകൂട്ടരും മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെടുന്നതിന്‍െറ ഏറ്റവും ദയനീയങ്ങളായ ഉദാഹരണങ്ങളാണെന്ന് നമുക്കറിയാം. ആര്‍.എസ്.എസുകാരും സി.പി.എമ്മുകാരും എല്ലായിടത്തും മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ടവരാണല്ളോ. എന്തുകൊണ്ട് കൊലപാതകങ്ങള്‍ ഇവിടെമാത്രം നടക്കുന്നു എന്നുള്ളത് പഠനവിധേയമാണ്. തിരുവനന്തപുരത്താണ് ഞാന്‍ താമസിക്കുന്നത്. മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ പൂര്‍ണമായും കുറ്റം പറയുമ്പോഴും, തിരുവനന്തപുരത്ത് രാജഭരണത്തിന്‍കീഴില്‍ വാലാട്ടി നടന്നതുകൊണ്ടാകും കൊലപാതകമൊന്നും തിരുവനന്തപുരത്ത് കാര്യമായി നടക്കുന്നതായി കണ്ടിട്ടില്ല. അതുകൊണ്ട് സി.പി.എമ്മിന്‍െറ സ്വഭാവമാണ് കൊലപാതകം എന്ന് പറയാന്‍ കഴിയില്ല.
എനിക്കുപറയാനുള്ളത്, കൊലപാതകത്തെ മാത്രം അക്രമരാഷ്ട്രീയമായി കാണാന്‍ പാടില്ല എന്നാണ്. അതിനുമപ്പുറത്ത് ഇവിടത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ പെരുമാറ്റ ശൈലിയെപ്പറ്റിയും അധികാരം കിട്ടുമ്പോള്‍ അവര്‍ പെരുമാറുന്ന രീതിയെപ്പറ്റിയും ചിന്തിക്കേണ്ടതാണ്. കൊലപാതകങ്ങള്‍ ഇനിയും നടന്നുകൊണ്ടേയിരിക്കും. അവര്‍ക്കാവശ്യമുള്ളവരെയൊക്കെ അവരിനിയും കൊല്ലും. എനിക്കു മനസ്സിലാകാത്തത്, ഇത്രയും കഷ്ടപ്പെട്ട് ഒരു കെട്ടുകാഴ്ചപോലെ ചന്ദ്രശേഖരനെ എന്തിനുകൊന്നു എന്നുള്ളതാണ്. ദിനോസേറിയന്‍ കാലത്തെപ്പോലെ എത്ര പ്രാകൃതമായിട്ടാണ് അവരതു ചെയ്തത്. കൊലയില്‍പോലും ആധുനികത കൊണ്ടുവരാന്‍ അവര്‍ക്കു കഴിയുന്നില്ല. അമേരിക്കന്‍ചിത്രങ്ങളില്‍ എത്ര ഗംഭീരമായാണ് കൊലപാതകങ്ങള്‍ ചെയ്യുന്നത്. വെടിവെച്ചോ വണ്ടിയിടിച്ചോ തീര്‍ക്കേണ്ട കാര്യമല്ളേ ഉള്ളൂ. അതിനുപകരം എവിടെനിന്നൊക്കെയോ ക്വട്ടേഷന്‍ സംഘങ്ങളെ വിളിച്ചുകൊണ്ടുവന്ന് മഴുകൊണ്ട് വെട്ടിമുറിച്ച് നാശമാക്കി, നാട്ടുകാരെയൊക്കെ കാണിച്ച് എന്തിനു കൊല്ലണം? സി.പി.എമ്മിന് അടിസ്ഥാനപരമായി എന്തോ പ്രശ്നമുണ്ടെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. ഒരു കാര്യവും പുതിയ കണ്ണുകളോടെ കാണാന്‍ പറ്റുന്നില്ല. ദിനോസറിന് പേശീബലമുണ്ട്, മസില്‍ശക്തിയുണ്ട്, ശരീരം വളരെ വലുതാണ്, പക്ഷേ, തലച്ചോറിന് ഒരു കടുകുമണിയുടെ വലുപ്പമേ ഉള്ളൂ. അങ്ങനെയാണ് ദിനോസറുകളെല്ലാം ചത്തുപോയത്. ഇത്തരത്തിലുള്ള പ്രശ്നമാണ് ഇവിടെയും കണ്ടുകൊണ്ടിരിക്കുന്നത്. സി.പി.എം മാത്രമല്ല, എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ആത്മഹത്യചെയ്തുകൊണ്ടിരിക്കുകയാണ്.
ചന്ദ്രശേഖരന്‍െറ വധത്തില്‍, ആ കുടുംബത്തിനും അമ്മക്കും ഭാര്യക്കും മകനും വേദനയോടുകൂടിയ അനുശോചനം നല്‍കിയേ തീരൂ. പക്ഷേ, എന്‍െറ അഭ്യര്‍ഥന, മലയാളികളുടെ മേല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കഴിഞ്ഞ അറുപതോളം വര്‍ഷങ്ങളായി നടത്തിവരുന്ന അക്രമത്തെയാണ് അടിസ്ഥാനപരമായി അക്രമരാഷ്ട്രീയമായി കാണേണ്ടത് എന്നാണ്. ചന്ദ്രശേഖരന്‍െറ വധം ഒരു നിമിത്തമാണ്. സി.പി.എമ്മിന് ദുര്‍നിമിത്തവും മലയാളിയുടെ നല്ല നിമിത്തവുമാണത്. ആ നല്ല മനുഷ്യന്‍െറ മരണം നല്ല നിമിത്തമെന്ന് പറയാന്‍ പാടില്ലാത്തതാണെന്നറിയാതെയല്ല. പക്ഷേ, അറിഞ്ഞോ അറിയാതെയോ അദ്ദേഹം സൃഷ്ടിച്ചത് ഒരു രജതരേഖയാണ്. അദ്ദേഹത്തിന്‍െറ മരണം കണ്ടപ്പോള്‍ ചിലര്‍ക്കെങ്കിലും ഇങ്ങനെ പോയാല്‍ പറ്റില്ലല്ളോ എന്ന തോന്നലുണ്ടായിട്ടുണ്ട്. അതൊരു കാര്യം.
നമ്മുടെ ജനാധിപത്യത്തെ തലകുത്തിനിര്‍ത്തി ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ തുടങ്ങിയതുമുതലാണ് അക്രമരാഷ്ട്രീയത്തിന് ആരംഭം കുറിച്ചത്. പ്രത്യേകിച്ചും തെരഞ്ഞെടുക്കപ്പെടുന്നവന്‍ മന്ത്രിയായാല്‍, അന്നുതൊട്ട് അവന്‍ മേലാളനും തെരഞ്ഞെടുത്ത ജനം കീഴാളനുമായിത്തീരുന്നു. എന്താണ് പ്രശ്നമെന്ന് കുറെക്കാലമായി ചിന്തിച്ചുവരുകയായിരുന്നു ഞാന്‍. രാഷ്ട്രീയപാര്‍ട്ടികളെ മുഴുവന്‍ എന്‍െറ അധികാരികളായി വിശ്വസിച്ചുജീവിക്കുകയായിരുന്നു ഞാനെന്ന് പത്തറുപത് വയസ്സായതിനുശേഷമാണ് എനിക്കു മനസ്സിലായിത്തുടങ്ങിയത്. അപ്പോള്‍ ആ പാര്‍ട്ടികളില്‍ യഥാര്‍ഥത്തില്‍ വിശ്വസിച്ചുജീവിക്കുന്നവരുടെ സ്ഥിതിയെന്തായിരിക്കും? കെ.എം. മാണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മുന്നില്‍ പോയി സാറേ, നേതാവേ എന്നു വിളിച്ച് വാലാട്ടിയാണ് ജനം നില്‍ക്കുന്നത്. കാരണം, അവര്‍ നമ്മുടെയെല്ലാം നേതാക്കന്മാരാണെന്നുപോലും നാം വിചാരിക്കുന്നു. അവര്‍ നമ്മുടെ പ്രതിനിധികളാണ്. നമ്മള്‍ തെരഞ്ഞെടുത്ത പ്രതിനിധി എങ്ങനെ നമ്മുടെ നേതാവാകും എന്ന് ഇതുവരെ എനിക്ക് മനസ്സിലായിട്ടില്ല. ലോകത്തില്‍ സംസ്കാരസമ്പന്നമായ രാഷ്ട്രത്തിലൊന്നും ഇങ്ങനെ നടക്കുന്നില്ല. അമേരിക്കയിലും യൂറോപ്പിലുമൊന്നും ഇങ്ങനെ നടക്കില്ല. ആസ്ട്രേലിയയില്‍ ഒരു എം.പി, ചന്തപോലുള്ള തുറന്ന സ്ഥലത്ത്, തന്‍െറ പേരെഴുതിവെച്ച് മേശയും കസേരയുമായി ഇരിക്കുന്നത് ഞാന്‍ കണ്ടു. ആരെങ്കിലും എന്തെങ്കിലും സേവനം ചോദിക്കുമോ എന്നറിയാനായി. ഇവിടത്തെപ്പോലെ എം.പി എന്ന് കാറിനുമുകളില്‍ എഴുതിവെച്ച് നടക്കുന്നില്ല അവിടെ. വിപ്ളവകാരി എന്ന് സ്വയം അവകാശപ്പെടുന്ന മലയാളി എങ്ങനെ രാഷ്ട്രീയക്കാരനെക്കണ്ടാല്‍ ഞെട്ടിവിറച്ച് പട്ടിയെപ്പോലെ നിലത്തുകിടന്നുരുളുന്നവനായി എന്നാണ് മനസ്സിലാകാത്തത്. ഒരു മന്ത്രിയെക്കണ്ടാല്‍ എല്ലാവരുംകൂടി ചാടി എഴുന്നേല്‍ക്കും. നമ്മെക്കണ്ടാല്‍ ചാടി എഴുന്നേല്‍ക്കേണ്ടവനാണ് മന്ത്രി. പ്രായമുള്ള ആളെക്കണ്ടാല്‍ എഴുന്നേറ്റുനില്‍ക്കുന്നത് ഭാരതീയസംസ്കാരത്തിന്‍െറ ഭാഗമാണ്. അതു മനസ്സിലാക്കാം. പക്ഷേ, നമ്മള്‍ ജോലി കൊടുത്ത്, കാറ്, വീട്, പേഴ്സനല്‍ സെക്രട്ടറി, ഫോണ്‍, എന്നുവേണ്ട അവന്‍െറ തീറ്റ, കുടി, ഭോഗം, വിദേശയാത്ര ഇതു മുഴുവനും നമ്മുടെ പണംകൊണ്ട് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നവനെ കണ്ടിട്ട് ചാടിയെണീറ്റ് സാറേ എന്ന് വിളിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്‍.
ജനാധിപത്യം തലകുത്തിനില്‍ക്കുന്നതിന്‍െറ വിചിത്രമായ മറ്റൊരു ഉദാഹരണംകൂടിയുണ്ട്. പൊലീസിന്‍െറ അകമ്പടിയില്ലാതെ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. എന്തുകൊണ്ട്? ഇന്നലെ ഞാന്‍ തെരഞ്ഞെടുത്ത ഒരുത്തന് ഇന്ന് എന്‍െറ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ എന്തുകൊണ്ട് പൊലീസിന്‍െറ മധ്യസ്ഥതയാവശ്യപ്പെടുന്നു? പക്ഷേ, ആരും ഇതൊന്നും ഇവിടെ ചോദിക്കുന്നില്ല. എല്ലാവരെയും വിറപ്പിക്കുന്ന കൊലകൊമ്പന്‍ പത്രങ്ങളായ മനോരമയും മാതൃഭൂമിയുംപോലും നിങ്ങളെ വോട്ടു ചെയ്ത് വിജയിപ്പിച്ച ജനത്തെയാണോ നിങ്ങള്‍ പേടിക്കുന്നത് എന്നു മന്ത്രിമാരോട് ചോദിക്കുന്നില്ല. ബ്രിട്ടീഷുകാര്‍ നമുക്കുമേല്‍ പ്രയോഗിച്ച കൊളോണിയല്‍ അധികാരങ്ങള്‍ ഉപയോഗിച്ച ് ഇവരും നമ്മെ വിരട്ടുകയാണ്. ഇവിടേക്ക് ഒരു മന്ത്രി വരുകയാണെങ്കില്‍ എട്ടു പൊലീസ് വണ്ടിയെങ്കിലും പുറത്തു കിടക്കും. വെറും ഒരു മന്ത്രിക്കുവേണ്ടി.
ഞാന്‍ ഈയിടെ ഒരു അദ്ഭുതം കണ്ടു. നമ്മുടെ രാഷ്ട്രീയക്കാരെല്ലാം കുടിപ്പാര്‍ക്കുന്ന തീവണ്ടിയാണല്ളോ കണ്ണൂര്‍ എക്സ്പ്രസ്. അതിന്‍െറ സെക്കന്‍ഡ് എ.സിയില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു മന്ത്രി മുള്ളാന്‍ പോകുന്നു. ആരും കിടന്നിട്ടുപോലുമില്ല, ഒമ്പതു മണി ആയിട്ടെയുള്ളൂ. മുന്നില്‍ മൂന്നു പൊലീസുകാര്‍, പിന്നില്‍ മൂന്നു പൊലീസുകാര്‍. അത്രയും പേര്‍ അയാളെ മുള്ളിച്ച് തിരിച്ചുകൊണ്ടുപോരുകയാണ്. ഞാനോര്‍ത്തു, നമ്മള് പിള്ളേരെ മുള്ളിക്കുമ്പോള്‍ ചില സഹായങ്ങള്‍ ചെയ്തുകൊടുക്കേണ്ടേ? അതുകൂടി ഈ പൊലീസുകാര്‍ ചെയ്തുകൊടുക്കുന്നുണ്ടാകും. ഇത്തരത്തില്‍ മ്ളേച്ഛന്മാരും ശുംഭന്മാരുമായ ആളുകള്‍ നമ്മുടെ മേല്‍ അധികാരം പ്രയോഗിക്കുന്നത് നമ്മള്‍ അനുവദിച്ചുകൊടുത്തിരിക്കുകയാണ്. ഇത് ചോദ്യംചെയ്യാന്‍ സാധിക്കാത്തിടത്തോളം കാലം, നീയാണോ ഞാനാണോ മേലാളന്‍ എന്ന് ഇവരോട് ചോദിക്കാന്‍ കഴിയാത്തിടത്തോളംകാലം ഇവിടെ ഈ പാര്‍ട്ടികള്‍ നമ്മുടെ മെക്കിട്ടുകയറിക്കൊണ്ടിരിക്കും. വോട്ടുപിടിക്കാന്‍വേണ്ടിപോലും അവനുപകരം വരുന്നത് അവന്‍െറ ഫ്ളക്സ് ബോര്‍ഡുകളാണ്. അവന്‍ ചിരിച്ചുകൊണ്ടും ഇളിച്ചുകൊണ്ടും ഇരിക്കുന്ന വലിയ പടങ്ങളാണ് പബ്ളിക് സ്പേസിലെല്ലായിടത്തും നമ്മെ ആക്രമിക്കാന്‍ വരുന്നത്. തിരുവനന്തപുരത്തെ വഴികളിലെല്ലായിടത്തും മന്ത്രിമാരുടെ വമ്പിച്ച പടങ്ങളാണ്. ‘മാണിസാറിന് സ്വീകരണം.’ ജോലി ചെയ്യാന്‍ ഏല്‍പിച്ചിരിക്കുന്ന മാണിസാറെന്തിനാ സ്വീകരണം ഏറ്റുവാങ്ങാന്‍ പോകുന്നത്? ഈ വ്യവസ്ഥയെ ചോദ്യം ചെയ്യാതെ നമുക്ക് രക്ഷയുണ്ടെന്ന് തോന്നുന്നില്ല.
നിയോജകമണ്ഡലത്തിലും പഞ്ചായത്തിലും വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു തുക നീക്കിവെക്കാറുണ്ട്. ജനങ്ങള്‍ക്കുവേണ്ടി ചെലവാക്കാന്‍വെച്ചിരിക്കുന്ന അതില്‍നിന്നും 10,000 രൂപ ചെലവാക്കിയ ഉടനെ ‘10,000 രൂപ അനുവദിച്ച ആള്‍ക്ക് അഭിനന്ദനങ്ങള്‍’ എന്ന് പോസ്റ്ററെഴുതി ഒട്ടിക്കും. എന്‍െറ കാശുവാങ്ങി പോക്കറ്റിലിട്ടിട്ടാണ് ‘അനുവദിച്ചു’ എന്നു പറയുന്നത്. എന്‍െറ കരം വാങ്ങി നമുക്ക് ചെയ്തുതരേണ്ട ജോലി ചെയ്തതിനെ നമ്മള്‍ അനുമോദിക്കണമത്രെ. ഈ തരത്തിലുള്ള ഒരു ജനാധിപത്യത്തിന്‍െറ അടിസ്ഥാനചീഞ്ഞളിയല്‍ നാം അനുവദിച്ചുകൊടുത്തിരിക്കുകയാണ്. കണ്ണുതുറന്ന്, രാഷ്ട്രീയക്കാര്‍ എന്താണ് എന്നു മനസ്സിലാക്കാത്ത തരത്തിലുള്ള അന്ധവിശ്വാസമാണ് ജനങ്ങള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികളോട്. ക്രിസ്തുമതത്തിലും ഹിന്ദുമതത്തിലും ഇസ്ലാമിലുമുള്ള അന്ധവിശ്വാസംപോലുള്ള അന്ധവിശ്വാസമാണത്. രാഷ്ട്രീയപാര്‍ട്ടികള്‍ മാധ്യമങ്ങളുമായി കൂടിച്ചേര്‍ന്ന് കഴിഞ്ഞ അറുപതോളം വര്‍ഷങ്ങളായി നമ്മുടെ തലച്ചോറുകളില്‍ വരഞ്ഞുകീറി മുദ്രണംചെയ്തിരിക്കുകയാണത്. ഇതില്‍നിന്ന് രക്ഷപ്പെടാതെ മാര്‍ഗമില്ല.
ഈ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രമോട്ട് ചെയ്യുന്ന ഉദ്യോഗസ്ഥസംഘടനകള്‍ കൂടിച്ചേര്‍ന്ന് ജനങ്ങളോട് കാണിക്കുന്ന ധിക്കാരവും നിഷ്ക്രിയത്വവുമാണ് മറ്റേ അക്രമം. ആ അക്രമവുമായി നാം സമരസപ്പെട്ടുപോയി. സര്‍ക്കാറാഫിസുകളില്‍ ചെല്ലുമ്പോള്‍ ഇവര്‍ നമ്മുടെ ജോലി ചെയ്യില്ല, ധിക്കരിക്കുന്നു, നമ്മുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പുന്നു. ഇത് ജനാധിപത്യത്തിനെതിരെയുള്ള വമ്പിച്ച ആക്രമണമാണ്. ‘‘ഓ സാരമില്ല, സര്‍ക്കാറാഫിസില്‍ ചെന്നാല്‍ അങ്ങനെയാണ്. എന്തെങ്കിലും കുറച്ചു കാശു കൊടുക്കണം അങ്ങനെയേ പെരുമാറൂ’’ എന്നു നമ്മള്‍ അംഗീകരിച്ചുകഴിഞ്ഞു. ഈ അക്രമങ്ങളെ നമ്മള്‍ നിലനിര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനു നേരെ നമ്മള്‍ കണ്ണടച്ചുകൊണ്ടിരിക്കുകയാണ്.
നിങ്ങള്‍ അത്യാവശ്യമായി മകളുടെ അഡ്മിഷനുവേണ്ടി റെയില്‍വേസ്റ്റേഷനിലേക്കുപോകുമ്പോള്‍ ഹര്‍ത്താല്‍. നിങ്ങളോടോ എന്നോടോ ചോദിച്ചിട്ടാണോ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്? ഇതിന്‍റ പിന്നില്‍ നില്‍ക്കുന്നത് മാധ്യമങ്ങളാണ്. ഈയിടെ മാധ്യമങ്ങള്‍ക്ക് ലഭിക്കാതെപോയ ഒരു ഹര്‍ത്താല്‍ വാര്‍ത്ത ഉണ്ടായിരുന്നു. പിറ്റേന്നത്തെ പത്രങ്ങളില്‍ അതുണ്ടായില്ല. അതുകൊണ്ട് സന്തോഷമായി ജനങ്ങള്‍ അവരവരുടെ വഴിക്കുനടന്നു. വണ്ടികളും ഓടി. ഹര്‍ത്താലാണുതാനും. ചാനലുകളിലും പത്രങ്ങളിലും വാര്‍ത്ത വന്നില്ല എന്ന ഒറ്റക്കാരണംകൊണ്ട് ഹര്‍ത്താല്‍ നടന്നില്ല. ഈ ഹര്‍ത്താലുകള്‍ മൂന്നേകാല്‍ കോടി ജനങ്ങളുടെ മേല്‍ ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ ഇന്ന് ചലിക്കണ്ട, നിങ്ങള്‍ ഇന്ന് ഒന്നും ചെയ്യേണ്ട, കച്ചവടം നടത്തണ്ട, പഠിക്കണ്ട, മരിക്കണ്ട... മരിച്ചാല്‍ ശവം കൊണ്ടുപോകാന്‍ പറ്റില്ല എന്നുവരെ പറയുന്ന അഹന്ത ഈ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നമ്മള്‍ കല്‍പിച്ചുകൊടുത്തിരിക്കുന്നതാണ്. ഇത് കൊലയെക്കാള്‍ വലിയ അക്രമമാണ്.
മറ്റൊന്നുണ്ട്, നോക്കുകൂലി. ഇപ്പോ
ഴത് ഇല്ലാതാക്കിയെന്നൊക്കെ പറയുന്നുണ്ട്. എന്തൊരു ദയനീയമായ കാര്യമാണിത്. ജോലിയുടെ അന്തസ്സിനെ പിച്ചിച്ചീന്തലാണത്. എല്ലാ നോക്കുകൂലി സംഘങ്ങള്‍ക്കുപിറകിലും രാഷ്ട്രീയക്കാരുണ്ട്. ഇതെല്ലാം നമ്മള്‍ സി.ഐ.ടി.യുവിന്‍െറ തലയില്‍ കൊണ്ടുവെക്കും. അത് ശരിയല്ല. കോണ്‍ഗ്രസുകാരനും ബി.ജെ.പിക്കാരനും കേരളകോണ്‍ഗ്രസുകാരനും മുസ്ലിംലീഗുകാരനും എല്ലാമുണ്ടതില്‍. ഇവര്‍ക്കാര്‍ക്കും ഇതനുഭവിക്കേണ്ടിവരില്ല. കാരണം, പൊലീസ് അകമ്പടി നിന്ന് അവന്‍െറ വീട്ടുസാധനങ്ങള്‍ കൊണ്ടുപോകാന്‍ അവനറിയാം. ഈ തരത്തിലുള്ള പൗരാവകാശലംഘനങ്ങളെയും മനുഷ്യാവകാശലംഘനങ്ങളെയും നമ്മള്‍ അക്രമങ്ങളായി കാണണം. കൊലപാതകങ്ങള്‍ മാത്രമല്ല അക്രമങ്ങള്‍. കൊലകള്‍ നാഴികക്കല്ലുകളാണ്. പക്ഷേ, ഈ അതിക്രമങ്ങള്‍ എല്ലായ്പോഴും നടന്നുകൊണ്ടിരിക്കുന്നു. 24x7x365 days ഇവിടെ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണത്.
നാം നിത്യേന ഉപയോഗിക്കുന്ന സാധനമാണ് ഓട്ടോറിക്ഷ. കേരളത്തില്‍ ഒരു നഗരത്തിലും ഓട്ടോറിക്ഷക്ക് മീറ്റര്‍ ഇടില്ല. ചിലര്‍ അപൂര്‍വമായി
മാത്രമാണ് മീറ്റര്‍ ഇടുന്നത്. കേരളത്തില്‍ സാധാരണപൗരന്മാര്‍ ഏറ്റ
വും കൂടുതല്‍ ഉപയോഗിക്കുന്ന പൊ
തു ഗതാഗതവാഹനമാണ് ഓട്ടോറിക്ഷ. കേരളസര്‍ക്കാറിനും മുനിസിപ്പാലിറ്റികള്‍ക്കും ഇതുസംബന്ധിച്ച് നിയമമുണ്ട്. ഏതെങ്കിലും ഒരു മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനോ മന്ത്രിയോ എം.എല്‍.എയോ ഓട്ടോറിക്ഷയുടെ മീറ്ററുകള്‍ യഥാവിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഭരണകൂടത്തിന്‍െറ സഹായത്തോടുകൂടിയുള്ള അടിസ്ഥാന നിയമലംഘനം ആരംഭിക്കുന്നത് എന്‍െറ കാഴ്ചയില്‍ ഏറ്റവും സാധാരണക്കാരനായ ഒരാള്‍ അത്യാവശ്യത്തിനായി ഉപയോഗിക്കുന്ന ആ ഓട്ടോറിക്ഷയില്‍നിന്നുമാണ്. സര്‍ക്കാര്‍ കല്‍പിച്ചുകൊടുത്തിരിക്കുന്ന മീറ്റര്‍ പ്രകാരം ഓടണമെന്ന നിയമംപോലും നടപ്പാക്കാന്‍ സാധിക്കുന്നില്ല. എം.എല്‍.എയും മന്ത്രിയും കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്മാരുമെല്ലാം ഓട്ടോറിക്ഷ യൂനിയനില്‍നിന്ന് ഇഷ്ടംപോലെ പണം വാങ്ങുന്നു. അതുകൊണ്ട് അവര്‍ക്കു നഷ്ടമില്ല. നിങ്ങള്‍ക്കും എനിക്കുമാണ് മീറ്ററിടാതെ പോകുന്നതിന്‍െറ കഷ്ടപ്പാട്. ഇതേ നിയമം നമുക്ക് ബസുകളിലേക്ക് അപൈ്ള ചെയ്താലോ? ഇവിടെനിന്ന് തൊട്ടടുത്തുള്ള ഒരു സ്ഥലത്തേക്ക് 50 രൂപ ടിക്കറ്റെഴുതി കണ്ടക്ടര്‍ തന്നാല്‍ നിങ്ങള്‍ കൊടുക്കുമോ? അതുതന്നെയാണ് ഓട്ടോറിക്ഷയുടെയും കാര്യം.
ഇവയെ നമ്മുടെമേല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ അടിച്ചേല്‍പിക്കുന്ന അക്രമങ്ങളായിട്ട് കാണാതിരിക്കരുത്. ജനാധിപത്യം തലകുത്തിനിര്‍ത്തുന്നത് കാണാതിരിക്കരുത്. എന്നിട്ടേ അതിനുമപ്പുറത്തുള്ള കൊലപാതകത്തിന്‍െറ തലത്തിലേക്ക് നമ്മള്‍ പോകാവൂ. രാഷ്ട്രീയത്തെ പൊളിച്ചെഴുതാന്‍ സമയമായി. ജനാധിപത്യത്തെ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ കൈകാര്യം ചെയ്യുന്നവിധം പൊളിച്ചെഴുതാന്‍ സമയമായി. അത് ഒരുപക്ഷേ, സി.പി.എമ്മിന്‍െറ ആസന്നമായ പൊളിച്ചെഴുത്തില്‍നിന്ന് സംഭവിക്കട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ചിലപ്പോള്‍ ഒരു പൊളിച്ചെഴുത്തും ഉണ്ടാകില്ലായിരിക്കാം. ഇംഗ്ളീഷില്‍ ‘റെഡ് ഹെറിങ്’ എന്നു പറയാറുണ്ട്. ഒന്നില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍വേണ്ടി മറ്റൊരിടത്ത് ഒരു ചുവന്നസാധനം ഇട്ടിളക്കികാണിക്കും. എം.എം. മണി എന്ന മനുഷ്യന്‍പോലും റെഡ് ഹെറിങ് ആണെന്നാണ് എന്‍െറ വിശ്വാസം. മണിയെ തരംതാഴ്ത്തിയതുകൊണ്ട് ഇടുക്കി ജില്ലയിലെ കഞ്ചാവുകൃഷിക്കാര്‍ക്കൊഴികെ മറ്റാര്‍ക്കും വലിയ വിഷമമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. മണി എന്ന മണികിലുക്കി ടി.പി. ചന്ദ്രശേഖരനില്‍നിന്ന് ശ്രദ്ധ മാറ്റി ഇപ്പോള്‍ത്തന്നെ സി.പി.എമ്മിലെ ഉന്നതന്മാരെ മാറ്റിനിര്‍ത്താനുള്ള എല്ലാതരം വിലപേശലുകളും ആരംഭിച്ചുകഴിഞ്ഞു. യഥാര്‍ഥ പ്രതികള്‍ എന്നെങ്കിലും പിടിക്കപ്പെടുമെന്നുപോലും എനിക്കു വിശ്വാസമില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പരസ്പരസഹായസഹകരണസംഘങ്ങളാണ്. പരസ്പരം ചൊറിഞ്ഞുകൊടുക്കുന്നവര്‍. നമ്മള്‍ ടി.പി. ചന്ദ്രശേഖരനുവേണ്ടി പൊഴിക്കുന്ന കണ്ണീരുകൊണ്ടൊന്നും ആരും പിടിക്കപ്പെടാന്‍ പോകുന്നില്ല. സി.പി.എമ്മിലെ ഒരു മുതലാളിയും പുറത്തുവരാനും പോകുന്നില്ല.
( അക്രമരാഷ്ട്രീയത്തിനെതിരെ
കേരള സാഹിത്യ അക്കാദമിയില്‍
ജൂണ്‍ 9ന് നടന്ന സംസ്ഥാനതല
സാമൂഹിക-സാംസ്കാരിക കൂട്ടായ്മയില്‍ നടത്തിയ പ്രഭാഷണത്തില്‍നിന്ന്.)